Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightവര്‍ദ വിതച്ചത്......

വര്‍ദ വിതച്ചത്......

text_fields
bookmark_border
വര്‍ദ വിതച്ചത്......
cancel

വേരോടെ നിലംപൊത്തിയ വന്‍മരങ്ങള്‍, തകര്‍ന്ന് കിടക്കുന്ന വൈദ്യുതി പോസ്റ്റുകള്‍, ട്രാഫിക് സിഗ്നലുകള്‍, മറിഞ്ഞു കടിക്കുന്ന ഇരുചക്ര വാഹനങ്ങള്‍, റോഡില്‍ തകര്‍ന്ന് കിടക്കുന്ന വലിയ ബോര്‍ഡുകള്‍, മേല്‍കൂരകള്‍..........വര്‍ദ ആഞ്ഞടിച്ചതിന്‍റ അടുത്ത ദിവസത്തെ ചെന്നൈ നഗര കാഴ്ചകള്‍ ദു:ഖകരമായിരുന്നു. അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ എന്ന പോലെ യാത്രക്കാര്‍ കിട്ടിയ സ്ഥലത്തൊക്കെ വിശ്രമിക്കുന്നു. റെയില്‍വേ സ്റ്റേഷനുകളില്‍ ദീര്‍ഘദൂര തിവണ്ടികളില്‍ ടിക്കറ്റ് എടുത്ത് എത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ നിരനിരയായി കിടക്കുന്നു. വെള്ളവും വൈദ്യുതിയും ഇല്ലാത്തതിനാല്‍ ഇടത്തരം ഹോട്ടലുകള്‍ തുറന്നിട്ടില്ല. അതിനാല്‍ , ഭക്ഷണം കഴിക്കാതെയാണ് റദ്ദാക്കിയ തീവണ്ടികള്‍ക്ക് പകരം വണ്ടി വരുമെന്ന പ്രതീക്ഷയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഉറങ്ങിയും കിടന്നും ഇരുന്നും സമയം നീക്കുന്നത്. 
 


തിങ്കളാഴ്ചയാണ് ചെന്നൈ, കാഞ്ചിപുരം, തിരുവള്ളുര്‍ ജില്ലകളിലെ ജനജീവിതത്തെ നിശ്ചലമാക്കിയ വര്‍ദ കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. നേരം പുലരുമ്പോള്‍ തന്നെ കനത്ത കാറ്റ് വീശുന്നുണ്ടായിരുന്നു,ഒപ്പം മഴയും. ഉച്ചക്ക് ശേഷം വര്‍ദ കടല്‍ കടന്ന് കരയിലുടെ നീങ്ങുമെന്ന അറിയിപ്പ് ഇടക്കിടെ എഫ്.എം. റേഡിയോയിലുടെ വന്നുകൊണ്ടിരുന്നു. ഉച്ചക്ക് ഒരു മണിക്കും വൈകിട്ട് അഞ്ചിനും ഇടക്ക് ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും അറിയിപ്പ് വന്നു. ഒരു വര്‍ഷം മുമ്പത്തെ പ്രളയത്തിന്‍റ അനുഭവമറിയുന്നറിയുന്നവര്‍ വീടുകളില്‍ കഴിഞ്ഞു. കടകള്‍ തുറന്നില്ല,പെട്രോല്‍ പമ്പുകള്‍ പ്രവര്‍ത്തിച്ചില്ല. അപൂര്‍വം ഹോട്ടലുകളും മെഡിക്കല്‍ സ്റ്റോറുകളും തുറന്നു. ഇവ വൈകുന്നേരത്തോടെ അടക്കുകയും ചെയ്തു. കാറ്റിന് ശക്തി കൂടിയതോടെ മരങ്ങള്‍ ഒന്നൊന്നായി കടപുഴുകി, ശിഖിരകള്‍ ഒടിഞ്ഞു വീണു. ചെന്നൈ ഗവ.ആര്‍ടസ് കോളജിലെ നൂറ് വര്‍ഷം പ്രായമുള്ള വൃക്ഷമുത്തശിയും നിലം പതിച്ചു. മരങ്ങള്‍ വീണതോടെ ഗതാഗതം നിലച്ചു. റോഡുകളില്‍ വെള്ളക്കെട്ടും. റെയില്‍പാളത്തില്‍ മരങ്ങള്‍ വീണു. വൈദ്യുതി ലൈനിലേക്ക് മരങ്ങള്‍ ഒടിഞ്ഞ് വീണതോടെ വൈദ്യുതി ബന്ധമറ്റു. വൈദ്യൂതിയില്‍ പ്രവര്‍ത്തിക്കുന്ന തീവണ്ടികള്‍ അവിടവിടെ പിടിച്ചിട്ടു. സബര്‍ബന്‍ തീവണ്ടികള്‍ ഒമ്പത് മണിക്കുര്‍ വരെയാണ് പിടിച്ചിട്ടത്. രാവിലെ ജോലിക്ക് പോകുന്നതിന് തീവണ്ടിയില്‍ കയറിയവര്‍ കയ്യില്‍ കരുതിയിരുന്ന വെള്ളവും ഭക്ഷണവും മറ്റ് യാത്രക്കാരുമായി പങ്കിട്ടു കാറ്റും മഴയും ശമിക്കുന്നത് വരെ കാത്തിരിന്നു.  ഇതേസമയം, ചെന്നൈയിലേക്ക് വന്ന ദീര്‍ഘദുര തീവണ്ടികള്‍ വഴിക്ക് പിടിച്ചിട്ടു. വെള്ളം പോലും കിട്ടാത്ത സ്ഥലങ്ങളിലാണ് മണിക്കുറുകള്‍ യാത്രക്കാര്‍ കഴിഞ്ഞത്. 


കനത്ത കാറ്റില്‍ പല കെട്ടിടങ്ങളുടെയും മേല്‍കൂരകള്‍ പറന്നു. മെഡിക്കല്‍ കോളജിന്‍റയടക്കം ബോര്‍ഡുകള്‍ നിലംപതിച്ചു. ചേരികളില്‍ കഴിഞ്ഞിരുന്നവരെ അപ്പോഴെക്കും ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. മരം വീണു ഒട്ടേറെ വാഹനങ്ങള്‍ തകര്‍ന്നു. 22വര്‍ഷത്തിന് ശേഷമാണ് ഇത്രയും കനത്ത കാറ്റ് വീശിയതെന്നാണ് പറയുന്നത്. രാവിലെ 11നും മൂന്നിനും ഇടക്ക് 110 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശിയടിച്ചു. ഇതിന് ശേഷവും കാറ്റിന് വേഗത കുറവില്ലായിരുന്നു. എതിര്‍ദിശയില്‍ നിന്നായിരുന്നു തുടര്‍ന്ന് കാറ്റടിച്ചത്. മൂന്നു ജില്ലകളിലായി ഒരു ലക്ഷത്തോളം മരങ്ങള്‍ വീണുവെന്നാണ് പറയുന്നത്. പതിനായിരത്തിലേറെ വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. ട്രാന്‍സ്ഫോര്‍മറുകള്‍ വേറെയും. 450 ടവറുകളും നിലം പൊത്തി.18 പേരുടെ ജീവന്‍ നഷ്ടമായി. ഇതേസമയം, ശ്മശാനങ്ങളിലെ മരങ്ങള്‍, വീണതും വൈദ്യുതിയില്ലാതായതും മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിന് തടസമായി. മരങ്ങള്‍ വീണ് ഗതാഗതം മുടങ്ങിയതിനാല്‍ മൃതദേഹങ്ങള്‍ തോളിലേന്തിയാണ് ശ്മശാനങ്ങളില്‍ കൊണ്ട് വന്നത്.ചിലയിടത്ത് മരങ്ങള്‍ നീക്കം ചെയ്ത ശേഷമാണ് സംസ്കരിച്ചത്.വൈദ്യുതിയില്ലാത്തതിനാല്‍, ആചാരമനുസരിച്ച് ദഹിപ്പിക്കേണ്ട മൃതദേഹങ്ങളും സംസ്കരിച്ചതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിറ്റേന്ന് ചൊവ്വാഴ്ചയായിനാല്‍,അവരുടെ വിശ്വാസപരമായ കാരണങ്ങളാല്‍ സംസ്കാരം അടുത്ത ദിവസത്തേക്ക് മാറ്റിവെക്കാനാകുമായിരുന്നില്ല. ചെന്നൈ നഗരത്തില്‍ 150ലേറെ ശ്മശാനങ്ങളുണ്ട്.


തിങ്കളാഴ്ച കൊടുങ്കാറ്റ് കടന്ന് പോയെങ്കിലും  അടുത്ത ദിവസമാണ് ജനങ്ങള്‍ ദുരിതത്തിലായത്.അന്ന് കാറ്റും മഴയും ഉണ്ടായിരുന്നില്ല. എന്നാല്‍, വൈദ്യൂതിയില്ല, വെള്ളമില്ല, ഫോണില്ല. പ്രധാന റോഡുകളിലൊഴികെ ഗതാഗതമില്ല. പാലിനും വെള്ളത്തിനുമായി ജനങ്ങള്‍ നെട്ടോട്ടമോടി. ഇടത്തരം ഹോട്ടലകളും അടച്ചു. ജനറേറ്ററും കുഴല്‍ കിണറുകളുമുള്ള ഹോട്ടലുകള്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. വിനോദ സഞ്ചാരികളും വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയവരും ഭക്ഷണത്തിനായി ഹോട്ടല്‍ തേടി അലഞ്ഞു. ബുധനാഴ്ച വൈകുന്നേരം വരെ പല ഹോട്ടലുകളും തുറന്നിരുന്നില്ല. ചൊവ്വാഴ്ച വൈകുന്നേരത്തോടെ വൈദ്യുതി ബന്ധം പുന:സ്ഥാപിക്കുമെന്നായിരുന്നു അറിയിപ്പ്. ഇതിനായി മറ്റു ജില്ലകളില്‍ നിന്നും ജീവനക്കാരെ കൊണ്ടു വന്നു. എന്നാല്‍, സിറ്റിയില്‍ പോലും എല്ലായിടത്തും വൈദ്യുതി എത്തിയില്ല. ഇതു റോഡ് ഉപരോധിക്കലിനും കാരണമായി. അരുമ്പാക്കമടക്കമുള്ള സ്ഥലങ്ങളില്‍ ജനങ്ങള്‍ തെരുവിലറങ്ങി. യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍. പ്രധാന റോഡകളിലെ മരങ്ങള്‍ നീക്കം ചെയ്യാന്‍ മറ്റു ജില്ലകളില്‍ നിന്നടക്കം തൊഴിലാളികള്‍ എത്തി. കുടുതല്‍ ഉപകരണങ്ങളും എത്തിച്ചു. എന്നാല്‍, പല ഹൗസിംഗ് കോളനികളിലേക്കുള്ള റോഡുകള്‍ ക്ളിയര്‍ ചെയ്തത്, റസിഡന്‍സ് അസോസിയേഷനുകളുടെ നേതൃത്വത്തിലാണ്. വാക, ആര്യവേപ്പ് മരങ്ങളാണ് കടപുഴകിയതില്‍ ഏറെയും. ശിഖിരങ്ങള്‍ ഒടിഞ്ഞതും ഈ മരങ്ങളുടെത്. ഒരൊറ്റ ദിവസം വന്ന് പോയ വര്‍ദ ചെന്നൈയിലെ പാര്‍ക്കുകളും ഇല്ലാതാക്കി. പാര്‍ക്കുകളിലെ മരങ്ങള്‍ വീണ് കളിയുപകരണങ്ങള്‍ തകര്‍ന്നു. ബെഞ്ചുകളും നശിച്ചു. ഇവയൊക്കെ ഇനിയും പുനര്‍നിര്‍മ്മിക്കണം. എന്നാല്‍, തണല്‍ മരങ്ങള്‍ വളര്‍ന്ന് വരാന്‍ പതിറ്റാണ്ടുകള്‍ കാത്തിരിക്കണം. ഇനി നട്ടുവര്‍ത്തുന്നത് പുളിമരമെങ്കില്‍, കാറ്റില്‍ കടപുഴകില്ളെന്ന് കരുതാം.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vardha cyclone
News Summary - vardha cyclone
Next Story