നമ്മുടെ, അവരുടെ, ആരുടെ ചരിത്രം
text_fieldsചരിത്രം വെട്ടിത്തിരുത്തപ്പെടുകയും വ്യാജ ആഖ്യാനങ്ങൾ ചരിത്രമെന്ന പേരിൽ അടിച്ചേൽപിക്കപ്പെടുകയും ചെയ്യുന്ന കാലത്ത് ഒരു ധീരമായ ഇടപെടൽ. എതിർപ്പുകളെയും ഭീഷണികളെയും അതിജയിച്ച് നാം ജീവിക്കുന്ന കാലത്തെ സമാദരണീയ ചരിത്രകാരി പ്രഫ. റൊമില ഥാപ്പർ നടത്തിയ ഡോ. സി.ഡി. ദേശ് മുഖ് സ്മാരക പ്രഭാഷണം
ആധുനിക യൂറോപ്പിലെ സർവാദരണീയ ചരിത്രകാരൻ എറിക് ഹോബ്സ്ബാം ദേശീയതയുമായുള്ള ചരിത്രത്തിന്റെ ബന്ധത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്, സമൂഹം ദേശീയതയെ പരിപോഷിപ്പിക്കുമ്പോൾ ചരിത്രം സമൃദ്ധമായിത്തീരുന്നുവെന്നാണ്. ഹെറോയിന് അടിപ്പെട്ട ഒരു വ്യക്തിക്ക് കറുപ്പുചെടി എപ്രകാരമാണോ, അതിന് സമാനമാണ് ഒരു ദേശീയതാവാദിക്ക് ചരിത്രമെന്നാണ് അദ്ദേഹം തന്റെ പുസ്തകത്തിൽ എഴുതിയത്. ചരിത്രവും ദേശീയതയും തമ്മിലെ ബന്ധം സംബന്ധിച്ച ഏറ്റവും സമർഥമായ നിർവചനമായാണ് ഞാനതിനെ കാണുന്നത്.
ഈ ആശ്രിതത്വം തിരിച്ചറിയുകയും വിശകലനം ചെയ്യുകയും വേണമെന്ന് ഞാൻ കൂട്ടിച്ചേർക്കുന്നു. കാര്യങ്ങളെ പുരാതന ഭൂതകാലത്തിൽ പ്രതിഷ്ഠിക്കുമ്പോൾ പൊതുവേ അതിന്റെ പദവിയിലും ഉയർച്ചയുണ്ടാവുന്നു. പിന്നീട് തെളിവുകളും കൃത്യതയും ഉറപ്പാക്കി അവക്ക് നിയമസാധുത നൽകേണ്ടതുണ്ട്. കറുപ്പ് ചെടിയെക്കുറിച്ച് കേൾക്കുമ്പോൾ ഹെറോയിൻ അടിമയുടെ മനസ്സിൽ ഗംഭീരമായ ഒരു ഭൂതകാലത്തെക്കുറിച്ചുള്ള ഭ്രമകൽപന ആവാഹിക്കപ്പെടുന്നു. വർത്തമാനത്തെ ഭ്രമകൽപന പോഷിപ്പിക്കുന്നു. യഥാർഥ ചരിത്രവും അതിന് വിപരീതമായ ഇന്നത്തെ ഇന്ത്യയിലെ സാങ്കൽപിക ചരിത്രവും പരിചിതമായ ആളുകൾക്ക് ആ സമാന്തരത്തെ തിരിച്ചറിയാനാവും.
ചരിത്രവും ദേശീയതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും, ദേശീയവാദ ആഖ്യാനങ്ങളെ നിയമാനുസൃതമാക്കുന്നതിൽ ചരിത്രം കുടുങ്ങിപ്പോയതിന്റെ കാരണത്തെക്കുറിച്ചുമാണ് ഞാൻ പറയുന്നത്. പല ചരിത്രപണ്ഡിതരും ഇതിനകം ചോദ്യം ചെയ്ത കാര്യമാണിത്.
നമ്മുടേത് പോലെയുള്ള ദീർഘകാല സംസ്കാരങ്ങൾപോലും ചരിത്രപരമായ വലിയ മാറ്റങ്ങളുടെ ആശയങ്ങളാൽ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഈ അടയാള ചിഹ്നങ്ങളാണ് നമ്മുടെ സമൂഹങ്ങളെ മാറ്റിമറിച്ചത്. ഈ മാറ്റങ്ങൾ ഏകപക്ഷീയമല്ല. ദേശീയതതന്നെ മാറ്റത്തിന്റെ പ്രധാന ആശയങ്ങളിൽ ഒന്നാണ്.
നിർവചന പ്രകാരം, ദേശീയത അതിന്റെ ബഹുവിധ ആവശ്യകതകൾക്കൊപ്പം ഒരു പുതിയ സമൂഹത്തെ സൃഷ്ടിക്കുന്ന ഒരു ദേശീയ പ്രസ്ഥാനത്തിൽ മുഴുവൻ പൗരരെയും ഒരുമിപ്പിച്ചുകൊണ്ടുപോകണം. മുഴുവൻ ജനതയെയും എന്ന് പറയുമ്പോൾ ഞാൻ പെരുപ്പിച്ച് പറയുന്നതായി തോന്നിയേക്കാം, വളരെ കുറച്ചു മാത്രമേ ഞാൻ പെരുപ്പിക്കുന്നുള്ളൂ. ദേശീയത എന്നത് സ്വീകരിക്കപ്പെടുമ്പോൾ, പഴയ സാമൂഹിക വ്യവസ്ഥയെ അവസാനിപ്പിച്ച് നിലവിലുള്ള സമൂഹത്തിൽ വിപ്ലവം സൃഷ്ടിക്കുന്ന മൂല്യങ്ങളും ഘടനകളുമുള്ള ഒരു ബദൽ സമൂഹത്തെ കൊണ്ടുവരുന്ന ആശയമാണ്. ദേശീയതാ തത്ത്വങ്ങൾക്ക് പുരാതന ഭൂതകാലത്തിൽ വേരുകളില്ല, കാരണം അവ സൃഷ്ടിക്കുന്ന പുതിയ സമൂഹം നിലവിലെ ആവശ്യകതകളോടുള്ള പ്രതികരണമാണ്, അല്ലാതെ പണ്ടേക്കുപണ്ടേ കഴിഞ്ഞുപോയ വിഷയങ്ങളോടുള്ളതല്ല.
ദേശീയത അനുമാനിക്കപ്പെടുന്നത് അത് പ്രഥമമായും ഗണ്യമായ തോതിലും സമുദായങ്ങളുടെ ഐക്യം കൊണ്ടുവരുന്നു എന്നാണ്. പുതുതായി രൂപം കൊള്ളുന്ന ഘടനയോട്, അതായത് ദേശരാഷ്ട്രത്തോടാണ് അവയുടെ കൂറ്. അവരുടെ വിശ്വസ്തത ഒരു പുതിയ ഘടനയോടുള്ളതാണ്, അതായത് ദേശീയ-രാഷ്ട്രം. ഐക്യപ്പെടുത്തലിന്റെ ഒരേയൊരു ലക്ഷ്യം രാഷ്ട്രനിർമിതിയാണ്. അതായത് പൗരജനങ്ങൾ ഒത്തുചേർന്ന് ഒരൊറ്റ ദേശീയ സ്വത്വം കെട്ടിപ്പടുക്കുന്നു. കൊളോണിയൽ നിയന്ത്രണത്തിൽനിന്ന് മോചിതരായ, സ്വതന്ത്ര പൗരരെ ഉൾക്കൊള്ളുന്ന ഒരു രാജ്യം സ്ഥാപിക്കാൻ ഇന്ത്യൻ ദേശീയ പ്രസ്ഥാനം പോരാടിയതുപോലെ.
എന്നാൽ, ദേശീയതക്ക് ഏകീകൃത സ്വത്വമെന്നോ ബഹുവിധ സ്വത്വങ്ങളെന്നൊ ഒക്കെ നിലവിൽ വ്യത്യസ്ത രൂപങ്ങൾ ഉണ്ടാകാം. ഇന്ത്യയിൽ കൊളോണിയൽ നിർമിതികളാൽ വേർതിരിക്കപ്പെട്ട രണ്ട് പുതു ദേശീയതകൾ മുസ്ലിം, ഹിന്ദു എന്നിങ്ങനെ മതപരമായാണ് അടയാളപ്പെടുത്തപ്പെട്ടത്. വ്യത്യസ്തമായ ഈ ദേശീയതകൾക്ക് വ്യത്യസ്തമായ ഉദ്ദേശ്യങ്ങളുമുണ്ട്.
ഏകീകൃത രൂപത്തിൽ എല്ലാ പൗരജനങ്ങളും കൊളോണിയൽ വിരുദ്ധത എന്ന ഉദ്ദേശ്യത്തിൽ ആകർഷിക്കപ്പെട്ടു. അതേസമയം ബഹുവിധ രൂപത്തിൽ നിർദിഷ്ടമായ ഐഡന്റിറ്റികൾ വേർതിരിക്കപ്പെട്ടു. അവയുടെ അജണ്ടകൾ രണ്ട് പുതിയ ദേശീയ-രാഷ്ട്രങ്ങൾ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് വ്യത്യസ്തമായിരുന്നു.
അപ്പോൾ ഏകീകൃത ദേശീയത കെട്ടിപ്പടുക്കാൻ ഉദ്ദേശിച്ച സമൂഹം എന്തായിരുന്നു? പഴയ നാട്ടുരാജ്യങ്ങളിൽനിന്നും കോളനിയിൽനിന്നും മാറി ഒരു സ്വതന്ത്ര ദേശരാഷ്ട്രം ഉയർന്നുവന്നപ്പോൾ ഏകീകൃത ദേശീയതക്ക് ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും അവശ്യമായ സാന്നിധ്യം ഉണ്ടായിരുന്നു. എല്ലാ വ്യക്തികൾക്കും തുല്യപദവിയും ദേശരാഷ്ട്രത്തിലെ പൗരർ എന്ന നിലയിൽ തുല്യാവകാശങ്ങളുമുണ്ടായിരുന്നു.
പൗരരുടെ അവകാശങ്ങൾ ഉറപ്പിക്കുന്നതിന് ജനാധിപത്യവും മതനിരപേക്ഷതയും അനിവാര്യമാണ്. മുമ്പ് നിലവിലില്ലാത്തവയായിരുന്നു ഈ അവകാശങ്ങൾ. പഴയകാല സമൂഹങ്ങൾ അതീവ വിരളമായി മാത്രമേ എല്ലാ വ്യക്തികൾക്കും തുല്യരാവാനുള്ള അവകാശമോ സ്വാതന്ത്ര്യമോ നൽകിയിരുന്നുള്ളൂ. ധർമശാസ്ത്രങ്ങളിലെ ജാതി നിയമങ്ങൾ അത്തരം അസമത്വങ്ങൾക്ക് അടിവരയിടുന്നു, സ്വാതന്ത്ര്യത്തിന്റെ അഭാവവും വ്യക്തമാക്കുന്നു.
ഒരു ദേശീയ രാഷ്ട്രം നിലവിൽ വരുന്നിടത്ത്, ജനങ്ങൾ ഒരു ഭരണാധികാരിയുടെയോ രാജ്യത്തിന്റെയോ പ്രജകൾ എന്ന അവസ്ഥയിൽനിന്ന് മാറുകയും ഭരണകൂടത്തിലെ പൗരജനങ്ങളായിത്തീരുകയും ചെയ്യുന്നു. ഒരു മാതൃക വ്യവസ്ഥയെന്ന നിലയിലാണ് ജനാധിപത്യം സ്വീകരിക്കപ്പെടുന്നത്.
വിവിധ ഭരണകൂട സ്ഥാപനങ്ങളിൽ പ്രതിനിധാനംചെയ്യപ്പെടുന്ന ജനങ്ങളുടെ അഭിലാഷങ്ങളുമായി ബന്ധപ്പെട്ടാണ് ഭരണം നടക്കുന്നത് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഭരിക്കുന്നവരുടെ കൈയിലല്ല, മറിച്ച് പൗരജനങ്ങളെ പ്രതിനിധാനംചെയ്യുന്ന ജുഡീഷ്യറി, ലെജിസ്ലേച്ചർ, എക്സിക്യൂട്ടിവ് എന്നീ ഏജൻസികളിലാണ് അധികാരം കുടികൊള്ളുന്നത്. സർക്കാറിന്റെ പ്രവർത്തനങ്ങൾ ഭരണാധികാരിയുടെ തന്നിഷ്ടപ്രകാരമല്ല, മറിച്ച് ഭരണഘടന അതോറിറ്റിയുടെ നിർദേശാനുസാരമായിരിക്കണം. ഭരണവും പ്രവർത്തനവും സംബന്ധിച്ച ചട്ടങ്ങളും നിയമങ്ങളുമെല്ലാം ഭരണഘടനയിൽ രേഖപ്പെടുത്തിവെച്ചിട്ടുണ്ടാവും.
ദേശീയത ഏകീകൃതമാകുമ്പോൾ കൊളോണിയൽ വിരുദ്ധ ഇന്ത്യൻ ദേശീയതയെപ്പോലെ ജനങ്ങളെ ഒന്നിപ്പിക്കണം. വേർതിരിക്കപ്പെട്ട ദേശീയതയുടെ മറ്റ് വിഭാഗങ്ങൾ പൗരരെ ഏകീകരിക്കാൻ ഉദ്ദേശിച്ചുള്ളതല്ല, മറിച്ച് അവരെ സ്വത്വങ്ങൾ അനുസരിച്ച് വേർതിരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ഈ വേർതിരിവിൽ ഭൂരിപക്ഷമായി കണക്കാക്കുന്ന ഗ്രൂപ്പിന് പ്രഥമപദവി നൽകുന്നു. ഇതാണ് മൗലികമായ വ്യത്യാസം. രണ്ടുവിധം ദേശീയതകളുടെയും അജണ്ടകളെ വേർതിരിച്ചുതന്നെ മനസ്സിലാക്കേണ്ടതുണ്ട്.
ചരിത്രത്തിലേക്കുള്ള വഴിത്തിരിവാണ് ഇത്. ഓരോ സ്വത്വങ്ങളും അവയുടെ ചരിത്രവും ചിരപുരാതനകാലം മുതലുള്ള നിയമസാധുത അവകാശപ്പെടുന്നു. എത്രമാത്രം പഴകിയതാണോ അത്രമേൽ മഹത്ത്വമേറിയത് എന്നാണ് ഈ അവകാശവാദം.
വേർപിരിഞ്ഞതും വൈവിധ്യമാർന്നതുമായ ദേശീയതയുടെ ആവിർഭാവത്തോടെയാണ്, ചരിത്ര ഗവേഷണത്തിലെ രീതിശാസ്ത്രപരമായ കൃത്യതയെ അടിസ്ഥാനമാക്കുന്ന പ്രഫഷനൽ ചരിത്രപണ്ഡിതരും ഗവേഷണമേതും നടത്താത്ത, പരിശീലനം സിദ്ധിച്ചിട്ടില്ലാത്ത ചരിത്രംപറച്ചിലുകാരും തമ്മിൽ വ്യത്യാസവും ചില സന്ദർഭങ്ങളിൽ ഏറ്റുമുട്ടലും ഉണ്ടാകുന്നത്, അവിടെയും ഉദ്ദേശ്യങ്ങൾ വ്യത്യസ്തമാണ്. ബഹുരൂപ വിഭാഗം കൂടുതലായും പൊതുപിന്തുണയെയാണ് ആശ്രയിക്കുന്നത്, ഒപ്പം പൗരജനങ്ങളിലെ ഭൂരിപക്ഷത്തിന്റെ ആവശ്യങ്ങൾക്കനുസൃതമായി ചരിത്രത്തെ മാറ്റിപ്പണിയുകയും ചെയ്യുന്നു. അവരിൽനിന്ന് ഭിന്നമായ സമൂഹത്തിന് പൗരജനങ്ങൾ എന്ന നിലയിൽ കുറഞ്ഞ അവകാശങ്ങളേ ഉണ്ടാവൂ. നിലവിലെ ഭൂരിപക്ഷത്തിന്റെയും ദേശീയതയുടെ രൂപത്തിന്റെയും പ്രാമുഖ്യത്തെ സാധൂകരിക്കുന്നതിന് ചരിത്രം നിർണായകമാകുന്നു. മുൻകാലങ്ങളിൽ, ചരിത്രത്തിന്റെ വിവിധ രൂപത്തിലെ പഠനവും രചനയും പ്രഫഷനൽ ചരിത്ര സമൂഹത്തിനിടയിൽ നിന്ന് ഉയർന്നുവന്ന പണ്ഡിതർക്ക് വിട്ടുകൊടുത്തിരുന്നു.
സാവധാനം, വായന സ്രോതസ്സുകളിലും പഠന സമ്പ്രദായത്തിലും വിശകലനത്തിലും രീതിശാസ്ത്രത്തിലും പരിശീലനം ആവശ്യപ്പെടുന്ന സാമൂഹിക ശാസ്ത്രമായി ചരിത്രത്തിന് ഒരു മാറ്റം ഉണ്ടായി. തെളിവുകളുടെ വിശ്വാസ്യത നിർണായകമായ സവിശേഷമായ ഒരു വിഷയമാണ് ചരിത്രമിപ്പോൾ. ഏറെ ആവശ്യകരമായ ഘടകമെന്ന നിലയിൽ ഇക്കാര്യം ആവർത്തിച്ചാവർത്തിച്ച് പറയാൻ ഞാൻ ആഗ്രഹിക്കുന്നു.
ചരിത്രപഠനത്തിൽ മതബോധന ചോദ്യാവലിയില്ല. നിലവിൽ പരിശീലനം സിദ്ധിച്ച പ്രഫഷനൽ ചരിത്രപണ്ഡിതർ എഴുതിയ ചരിത്രമുണ്ട്, ഒപ്പം വിവിധ സ്വത്വങ്ങളിൽ ഒന്നാം സ്ഥാനം നേടിയെടുക്കാൻ മത്സരിക്കുന്ന വ്യത്യസ്ത വിഭാഗങ്ങൾ ഭൂതകാലത്തെക്കുറിച്ച് മുന്നോട്ടുവെക്കുന്ന വീക്ഷണങ്ങളുമുണ്ട്.
ആ വീക്ഷണങ്ങളെ പ്രഫഷനൽ ചരിത്രപണ്ഡിതർ ചോദ്യം ചെയ്യുകയും അവർ അവതരിപ്പിക്കുന്ന വിവരങ്ങൾ തെറ്റാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. ചരിത്രത്തെക്കുറിച്ച് പ്രഖ്യാപനങ്ങൾ നടത്തുന്ന പലർക്കും അതിനാവശ്യമായ ഒരുവിധ പരിശീലനവും ലഭിച്ചിട്ടില്ലെങ്കിലും തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് അവർ ഭൂതകാലത്തെക്കുറിച്ച് സംസാരിക്കുന്നത്. അവ പലതും കേട്ടുകേൾവിയെയോ സ്വന്തം ഭാവനയെയോ അടിസ്ഥാനമാക്കി രൂപം നൽകിയ വീക്ഷണങ്ങളാണ്.
അവരെ സംബന്ധിച്ചിടത്തോളം ചരിത്രമെന്നാൽ വെറുമൊരു കഥ മാത്രമാണ്. ഞാനോ നിങ്ങളോ മറ്റാരെങ്കിലുമോ വിവരിക്കുന്ന വെറുമൊരു പഴങ്കഥ. കഥ കെട്ടിയുണ്ടാക്കൽ നല്ല രസമുള്ള കാര്യമാണ്. ഉറക്കാൻ കിടത്തുന്ന നേരത്ത് കുഞ്ഞുങ്ങൾക്ക് കഥ പറഞ്ഞു കൊടുക്കുന്നതിന്റെ ആനന്ദം നമുക്കെല്ലാവർക്കും അറിയാവുന്നതാണല്ലോ. പക്ഷേ, ഈ കഥകൾ ആധികാരികമാണ് എന്ന് അവകാശപ്പെടണമെങ്കിൽ അവ തെളിയിക്കപ്പെട്ടേ മതിയാവു. അല്ലാതെ നേരംപോക്കിന് വേണ്ടിയുള്ള വെറുമൊരു വിനോദമാക്കിക്കൂടാ. പ്രത്യേകിച്ച് അവ നിലവിലെ ഏറ്റവും സ്വാധീനമുള്ള കഥപറച്ചിലുകാരുടെ- എല്ലാത്തരം മാധ്യമങ്ങളുടെയും മുഖ്യവിഷയമാകുന്നു എന്നിരിക്കെ.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.