Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightനോട്ടലച്ചില്‍...

നോട്ടലച്ചില്‍ സമ്പദ്ഘടന

text_fields
bookmark_border
നോട്ടലച്ചില്‍ സമ്പദ്ഘടന
cancel

2017ആരംഭിക്കുമ്പോഴേക്കും ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ക്ക് ദുരിതപര്‍വം തീര്‍ത്ത ഒരു തീരുമാനം വന്നിട്ട് അമ്പത്തിമൂന്നു ദിവസമാണ് പിന്നിടുന്നത്. 2016 നവംബര്‍ എട്ടാം തീയതി രാത്രി എട്ടുമണിക്ക് രാജ്യത്തോട് നടത്തിയ ഒരു പ്രക്ഷേപണത്തിലാണ് 500 രൂപയുടെയും ആയിരം രൂപയുടെയും ബാങ്ക്നോട്ടുകള്‍ പിന്‍വലിച്ചു കൊണ്ടുള്ള തീരുമാനം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.  പ്രഖ്യാപനത്തിനു നീതീകരണം ലഭിക്കാനായി മോദി പറഞ്ഞത് മുഖ്യമായും രണ്ടു കാരണങ്ങളായിരുന്നു. ഒന്ന്, കള്ളപ്പണം ഇല്ലാതാക്കുക; രണ്ട്, ഭീകരപ്രവര്‍ത്തനത്തിന് കടിഞ്ഞാണിടുക. രണ്ടാമത്തതിനനുബന്ധമായി, കള്ളനോട്ട് ഇല്ലാതാക്കുക എന്ന ലക്ഷ്യവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പ്രഖ്യാപനം വന്ന് ഒരു മാസം പിന്നിടുന്നതിനു മുമ്പായി  പ്രഖ്യാപിത ലക്ഷ്യം പ്രധാനമന്ത്രി മാറ്റി. പുതിയതായി പ്രഖ്യാപിക്കപ്പെട്ട ലക്ഷ്യം ഡിജിറ്റല്‍ ഇന്ത്യ എന്നതായിരുന്നു. അറുപതോളം  വിജ്ഞാപനങ്ങളാണ്  നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയിട്ടുള്ളത് എന്നതുതന്നെ തീരുമാനത്തിലുള്ള അവ്യക്തതയും ഗൃഹപാഠത്തിന്‍െറ അഭാവവുമാണ് സൂചിപ്പിക്കുന്നത്.  

രാജ്യത്ത് ചംക്രമണം ചെയ്തിരുന്ന പണത്തിന്‍െറ 86 ശതമാനമായിരുന്നു നിര്‍വീര്യമാക്കപ്പെട്ട  പണത്തിന്‍െറ മൊത്തം മൂല്യം. ഡിസംബര്‍ 13 ലെ കണക്കുപ്രകാരം ഇതിന്‍െറ 86 ശതമാനവും അതിനോടകം തന്നെ ബാങ്കുകളില്‍ തിരികെയത്തെിയിരുന്നു. അതിനുശേഷം ബാങ്കുകളില്‍ സമര്‍പ്പിക്കപ്പെട്ടവയും സഹകരണസ്ഥാപനങ്ങളുടെ കൈവശം ഉള്ള  പഴയ നോട്ടുകളും കൂടി കണക്കിലെടുത്താല്‍ നിരോധിക്കപ്പെട്ട നോട്ടുകള്‍ ഏതാണ്ട് പൂര്‍ണമായും  തിരികെയത്തെുമെന്നാണ് സൂചന. 

നോട്ടു നിരോധനത്തിന്‍െറ തിക്ത ഫലം ഇന്ത്യയിലെ സാധാരണക്കാര്‍ മുഴുവന്‍  അനുഭവിക്കുന്ന കാഴ്ചയാണ് നവംബര്‍ എട്ടിന് ശേഷം കണ്ടത്.  രാജ്യത്തെ പണദ്രവത്വം (liquidity) കുറച്ച് ദിവസത്തേക്കെങ്കിലും പൂര്‍ണമായി ഇല്ലാതായി. പുതിയ നോട്ടുകള്‍ വന്നെങ്കിലും ഇല്ലാതായ പണത്തിന്‍െറ നാല്‍പതു ശതമാനം പോലും ഇതുവരെ സമ്പദ്ഘടനയില്‍ തിരിച്ചത്തെിയിട്ടില്ല. ലഭ്യമായ  സൂചനകളനുസരിച്ച് നിരോധിതമായ പണത്തിന് തുല്യമായ അളവില്‍ നോട്ട് അച്ചടിക്കുന്നതിന്  ഇനിയും മാസങ്ങളെടുത്തേക്കും. മാത്രവുമല്ല,  പുതിയ നോട്ടുകളുടെ ഗുണനിലവാരം തന്നെ മോശമായതുകൊണ്ട്  ഇപ്പോള്‍ പുറത്തിറക്കിയിട്ടുള്ള നോട്ടുകളില്‍ ഒരു ഭാഗത്തിനെങ്കിലും പകരം നോട്ട് അച്ചടിക്കേണ്ടിയും വരും. ചംക്രമണത്തില്‍ വരുന്ന പണത്തിന്‍െറ അളവ് പൂര്‍വസ്ഥിതിയിലാകണമെങ്കില്‍ നിരോധിച്ചതിനെക്കാള്‍ കൂടുതല്‍ പണം അച്ചടിക്കേണ്ടതുണ്ട്. 

ആളുകള്‍ പണം കൈവശംവെക്കുന്നത് മൂന്നു കാരണങ്ങള്‍ മൂലമാണെന്നാണ്  സാമ്പത്തികശാസ്ത്രം പറയുന്നത്. ഒന്ന്, ദൈനംദിന ക്രയവിക്രയങ്ങള്‍ക്കായി; രണ്ട് മുന്‍കൂട്ടി കാണാന്‍ കഴിയാത്ത ചെലവുകള്‍ നിര്‍വഹിക്കുന്നതിനായി; മൂന്ന്, ഊഹക്കച്ചവടങ്ങള്‍ക്കായി. ക്രയവിക്രയങ്ങള്‍ തടസ്സപ്പെട്ടത് സമ്പദ്ഘടനയുടെ ഏതാണ്ട് എല്ലാ വിഭാഗങ്ങളെയും  ബാധിച്ചിട്ടുണ്ട്. എന്നാല്‍, ആഘാതത്തിന്‍െറ തീവ്രത  കൂടുതലനുഭവപ്പെട്ടത് ഗ്രാമപ്രദേശങ്ങളിലായിരുന്നു. ഖരീഫ് വിളയെടുപ്പിനു തൊട്ടുപിന്നാലെ വന്ന നോട്ട് അസാധുവാക്കല്‍ കര്‍ഷകരുടെ വരുമാനത്തെ ബാധിച്ചുവെന്ന് മാത്രമല്ല പണമില്ലായ്മ മൂലം അടുത്ത വിളയായ റാബിക്ക് കൃഷിയിറക്കാന്‍ പറ്റാത്ത അവസ്ഥയിലുമാണ്. 

കൂലിപ്പണിക്കാര്‍, നിര്‍മാണ തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍, ചെറുകിട ഉല്‍പാദകര്‍, കയറ്റിറക്കുകാര്‍, ട്രാന്‍സ്പോര്‍ട്ട് മേഖലയില്‍ ജോലിചെയ്യുന്നവര്‍ തുടങ്ങി അസംഘടിത മേഖലയില്‍ പണിയെടുക്കുന്നവരുടെ നിത്യജീവിതത്തെ നോട്ടു റദ്ദാക്കല്‍ ഇതിനോടകം തന്നെ വളരെയധികം ബാധിച്ചിട്ടുണ്ട്. പ്രസിദ്ധമായ ബനാറസ്  സാരികളുടെ കേന്ദ്രവും പ്രധാനമന്ത്രിയുടെ തട്ടകവുമായ വാരാണസിയിലെയും ഹൈദരാബാദിലെയും തിരുപ്പൂരിലെയും  നെയ്ത്തുശാലകള്‍, അമൃത്സറിലും പരിസരത്തുമായി തുണിമില്ലുകള്‍ക്കു അനുബന്ധവസ്തുക്കള്‍ നിര്‍മിക്കുന്ന ചെറുകിട സ്ഥാപനങ്ങള്‍,  ഫൈസാബാദിലെ ഗ്ളാസ് കൊണ്ടുള്ള വളകളും കരകൗശല ഉല്‍പന്നങ്ങളും നിര്‍മിക്കുന്നയിടങ്ങള്‍, കേരളത്തിലെ കശുവണ്ടി-കയര്‍ മേഖലകള്‍  തുടങ്ങിയവയില്‍ ഉല്‍പാദനത്തിലും തൊഴിലവസരത്തിലും ഗണ്യമായ കുറവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വിനോദസഞ്ചാരമേഖലയെയും പണദൗര്‍ലഭ്യം  കാര്യമായി ബാധിച്ചുവെന്നാണ്  സൂചനകള്‍. സംഘടിത മേഖലയിലെയും ഉല്‍പാദനം കുറഞ്ഞു തുടങ്ങിയിരിക്കുന്നു. ലുധിയാനയിലെ തുണി വ്യവസായത്തില്‍മാത്രം  അമ്പതു ശതമാനത്തിലേറെപ്പേര്‍ പിരിച്ചുവിടപ്പെട്ടുവത്രെ. മൊബൈല്‍ നിര്‍മാണ കമ്പനികളും ചോദനത്തിലുണ്ടായ കുറവുമൂലം ഉല്‍പാദനം നാല്‍പതു ശതമാനം കണ്ടു കുറച്ചുവെന്നാണ് പത്രവാര്‍ത്തകള്‍. ഇവയെ  സൂചകമായെടുത്താല്‍, രാജ്യത്തിലെ ഉല്‍പാദന മേഖല ശക്തമായ ഒരു മാന്ദ്യത്തിലേക്ക് പോകുന്നു എന്നുവേണം കരുതാന്‍. 

 

Show Full Article
TAGS:notecrisis 
Next Story