Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഎന്തിനാണ് യുവനേതാക്കൾ...

എന്തിനാണ് യുവനേതാക്കൾ വിദ്വേഷം വിളമ്പുന്നത്

text_fields
bookmark_border
hatred-young leaders
cancel

ഭാരതീയ ജനതാപാർട്ടിയിലെ പല യുവനേതാക്കളും അതും ബഹുമത-മതേതര പശ്ചാത്തലത്തിൽ വളർന്നുവന്നവർ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഭാഷയിൽ സംസാരിക്കുന്നത് എന്തുകൊണ്ടാണ്? കുറച്ചുദിവസം മുമ്പ് സംഘടിപ്പിക്കപ്പെട്ട 'വിരാട് ഹിന്ദുസഭ'യിൽ മറ്റ് നിരവധി പ്രസംഗകർക്കൊപ്പം വെസ്റ്റ് ഡൽഹിയിൽനിന്നുള്ള ലോക്സഭാംഗം പർവേഷ് വർമ നടത്തിയ പ്രസംഗമാണ് ഇക്കൂട്ടത്തിൽ അവസാനത്തേത്.

പാർട്ടിയിലെ ഉന്നതസ്ഥാനങ്ങളിൽ വിരാജിക്കുന്ന പല നേതാക്കളും വളർച്ചക്കായി സ്വീകരിച്ച വഴി തിരഞ്ഞെടുക്കാൻ അവർ നിർബന്ധിതരാവുന്നുണ്ടോ? അതോ ജനസാമാന്യത്തെ ആകർഷിക്കുന്ന ഒരേയൊരു ഭാഷ വിദ്വേഷമാണ് എന്ന് തോന്നുംവിധത്തിൽ രാജ്യത്തെ രാഷ്ട്രീയാന്തരീക്ഷവും സാമൂഹിക വിഭജനവും വിനാശകരമാംവിധം ആഴത്തിലായിട്ടുണ്ടോ? താരതമ്യേനെ ചെറുപ്പക്കാരായ ഈ രാഷ്ട്രീയക്കാരിൽനിന്ന് നിരന്തരം പുറത്തുവരുന്ന വിദ്വേഷഭാഷണങ്ങൾ കേൾക്കുമ്പോൾ ഉയരുന്ന ചോദ്യങ്ങളാണിത്.

മനീഷ് എന്ന ചെറുപ്പക്കാരന്റെ ഹീനമായ കൊലപാതകത്തിൽ പ്രതിഷേധിക്കാൻ എന്നപേരിലാണ് തുടക്കത്തിൽ പറഞ്ഞ 'വിരാട് ഹിന്ദുസഭ' സംഘടിപ്പിക്കപ്പെട്ടത്. ഡൽഹി പൊലീസിന്റെ അഭിപ്രായത്തിൽ കൊലപാതകത്തിന് പിന്നിൽ പൂർവവൈരാഗ്യമാണ്.

സാജിദ്, ആലം, ബിലാൽ, ഫൈസാൻ, മുഹ്സിൻ, ഷാക്കിർ എന്നിവരെ കേസിൽ അറസ്റ്റ് ചെയ്തു. എന്നാൽ, സംഭവത്തെ മറയാക്കി വിദ്വേഷം പരത്താനാണ് വലതുപക്ഷ സംഘങ്ങൾ ശ്രമിച്ചത്. മതത്തിന്റെ പേരെടുത്തുപറഞ്ഞില്ലെങ്കിലും 'ഈ ആളുകളെ' 'സമ്പൂർണമായി ബഹിഷ്കരിക്കണം' എന്ന പരാമർശത്തിൽനിന്ന് പർവേഷ് വർമ ആരെയാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാണ്.

അക്രമത്തിൽ ഉൾപ്പെട്ട ആളുകളെ ബഹിഷ്കരിക്കണമെന്നാണ് താൻ ഉദ്ദേശിച്ചതെന്ന് പിന്നീട് പർവേഷ് പറഞ്ഞെങ്കിലും ജംഇയ്യതുൽ ഉലമാ എ ഹിന്ദ്, ഓൾ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ തുടങ്ങിയ സംഘടനകൾ പ്രതിഷേധം രേഖപ്പെടുത്തുകയും വിദ്വേഷ പ്രസംഗകർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡൽഹി പൊലീസ് അധികാരികളെ കാണുകയും ചെയ്തു.

എന്നാൽ, അനുമതിയില്ലാതെ ചടങ്ങ് സംഘടിപ്പിച്ചതിന് സംഘാടകർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 188ാം വകുപ്പ് പ്രകാരം മാത്രമാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

ബി.ജെ.പി പിന്നെയും മാറിയിരിക്കുന്നു

ഡൽഹി മുൻ മുഖ്യമന്ത്രി സാഹിബ് സിങ് വർമയുടെ മകൻ ഇത്തരമൊരു തീവ്രനിലപാടും ഭാഷയും എങ്ങനെ കൈവന്നു എന്നകാര്യം പലരേയും അത്ഭുതപ്പെടുത്തുന്നുണ്ട്. ന്യൂനപക്ഷ സമൂഹങ്ങൾക്കെതിരെ ദുരുദ്ദേശ്യപൂർവം നീങ്ങുന്നൊരാളായി സാഹിബ് സിങ്ങിനെ ആരും കണ്ടിട്ടില്ല.

മാത്രമല്ല, ന്യൂനപക്ഷ സമൂഹങ്ങൾ തിങ്ങിപ്പാർക്കുന്ന നിയമസഭ മണ്ഡലങ്ങളുൾക്കൊള്ളുന്ന ഔട്ടർ ഡൽഹിയെയാണ് അദ്ദേഹം പണ്ട് ലോക്സഭയിൽ പ്രതിനിധാനംചെയ്തിരുന്നത്. പർവേഷ് പങ്കെടുത്ത ചടങ്ങ് സംബന്ധിച്ച് ബി.ജെ.പി കേന്ദ്രനേതൃത്വം വിവരംതേടി എന്നാണ് ഇപ്പോൾ കേൾക്കുന്നത്.

ഗുജറാത്ത് തെരഞ്ഞെടുപ്പ് വരാനിരിക്കെ പാർട്ടി അടുപ്പിക്കാൻ ശ്രമിക്കുന്ന പസ്മന്ദാ മുസ്‍ലിം സമൂഹത്തെ പിണക്കേണ്ടതില്ല എന്നതാവും ഈ നിലപാടിനുപിന്നിലെ ചേതോവികാരം. നൂപുർ ശർമയുടെ പ്രവാചകനിന്ദ പരാമർശത്തെ തുടർന്ന് അറബ് മേഖലയിൽനിന്നുൾപ്പെടെ വിദേശരാജ്യങ്ങളിൽനിന്ന് തിരിച്ചടി നേരിട്ട പശ്ചാത്തലത്തിൽ അത്തരം സംഭവങ്ങൾ ഒഴിവാക്കാനും ബി.ജെ.പി ഇപ്പോൾ ശ്രദ്ധിക്കുന്നുണ്ട്.

എന്നാൽ, പർവേഷിന് ഏതെങ്കിലുംവിധത്തിൽ താക്കീതുനൽകാനൊന്നും പാർട്ടി കൂട്ടാക്കിയിട്ടില്ല. ഇതും രണ്ടു പതിറ്റാണ്ടിനിടെ കാവിപ്പാർട്ടിക്ക് വന്ന പ്രകടമായ മാറ്റമായി കാണണം. പണ്ടുകാലങ്ങളിൽ അതിരുലംഘിക്കുന്നു എന്നുകണ്ടാൽ നേതാക്കളെ വിമർശിക്കുകയോ താക്കീതുനൽകുകയോ ചെയ്യുന്ന ശീലമുണ്ടായിരുന്നു അവർക്ക്.

2009ൽ പിലിഭിത്തിലെ സ്ഥാനാർഥിയായിരുന്ന വരുൺ ഗാന്ധി നടത്തിയ വർഗീയപ്രസംഗം പലരും ഓർമിക്കുന്നുണ്ടാവും. പർവേഷ് വർമ എന്തേ ഇങ്ങനെയൊക്കെ പറയുന്നു എന്ന് പലരും അതിശയംകൂറുന്നതുപോലെ ഇടത്-മധ്യമ നിലപാടുകാരനായി അറിയപ്പെട്ടിരുന്ന വരുണിൽനിന്ന് അത്തരമൊരു പ്രസംഗം പലർക്കും അചിന്തനീയമായിരുന്നു അന്ന്.

വരുണിന്റെ അടുത്ത ബന്ധുകൂടിയായ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആ പ്രസംഗം നീതിക്കും നിയമത്തിനും വിരുദ്ധമാണെന്ന് കുറ്റപ്പെടുത്തിയപ്പോൾ കുടുംബത്തിന്റെ കോൺഗ്രസ് സംസ്കാരമാണ് വരുണിന്റെ പ്രസംഗത്തിലൂടെ പുറത്തുവന്നതെന്നും ഇത് ബി.ജെ.പി സംസ്കാരമല്ലെന്നുമാണ് പാർട്ടി നേതാവ് മുഖ്താർ അബ്ബാസ് നഖ്‍വി അന്ന് പ്രതികരിച്ചത്.

2014ലെ ലോക്സഭ തെരഞ്ഞെടുപ്പ് വേളയിൽ ബിഹാറിൽ നിന്നുള്ള ഗിരിരാജ് കിഷോർ അതിരുവിട്ട പരാമർശം നടത്തിയപ്പോഴും നേതാക്കൾ മിതത്വം പാലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

വിദ്വേഷപ്രസംഗം ചവിട്ടുപടിയാകുമ്പോൾ

എന്തൊക്കെയായാലും രാഷ്ട്രീയഗോവണിയിലെ ഉയർന്ന പടികൾ ചവിട്ടാൻ ഇത്തരം പ്രസംഗങ്ങൾ സഹായകമാവും എന്ന് വിശ്വസിക്കുന്ന നേതാക്കളെ വഴക്കുപറയേണ്ട ആവശ്യമുള്ളതായി ബി.ജെ.പിക്ക് ഇപ്പോൾ തോന്നുന്നില്ല.

2019ൽ ബി.ജെ.പിയിൽ ചേരുന്നതുവരെ ആംആദ്മി എം.എൽ.എ ആയിരുന്ന കപിൽ മിശ്രയുടെ കാര്യം നോക്കൂ. ബി.ജെ.പിക്കാരനായി മാസങ്ങൾക്കകം ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിനെ ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരമായി വിശേഷിപ്പിച്ച് മിശ്ര നടത്തിയ പ്രസംഗം വലിയ വിവാദമായിരുന്നു.

തൊട്ടടുത്ത മാസം സി.എ.എ വിരുദ്ധ സമരക്കാരെ ചാന്ദ്ബാഗ്, ജാഫറാബാദ് മേഖലകളിൽനിന്ന് മൂന്ന് ദിവസത്തിനകം ഒഴിപ്പിച്ചില്ലെങ്കിൽ പിന്നെ അനങ്ങാതിരിക്കില്ലെന്നും തെരുവിൽ നേരിടുമെന്നും പൊലീസിനുനേരെ ഭീഷണിമുഴക്കി പ്രസംഗിച്ചു. ആ പ്രസംഗം കഴിഞ്ഞ് മണിക്കൂറുകൾക്കകം വടക്കുകിഴക്കൻ ഡൽഹിയിൽ കലാപം പൊട്ടിപ്പുറപ്പെട്ടു.

മിശ്രയുടെ പ്രസംഗം ശരിയല്ലെന്ന് ഈസ്റ്റ് ഡൽഹിയിൽനിന്നുള്ള ലോക്സഭാംഗം ഗൗതം ഗംഭീർ പ്രസ്താവിക്കുകപോലുമുണ്ടായി. അക്രമത്തിന് പ്രേരിപ്പിച്ചതിന്റെ പേരിൽ നടപടിയേതുമുണ്ടായില്ലെന്ന് മാത്രമല്ല, വിവിധ വിഷയങ്ങളിൽ തീവ്ര വലതുപക്ഷ വീക്ഷണങ്ങൾ അവതരിപ്പിക്കുന്നതിനായി ടി.വി ചാനലുകൾ സ്ഥിരം ക്ഷണിച്ചുകൊണ്ടുപോകുന്നത് മിശ്രയെയാണ്.

2016ൽ മോദിയെ 'ഐ.എസ്‌.ഐ ഏജന്റ്' എന്ന് ഡൽഹി നിയമസഭയിൽ വിശേഷിപ്പിച്ച ഒരാൾക്ക് എങ്ങനെയാണ് ഇത്രപെട്ടെന്ന് ഇതുപോലെ നിറംമാറാൻ കഴിഞ്ഞത് എന്നചിന്തയാണ് ഇപ്പോഴും പലരെയും കുഴക്കുന്നത്.

നന്ദി: Thewire.in

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HatredYoung Leadersbjp
News Summary - Why do youth leaders serve hate?
Next Story