Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഡോ. ഗണപതിയുടെ...

ഡോ. ഗണപതിയുടെ അബദ്ധവാദങ്ങൾക്കെതിരെ കടാവർ ലഭിച്ച ഒരാൾക്ക് പറയാനുള്ളത്...

text_fields
bookmark_border
Organ Donation
cancel

2020 മെയ് മാസം തുടക്കത്തിൽ കോവിഡ് മഹാമാരിയുടെ കടുത്ത നിയന്ത്രണങ്ങൾക്കിടയിൽ കടാവർ പ്രകാരം കരൾ സ്വീകരിച്ചതുകൊണ്ട് ജീവിതത്തിലേക്കു തിരിച്ചുവന്ന ഒരാളാണ് ഞാൻ. കേരള നെറ്റ് വർക്ക് ഓഫ് ഓർഗൺ ഷെയറിംഗ് (കെ.എൻ.ഒ.എസ് ) എന്ന സംവിധാനത്തിൽ സർജറിയുടെ ഒന്നരവർഷം മുമ്പായിരുന്നു ഞാൻ പേര് ചേർത്തത്. എനിക്ക് അവയവം മാറ്റിവെക്കൽ നിർബന്ധമാണ് എന്ന് സർട്ടിഫൈ ചെയ്തത് കോഴിക്കോട് മെഡിക്കൽ കോളജിലെ മെഡിക്കൽ ബോർഡാണ്. അവയവമാറ്റത്തിന് ഞാൻ കേരളത്തിൽ തിരഞ്ഞെടുത്ത സോൺ തിരുവനന്തപുരമടങ്ങുന്ന സൗത്ത് സോൺ ആയിരുന്നു.

കിംസ് ഹോസ്പിറ്റലിലെ ഹോസ്പിറ്റലിലെ ഡോ. ടി.യു. ഷബീറലിയും സംഘവുമാണ് എന്റെ ശസ്ത്രക്രിയ ചെയ്തത്. കെ.എൻ.ഒ.എസ് സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ സുതാര്യമായി നടത്തുന്നതിനുവേണ്ടി നേതൃത്വം നൽകുന്ന നോഡൽ ഓഫീസറാണ് ഡോക്ടർ നോബിൾ ഗ്രേഷ്യസ്. ഓരോ വ്യക്തികൾക്കും അവയവമാറ്റം നടത്തുന്നതിനുള്ള ഗ്രേഡ് തിരിച്ച് റാങ്ക് ലിസ്റ്റ് ഇട്ടശേഷം, കൃത്യമായ പരിശോധന മെൽഡ് സ്കോർ അടിസ്ഥാനത്തിൽ നടത്തി അവയവം ലഭിക്കുന്ന മുറയിൽ ഓരോ രോഗികളോടും അതിനെപ്പറ്റി ചോദിച്ച ശേഷമാണ് ഓരോരുത്തർക്കും അവയവം അനുവദിച്ചു തരാറുള്ളത്. ആ കൃത്യമായ മുറപ്രകാരം തന്നെയാണ് എനിക്കും അവയവം കിട്ടിയത്. ലിവർ സിറോസിസ് ആയിരുന്നു എനിക്ക് ബാധിച്ചത്. പിന്നീടത് കാൻസർ ആയി രൂപാന്തരപ്പെട്ടു. കെ.എൻ.ഒ.എസ് പ്രകാരം എനിക്ക് അവയവം ലഭിച്ചപ്പോൾ ആ കരളിനു വേണ്ടി അഞ്ചുപൈസ പോലും ഞാൻ എവിടെയും അടച്ചിട്ടില്ല. ഒരു ഡോക്ടറും എന്നിൽ നിന്ന് കൈക്കൂലി വാങ്ങിയിട്ടില്ല. മാറ്റിവെപ്പിന് ഒരു സാമ്പത്തിക ഉടമ്പടിയും ഉണ്ടായിട്ടില്ല. നിയമപ്രകാരം മസ്തിഷ്കമരണം സ്ഥിരീകരിച്ച രോഗിയിൽ നിന്ന് പണമോ പാരിതോഷികമോ പ്രതീക്ഷിക്കാത്ത ഒരു കൈമാറ്റമായിരുന്നു അത്. മാത്രമല്ല ഞങ്ങളുടെ ജീവിതത്തിൽ പരിധികൾക്കപ്പുറത്തുള്ള ഒരു പുതിയ സ്നേഹബന്ധത്തിന്റെ ആരംഭവുമായിരുന്നു. രണ്ടു പ്രദേശങ്ങളിൽ കിടന്ന ഞാനും എന്റെ അന്തരിച്ച ഡോണറും ഒരേ കുടുംബമായി മാറി. അതും മതജാതിഭേദങ്ങൾ ഇല്ലാതെ. കേരളത്തിൽ എവിടെയും നടക്കുന്ന ട്രാൻസ്പ്ലാന്റ് സർജറിയുടെ ബേസിക് കോസ്റ്റ് മാത്രമാണ് എനിക്ക് എന്റെ ആശുപത്രിയിൽ അടക്കേണ്ടി വന്നിട്ടുള്ളത്. ഞാൻ മാത്രമല്ല മറ്റു രോഗികളും.

ആളെ കൊന്ന് അവയവം എടുക്കുന്നു എന്നെല്ലാം പറഞ്ഞു കൊണ്ട് കേസിനായി ഇറങ്ങിത്തിരിച്ച ഗണപതി ഡോക്ടറുടെ വൃഥാപരിശ്രമങ്ങൾ കാണുമ്പോൾ വല്ലാത്ത സങ്കടം തോന്നുന്നു. പണക്കാർക്ക് വേണ്ടി പാവങ്ങളെ കൊന്ന് അവയവം എടുക്കുന്നു എന്നാണദ്ദേഹം പറയുന്നത്. ഞാനോ ഞാൻ അറിയുന്ന മാറ്റിവച്ച കടാവർ പ്രകാരമുള്ള ശസ്ത്രക്രിയ കഴിഞ്ഞ സുഹൃത്തുക്കളോ ആരും പണക്കാരല്ല. ഞാനും അവരും ആരും തന്നെ പാവങ്ങളെ കൊന്നിട്ടല്ല അവയവം സ്വീകരിച്ചിട്ടുള്ളത്. ശസ്ത്രക്രിയക്ക് ആവശ്യമായ പണം തികയാത്തതുകൊണ്ട് കൂട്ടുകാരുടെയും ബന്ധുമിത്രാദികളുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് അതെല്ലാം നടന്നിട്ടുള്ളത്. ഞങ്ങളൊക്കെ അതിനു വേണ്ടി കോടികൾ ചിലവിട്ടു എന്നൊക്കെ പറയുന്ന വാദങ്ങൾ കേൾക്കുന്നത് തന്നെ വളരെ വേദനാജനകമാണ്. പണമില്ല എങ്കിൽ ജീവൻ വേണ്ടതില്ല എന്ന തത്വമായിരുന്നു ഞങ്ങളെ മുന്നോട്ടു നയിച്ചത്.

മൃതസഞ്ജീവനി പദ്ധതിയുടെ സുതാര്യത

കെ.എൻ.ഒ.എസ് സംവിധാനത്തിൽ കടാവർ പ്രകാരം അവയവം നൽകുന്നത് കൃത്യമായും സുതാര്യമായും അതിന്റെ മാനദണ്ഡങ്ങൾ എല്ലാം പാലിച്ചു കൊണ്ടാണ്. അതിനാൽ തന്നെ സർജറി കഴിഞ്ഞ ശേഷവും ഞങ്ങളെക്കുറിച്ച് അന്വേഷണം കഴിഞ്ഞിട്ടുണ്ട്. കൃത്യമായ ആൾക്ക് തന്നെയാണ് മാറ്റിവെച്ചത് എന്ന സ്ഥിരീകരണവും നടന്നിട്ടുണ്ട്. സർക്കാറിന്റെ പലവിധ ശാഖകളുടെയും പ്രവർത്തനങ്ങൾ പോലും സ്തംഭിച്ചുനിന്ന കോവിഡ് കാലഘട്ടത്തിലും ഇക്കാര്യത്തിൽ അനിവാര്യമായ നടപടികൾ കൈക്കൊള്ളാൻ കേരള നെറ്റ്‌വർക്ക് ഓഫ് ഓർഗൻ ഷെയറിങ് സംവിധാനം ശ്രദ്ധിച്ചിട്ടുണ്ട്. അതിനെയാണ് സംശയത്തിന്റെ കരിനിഴലിൽ നിർത്തിക്കൊണ്ട് കേസിന് പോകാൻ ഈ ഡോക്ടർ ശ്രമിച്ചത്. ഈ ഒരു സംവിധാനം ഉള്ളതുകൊണ്ട് മാത്രമാണ് ഞങ്ങൾക്ക് അവയവം ലഭിച്ചത്. മാത്രമല്ല ഏതെങ്കിലും വിഐപിയോ, പണക്കാരനോ കടാവർ ലിസ്റ്റിൽ കയറി കൂടുമ്പോൾ അതിന്റെ മുൻഗണനാക്രമം അട്ടിമറിക്കുന്ന പ്രവർത്തനങ്ങളും എവിടെയും ഉണ്ടായിട്ടില്ല. മെൽഡ് സ്കോറും രോഗിയുടെ അവസ്ഥകളും പരിഗണിച്ച് ഗ്രേഡ് കണക്കാക്കി റാങ്ക് ലിസ്റ്റ് ഇട്ടശേഷം ആയിരുന്നു മുൻഗണന തീരുമാനിച്ചത്. മുൻഗണന ലിസ്റ്റിൽ ഒന്നാമത് ആയിരുന്ന ഞാൻ എന്നെക്കാൾ അനിവാര്യത കൂടിയ രോഗികൾ വന്നപ്പോൾ പിറകിലേക്കായി പോയിട്ട് പോലുമുണ്ട്. അഥവാ രോഗികളുടെ അവസ്ഥ അനുസരിച്ച് ഓരോ സമയത്തും ആ ലിസ്റ്റ് പുനരഴിച്ചുപണികൾക്ക് വിധേയമാക്കുന്നുണ്ട്. എന്റെ സർജറിയുടെ മുമ്പ് ഈ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി പ്രവർത്തിക്കണമെന്ന് അക്കാലത്തെ ആരോഗ്യമന്ത്രി ശൈലജ ടീച്ചർ എടുത്തു പറഞ്ഞിരുന്നത് കൃത്യമായി ഓർമ്മയുണ്ട്. എല്ലാ പൊതുവേദികളിലും അവർ അത് ആവർത്തിച്ചിരുന്നു. അവരുടെ കഠിനമായ പരിശ്രമങ്ങൾ കൂടി കേരളത്തിൽ മൃതസഞ്ജീവനി പ്രകാരം ആളുകൾ അവയവദാനത്തിനു മുന്നോട്ടുവരാൻ കാരണമായിട്ടുണ്ട്. എന്നാൽ ഇല്ലാത്ത കേസിന് പിറകെ പോയി കോടതിയിലെത്തിയ ഡോക്ടർ ഗണപതിയുടെ വളരെ കേവലമായ പരിശ്രമം കൊണ്ടൊന്നു മാത്രം കടാവർ ട്രാൻസ്പ്ലാന്റേഷന്റെ ലെവൽ താഴ്ന്നു പോകുന്നത് അങ്ങേയറ്റം നിരാശാജനകം തന്നെ! നൂറുകണക്കിന് രോഗികളെ തെരുവിലെറിയുന്ന ഉദ്ദേശശുദ്ധി ഇല്ലാത്ത പ്രവർത്തനമാണ് അദ്ദേഹത്തിൽ നിന്നുണ്ടായിട്ടുള്ളത്.

ഡോക്ടർ ഗണപതി പറയുന്നത് സത്യമാണോ?

അദ്ദേഹം പറയുന്നത് അധികവും നുണകളാണ്. അദ്ദേഹം കയ്യിൽ വെച്ച കണക്കുകൾ വ്യാജവും. മീഡിയ വണ്ണിലെ ഔട്ട് ഓഫ് ഫോക്കസിൽ ആ കണക്കുകളെ കൃത്യമായി പൊളിച്ചിടുന്നുണ്ട്. വാട്സ്ആപ്പ് യൂണിവേഴ്സിറ്റികൾ ചമച്ചു വിടുന്ന കാര്യങ്ങളാണ് അദ്ദേഹം വലിയ കാര്യങ്ങളായി എഴുന്നള്ളിക്കുന്നത്.

അവയവദാനത്തിനെതിരെ പുതിയ കേസുമായി അവതരിച്ച ഡോക്ടർ ഗണപതിയുടെ പ്രധാന നിരീക്ഷണം കടാവറിനെ കുറിച്ചാണ്. അഥവാ ബ്രയിൻ ഡെത്ത് അദ്ദേഹത്തിന് സ്വീകാര്യമല്ല. എന്താണ് അദ്ദേഹത്തിന്റെ മനസ്സിലുള്ളത് എന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ. മസ്തിഷ്ക മരണം സ്ഥിരീകരിച്ച കടാവർ ട്രാൻസ്പ്ലാന്റുകൾക്കെതിരെയാണ് അദ്ദേഹം ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പോയത്. അദ്ദേഹത്തിന്റെ വാദഗതികൾ ശാസ്ത്രീയമോ യുക്തിസഹമോ അല്ലാത്തതിനാൽ അത് കോടതി തള്ളി. അമേരിക്കൻ ന്യൂറോ അസോസിയേഷന്റെ ഒപ്പീനിയൻ പ്രകാരം ലോകത്തെല്ലായിടത്തും നടക്കുന്നതാണ് ഇതെന്നു കോടതി നിരീക്ഷിച്ചു. രാജ്യത്തുള്ള ഏതെങ്കിലും ഒരാൾക്ക് പറ്റില്ലെന്ന് കരുതി നമ്മുടെ രാജ്യത്തിന്റെ പൊതുനിയമം മാറ്റാൻ സാധിക്കില്ല എന്നും കോടതി പറഞ്ഞു. 1994 ലാണ് THOTA നിലവിൽ വന്നത്.(amendments in 2011). Transplantation of Human Organs and Tissues Act എന്ന പേരിലാണ് കൃത്യമായ നിയമ പിൻബലത്തോടെ അവയവമാറ്റ/കൈമാറ്റങ്ങൾ ഇന്ത്യയിലും കേരളത്തിലും നടക്കുന്നത്. കേരളത്തിലാണ് അക്കാര്യത്തിൽ ഏറ്റവും കണിശത നിലവിലുള്ളത്. അന്തരിച്ചവരുടെ ബന്ധുമിത്രാദികൾ ചെയ്യുന്ന മഹത്ദാനമാണ് തങ്ങൾ ഒരു നിലക്കും അറിയുകപോലുമില്ലാത്ത മനുഷ്യർക്കുള്ള അവയവദാനം. ജീവൻ നിലനിർത്താനുള്ള മനുഷ്യരുടെ പരിധികൾക്കപ്പുറത്തുള്ള ഈ ഒരു താൽപര്യത്തിന്റെ നന്മ കണക്കിലെടുത്ത് അദ്ദേഹത്തിന്റെ വാദങ്ങളൊന്നും കോടതി മുഖവിലക്കെടുത്തില്ല. അങ്ങനെ ഒരു നിയമമാറ്റത്തിനുള്ള സാധുത നിലനിൽക്കുന്നില്ലെന്ന് കോടതി കണ്ടെത്തി.

അതിനാൽ ഇനി അതുമായി കേസ് നടത്താൻ കോടതിയിൽ പോയിട്ട് കാര്യമില്ല എന്നദ്ദേഹത്തിന് മനസ്സിലായി. പിന്നീട് പുതിയ വഴിക്കായി അദ്ദേഹത്തിന്റെ ചില നീക്കങ്ങൾ. ഒരു സജീവ ആക്ടിവിസ്റ്റും ആരോഗ്യപ്രവർത്തകനുമായ അദ്ദേഹത്തിന്റെ മോട്ടിവ് എന്താണ് എന്നുള്ളത് അറിയില്ല. എന്നാൽ കൃത്യമായി ചില സ്ഥാപനങ്ങളോട് അദ്ദേഹത്തിന് വിരോധമുള്ളത് വ്യക്തമാണ്.

നിയമപരമായ ലൂപ്പ് ഹോളുകൾക്ക് വീഴ്ചകൾ കൊണ്ടും അബദ്ധങ്ങൾ കൊണ്ടും ഇടം വരുത്തിയ ചില സ്ഥാപനങ്ങൾ ഒന്നും അദ്ദേഹത്തിന്റെ വാക്കുകളിൽ വരുന്നേയില്ല.

എന്താണ് ഗണപതിയുടെ സമീപനത്തിലെ പ്രശ്നം?

അദ്ദേഹം പ്രധാനമായും ഉന്നയിക്കുന്ന നിയമവിരുദ്ധത ബ്രെയിൻ ഡെത്ത് സ്ഥിരീകരിച്ച് അവയവമാറ്റം നടത്തൽ തെറ്റാണ് എന്നായിരുന്നു. മരണത്തിന് അദ്ദേഹം സ്വന്തം നിലയിലുള്ള വ്യാഖ്യാനം ഉണ്ടാക്കിയിട്ടുണ്ട്. ലോകത്ത് നിലവിൽ ശാസ്ത്ര സമൂഹത്തിൽ അംഗീകൃത സ്വഭാവമുള്ള മരണ വ്യാഖ്യാന പ്രകാരമാണ് നിയമം നിർമ്മിച്ചിട്ടുള്ളത്.

ലൈവ് ഡോണർ പണം കൊടുത്ത് അവയവം വെച്ചുപിടിപ്പിക്കാൻ നടത്തുന്ന വ്യഗ്രമായ ശ്രമങ്ങളെ കോടതിയങ്ങ് സ്ഥിരീകരിച്ചാൽ മാത്രം മതി. ശല്യക്കാരനായ വ്യവഹാരി ആവുക, നിഷേധാത്മക സ്വഭാവത്തിലൂടെ പ്രസിദ്ധി നേടുക എന്നിങ്ങനെയൊക്കെ ആളുകൾ പലതും ചെയ്തുകൂട്ടാറുണ്ട്. എന്നാൽ ഗണപതി ഡോക്ടറുടെ നിരീക്ഷണങ്ങൾ ഒരുപക്ഷേ പാകപ്പെട്ട നിലയിൽ എത്താത്തത് കൊണ്ടോ, അല്ലെങ്കിൽ തികച്ചും ശാസ്ത്രീയമായ ചുവടുകളെ കൈവരിക്കാൻ സാധിക്കാത്തത് കൊണ്ടോ ആയിരിക്കട്ടെ. അല്ലാതെ നമ്മുടെ മനസ്സിൽ തോന്നുന്ന കാര്യങ്ങൾ വളരെ വലിയൊരു കരിയർ ഉള്ള അദ്ദേഹത്തിന്റെ മേലിൽ ആരോപിക്കുന്നത് തെറ്റാണ്.

ശാസ്ത്രീയമായ ആരോഗ്യ സമീക്ഷ പറയുന്നിടത്ത് അശാസ്ത്രീയമായ പലതും അദ്ദേഹത്തിന് പറയേണ്ടി വരുന്നതും അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യം. എന്നാൽ സമൂഹത്തിൽ നിയമം കൊണ്ടുവരുമ്പോൾ എംപിരിക്കൽ ആയ തത്വത്തിലേ അതു നിലനിൽക്കുകയുള്ളൂ. ഗവേഷണ പരീക്ഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞു വന്ന കൃത്യമായ അടിത്തറ അവക്ക് വേണം. അതിനാൽ നിലനിൽപ്പില്ലാത്ത ആദ്യനീക്കങ്ങൾ പരാജയപ്പെട്ടതോടെ ഇൻഡയറക്ടറായി മസ്തിഷ്കരണത്തി നെതിരെ എന്തെങ്കിലും ചെയ്യുവാൻ പറ്റുമോ എന്നാണ് പിന്നീടദ്ദേഹം നോക്കുന്നത്. അത്തരം ലഘുകാര്യങ്ങളുടെ അടിത്തറ നിർമിക്കുന്നതിനാണ് മാഫിയാ കഥകളും ചില ഡിറ്റക്ടീവ് നോവലുകളും സംസാരിക്കുന്ന രീതിയിൽ ദുരുപദിഷ്ടിത വാർത്തകളുമായി രണ്ടാമതായി രംഗത്ത് വന്നത്. സിനിമകളിലും നോവലുകളിലും ഭീകരത കുത്തിനിറച്ച വാർത്തകളിലും വാട്സാപ്പിലും എല്ലാം അത്തരം കണ്ടന്റ് വല്ലാത്ത ആവേശം സൃഷ്ടിക്കുന്നതാണല്ലോ. അത്തരം ആളുകൾക്ക് ഫാക്ട് & എവിഡെൻസ് കൃത്യമായി പരിശോധിക്കാൻ താല്പര്യമില്ല. അവ വേണം എന്നു നിർബന്ധവുമില്ല. അപവാദങ്ങളിലും കൊള്ളിവെച്ചുള്ള കഥകളിലും ഹരം കൊള്ളുന്നവരാണ് അത്തരമാളുകൾ.

ഒരാൾ അവയവദാനം ചെയ്തുകൊണ്ട് മരിച്ചു, അല്ലെങ്കിൽ ഒരാൾ മരിച്ച ശേഷം ബന്ധുക്കൾ അവയവദാനം ചെയ്തു എന്ന സത്യം അധികം ആളുകളെ ആവേശഭരിതരാകില്ല. ഇക്കാലത്ത് ഏറി വന്നാൽ വാട്സ്ആപ്പ് സ്റ്റാറ്റസുകളിൽ മാത്രം നിലനിൽക്കുന്ന, അല്ലെങ്കിൽ ഒരു ദിവസത്തെ വാർത്തയിൽ മാത്രം നിറയുന്ന ആവേശമേ അതിനുള്ളൂ. എന്നാൽ ഒരാളെ കൊന്ന് അവയവങ്ങൾ എടുത്തു എന്നു പറയുന്ന ഫാബ്രിക്കേറ്റഡ് വാർത്തകളുടെ സാധ്യത അപാരമാണ്.

കേരളത്തിൽ കുന്നംകുളത്ത് നടന്ന രണ്ട് കുട്ടികളുടെ മരണവും, ഹരിയാനയിൽ ഒരു കുളത്തിൽ മരിച്ചു കിടന്ന ഒരു കുടുംബത്തിലെ അഞ്ചുപേരുടെ മരണവും അവയവമാഫിയക്കും ഡോക്ടർമാർക്കും എതിരെ നിറം പിടിപ്പിച്ച കഥകൾ സൃഷ്ടിച്ചു വിടാൻ കാരണമായിരുന്നു. അതിന്റെ സത്യാവസ്ഥ മനസ്സിലാകുന്നതിന് പത്രക്കാർക്ക് തന്നെ ഒരു വർഷം എടുത്തു.

അതാണ് സൂചിപ്പിച്ചത്, ദിവസങ്ങളോളം അത്തരം നുണകൾ മനുഷ്യരുടെ തലച്ചോർ അനാവശ്യമായി കത്തിച്ചു നിർത്തും. ഊഹങ്ങളിലും അവ്യക്തതകളിലും ആരോപണങ്ങളിലും ഊന്നി ജീവിക്കാൻ താല്പര്യമുള്ളവർക്കിടയിൽ അത്രയും വലിയ സമയം കൊല്ലാൻ സാധ്യതയുള്ള മറ്റൊന്നില്ല. യൂട്യൂബിനെയും മറ്റു ഡിജിറ്റൽ സ്പേസിനെയും ആധാരമാക്കി പ്രവർത്തിക്കുന്ന ഓൺലൈൻ മീഡിയക്കും കൂടുതൽ താല്പര്യം അത്തരം കാര്യങ്ങളോടാണ്.

ആയിരം രോഗികളെ രക്ഷിച്ച ആശുപത്രിയിൽ പലപ്പോഴും ഒരു രോഗിയുടെ മരണമാണല്ലോ വാർത്തയിൽ നിറയുന്നത്? സത്യം അങ്ങനെ തന്നെയാണ്, ആയിരം ജീവനുകളെക്കാൾ പ്രധാനമാണ് ആളുകൾക്ക് നുണയിലൂടെ ഒരാളെ കൊല്ലിച്ചു രസിക്കുക എന്നത്. നിർഭാഗ്യവശാൽ നമ്മുടെ മനശാസ്ത്രം ഇങ്ങനെയൊക്കെ ആയിപ്പോയി.

കേരളത്തിൽ തെറ്റുകൾ മാത്രമേയുള്ളൂ എന്ന് തോന്നിപ്പിക്കുന്നത് എന്തിനാണ്?

2012-ൽ മൃതസഞ്ജീവനി വന്നത് തൊട്ടു വളരെ സുതാര്യമാണ് കേരളത്തിലെ അവയവമാറ്റരംഗം. THOTA 1994, amendments in 2011.(Transplantation of Human Organs and Tissues Act) എന്നതിന്റെ ബേസിക് തത്വങ്ങളിൽ ആണ് കേരളവും ഉറച്ചുനിൽക്കുന്നത്. സർക്കാർ മുന്നോട്ടുവച്ച ഓർഡർ കൃത്യമായി വളരെ പ്രോപ്പർ ആയിട്ടാണ് കേരളത്തിൽ നടക്കുന്നത്. അതിനുശേഷം ഒരു ഇംപ്രോപ്പറായ കേസ് പോലും ഗണപതിക്ക് ഉദ്ധരിക്കാൻ ഇല്ല. അദ്ദേഹം അങ്ങനെ വല്ലതും ഉണ്ടോ എന്ന് കിണഞ്ഞു പരിശ്രമിച്ചതിനെപ്പറ്റി ഈ കുറിപ്പ്കാരന് നന്നായി അറിയാം. അങ്ങനെ ഒന്നുണ്ടെങ്കിൽ അതുമായി വരട്ടെ എന്ന് വെല്ലുവിളിക്കുന്നു. കാരണം ഈയുള്ളവന്റെ കേസ് പോലും മണത്ത് അദ്ദേഹം എത്തിയിട്ടുണ്ട്. 2012-ൽ മലബാർ കേന്ദ്രീകരിച്ച് അവയവദാനത്തിനു വേണ്ടി ഒരു കൂട്ടായ്മ രൂപീകരിച്ച് ചർച്ചകൾ ആരംഭിച്ച് അധികാരികളെ ഞങ്ങൾ സമീപിച്ച കാലത്തുതന്നെ Dr. ഗണപതിയുടെ പേര് പറഞ്ഞ് ഭയന്ന് മാറി നിന്ന അധികാരികളെക്കുറിച്ച് അറിയാം.

അപ്പോൾ അദ്ദേഹത്തിന്റെ ഈ നിഷേധാത്മക പ്രവർത്തിക്ക് എത്രത്തോളം വലിയ ആഴമുണ്ട് എന്ന് നോക്കൂ?

കടാവർ പ്രകാരം ഓർഗൻ കിട്ടാതെ അകാലത്തിൽ ചരമഗതി അടഞ്ഞ എത്ര പാവങ്ങളുടെ ശാപം അദ്ദേഹം പേറണം?

വളാഞ്ചേരി ഭാഗത്ത് 7 വയസ്സായ കൃഷ്ണപ്രിയ എന്ന ഒരു കുഞ്ഞിനുവേണ്ടി പണം സ്വരൂപിക്കാൻ ഞങ്ങൾ നടന്നത് ഓർമ്മ വരുന്നു. പണം കയ്യിൽ ലഭിച്ചിട്ടും അവയവം ലഭിക്കാതെ, അല്ലെങ്കിൽ വീട്ടുകാരുടെ അവയവം കൊണ്ട് ലൈവ് ട്രാൻസ്പ്ലാന്റ് നടക്കാതെ അവൾ മരിച്ചു പോയി. അങ്ങിനെ എത്ര പേരുടെ അശാന്തിക്കും അസമാധാനത്തിനും ഈ ഡോക്ടർ ഗണപതിയുടെ നിയമം കൊണ്ടുള്ള തേരോട്ടം കാരണമായിട്ടുണ്ടാവും?

ഒരു കാര്യം ഒരു പൊതുസത്യമാണ്. ആൾക്കൂട്ടത്തെ ആർക്കും പേടിയില്ല. എന്നാൽ എല്ലാവർക്കും ഒറ്റയാനെ പേടിയാണ്. ഗണപതി ഡോക്ടർ അറിഞ്ഞാൽ പ്രശ്നമാണ് എന്നു പറഞ്ഞ് ഇതിനുമുമ്പും ആരോഗ്യപ്രവർത്തകർ നിയമമനുസരിച്ചുള്ള കാര്യങ്ങളിൽ പോലും പേടിച്ചു മാറി നിൽക്കുന്നത് കണ്ടിട്ടുണ്ട്.

എന്തായിരിക്കും അതിനു കാരണം?

ലീഗൽ ക്ലാരിറ്റി വരുത്തുന്നതിനുമുമ്പ് സംഭവിച്ച അബദ്ധങ്ങളും സൂക്ഷ്മത കുറവും കരുവാക്കി മാറ്റി അയാൾ രോഗികൾക്കെതിരെയും അവയവം പ്രതീക്ഷിച്ചിരിക്കുന്നവർക്കുമെതിരെയും അമ്പെയ്യുകയാണ്.

ശൈലജ ടീച്ചർ കേരളത്തിന്റെ ആരോഗ്യമന്ത്രി ആയതിനുശേഷം അവയവമാറ്റ ശസ്ത്രക്രിയ രംഗത്ത് ഗണ്യമായ പുരോഗതികൾ ഉണ്ടായിരുന്നു. സധൈര്യം തീരുമാനങ്ങൾ എടുത്തു നടപ്പിലാക്കാൻ മുന്നിൽ നിന്ന അവരുടെ പ്രവർത്തന കാലയളവിൽ അദ്ദേഹത്തിന്റെ നീക്കങ്ങൾ എല്ലാം നിശ്ചലമായിരുന്നു. കാരണമുണ്ട്. പൊതുജനാരോഗ്യത്തിന് വിരുദ്ധമായ നീക്കങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നിലപാടുകൾ ആയിരുന്നു അവർ കൈകൊണ്ടത്. കേരളത്തിൽ എല്ലാം ഇംപ്രോപ്പർ ആയിട്ടാണ് എന്നു വരുത്തിതീർക്കുന്ന ഒരു മാഫിയ എല്ലാ രംഗത്തുമുള്ള പോലെ ഇതിനു പുറകിലുമുണ്ട്. കേരളത്തിന്റെ എല്ലാ തലങ്ങളെയും അസ്ഥിരമാക്കുന്ന ചിത്തവൃത്തിയാണ് അവരിൽ. അതൊരു വല്ലാത്ത മനോരോഗം തന്നെയാണ്.

അദ്ദേഹം പറയുന്ന ഘടനാപരമായ പ്രശ്നങ്ങൾക്ക് നിലനിൽപ്പുണ്ടോ?

അദ്ദേഹം പറയുന്ന ചെറിയ ചില പ്രശ്നങ്ങൾ നോക്കൂ. ഒരാളുടെ ഒപ്പ് തെളിഞ്ഞില്ല, ഒരു ഡൊണേഷനിൽ മെഡിക്കൽ സൂപ്രണ്ട് അടുത്ത ദിവസം രാവിലെയാണ് ഒപ്പിട്ടത്. അത്ര നിസ്സാരമായ ടെക്നിക്കൽ ലൂപ്ഹോളുകൾ കണ്ടുപിടിച്ചായിരുന്നു അദ്ദേഹത്തിന്റെ ആക്രമണങ്ങൾ. അത്തരം കാര്യങ്ങൾ കോടതി ഫയലിൽ തന്നെ സ്വീകരിക്കാതെ തള്ളിക്കളഞ്ഞു.

2012 ശേഷം നമ്മുടെ മൃതസഞ്ജീവനി വന്നതിനുശേഷം ഉള്ള അലിഗേഷൻസ് ഒന്നും അദ്ദേഹത്തിന് കോടതിയുടെ മുമ്പിലെടുത്ത് ഇടാൻ ഇല്ല. കാരണം അങ്ങനെ ഒന്നും ഇല്ല എന്നുതന്നെ.

അപ്പോൾ പിന്നെ പഴയ കേസിലേക്ക് തന്നെ തിരിച്ചുപോയി. അതിൽ ഉൾപ്പെട്ട ഡോക്ടർമാർ മൂന്നുപേർ ഒപ്പിട്ട സമയത്തുള്ള മാറ്റം, മസ്തിഷ്കമരണം സ്ഥിരീകരിക്കാൻ നിയമപരമായി നാലുപേർ ഒരേസമയം സൈൻ ചെയ്യണം എന്നു തന്നെയാണ് നിയമം. അതിനെതിരെ ഈ കുറിപ്പുകാരനോ, വീഴ്ച സംഭവിച്ച ഡോക്ടർമാരോ ഒന്നും പറയുന്നില്ല. കേസന്വേഷണ സമയത്ത് അവർ അവരുടെ വീഴ്ച ഏറ്റു പറഞ്ഞതാണ്. എന്നാൽ ഇതിനു മുമ്പ് കേസന്വേഷിച്ച പോലീസുകാരോ കോടതിയോ അതിനെ ഗുരുതരമായ കൃത്യവിലോപം എന്ന് വിലയിരുത്തിയിട്ടില്ല. നിയമപരമായ അജ്ഞതയിൽ സംഭവിച്ച ആശയക്കുഴപ്പം എന്നേ പറഞ്ഞിട്ടുള്ളൂ. അങ്ങിനെ സംഭവിച്ച വീഴ്ചകൾ ഈ ഡോക്ടർമാർ നേരത്തെ സമ്മതിച്ചിട്ടുള്ളതാണ്. ആ ഡോക്ടർമാർ ഒരിക്കലും തന്നെ കൊല നടത്തി ഓടിപ്പോയ നിഷ്ഠൂര കൊലപാതകികൾ ഒന്നുമല്ലല്ലോ? അവർ ഇവിടെത്തന്നെ സേവനനിരതരായി ജീവിച്ചിരിപ്പുണ്ട്. തങ്ങൾക്കു പറ്റിയ ലഘുവായ അബദ്ധത്തെ പിന്നീട് പൊക്കിയെടുത്ത് കേസ് ആയി ഉപയോഗിക്കും എന്നൊന്നും അവർ ധരിച്ചു കാണില്ല.

അദ്ദേഹം നടത്തിയ തെറ്റിദ്ധരിപ്പിക്കലുകൾ അങ്ങേയറ്റം ഗുരുതരമാണ്

ഒറ്റനോട്ടത്തിൽ കോടതിയെയും നിയമവിധഗ്ധരേയും മനപ്പൂർവ്വം മിസ് ലീഡ് ചെയ്യാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. കാരണം കോടതിക്കും നിയമസംവിധാനങ്ങൾക്കും നേരിട്ട് ആരോഗ്യരംഗത്തെ ചില കാര്യങ്ങൾ അറിയില്ല. ആരോഗ്യ വിദഗ്ധരുടെ മാത്രം സംസാരത്തിൽ വരുന്ന കാര്യങ്ങളാണ് അവ. ഉദാഹരണത്തിന് കിഡ്നിയും ലിവറും ട്രാൻസ്പ്ലാന്റ് ചെയ്യുന്നതിന് വേണ്ടി ഹൃദയം മുറിച്ചുമാറ്റി എന്ന അദ്ദേഹത്തിന്റെ വാദം നോക്കൂ.

ലിവർ റിട്രീറ്റ് ചെയ്യുമ്പോൾ എന്തിനാണ് ഹാർട്ട് തുറന്നത് എന്ന ചോദ്യം അദ്ദേഹം ഉന്നയിക്കുന്നത് കാണാം. കേസു വാദിക്കുന്നതിന് അദ്ദേഹം നിരത്തിയ പോയിന്റുകളിൽ പതിനഞ്ചാമത്തേതാണ് അത്.

ആരോഗ്യശാസ്ത്രത്തെ പറ്റി ഒരു പിടിയും ഇല്ലാത്ത വിദ്യാർത്ഥികൾക്ക് പോലും അറിയാം പ്രകൃതിപരമായി നമ്മുടെ അവയവങ്ങളുടെ പൊസിഷനിംഗ് എങ്ങനെയാണ് എന്നത്. ചെസ്റ്റ് ഓപ്പൺ ചെയ്തു തന്നെ വേണമല്ലോ ലിവറിലേക്ക് കടക്കാൻ. ലിവറിന് മാറ്റിവെക്കൽ സമയത്ത് ആവശ്യമായ വെയിൻ കട്ട് ചെയ്തെടുക്കുന്നത് ഹാർട്ടിൽ നിന്നാണ്. ട്രാൻസ്പ്ലാന്റ് സർജന്മാരും കടാവർ സർജറിയെ പറ്റി അറിയുന്നവരും കൃത്യമായി വിശദീകരിക്കുന്ന കാര്യമാണത്. അബ്ഡോമിനൽ ഓർഗൻസ് റിട്രീവ് ചെയ്യാൻ ചെസ്റ്റ് തുറക്കണം എന്നത് അനിവാര്യമായ സർജറിയുടെ നിയമമാണ്. ലിവറിന്റെ വെയിൻ കട്ട് ചെയ്ത് എടുക്കുന്നത് ഹാർട്ടിന്റെ ഉള്ളിൽ നിന്നാണ്. ഹാർട്ട് മ്യൂട്ടിലേറ്റ് ചെയ്തു, ചെസ്റ്റ് തുറന്നു എന്നെല്ലാം അദ്ദേഹം പറയുമ്പോൾ സാധാരണക്കാർ അന്തം വിട്ടുനിൽക്കും. നിയമകാര്യങ്ങൾ കൈകാര്യം ചെയ്യുന്നവർവരെ അത്ഭുതപ്പെടും. കാരണം അവരുടെ സാമാന്യലോകത്തുള്ള കാര്യമല്ലല്ലോ. ഹൃദയവും മോഷ്ടിക്കാൻ ശ്രമിച്ചു എന്നേ അവർ മനസ്സിലാക്കൂ. അതിനാൽ കേസ് നടക്കുമ്പോൾ

അതിനെക്കുറിച്ച് പഠിക്കാൻ കോടതിക്ക് മെഡിക്കൽ ഒപ്പീനിയൻ എടുക്കേണ്ട സമയം ആവശ്യമായി വരും. ജനങ്ങൾ അപ്പോഴും ഈ നുണയെ വാർത്തയാക്കി ആഘോഷിച്ചു കൊണ്ടിരിക്കും. ആരോഗ്യവിദഗ്ധനായ അദ്ദേഹത്തിനതറിയാം. അതിനാൽ മനപ്പൂർവ്വം ട്വിസ്റ്റ് ചെയ്ത്, നിയമപ്രവർത്തിയെ ലാഗ് ചെയ്യിപ്പിച്ച് കേസ് എഴുതി കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടത്തുകയാണ് അദ്ദേഹം.

കേരളത്തിൽ അക്കാലത്ത് നടക്കുന്ന രണ്ടാമത്തെയോ മൂന്നാമത്തെയോ ഓർഗൻ ഡൊണേഷൻ ആയിരുന്നു അത് എന്നോർക്കണം. അക്കാലത്ത് ഓർഗൻ ഡൊണേഷൻ നിയമങ്ങളുടെ കൃത്യമായ വിവരങ്ങൾ വ്യക്തമായിരുന്നില്ല. അല്ലെങ്കിൽ അവ കൈകാര്യം ചെയ്തു തഴക്കം വന്നിരുന്നില്ല. അതുമല്ലെങ്കിൽ കൃത്യമായ അവബോധം ഉണ്ടായിരുന്നില്ല. സാധാരണഗതിയിൽ അന്നത്തെ ബ്രെയിൻഡെത്ത് സ്ഥിരീകരണ രീതിയനുസരിച്ച് കണ്ണിന്റെ പ്യൂപ്പിള്‍ ഡയലേറ്റ് ചെയ്യുന്നുവെങ്കിൽ ബ്രെയിൻ സ്റ്റം റിഫ്ലെക്ട് ചെയ്യുന്നില്ല എന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ ക്ലിനിക്കലി അതിനെ മസ്തിഷ്ക മരണം ആയി സ്ഥിരീകരിക്കലായിരുന്നു.

പ്യൂപ്പിൾ റിയാക്ഷൻ ഇല്ലാത്ത രോഗികളെ മെഡിക്കൽ കോളേജുകളിലും മറ്റും ഐസിയുവിലേക്കോ മറ്റോ മാറ്റുകപോലുമില്ല. കാരണം മാറ്റിയിട്ടു കാര്യമൊന്നും ഇല്ല, അതുതന്നെ.

2009ൽ മറ്റു സ്ഥിരീകരണങ്ങൾക്ക് വേണ്ടി കാത്തിരിക്കേണ്ട ഒരു കാര്യവുമില്ലാത്ത ഒരു കാലഘട്ടത്തിൽ ആയിരുന്നു ആ മരണം നടന്നത്. അബിൻ എന്ന കുട്ടിയുടെ രക്ഷിതാക്കൾ അത് തിരിച്ചറിയണം. കാരണം അവരെ ഗുരുതരമായി തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. ഹോസ്പിറ്റൽ മുതലാളിമാർ വലിയ കാശുകാരാണ്, നിങ്ങൾക്ക് വല്ലതും കിട്ടുമായിരിക്കും എന്നു പറഞ്ഞാൽ തന്നെ മതിയല്ലോ. നോക്കൂ അദ്ദേഹം ചെയ്യുന്നത് എത്ര വലിയ പാതകമാണ്. മരണത്തെ അതിജീവിക്കാൻ കാത്തിരിക്കുന്ന, KNOS ൽ കടാവർ പ്രകാരം അവയവമാറ്റത്തിന് കാത്തിരിക്കുന്ന രോഗികളുടെ പ്രതീക്ഷകളെ തല്ലി കെടുത്തുക. മറുഭാഗത്ത് മരണപ്പെട്ട ആളുടെ രക്ഷിതാക്കൾക്ക് വ്യാജമായ പ്രതീക്ഷ നൽകുക....

2009-ൽ അബിന്റെ മരണത്തോടനുബന്ധിച്ച് അവയവം എടുക്കുമ്പോൾ വീഡിയോ റെക്കോർഡിങ് ചെയ്തില്ല എന്നുമൊക്കെ അദ്ദേഹം പറയുന്നുണ്ട്. ആ ഒരു ശാസ്ത്രക്രിയ മാത്രമല്ല വീഡിയോ റെക്കോർഡിങ് ചെയ്യേണ്ടത് അനിവാര്യമായ മറ്റു വല്ല കേസുകളും അദ്ദേഹം സ്പർശിച്ചിട്ടുണ്ടോ? ഒന്നു പരിശോധിച്ചു നോക്കൂ. ഈ കാര്യത്തിൽ ഘടനാപരമായ ലൂപ്പ് ഹോൾ വെച്ച് അദ്ദേഹം പരമാവധി പിടിച്ചു കയറാൻ നോക്കുകയാണ്. 2012 നു ശേഷം നിയമം ശക്തമാക്കിയ കാലത്ത് അങ്ങനെയൊരു വീഴ്ച ഒരിക്കലും ഉണ്ടാവുകയില്ല എന്ന് അദ്ദേഹത്തിന് അറിയാം. അതുകൊണ്ടുതന്നെയാണ് പഴയ കാര്യം പറഞ്ഞു നടക്കുന്നത്.

എന്തുകൊണ്ടാണ് മലേഷ്യൻ രോഗിക്ക് ലിവർ കൊടുത്തത്?

2009 -ൽ കേരളത്തിൽ അവയവമാറ്റം പ്രതീക്ഷിച്ചു കഴിയുന്ന രോഗികളുടെ വെയിറ്റിംഗ് ലിസ്റ്റോ സോൺ തിരിച്ചുള്ള ലിസ്റ്റൊ ഇല്ലായിരുന്നു. 2010 നു മുമ്പ് കേരളത്തിൽ നടന്ന ലിവർ ശാസ്ത്രക്രിയ രണ്ടോ മൂന്നോ എണ്ണമേ ഉണ്ടാകൂ. പണമുള്ളവരൊക്കെ അക്കാലത്ത് സിംഗപ്പൂരിലും അമേരിക്കയിലും ജർമ്മനിയിലും UK ഒക്കെ പോകലായിരുന്നു. പലപ്പോഴും ലിവറിന് അസുഖം ബാധിക്കുന്നത് സ്ഥിരീകരിക്കുന്നതിന് മുമ്പ് പലരും മരിച്ചുപോയി. 2010 നു ശേഷമാണ് കേരളത്തിൽ കരൾ മാറ്റശാസ്ത്രക്രിയയുടെ ചിന്തകൾ സജീവമാകുന്നത്. ഡൽഹി അപ്പോളോ ആശുപത്രിയിൽ ഒക്കെയാണ് ആദ്യകാലത്ത് കരൾമാറ്റ ശാസ്ത്രക്രിയ തുടങ്ങിവയ്ക്കുന്നത്. തുടക്കത്തിൽ അത് പത്തോ പതിനഞ്ചു കേസുകളിൽ ഒതുങ്ങി നിന്നു. രോഗികൾ ഇല്ലാഞ്ഞിട്ടല്ല. രോഗത്തിന്റെ കാരണങ്ങളെ തിരിച്ചറിഞ്ഞ് ആരോഗ്യ വിദഗ്ധരുടെ അടുത്തേക്ക് രോഗികൾ എത്തിയിട്ടില്ല എന്ന കാരണത്താൽ ആയിരുന്നു അത്. അമൃത ആശുപത്രിയാണ് പിന്നീട് കേരളത്തിൽ കരൾമാറ്റ ശസ്ത്രക്രിയ തുടങ്ങിവച്ചത്. തുടക്കത്തിൽ അവിടെയും നാലോ അഞ്ചോ കേസുകൾ മാത്രമേ ഉണ്ടായുള്ളൂ. ലിവർ മാറ്റിവെച്ചാൽ രക്ഷപ്പെടും എന്നുള്ള ബോധം തന്നെ ജനങ്ങളിൽ ഉടലെടുത്തിട്ടില്ലാത്ത സമയമായിരുന്നുവത്. അതിനാൽ തന്നെ അധികമാളുകൾ ഒന്നും അവയവമാറ്റം അന്വേഷിച്ചു പോകാറുണ്ടായിരുന്നില്ല. അതിനാൽ 2009 ൽ അബിൻ എന്ന കുട്ടിയുടെ മസ്തിഷ്കമരണം സ്ഥിരീകരിച്ച സമയത്ത് അവിടെ എസെൻഷ്യൽ റിക്വയര്‍മെന്‍റ് ഉള്ള ഒരേയൊരു രോഗി ഒരു മലേഷ്യൻ പൗരനായി പോയി. അന്ന് ഒരു വെയിറ്റിംഗ് ലിസ്റ്റോ മുൻഗണനാ ക്രമമോ പാലിക്കേണ്ടതുണ്ടായിരുന്നില്ല. അതിലേറെ പ്രധാനം രോഗിയുടെ എസെൻഷ്യാലിറ്റി ആയിരുന്നു. ഇനി കോടതിയിൽ കേസിന്റെ വിശദമായ ട്രയൽ വരുമ്പോൾ നമുക്കറിയാം ബാക്കി എന്ത് സംഭവിക്കുമെന്ന്. അദ്ദേഹത്തിന്റെ ഇത്തരം വാദങ്ങൾ ഒന്നും നിലനിൽക്കുകയില്ല.

അന്നത്തെ വിഷയത്തിൽ കേസ് കൊടുക്കുന്നത് ഇന്നത്തെ നിയമം ഉപയോഗിച്ച്

ഇന്നാണ് ഇത്തരം കേസ് സംഭവിക്കുന്നത് എങ്കിൽ കേരളത്തെ പോലും മൂന്ന് സോൺ ആക്കി തിരിച്ചുകൊണ്ടുള്ള മുൻഗണനാക്രമം അനുസരിച്ചു മാത്രമേ കടാവർ അവയവമാറ്റം നടത്താൻ KNOS സമ്മതിക്കുകയുള്ളൂ. വെയിറ്റിംഗ് ലിസ്റ്റിലെ മുൻഗണനാക്രമം അനുസരിച്ച് ആളുകൾ ഇല്ലെങ്കിൽ മാത്രമേ സോണിന്റെ പരിധി മറികടന്ന് അപ്പുറത്തേക്ക് അവയവം കൊടുക്കാൻ പാടുള്ളൂ. സംസ്ഥാനത്തു തന്നെ ആളില്ലെങ്കിൽ നാഷണൽ ലെവലിലാണ് കൊടുക്കേണ്ടത്. അതൊക്കെ ഇന്ന് കൃത്യമായി പരിപാലിക്കപ്പെടുന്നുണ്ട്. ദേശീയതലത്തിൽ ആളില്ലെങ്കിൽ അന്തർദേശീയ തലത്തിലേക്ക് അവയവം പോകാം.

ട്രാൻസ്പ്ലാൻഡിന് തയ്യാറായി വന്ന മലേഷ്യൻ രോഗി കിടക്കുന്ന സമയത്ത് അവിടെ മറ്റൊരു രോഗി അതിനാവശ്യവുമായി കിടക്കുന്നേ ഇല്ലായിരുന്നു. (സത്യത്തിൽ മലേഷ്യയിൽ സെറ്റിൽ ആയ തമിഴ്നാട് രോഗികളാണ് അവർ) കോടതിയിൽ അവരുടെ നാഷണനാലിറ്റി പരിശോധിക്കപ്പെടും എന്നുറപ്പാണ്.

ആ മലേഷ്യൻ പൗരന്റെ കാര്യം മറ്റൊന്നു കൂടി പറയാം. ലിവിങ് ഡോണർ ആയ ഭാര്യയുടെ അവയവം എടുക്കുന്നതിനു വേണ്ടി രണ്ടുപേരുടെയും ശരീരം ഓപ്പൺ ചെയ്തിരുന്നു. ശരീരം തുറന്ന സമയത്തുള്ള അനാട്ടമിക്കൽ ഘടനയുടെ കാര്യത്തിൽ അപാകത തോന്നിയപ്പോൾ ലൈവ് ഡൊണേഷൻ സാധ്യമല്ലാതെ വന്നു. അന്ന് ലിവിങ് ഡോണർ ട്രാൻസ്പ്ലാന്റേഷൻ വളരെ പ്രിമിറ്റീവ് ആയിരുന്ന ഘട്ടമാണ്. CT സ്കാൻ ഉൾപ്പെടെയുള്ള ഇമേജ് ഇൻവെസ്റ്റിഗേഷൻ എല്ലാം കൃത്യമായി നോക്കിയാൽ പോലും ട്രാൻസ്പ്ലാന്റ് കേസുകളിൽ ഡോക്ടർമാർ പോലും കൃത്യമായ ഓറിയന്റേഷനുകളിലേക്ക് എത്തിയിട്ടില്ലാത്ത കാലമാണ് അത്. അന്ന് ഇന്ത്യയിൽ തന്നെ അൻപതിൽ താഴെ മാത്രമേ ലിവിങ് ഡോണർ ട്രാൻസ്പ്ലാന്റേഷൻ നടന്നിട്ടുള്ളൂ. നല്ല റിസൾട്ടുകൾ ആയി വരുന്നേ ഉണ്ടായിരുന്നുള്ളൂ. മാറ്റത്തിന് ആവശ്യമായ വർക്കപ്പുകൾ തന്നെ കൂടുതൽ കൃത്യമായി വരുന്നതിനു മുമ്പായിരുന്നു അത്.

സർജറി ഉപേക്ഷിക്കേണ്ടി വന്ന ഒരു ഘട്ടത്തിൽ അവർ എത്തിച്ചേർന്നു. സർജറി ഉപേക്ഷിക്കേണ്ട ഘട്ടത്തിൽ ലിവർ സിറോസിസ് ബാധിച്ച രോഗി വളരെ സിവിയർ ആയി ആശുപത്രി വിടാതെ കിടപ്പിൽ തന്നെയായിരുന്നു. അപ്പോഴാണ് ബ്രെയിൻ ഡെത്ത് അവിടെ സ്ഥിരീകരിക്കുന്നത്. അത്രയും അനിവാര്യമായ മറ്റൊരു കേസ് അവരുടെ ആശുപത്രിയിൽ വേറെ ഇല്ലാത്തതിനാൽ കൂടുതൽ ആലോചിക്കാൻ അവർക്കുണ്ടായിരുന്നില്ല. ഒരു ജീവൻ രക്ഷിക്കാനുള്ള വ്യാഗ്രതയായിരുന്നു ആരോഗ്യപ്രവർത്തകരുടെ ഇടയിൽ ഉടലെടുത്തത്. അത്യാസന്നനിലയിലുള്ള ആ രോഗിയെ അവർ വേഗം പരിഗണിച്ചു. അത്രയുമാണ് അന്ന് നടന്നത്.

ഇന്നത്തെ നിയമങ്ങൾ അന്നു പാലിച്ചില്ല എന്നായിരുന്നല്ലോ ഗണപതി ഡോക്ടറുടെ വാദം.

നാലു ഡോക്ടർമാർ ഒരുമിച്ച് സർട്ടിഫൈ ചെയ്യണമെന്നുള്ള നിയമം ഒന്നും കൃത്യമായി അനുവർത്തിച്ചു വരാത്തത് കൊണ്ട് അതിനുവേണ്ടി നിയുക്തരായ ഡോക്ടർമാർ അവൈലബിൾ ആയ സമയത്ത് അവർ സമയമെഴുതി തന്നെ അക്കാര്യം സർട്ടിഫൈ ചെയ്തിട്ടുണ്ട്. അവർക്ക് പാലിക്കാവുന്ന സത്യസന്ധത അവർ ചെയ്തിട്ടുണ്ട്. തങ്ങൾ ചെയ്യുന്നത് തെറ്റാണ് എന്ന് തോന്നൽ ഉണ്ടായിരുന്നെങ്കിൽ, മെഡിക്കൽ എത്തിക്സിന് വിരുദ്ധമായി ആ ഡോക്ടർമാർക്ക് വേണമെങ്കിൽ സമയം തിരുത്തി ഒരേ സമയത്ത് ഞങ്ങൾ സർട്ടിഫൈ ചെയ്തു എന്ന് വരുത്തിതീർക്കാമായിരുന്നു.

തങ്ങൾ ചെയ്യുന്നത് തെറ്റാണ് എന്ന തോന്നൽ പോലും ഇല്ലാത്ത കാലമാണ് എന്നതാണ് ഇവിടെ ഊന്നി പറയുന്നത്. ഇത്തരം വാദങ്ങളൊക്കെ കോടതിയുടെ മുമ്പിൽ എത്തുമ്പോൾ അത് അന്വേഷിക്കണം എന്ന് ഉത്തരവിടുന്നത് സ്വാഭാവികം മാത്രമാണ്. അതിനർത്ഥം ഗുരുതരമായ പാതകം ഈ ഡോക്ടർമാർ ചെയ്തു എന്നല്ല.

കോടതി അന്വേഷിക്കാൻ ഉത്തരവിട്ടു എന്ന് പറഞ്ഞപ്പോഴേക്ക് തന്നെ, പ്രസിദ്ധിയിലൊന്നും തീരെ താല്പര്യമില്ലാത്ത ഡോക്ടർ ഗണപതി നീതിയോടുള്ള താല്പര്യം എന്നു മാത്രം പറഞ്ഞു സകല സോഷ്യൽ മീഡിയയിലും പത്രമാധ്യമങ്ങളിലുമെല്ലാം ഇതു വലിയൊരു വാർത്തയാക്കി. വാർത്തയല്ല കഥയാക്കി. നാഷണൽ മീഡിയയിൽ വരെ കേരളത്തെ മോശമാക്കി ഈ കഥ പ്രചരിക്കുന്നു. മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഡോക്ടർമാരെ ശിക്ഷിച്ചു എന്ന് വരുത്തി തീർത്തു. ഈ കേസിനെ കുറിച്ച് കൃത്യമായി പഠിക്കാത്ത വാർത്താ ലേഖകരും അതങ്ങനെ തന്നെ തൊണ്ട തൊടാതെ വിഴുങ്ങി. അതോടെ അബിൻ എന്ന കുട്ടിയെ കൊലപാതകം നടത്തി എന്നായി മാറി കേസ്.

കെ.എൻ.ഒ.എസിന്റെ സത്യസന്ധ്യവും സുതാര്യവുമായ പ്രവർത്തനങ്ങൾ കൊണ്ട് ഗുണം ലഭിച്ച എന്നെപ്പോലെ ഒരു വ്യക്തിക്ക് ഇത് എഴുതാതിരിക്കാൻ കഴിയുന്നില്ല. എഴുതുക മാത്രമല്ല ഇത് വെളിച്ചത്തു കൊണ്ടുവരുന്നതിനു വേണ്ടി സാധ്യമായ ചില കാര്യങ്ങൾ കൂടി ചെയ്യാനുണ്ട്. നന്മ ഉദ്ദേശിക്കുന്നവരായ കുറച്ചാളുകൾ അതിനോട് സഹകരിക്കാനും തയ്യാറാണ്. കെ.എൻ.ഒ.എസ് എന്ന സംസ്ഥാനത്തിന്റെ സംവിധാനം NOTTO അഥവാ National Organ & Tissue Transplant Organisation എന്ന ഏക സംവിധാനത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. മൃതസഞ്ജീവനി പദ്ധതിയുടെ പുനർനാമകരണം അങ്ങനെയാണ് ഇനി. അധികമൊന്നുമില്ല എങ്കിലും കുറച്ചുപേരെങ്കിലും കേരളത്തിലെ ഗവർമെന്റ് ന്യൂറോ സർജൻമാരിൽ നിന്നും മസ്തിഷ്ക മരണത്തെ സർട്ടിഫൈഡ് ചെയ്യാൻ മുന്നോട്ടുവന്നത് കൊണ്ടാണ് കുറച്ചെങ്കിലും കടാവർ കേസുകളൊക്കെ നടന്നത്. ഈ കുറിപ്പ് എഴുതുന്ന ആൾക്ക് ഇത് എഴുതാൻ സാധിക്കുന്നതുപോലും അങ്ങനെയാണ്. അതിനാൽ വളരെ ലഘുവായ ടെക്നിക്കൽ ഇഷ്യൂസ് എടുത്ത് ജനോപകാരപ്രദമായ ഒരു സംവിധാനത്തെ തകർക്കാൻ ശ്രമിക്കുമ്പോൾ നോക്കി നിൽക്കാൻ സാധിക്കുന്നില്ല. നൂറുകണക്കിന് പേർ അവയവങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന ദശാസന്ധിയിൽ ഇത്തരമൊരു സംവിധാനം നിലച്ചു പോയാൽ ഉണ്ടാകുന്ന ഗുരുതരമായ പ്രശ്നം ഊഹിക്കാവുന്നതേയുള്ളൂ. മനുഷ്യരാശിയെ സ്നേഹിക്കുന്നവർക്ക് ഡോക്ടർ ഗണപതിയുടെ നിഷേധാത്മക പ്രവർത്തനത്തെ പിന്തുണക്കാൻ സാധിക്കില്ല. അവയവങ്ങൾക്കുവേണ്ടി പണം കൊടുത്ത് ആളുകളെ കൊല്ലാൻ ഡോക്ടർമാരെ ഉപയോഗിക്കുന്നു എന്ന രീതിയിലുള്ള അപഹാസ്യമായ വാർത്തകളൊക്കെ ഉള്ളിലെ മനുഷ്യത്വം മരവിച്ചവരുടെ നിർമ്മിതികൾ മാത്രമാണ്. അല്ലെങ്കിൽ കലാപരമായി ഒരു സിനിമ നിർമ്മിക്കുമ്പോൾ കഥക്കു വേണ്ടി തൊങ്ങലും പൊടിപ്പും വെച്ചുണ്ടാക്കുന്നതാണ്. മാത്രമല്ല ഫിലിപ്പ് അഗസ്റ്റിനെ പോലെയുള്ള ഒരു ഡോക്ടർ തുച്ഛം കാശിനുവേണ്ടി ഒരു രോഗിയെ കൊലക്കു കൊടുത്തു എന്നൊക്കെ പറഞ്ഞാൽ അത് വിശ്വസിക്കാൻ നുണകളിൽ മുങ്ങിത്തപ്പുന്നവർക്കേ കഴിയൂ.

കടാവർ സംവിധാനം നിലനിൽക്കാൻ മസ്തിഷ്ക മരണം ഉറപ്പുവരുത്തുന്ന വഴി നിലനിൽക്കണം

അഞ്ചു പൈസ പോലും ചിലവില്ലാതെയാണ് എനിക്കൊക്കെ അവയവം ലഭിച്ചത്. മലപ്പുറം ജില്ലയിലെ LIFOK സംവിധാനത്തിൽ പേര് രജിസ്റ്റർ ചെയ്ത ലിവർ ഫൗണ്ടേഷൻ ഓഫ് കേരളയുടെ വേറെയും അംഗങ്ങൾ എന്നോടൊപ്പമുണ്ട്. എഴുതാനോ വിളിച്ചു പറയാനോ കഴിവില്ലാത്തതുകൊണ്ട് അവർ പിറകിൽ നിൽക്കുന്നു എന്നു മാത്രം.

സ്വപ്നത്തിൽ കണ്ട കാര്യങ്ങൾ വിളിച്ചു പറയുന്ന ആളല്ല ഡോക്ടർ ഗണപതി എന്ന് വിചാരിക്കട്ടെ. ഒരു അവയവ മാറ്റത്തിന് കൈക്കൂലിയായി കോടിയും 50 ലക്ഷവും ഒക്കെ വിളിച്ചുപറയുന്നുണ്ട് അദ്ദേഹം. കേവലം പ്രലപനങ്ങൾ എന്നല്ലാതെ എന്തു പറയാൻ! സർജറിക്ക് ചെലവായ തുകയല്ലാതെ അവയവത്തിന് പണം കൊടുക്കാൻ എന്റെ കയ്യിലോ കൂടെയുള്ളവരുടെ കയ്യിലോ ഒന്നും തികയുമായിരുന്നില്ല.

മാത്രമല്ല, മസ്തിഷ്കമരണം സംഭവിച്ച് ജീവൻ വിടപറയുമ്പോൾ ബന്ധുമിത്രാദികളുടെ താല്പര്യപ്രകാരം അവയവം ദാനം ചെയ്ത മഹാമനുഷ്യരെ കുറിച്ചുള്ള അപവാദം കൂടിയായി മാറുന്നു ഇത്. അഞ്ചു നയാ പൈസ പോലും വാങ്ങാതെ മനുഷ്യരക്ഷക്ക് വേണ്ടി ജീവദാനം ചെയ്തവരാണവർ. അവരുടെ പേരിൽ കള്ളക്കഥ ഉണ്ടാക്കിയാണ് ഈ ഡോക്ടർ കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത്. 8 ശരീര അവയവങ്ങൾ വരെ ദാനം ചെയ്ത ഡോണർമാരെ എനിക്കറിയാം. ആ ഡോണർമാർ വിടപറഞ്ഞ ശേഷം അവരുടെ സാർത്ഥകമായ ഓർമ്മകളിൽ അഭിരമിച്ചുകൊണ്ട് ജീവിക്കുന്ന ബന്ധുക്കൾക്ക് മനുഷ്യരാശിയിൽ നിന്നുള്ള പ്രതീക്ഷ സ്നേഹനിർഭരമായ പ്രാർത്ഥനകൾ മാത്രമാണ്. അല്ലാതെ അവർ കോടികൾ വാങ്ങി തടിച്ചു കൊഴുക്കുകയല്ല. കോടികളും ലക്ഷങ്ങളും വാങ്ങാൻ അവരുടെ മനസ്സ് ഒട്ടും മോശവുമല്ല. ആരോപണം ഉന്നയിക്കുന്നവർ സ്വയം മനസ്സിനെ കഴുകി വൃത്തിയാക്കണം.

കടാവർ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന് പൊതുജനത്തിന്റെ പിന്തുണ വേണം.

അപകടമരണങ്ങൾ പെട്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെടണം. അവയവദാന കൗൺസിലിംഗ് ത്വരിതഗതിയിൽ തന്നെ നടക്കണം. ഗവർമെന്റ് സംവിധാനത്തിലെ ന്യൂറോസർജന്മാർ ബ്രെയിൻ ഡെത്ത് സ്ഥിരീകരിച്ച് അത് KNOS ന് അറിയിക്കണം. ന്യൂറോസർജന്മാരെ സഹായിക്കുന്നതിന് വേണ്ടി എം.ബി.ബി.എസ് പാസായവരെ ഉൾപ്പെടുത്തി വിശാലമായ ട്രെയിനിങ് സംവിധാനം ഉണ്ടാക്കണം. ആരോഗ്യരംഗത്ത് സന്നദ്ധപ്രവർത്തകരുടെ സേവനവും ഉറപ്പുവരുത്തുന്നത് നന്നായിരിക്കും. മരണാനന്തര അവയവദാനത്തിന്റെ പ്രാധാന്യം കേരള ജനതക്ക് ബോധ്യപ്പെടുത്താൻ കഴിയാത്തത് കൊണ്ടല്ല. നിസ്സാരമായ മന്ത്രവാദ കഥകൾ കൊണ്ടുവരെ അതിനെ തടസ്സപ്പെടുത്താൻ ഇറങ്ങിത്തിരിച്ച മറ്റൊരു മാഫിയ ഉണ്ട്. ലൈവ് ഡോണർഷിപ്പിന്റെ മറവിൽ, ബന്ധുക്കളിൽ നിന്ന് ആവശ്യമുള്ള അവയവങ്ങൾ കിട്ടിയിട്ടില്ല എന്ന പേരിൽ, അവയവങ്ങൾ സംഘടിപ്പിച്ചു കൊടുക്കാനുള്ള മാഫിയകൾ ആയി പ്രവർത്തിക്കുന്നവർ. നിയമവിരുദ്ധമായി പണം ഒഴുകുന്നത് അവിടെക്കാണ്. അന്വേഷണവും ആളെ പിടുത്തവും വേണ്ടത് അവിടെയാണ്.

രാത്രിയോ പകലോ നിഴലോ നിലാവോ എന്നില്ലാതെ അഹോരാത്രം രോഗികൾക്ക് വേണ്ടി പ്രതീക്ഷകൾ നൽകി കഷ്ടപ്പെടുന്ന ഒരു സംവിധാനത്തെ തച്ചു തകർത്തിട്ടല്ല നിയമപരിരക്ഷ നൽകേണ്ടത്. ഗണപതിയുടെ നിയമപരിരക്ഷ ഒരാൾക്ക് പോലും രക്ഷയല്ല. എന്നാൽ നിലവിലുള്ള കടാവർ സംവിധാനവും KNOS ഉം എല്ലാം ആയിരങ്ങളുടെ പ്രതീക്ഷയാണ്. പ്രതീക്ഷാനിർഭരമായ പ്രവർത്തനങ്ങൾ വിജയിക്കട്ടെ. നിരാശയും അശാന്തിയും വിതക്കുന്ന പ്രവർത്തനങ്ങൾ പരാജയപ്പെടട്ടെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:organ donation
News Summary - Organ Donation: Dr. Ganapath's Mistakes
Next Story