Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightതുർക്കിയുടെ...

തുർക്കിയുടെ രാഷ്​ട്രീയത്തിനൊപ്പം മാറുന്ന  അയ സോഫിയ

text_fields
bookmark_border
തുർക്കിയുടെ രാഷ്​ട്രീയത്തിനൊപ്പം മാറുന്ന  അയ സോഫിയ
cancel

1934ൽ മുസ്തഫ കമാൽ അത്താതുർക്ക് ലോക പ്രസിദ്ധമായ അയ സോഫിയ പള്ളിയെ മ്യൂസിയമായി പരിപവർത്തിപ്പിച്ച നടപടി 2020 ജൂലൈ 11ന് തുർക്കി കൗൺസിൽ ഓഫ് സ്​റ്റേറ്റ് (തുർക്കിയിലെ പരമോന്നത നീതി പീഠം) റദ്ദാക്കുകയും ആരാധനക്കായി മുസ്​ലിമുകൾക്ക് തുറന്നുകൊടുക്കുവാൻ വിധിക്കുകയും ചെയ്തതോടെ, അയ സോഫിയ വീണ്ടും മതപരവും രാഷ്​ട്രീയവുമായ വിവാദ സ്ഥലിയാകുകയാണ്.

കോടതി വിധി വന്നതോടെ ഉറുദുഗാൻ പാർലമ​​​​െൻറ് നിയമം പാസാക്കുകയും ജൂലൈ 24ന് ജുമുഅ നമസ്കാരത്തോടുകൂടി പള്ളി  പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. യൂറോപ്യൻ രാജ്യങ്ങളുടെ കടുത്ത വിമർശനങ്ങൾക്കിടയിലും 86 വർഷങ്ങൾക്ക് ശേഷം വീണ്ടും പ്രാർഥനാലയമായി മാറുന്ന അയ സോഫിയ നിർമ്മിതിയുടെ ആദ്യനാൾ മുതൽ  അധികാര, രാഷ്​ട്രീയ മാറ്റങ്ങളുടെ പ്രതിധ്വനി പ്രതീകമാണ്. നിർമ്മിതിയുടെ സൗന്ദര്യവും അധികാരത്തി​​​​െൻറ പ്രതാപ ചിഹ്നവുമായ അയ സോഫിയയുടെ ചരിത്രം  നാഗരികതയുടെ വഴിമാറ്റങ്ങളുടെ കഥകൾകൊണ്ട് സംഭവബഹുലമാണ്.  

മതപരവും രാഷ്​ട്രീയപരവുമായ പ്രാധാന്യമുള്ള ചരിത്രം
 
നിർമാണ സൗന്ദര്യം കൊണ്ട് ഇന്നും ലോകാത്ഭുതങ്ങളിലൊന്നായ അയ സോഫിയ നിർമ്മിക്കപ്പെടുന്നത് എ.ഡി 532-537 കാലയളവിലാണ്.  ബൈസാൻറിയൻ നാഗരികതയുടെ പ്രതാപ ചിഹ്നവും ക്രൈസ്തവ ആരാധാനലയവുമായി ചക്രവർത്തി ജസ്​റ്റീനിയൻ ഒന്നാമ​​​​​െൻറ നിർദേശപ്രകാരം ഇസിദോർ മിലെറ്റസ്, അന്തിമിയസ് ട്രെല്ലസ് എന്നിവരുടെ നിർമാണ വൈദഗ്​ധ്യത്തിലാണ്​ കോൺസ്​റ്റാൻറിനോപ്പിളിൽ (ഇന്നത്തെ ഇസ്തംബൂൾ) അയ സോഫിയ നിർമ്മിക്കപ്പെടുന്നത്. ഇതിനും നൂറ്റാണ്ടുകൾക്കു മുൻപേ അവിടെ ക്രൈസ്തവ ദേവാലയമുണ്ടായിരുന്നുവെന്നും റോമാ സാമ്രാജ്യത്വത്തിലെ ആധിപത്യത്തിനുവേണ്ടിയുള്ള യുദ്ധങ്ങളിലും കലാപങ്ങളിലും പലതവണ ആക്രമണങ്ങൾക്കും നശിപ്പിക്കപ്പെടലുകൾക്കും ആ ദേവലായം ഇരയായി എന്നും ചരിത്രം പറയുന്നു. സിംഹഭാഗവും കത്തിനശിച്ച ദേവാലയത്തെ ബൈസാൻറിയൻ സാമ്രാജത്വത്തി​​​​െൻറ അഭിമാന സ്തംഭമായി പുനർ നിർമിക്കുകയായിരുന്നു ജസ്​റ്റീനിയൻ ഒന്നാമൻ.  ബൈസാൻറിയൻ ഭരണാധികാരികളുടെ കിരീടധാരണവും അധികാര കൈമാറ്റവും നടന്നിരുന്നത് അക്കാലത്തെ ഏറ്റവും വലിയ ആ ക്രൈസ്തവ ദേവാലയത്തിനകത്തായിരുന്നു. ഓർത്തഡോക്സ് സഭയുടെ ആഗോള ആസ്ഥാനമെന്ന നിലയിൽ മതപരമായ പ്രാധാന്യവും റോമൻ ചക്രവർത്തിമാർ രാജകൽപനകൾ പുറപ്പെടുവിക്കുന്ന അങ്കണമായതിനാൽ രാഷ്​ട്രീയ പ്രാധാന്യവും അയ സോഫിയക്കുണ്ടായിരുന്നു. 

മതവിശുദ്ധിയും രാഷ്​ട്രീയ പ്രതാപ ചിഹ്നവും നിർമാണ സൗന്ദര്യവും ഉൾേചർന്ന് ബൈസാൻറിയൻ സാമ്രജ്യത്വത്തി​​​​െൻറ പ്രൗഢ യശസ്സായി യൂറോപ്പിനേയും ഏഷ്യയേയും വേർത്തിരിക്കുന്ന  ബോസ്ഫറസ് തീരത്ത് അയ സോഫിയ തല ഉയർത്തിപ്പിടിച്ചുനിന്നു. റോമാ സാമ്രാജ്യത്തെ കീഴ്പ്പെടുത്തി സുൽത്താൻ മുഹമ്മദ് അൽ ഫത്താഹ് കോൺസ്​റ്റാൻറിനോപ്പിൾ (ഇന്നത്തെ ഇസ്തംബൂൾ) ഉസ്മാനിയാ ഖിലാഫത്തിലേക്ക് കൂട്ടിച്ചേർത്തതോടെ അയ സോഫിയയെ സ്വന്തമാക്കാൻ സുൽത്താൻ തീരുമാനിച്ചു. 1453ൽ അയ സോഫിയയെ മസ്ജിദാക്കി പരിവർത്തിപ്പിക്കുന്നതിന് മുൻപ് സുൽത്താൻ മുഹമ്മദ് ഓർത്തഡോക്സ് സഭാ അധ്യക്ഷൻ പാത്രിയാർക്കിസുമായി സംഭാഷണങ്ങൾ നടത്തിയതായി ചരിത്രം പറയുന്നുണ്ട്.

സഭാ അധ്യക്ഷ​​​​​െൻറ സ്ഥാനമാനങ്ങളും സഭയുടെ പ്രവർത്തന സ്വാതന്ത്ര്യവും ഉറപ്പുനൽകിയ സുൽത്താൻ, പകരമായി അയ സോഫിയയുടെ ഉടമസ്ഥാവകാശം വേണമെന്നും പള്ളിയെ പകുത്ത് ഒരു ഭാഗം ക്രൈസ്തവരും ബാക്കിയുള്ളത് മുസ്​ലിമുകൾക്കും നൽകണമെന്നും കരാറുണ്ടാക്കിയതിന്​ രേഖകളുണ്ട്. ഓർത്തഡോക്സ് സഭ ആസ്ഥാനം മാറുന്ന എ.ഡി.1600 വരെ അവിടെ ക്രൈസ്തവ ആരാധനയും ഇസ്​ലാമിക ആരാധനയും ഒരുമിച്ച് നടന്നിരുന്നുവെന്നതിനും തെളിവുകളുണ്ട്. എ.ഡി 1600ൽ സഭ പുതിയ ആസ്ഥാനം പണിത് മാറിയതോടെ അയ സോഫിയ പൂർണ മസ്ജിദായിത്തീർന്നു. 
ഒന്നാംലോകമഹായുദ്ധാനന്തരം ഉസ്മാനിയാ ഖിലാഫത്തി​​​​െൻറ അധികാരം തകർന്ന് തരിപ്പണമായി.

തുർക്കിയുടെ രാഷ്​ട്രീയാധിപത്യം 1923ൽ തീവ്ര മതേതരവാദിയായ മുസ്​തഫ കമാൽ അത്താതുർക്കി​​​​​െൻറ നേതൃത്വത്തി​​​​െൻറ കീഴിലായി. തുർക്കി സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട് അത്താതുർക്കും യുറോപ്പും ബ്രിട്ടനും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം 1934 നവംബർ 24 ന് അയ സോഫിയ മ്യൂസിയമായി പരിവർത്തിക്കാനുള്ള തീരുമാനം പാർലമ​​​​െൻറ് അംഗീകരിച്ചു. തുർക്കിയുടെ അഭ്യന്തര കാര്യമെന്നായിരുന്നു അന്നതിനെ യുറോപ്പ് വിലയിരുത്തിയത്. അങ്ങിനെ ഖിലാഫത്തി​​െൻറ ചിഹ്​നമായിരുന്ന അയ സോഫിയ ആധുനിക മതേതര തുർക്കിയിൽ മ്യൂസിയമായി പരിവർത്തനം ചെയ്യപ്പെട്ടു. 

നിയമപോരാട്ടങ്ങൾക്ക് തുടക്കം
മുസ്തഫ കമാൽ അത്താതുർക്കി​​​​െൻറ തീരുമാനത്തോട്​ തുടക്കം മുതൽതന്നെ പിന്തുണക്കുന്നവരും എതിർക്കുന്നവരും ഉണ്ടായിരുന്നു. തുർക്കിയിലെ മുസ്​ലിമുകൾക്കിടയിൽ ഒരുനോവായി മാറിയ ഈ തീരുമാനം രാഷ്​ട്രീയമായും മതപരമായും വലിയ സംവാദവും സമരവുമായി അന്നുമുതൽ പുകഞ്ഞുകൊണ്ടിരുന്നു. എല്ലാ വർഷവും മെയ് 29ന് കോൺസ്​റ്റാൻറിനോപ്പിൾ കീഴടക്കിയതി​​​​​െൻറ ആഘോഷം അയ സോഫിയ മൈതാനത്ത് സംഘടിപ്പിക്കുക പതിവായി. 1970 ൽ അർബകാൻ മില്ലി നിസാമി പാർട്ടി രൂപീകരണത്തോടെ അയ സോഫിയയുടെ മ്യൂസിയവത്കരണം ഒരു രാഷ്​ട്രീയ പ്രശ്നമായി വികസിക്കുവാൻ തുടങ്ങി. 

2005ൽ The Association of foundations and service to Historical Artefacts and the Environment എന്ന എൻ.ജി.ഒ നിയമ പോരാട്ടത്തിന് തുടക്കം കുറിച്ചു. 1934ലെ മന്ത്രിസഭ പാസാക്കിയ ഉത്തരവ് പിൻവലിക്കണമെന്നും തുടർനടപടികൾ നിർത്തിവെക്കണമെന്നുമായിരുന്നു ഹരജിയിലെ വാദം. പരാതി വന്നയുടനെ ടെൻത് ചേമ്പർ ഓഫ്  കൗൺസിൽ ഓഫ് സ്​റ്റേറ്റ് (10th chamber of the council of state)  എന്ന തുർക്കി പരമോന്നത നീതിപീഠം ഹരജി തള്ളുകയും സോഫിയ മ്യൂസിയമായി നിലകൊള്ളുന്നതിൽ യാതൊരു നിയമ പ്രശ്നങ്ങളുമില്ലെന്ന് വിധിക്കുകയുംചെയ്തു.

2016ൽ  അസോസിയേഷൻ വീണ്ടും നൽകിയ ഹരജി പരിഗണിച്ച പരമോന്നത കോടതിയുടെ സുപ്രധാന ബെഞ്ച് കോടതി വ്യവഹാരങ്ങൾ പൂർത്തീകരിച്ച് മൂന്ന് വർഷത്തിനുശേഷം   ജൂലൈ 11ന് 1934ലെ തീരുമാനം റദ്ദുചെയ്യുകയും അയ സോഫിയയെ പ്രാർഥനക്കായി തുറന്നുകൊടുക്കാൻ വിധിക്കുകയും ചെയ്​തിരിക്കുകയാണ്​.  സുൽത്താൻ മുഹമ്മദ് രണ്ടാമ​​​​​െൻറ സ്വകാര്യസ്വത്താണ് അയ സോഫിയ എന്നത്​ പരിഗണിച്ചും അദ്ദേഹം അത് പള്ളിയായി വഖ്വഫ് ചെയ്ത രേഖകൾ അംഗീകരിച്ചുകൊണ്ടുമാണ് വിധി. ഉർദുഗാ​​​​​െൻറ നേതൃത്വത്തിൽ മന്ത്രിസഭ അയ സോഫിയ പള്ളിയായി മാറ്റുന്നതിന് ഉള്ള പ്രമേയം പാർലമ​​​​െൻറിൽ പാസാക്കുകയും തുർക്കി മതകാര്യവകുപ്പി​​​​​െൻറ കീഴിൽ ആക്കികൊണ്ട് ഉത്തരവ് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. 

തുർക്കിയുടെ അധികാര രാഷ്​​്ട്രീയത്തിെല മാറ്റം അയ സോഫിയയിൽ വീണ്ടും പ്രകടമാകുകയായിരുന്നു. അയ സോഫിയ തുർക്കിയുടെ രാഷ്​ട്രീയ പരിവർത്തനത്തി​​​​െൻറ ചിഹ്നമാണ്. അയ സോഫിയ മുസ്​ലിം പള്ളിയായി പരിവർത്തിക്കപ്പെട്ടത് മതപരമായ കാരണങ്ങളാലായിരുന്നില്ല, രാഷ്​ട്രീയപരമായിരുന്നുവെന്നതാണ് വാസ്തവം. കുരിശുയുദ്ധങ്ങളുടെ ഭൂമികയായിരുന്നിട്ടും ആറാം നൂറ്റാണ്ടിൽ എന്തെല്ലാം ക്രൈസ്തവ ശേഷിപ്പുകളാണോ ഉണ്ടായിരുന്നത് അതെല്ലാം അയ സോഫിയയിലും ഇസ്തംബൂളിലും ഇന്നും സംരക്ഷിച്ച് പോരുന്നുണ്ട്. എന്നാൽ അയ സോഫിയയുടെ സ്വഭാവം അധികാര മാറ്റത്തോടൊപ്പം മാറിക്കൊണ്ടിരിക്കുന്നു. കാരണം ലളിതമാണ്. തുർക്കി അയ സോഫിയയെ കാണുന്നത് ഒരു കെട്ടിടമായിട്ടല്ല. അവരുടെ നാഗരികതയുടെ, യശസ്സി​​​​െൻറ അഭിമാന ചിഹ്നമായിട്ടാണ്. തുർക്കിയിൽ നടക്കുന്ന  അധികാര രാഷ്​ട്രീയ പരിവർത്തനങ്ങൾ അയ സോഫിയയുടെ സ്വഭാവത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കും. അതൊരിക്കലും തകർക്കാനല്ല. സ്വന്തമാക്കി സംരക്ഷിക്കാനാണ്. അയ സോഫിയയുടെ ഉടമസ്ഥത രാഷ്​ട്രീയ നേതൃത്വം ഞങ്ങൾക്കാണന്നതി​​​​െൻറ പ്രഖ്യാപനമാണ്. 

പുകയുന്ന രാഷ്​ട്രീയം 
ഉസ്മാനിയ ഖിലാഫത്തി​​​​െൻറ പ്രതാപ ചിഹ്നമായിരുന്ന അയ സോഫിയയെ വീണ്ടും പള്ളിയാക്കണമെന്ന് തുർക്കിയിലെ ഭൂരിപക്ഷം ആഗ്രഹിക്കുമ്പോൾ ഒരു വിഭാഗം അത് മ്യൂസിയമായി തുടരണമെന്ന അഭിപ്രായക്കാരാണ്.  ക്രൈസ്തവ-മുസ്​ലിം ഐക്യത്തി​​​​െൻറ ചരിത്ര സ്മാരകമായി അതിനെ മാറ്റണമെന്ന് മറ്റു ചിലർ ആവശ്യപ്പെടുന്നുണ്ട്. തുർക്കിയുടെ പുതിയ തീരുമാനത്തെ യുനെസ്കോ, റഷ്യ, അമേരിക്ക, ഗ്രീസ് തുടങ്ങിയവർ ആശങ്കയോടാണ് കാണുന്നത്. കടുത്ത ദുഃഖം പ്രകടിപ്പിച്ച ഓർത്തഡോക്സ് സഭ ഇത്​ മത വിഭജനമാ​െണന്ന് പ്രസ്താവനയിറക്കുകയും ചെയ്തിരിക്കുന്നു. 1934ൽ മ്യൂസിയമാക്കിയപ്പോൾ യൂറോപ്പ് പറഞ്ഞ പ്രസ്താവന ഉർദുഗാൻ കടമെടുത്ത് ആവർത്തിച്ചിരിക്കുന്നു- ഇത് തുർക്കിയുടെ ആഭ്യന്തര കാര്യമാണ്. പാർലമ​​​​െൻറ് അംഗീകരിച്ച നിയമമാണ്. 

അയ സോഫിയ എല്ലാവർക്കും പ്രവേശനമുള്ള ചരിത്ര സ്മാരകവും തുർക്കിയുെട അഭിമാനസ്തംഭവുമായിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിക്കുന്നു. തുർക്കി അതി​​​​​െൻറ ക്രിസ്തീയ പൈതൃകം നിലനിർത്തുകയും തങ്ങളുടെ മുൻഗാമികളെ പോലെ അതി​​​​െൻറ ക്രിസ്തീയമൂല്യങ്ങളെ സംരക്ഷിക്കുകയും ​െചയ്യുമെന്ന്​ പ്രസിഡൻറി​​​​​െൻറ വക്താവ് ഇബ്രാഹിംകാലിൻ കൂട്ടിച്ചേർക്കുന്നു. തുർക്കിയെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം രാജ്യത്തിന് പുറത്തും വലിയ പ്രത്യാഘാതങ്ങൾക്കു വഴിവെക്കാൻ സാധ്യത ഉണ്ട്. സിറിയൻ അഭയാർഥി പ്രശ്നത്തിലും അംഗത്വത്തിലും യൂറോപ്യൻ യൂനിയനുമായുള്ള അകൽച്ച ഇതോടെ വർധിക്കാനാണ് സാധ്യത. റഷ്യയുമായും അമേരിക്കയുമായും ഒരേ സമയം അകലാൻ ഈ തീരുമാനം ഇടംവരുത്തുമെന്ന ആശങ്ക തുർക്കിക്കുണ്ട്. സിറിയൻ വിഷയത്തിൽ റഷ്യയുമായുണ്ടാക്കിയ ധാരണകൾ ശിഥിലീകരിക്കാൻ ഓർത്തഡോക്സ് സഭ സമർദ്ദം ചെലുത്തുമെന്നും കരുതുന്നു. അതോടെ അയ സോഫിയ പ്രശ്നം ഒരേ സമയം രാഷ്​ട്രീയമായും മതപരമായും വികസിച്ചേക്കും.

ഗ്രീസിനോട്​ പ്രതികരിച്ചപ്പോൾ ഉർദുഗാൻ ഏഥൻസിൽ എത്ര മുസ്​ലിം പള്ളിയുണ്ട് എന്ന ചോദ്യം ഉന്നയിക്കുന്നുണ്ട്. മധ്യകാലത്ത് യുറോപ്പിൽ എത്ര മുസ്​ലിം പള്ളികൾ ക്രൈസ്​തവ ദേവാലയങ്ങളാക്കിയെന്നും അവ തിരിച്ചുകൊടുക്കുമോയെന്നും തുർക്കി ചോദിക്കുന്നു. എന്നാൽ അറബ് മേഖലയിൽ ഉള്ള ടർക്കിഷ് ഇടപെടലുകൾ അമേരിക്കയെയും സൗദിയേയും ഇസ്രായേലിനെയുമൊക്കെ ചൊടിപ്പിക്കുന്നു. ഇതൊരവസരമായി അവരുപയോഗിക്കാനും ഇടയുണ്ട്. മധ്യേഷയിലും യൂറോപ്പിലും അയ സോഫിയ ഒരു കുരിശുയുദ്ധ മനോഘടന സൃഷ്​ടിക്കുന്നതിന് കാരണമാകുമെന്ന ആശങ്കയും പ്രബലമാണ്. യൂറോപ്പിലെ മുസ്​ലം സംഘടനകൾ പൊതുവിൽ തുർക്കിയുടെ തീരുമാനത്തെ വിമർശിക്കുകയാണ് ചെയ്തിരിക്കുന്നത്. ഉറുദുഗാനി​​​​െൻറ നടപടി തുർക്കിയുടെ അകത്തും പുറത്തും എ​െന്തല്ലാം പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.

(ഇസ്തംബൂൾ സഹാബത്തീൻ സാഇം യൂനിവേഴ്സിറ്റി ഗവേഷണ വിദ്യാർഥിയാണ് ലേഖകൻ)

Show Full Article
TAGS:125630 125631 125632 39277 
Next Story