Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഭക്ഷണത്തെക്കുറിച്ച്...

ഭക്ഷണത്തെക്കുറിച്ച് ചിലത്​ പറയാനുണ്ട്

text_fields
bookmark_border
ഭക്ഷണത്തെക്കുറിച്ച് ചിലത്​ പറയാനുണ്ട്
cancel

ജീവൻ നിലനിർത്താനുള്ള അടിസ്ഥാന പ്രവർത്തനങ്ങളിൽ ഒന്നാണ് ഭക്ഷണം കഴിക്കൽ. ജനവിഭാഗങ്ങളുടെ വൈവിധ്യം പ്രകടമാക്കുന്നതിലെ പ്രധാന ഘടകമായ ഭക്ഷണത്തിന്റെ സാമൂഹിക സാംസ്കാരികഭൂമികയും വളരെ വലുതാണ്. സംസ്കൃതപദാർഥങ്ങൾ സംഘടിപ്പിക്കുന്നത് മുതൽ ശേഖരണം, ഉൽപാദനം, ഉപയോഗം എന്നിവയിലെല്ലാം പ്രാദേശികരീതികൾ ശക്തമായി പ്രതിഫലിക്കുന്നത് കാണാം. സാമൂഹിക ജീവിതത്തിന്റെ സുപ്രധാന ഘടകമെന്ന നിലയിൽ ഭക്ഷണം തയാറാക്കുന്നതിലും കഴിക്കുന്നതിലും കുടുംബ ജീവിതത്തിന്റെ കൈയൊപ്പ് കാണാനാകും. വ്യക്തി, സമൂഹം, എന്നിവ സംബന്ധിച്ച ജീവിതശൈലിയുടെയും ആരോഗ്യത്തിന്റെയും പ്രകടമായരീതിയാണ് ഭക്ഷണമെന്ന് കരുതുന്നതിലും തെറ്റില്ല.

അതിലേറെ സങ്കീർണമാണ് ഭക്ഷണത്തിന്റെ രാഷ്ട്രീയവശം. ഭരണാധികാരികളുടെ രാഷ്ട്രീയ നിലപാടുകൾ ഭക്ഷണ ലഭ്യതയെ സ്വാധീനിക്കും. വ്യാവസായിക വിപ്ലവാനന്തരകാലത്ത് ഭക്ഷ്യവസ്തു വിതരണത്തിൽ വന്ന നിയന്ത്രണം പ്രാദേശികതലത്തിൽ വലിയമാറ്റങ്ങൾക്ക് കാരണമായി. 1943 ലെ കുപ്രസിദ്ധ ബംഗാൾ ക്ഷാമം ഇതിനുദാഹരണമാണ്. യുദ്ധകാല സാമ്പത്തികനയങ്ങൾ പണപ്പെരുപ്പത്തിലേക്കും വിലവർധനയിലേക്കും നയിച്ചപ്പോൾ സാമ്പത്തിക ഭദ്രതയില്ലാത്തവർ പട്ടിണിയിലായി. ബ്രിട്ടീഷ് സർക്കാറിന്റെ അന്നത്തെ ഭക്ഷ്യപദ്ധതിയനുസരിച്ച് ഭക്ഷ്യോൽപാദനത്തിന്റെ സിംഹഭാഗവും പട്ടാളം, യുദ്ധത്തിനുതകുന്ന വ്യവസായം, ബ്യൂറോക്രസി എന്നീ മുൻഗണന വിഭാഗത്തിനാണ് ലഭിച്ചിരുന്നത്. ഗുരുതര ഭക്ഷ്യക്ഷാമം മൂലം 20-40 ലക്ഷം ജനങ്ങളാണ് പട്ടിണിമൂലം മരണപ്പെട്ടത്. മൂലധനം സാമൂഹിക നന്മക്കെതിരെ പ്രവർത്തിച്ചതും യുദ്ധം വ്യവസായമായതും ഇതിൽ വായിച്ചെടുക്കാം.

1845 ൽ ഇംഗ്ലണ്ടിന്റെ ഭരണത്തിലായിരുന്ന അയർലൻഡിലുണ്ടായ വ്യാപക ഭക്ഷ്യക്ഷാമത്തിൽ അവിടുത്തെ 20 ശതമാനത്തോളം പേരെങ്കിലും മരണപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്. മരിച്ചവരിൽ അധികവും ഐറിഷ്ഭാഷ സംസാരിക്കുന്നവരും. കൃഷിരീതിയിൽ വന്നുചേർന്ന പരിഷ്കാരങ്ങൾ ഉരുളക്കിഴങ്ങിനെ ഏകഭക്ഷ്യവിളയാക്കി മാറ്റിയിരുന്നു. ക്ഷീരോൽപാദന, മാംസാഹാര വ്യവസായങ്ങളാവട്ടെ കൂടുതലും കയറ്റുമതി ലക്ഷ്യംവെച്ചുള്ളവയും. ഉരുളക്കിഴങ്ങിൽ രോഗബാധയുണ്ടായപ്പോൾ കൃഷിനാശമുണ്ടാകുകയും പകരം ഭക്ഷ്യവിളകളേതുമില്ലാതെ ജനം മരണത്തിലേക്ക് നീങ്ങുകയും ചെയ്തു.

അപ്പോഴും കയറ്റുമതിക്കായി തയാറാക്കിയിരുന്ന ഭക്ഷ്യവസ്തുക്കളുടെ ഉൽപാദനം മുറപോലെ നടക്കുന്നുണ്ടായിരുന്നു. പട്ടിണി കിടന്ന് ആളുകൾ കൂട്ടമായി മരിച്ചുവീഴുന്ന നേരത്തും അവ പ്രാദേശിക ഉപയോഗത്തിനായി ലഭ്യമാക്കാതെ കയറ്റുമതി തുറമുഖങ്ങളിലേക്ക് കൊണ്ടുപോയി. അയർലൻഡ് ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടപലായനമാണ് പിന്നീട് സംഭവിച്ചത്. രാഷ്ട്രീയ നയങ്ങളുടെ ജനവിരുദ്ധത അതിവേഗം ഭരണസംവിധാനങ്ങളുടെ പരാജയത്തിലേക്ക് നയിക്കുമെന്നതിൽ സംശയമില്ല.

സൂക്ഷ്മവായനയിൽ നാം മനസ്സിലാക്കുന്ന മറ്റൊന്നുണ്ട്: കൂട്ടമരണങ്ങളും പട്ടിണിയും രോഗങ്ങളും പൊടുന്നനെ ഉണ്ടാകുന്നതല്ല. അനേകവർഷങ്ങൾ കൊണ്ടാണ് ഈ സ്ഥിതിയിലെത്തുന്നത്. കുട്ടികളിലെ ആരോഗ്യക്കുറവും രോഗങ്ങളും ആദ്യമെത്തുന്നു. വാർധക്യം ചുരുങ്ങുകയും പ്രതീക്ഷിത ആയുർദൈർഘ്യം കുറയുകയും ചെയ്യും. ജനങ്ങളിൽ അപ്രതീക്ഷിത അണുബാധകൾ പൊട്ടിപ്പുറപ്പെടുന്നതും ശരീരശോഷണം കാണപ്പെടുന്നതും മറഞ്ഞിരിക്കുന്ന പ്രതിസന്ധിയെ സൂചിപ്പിക്കുന്നു. ശക്തമായ ആരോഗ്യനിരീക്ഷണങ്ങൾ ഉണ്ടാവുകയും സ്ഥിതിവിവരക്കണക്കുകൾ പൊതുചർച്ചയിൽ സ്ഥാനം പിടിക്കയും വേണം. എങ്കിൽ മാത്രമെ തിരുത്തൽപദ്ധതികൾ ആസൂത്രണം ചെയ്യാനാകൂ.

ശ്രീലങ്കയിൽ നിന്നുള്ള പാഠം

ഗുരുതര ഭക്ഷ്യക്ഷാമമാണ് സമീപകാലത്ത് ശ്രീലങ്കയിലുണ്ടായത്. ലോക ഭക്ഷ്യപദ്ധതിയുടെ (World Food Programme) പഠനം ആഭ്യന്തര കാർഷികോൽപാദനത്തിൽ വന്ന കുറവ്, വിദേശനാണയ കരുതൽ നിക്ഷേപത്തിൽ വന്ന ഇടിവ്, രാജ്യത്തിന്റെ കറൻസിയുടെ മൂല്യശോഷണം എന്നിവ പ്രതിസന്ധിക്ക് നിദാനമായി കാണുന്നു. ഇവ പെട്ടെന്നുണ്ടാകുന്നതുമല്ല; അനേക വർഷങ്ങൾ വേണ്ടിവരും ഈ സ്ഥിതിയിലെത്താൻ. ഭക്ഷ്യവസ്തു വിലക്കയറ്റം ജൂലൈ മാസത്തിൽ 90 ശതമാനമായെന്ന് കണക്കാക്കപ്പെടുന്നു. രാജ്യത്തെ 30 ശതമാനം പേർ പട്ടിണിയുടെ വക്കിലാണ്. കുട്ടികളിൽ 17 ശതമാനം പേരെ വളർച്ചമുരടിപ്പും 15 ശതമാനം പേരെ ശരീരശോഷണവും ബാധിച്ചിരിക്കുന്നു. സ്ത്രീകളെ, പ്രത്യേകിച്ച് ഗർഭിണികളെ ഭക്ഷ്യക്ഷാമം പ്രകടമായി ബാധിക്കും. ആയിരക്കണക്കിന് ഗർഭിണികൾ പോഷകാഹാര പ്രതിസന്ധി നേരിടുന്നുവെന്ന് അന്താരാഷ്ട്ര ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

രാഷ്ട്രീയ നിലപാടുകളും സാമൂഹികാരോഗ്യവും ഭക്ഷ്യോൽപാദനവും സവിശേഷരീതിയിൽ പരസ്പരം ബന്ധപ്പെട്ടുനിൽക്കുന്നു. അതിനാൽ സാമ്പത്തിക ആസൂത്രണം, ഭക്ഷ്യോൽപാദനം എന്നിവയിൽ വരുന്ന തകർച്ച ഇക്കോണമിയെയും ആരോഗ്യത്തെയും ബാധിക്കും.രാജപക്സ സർക്കാർ 2019 ലെ പ്രകടനപത്രികയിൽ പ്രഖ്യാപിച്ച ഓർഗാനിക് കൃഷിരീതി നടപ്പാക്കിയത് മുതലാണ് കാർഷികപ്രതിസന്ധി ആരംഭിക്കുന്നത്. പൊടുന്നനെ കാർഷിക രാസവസ്തുക്കളുടെ ഇറക്കുമതി നിരോധിക്കുകയും ഓർഗാനിക് പദാർഥങ്ങളുടെ ലഭ്യത ഉറപ്പാക്കാനാവാതെയും വന്നപ്പോൾ കൃഷിരംഗം തകിടംമറിഞ്ഞു.

അരി ഉൽപാദനം 30 ശതമാനം, തേയില കയറ്റുമതി 18 ശതമാനം എന്നിങ്ങനെ കുറഞ്ഞു. ആവശ്യത്തിലധികം രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നുവെന്നായിരുന്നു സർക്കാർ നിലപാട്. ഓർഗാനിക് കൃഷിയിലേക്ക് തിരിഞ്ഞ ഭൂട്ടാന് ഇനിയും അത് പൂർണമായി നടപ്പാക്കാനായിട്ടില്ല. അമിത രാസപദാർഥഉപയോഗം ചെറുപ്രാണികളെയും ചെറുമത്സ്യങ്ങളെയും നശിപ്പിക്കുന്നൂവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ കാർഷിക രാസവസ്തുക്കളുടെ ലഭ്യതയില്ലാത്ത ആഫ്രിക്ക പോലുള്ള ഇടങ്ങളിൽ മണ്ണിന്റെ ഗുണം നഷ്ടപ്പെടുന്നതായും കാണപ്പെട്ടിട്ടുണ്ട്.

വെജിറ്റേറിയനിസം സമ്പൂർണ നന്മയോ?

കൃഷി, ഭക്ഷണം എന്നിവയിൽ മാറ്റംവരുത്താനുള്ള വ്യത്യസ്ത പ്രചാരണങ്ങൾ പലപ്പോഴും നടക്കുന്നു. ഉദാഹരണത്തിന് വെജിറ്റേറിയനിസം (vegetarianism), വീഗനിസം (veganism) എന്നിവ ശക്തമായി പ്രചരിക്കപ്പെടുന്നു. രണ്ടായാലും ഭക്ഷണരീതി പൊളിറ്റിക്കൽ ആകുമ്പോൾ സമൂഹം തെറ്റ്, ശരി എന്ന രീതിയിൽ വിഭജിക്കപ്പെടും. ഭക്ഷ്യസുരക്ഷക്ക് അടിസ്ഥാനമായി വേണ്ടത് വിളകളിലും കൃഷികളിലും ഉണ്ടാകേണ്ട വിഭവ വൈവിധ്യമാണ്. വീഗനിസം സസ്യാഹാരത്തിൽ പരിമിതപ്പെടുന്നില്ല; മുത്ത്, പവിഴം, പട്ട്, തുകൽ എന്നിവകൊണ്ടുള്ള വസ്ത്രാഭരണങ്ങൾ ഉൾപ്പെടെ മൃഗങ്ങളിൽ നിന്ന് ഉൽപാദിപ്പിക്കപ്പെടുന്ന വസ്തുക്കളും വർജിക്കണം. ഇതോടെ ഇവക്ക് സമാനമായ കൃത്രിമ ബദൽ വസ്തുക്കൾ കമ്പോളത്തിലെത്തും. പ്രധാനമായും പാരമ്പര്യരീതിയിൽ നിലനിൽക്കുന്ന ചില ഉൽപാദനവ്യവസ്ഥകൾ പ്രതിസന്ധിയിലുമാകും.

വളരെ ഗൗരവമുള്ള ഈ വിഷയം കോഹെൻ, ലെറോയ്, എന്നിവർ 2019 ൽ 'കോൺവർസേഷൻ' എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പ്രതിപാദിക്കുന്നു. അവർ മൂന്ന് വ്യത്യസ്തമായ ട്രെൻഡുകൾ നമ്മുടെ ശ്രദ്ധയിൽകൊണ്ടുവരുന്നു. ഒന്ന്, സസ്യാഹാര പ്രസ്ഥാനം രാഷ്ട്രീയ സാംസ്കാരിക തലത്തിലെത്തുമ്പോൾ മൃഗങ്ങളിൽനിന്നുള്ള അസംസ്കൃത പദാർഥങ്ങൾ ഉപയോഗിക്കുന്ന പരമ്പരാഗത ഉൽപാദനം വിപുലമായ വ്യവസായങ്ങൾക്ക് വഴിമാറിക്കൊടുക്കും. വൻകിട കാർഷികവ്യവസായങ്ങൾ ലോകത്തിന്റെ പലഭാഗങ്ങളിലും വന്നുതുടങ്ങി. ഇത് ഭക്ഷ്യോൽപാദനത്തിൽ വിലക്കയറ്റമുണ്ടാക്കുമെന്നുറപ്പാണ്.

രണ്ട്, നിലവിൽ പ്രാദേശിക ബിസിനസ് ആയി നിലകൊള്ളുന്ന ഭക്ഷണവും അതിന്റെ അനുബന്ധവസ്തുക്കളും അതിവേഗം ആഗോളീകരണത്തിന് വിധേയമാകും. വൻ വിപണി വഴി മാത്രമെ വീഗൻ ഭക്ഷ്യ, ഭക്ഷ്യേതരവസ്തുക്കളുടെ ഉൽപാദനത്തിന് നിലനിൽക്കാനാകൂ. കൃത്രിമ തുകൽ, കൃത്രിമപാലുൽപന്നങ്ങൾ, കൃത്രിമ മാംസം എന്നിങ്ങനെ പരീക്ഷണശാലയിൽ വികസിപ്പിച്ചെടുത്ത വസ്തുക്കൾ വൻകിട നിർമാതാക്കളുടെ പക്കലെത്തും. ഫലത്തിൽ പരമ്പരാഗത കർഷകർ, ചെറുകിട സംരംഭകർ എന്നിവരിൽ നിന്ന് രാഷ്ട്രീയാധികാരം വൻകിട ബയോടെക് ഭീമന്മാരിലേക്ക് കൈമാറ്റം ചെയ്യപ്പെടും. വീഗൻ കമ്പോളം ഇപ്പോൾ പ്രതിവർഷം 10 ശതമാനം വർധന രേഖപ്പെടുത്തുന്നു. മത്സരം ശക്തമാകുമ്പോൾ ഇതിനിയും വർധിക്കാനാണ് സാധ്യത. സസ്യാടിസ്ഥാന ജീവിതരീതി വൻലാഭം കൊയ്യാൻ മൾട്ടിനാഷനൽ കമ്പനികളെ സഹായിക്കും. യൂറോപ്പിൽ ഒരുകമ്പനി എഴുനൂറോളം ഉൽപന്നങ്ങളാണ് മാർക്കറ്റിൽ എത്തിക്കുന്നത്.

മൂന്ന്, അടുത്ത ദശകത്തിൽ നാമിന്ന് കാണുന്ന ഭക്ഷ്യോൽപാദനരീതി പല വികസിതരാജ്യങ്ങളിലും തകർച്ചയിലേക്ക് നീങ്ങുമെന്ന് പലരും ആശങ്കയറിയിക്കുന്നു. മറ്റൊരു ഭക്ഷ്യസംഘർഷത്തിലേക്ക് നാം കടക്കുകയാണ്. മൃഗങ്ങളില്ലാതെ പലകൃഷികളും സാധ്യമല്ലെന്നിരിക്കെ മൃഗോൽപന്നങ്ങൾ തിരസ്കരിച്ചു കൊണ്ടുള്ള ജീവിതം സാമ്പത്തികമായി പ്രശ്നഭരിതമാണ്. ഇപ്പോൾതന്നെ നൂറുകോടിയോളം ജനങ്ങൾ പ്രധാനമായും അന്നജം മാത്രം കഴിച്ചു ജീവിക്കുന്നു. ഇതിൽ സ്ത്രീകളും കുട്ടികളുമായിരിക്കുമല്ലോ അധികവും. ഭക്ഷണത്തിന് വിലക്കയറ്റമുണ്ടാകുമ്പോൾ മാംസാഹാരമാണ് പാവപ്പെട്ടവർക്ക് പ്രോട്ടീൻ സ്രോതസ്സ്.ചുരുക്കിപ്പറഞ്ഞാൽ, നമ്മുടെ പ്ലേറ്റിൽ കാണുന്ന ഭക്ഷണം നവആഗോളീകരണത്തിനും രാഷ്ട്രീയ സാംസ്കാരിക സംഘർഷങ്ങൾക്കും വഴിവെക്കുവാൻ അധികകാലം വേണ്ട.

Show Full Article
TAGS:food 
News Summary - There is something to be said for the food
Next Story