Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightമോദി ഭരണകൂടം...

'മോദി ഭരണകൂടം നിലനില്‍ക്കുന്നത് ന്യൂനപക്ഷ വിരുദ്ധതയിൽ' -ഡോ. സന്ദീപ് പാണ്ഡെ

text_fields
bookmark_border
മോദി ഭരണകൂടം നിലനില്‍ക്കുന്നത് ന്യൂനപക്ഷ വിരുദ്ധതയിൽ -ഡോ. സന്ദീപ് പാണ്ഡെ
cancel

വേറിട്ട വിദ്യാഭ്യാസ കാഴ്ചപ്പാടുകളുമായി തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന സല്‍സബീല്‍ ഗ്രീന്‍ സ്കൂളിലെ വിദ്യാര്‍ഥികളുമായി കൂടിക്കാഴ്ചക്കും മറ്റു പരിപാടികള്‍ക്കുമായി കേരളത്തിലെത്തിയ സന്ദീപ് പാണ്ഡെയുമായി നടത്തിയ സംഭാഷണത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍:

നവംബര്‍ മധ്യത്തില്‍ നടക്കേണ്ടിയിരുന്ന സാര്‍ക് ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുക്കേണ്ടന്ന് തീരുമാനിച്ചിരുന്നു. ഇത് എത്തരത്തില്‍ മേഖലയിലെ സമാധാനത്തെ ബാധിക്കും?
തീര്‍ച്ചയായും ഇന്ത്യയുടെ തീരുമാനം നിര്‍ണായകമായി ബാധിക്കും. ദക്ഷിണേന്ത്യയിലെ വിവിധ രാജ്യങ്ങള്‍ക്കിടയില്‍ സംവാദത്തിന് വഴിയൊരുക്കുന്ന വേദിയാണ് സാര്‍ക്. ഇന്ത്യ -പാകിസ്താന്‍ പ്രശ്നം മറ്റു രാജ്യങ്ങളെയും ബാധിക്കുന്നുണ്ട്. ഇത്തവണ സാര്‍ക് ഉച്ചകോടി പാകിസ്താനില്‍ നടക്കുന്നതുകൊണ്ട് ഒൗപചാരികമല്ലാതെതന്നെ ചര്‍ച്ചകള്‍ക്ക് സാധ്യത ഏറെയായിരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രശ്നപരിഹാരത്തിന് ഇത് നല്ലൊരവസരവുമായിരുന്നു. അത് നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. പാകിസ്താന്‍ ഒരു ഭീകരരാഷ്ട്രമാണെന്ന് വിശ്വസിപ്പിച്ച് അന്താരാഷ്ട്ര തലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പാകിസ്താനെ ബഹിഷ്കരിക്കാനുള്ള കഠിനപരിശ്രമം.

അതിനായി ഇന്ത്യ അന്താരാഷ്ട്ര ചര്‍ച്ചാവേദികള്‍ സൃഷ്ടിക്കുകയും സാര്‍ക്കില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. ഇതൊരു വിഫല ശ്രമം മാത്രമാണ്. കാരണം, ഇന്ത്യയുടെ ദീര്‍ഘകാല സഖ്യരാജ്യമായ റഷ്യയുള്‍പ്പെടെയുള്ള മറ്റു രാഷ്ട്രങ്ങള്‍ പാകിസ്താനെ ഒരു ഭീകരരാജ്യമായി അംഗീകരിക്കാന്‍ തയാറല്ല. വാസ്തവത്തില്‍ അവര്‍ പാകിസ്താനുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ്. പാകിസ്താനെ വിശകലനംചെയ്യുന്നതില്‍ ഇന്ത്യയുടെയും മറ്റു രാജ്യങ്ങളുടെയും കാഴ്ചപ്പാടുകള്‍ വ്യത്യസ്തമാണ്. നാം ഇത് തിരിച്ചറിയേണ്ടിയിരിക്കുന്നു. മറ്റു രാഷ്ട്രങ്ങളുടെ മേല്‍ നമ്മുടെ വീക്ഷണങ്ങള്‍ അടിച്ചേല്‍പിക്കാന്‍ പാടില്ല. പാകിസ്താന്‍ ഭീകരതയുടെ സ്രോതസ്സാണെന്നതില്‍ സംശയമില്ല.

അതിനൊപ്പം പാകിസ്താന്‍ ഇരകൂടിയാണെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഒട്ടേറെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ബലൂചിസ്താനിലെ പൊലീസ് അക്കാദമിക്കു മേലുള്ള ആക്രമണം ഇതിനുദാഹരണമാണ്. ഇത്തരം സംഭവവികാസങ്ങള്‍ക്ക് മതമായോ ദേശീയതയായോ ഒരു ബന്ധവുമില്ല. പാകിസ്താനില്‍ ഒട്ടനവധി മുസ്ലിം പാകിസ്താനികള്‍ കൊല ചെയ്യപ്പെടുന്നു. ഭീകരതയുടെ പേരില്‍ ഇന്ത്യന്‍ പൗരന്മാരെക്കാള്‍ പാകിസ്താനികളാണ് ദിനംപ്രതി ആക്രമിക്കപ്പെടുന്നത്. ഭീകര പ്രവര്‍ത്തനങ്ങള്‍ തടയുക എന്നത് ഇന്ത്യയെപോലെ പാകിസ്താന്‍െറയും ശക്തമായ ആവശ്യമാണ്. പരസ്പരം പഴിചാരുകയും കലഹിക്കുകയും ചെയ്യുന്നതിനു പകരം രണ്ടു സര്‍ക്കാറുകളും ഈ പ്രശ്നത്തില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ തയാറാകണം.


ആഗോളീകരണത്തിന്‍റെ ഭാഗമായി ബോധപൂര്‍വം ഉയര്‍ന്നുവന്നതാണോ ഭീകരത? അല്ലെങ്കില്‍ ആഗോളീകരണത്തിന്‍റെ ഉല്‍പന്നമാണോ ഭീകരത?
ഭീകരത ആഗോളീകരണത്തിന്‍െറ ഭാഗമാണോ എന്നെനിക്കറിയില്ല. എന്നാല്‍, ഈ പ്രശ്നങ്ങളെല്ലാം ഒപ്പത്തിനൊപ്പം സഞ്ചരിക്കുന്നവയാണ്. ലാഭത്തിനുവേണ്ടി വന്‍ കോര്‍പറേറ്റ് ശക്തികള്‍ പ്രകൃതിവിഭവങ്ങള്‍ കൈയടക്കുന്നതിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം ഭരണകൂടം അടിച്ചമര്‍ത്തുന്നു. ഇവിടെയാണ് ആഗോളീകരണമെന്ന പ്രശ്നം ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത്. രാജ്യത്ത് വളര്‍ന്നു വരുന്ന ഭീകരത അമര്‍ച്ചചെയ്യാന്‍ സര്‍ക്കാറിന് സൈന്യത്തെ ഉപയോഗിക്കേണ്ടിവരുന്നു. എന്നാല്‍, അതേ സൈന്യം ജനകീയ സമരങ്ങളെയും അടിച്ചൊതുക്കുന്നു. ഈ പ്രശ്നങ്ങള്‍ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. ഇവയാണ് ചരിത്രത്തിന്‍െറ ഈ ഘട്ടത്തില്‍ നാം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി.

തുടര്‍ച്ചയായുള്ള അതിര്‍ത്തി പ്രശ്നങ്ങള്‍ക്കിടയില്‍ പാകിസ്താന്‍ ആക്രമണങ്ങളെ ഭീകരാക്രമണമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇന്ത്യ ഇതിനിടയില്‍ സര്‍ജിക്കല്‍ സ്ട്രൈക് നടത്തുകയും ചെയ്തു..?
ഇതൊരു വിരോധാഭാസം തന്നെയാണ്. ഇന്ത്യന്‍ സുരക്ഷാ സേന നമ്മുടെ സ്വന്തം പൗരന്മാരായ കശ്മീര്‍ ജനങ്ങളെ കൊന്നൊടുക്കുന്നു. അവര്‍ നമ്മുടെ ശത്രുക്കളല്ല. ഒരു സാധാരണ പാകിസ്താന്‍ പൗരന്‍പോലും നമ്മെ സംബന്ധിച്ച് ശത്രുവല്ല. പാകിസ്താനി പട്ടാളക്കാരനും നമ്മുടെ ശത്രുവല്ല. ഇന്ത്യക്കെതിരെ യുദ്ധമഴിച്ചു വിടണമെന്നത് പാകിസ്താന്‍ സര്‍ക്കാറിന്‍െറയും സൈന്യത്തിന്‍റെയും തീരുമാനമാണ്. ശരിയാണ്, പാകിസ്താനില്‍നിന്നുള്ള എല്ലാ ആക്രമണങ്ങളും ഭീകരാക്രമണങ്ങളായി കണക്കാക്കാന്‍ സാധിക്കില്ല. ഇന്ത്യ പാകിസ്താനെ ആക്രമിക്കുമ്പോഴും പാകിസ്താന്‍ ഇത്തരം നിലപാടുകള്‍തന്നെയാണ് സ്വീകരിക്കുന്നതെന്നു മാത്രമല്ല, ഇത് ആഭ്യന്തര പ്രശ്നങ്ങളിലുള്ള ഇടപെടലായാണ് നിരീക്ഷിക്കപ്പെടുന്നത്.

പരസ്പരാക്രമണങ്ങളെ പ്രോത്സാഹിപ്പിക്കരുത്. കാരണം രാജ്യത്തിന്‍െറ അതിര്‍ത്തി കാക്കാന്‍ പട്ടാളക്കാരെ നിയമിച്ചിട്ടുണ്ട്. അതിര്‍ത്തികളില്‍ അവര്‍ ബലികഴിക്കുന്നത് സ്വന്തം ജീവനാണ്. പട്ടാളക്കാരന്‍െറ ത്യാഗോജ്ജ്വലമായ പ്രവൃത്തി ചില സമയങ്ങളില്‍ അത്യന്താപേക്ഷിതമാണ്. എന്നാല്‍ അത് നിരന്തര സംഭവമായി മാറുമ്പോള്‍ തീര്‍ച്ചയായും ജനങ്ങളില്‍ ഉത്കണ്ഠയുണ്ടാക്കുന്നു, അസ്വസ്ഥപ്പെടുത്തുന്നു. അവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് ഒരു താങ്ങാണ്. രാജ്യത്തിനും ഇത് വലിയ നഷ്ടംതന്നെയാണ്. ഒരു സന്ധിസംഭാഷണത്തിനു ശേഷം വെടിനിര്‍ത്തല്‍ കൊണ്ടുവരാനുള്ള ഊര്‍ജിത ശ്രമം സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഉണ്ടാകണം. മാത്രമല്ല, കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുകയും വേണം. കശ്മീര്‍ പ്രശ്നം പരിഹരിക്കാത്ത പക്ഷം ഇത് തുടരുകതന്നെ ചെയ്യും.

എല്ലാ അന്താരാഷ്ട്ര ചര്‍ച്ചാവേദികളിലും ഇന്ത്യ ബലൂചിസ്താന്‍ സംഘര്‍ഷം മുന്നോട്ടുവെക്കുന്നു. ബലൂചിസ്താനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ചര്‍ച്ചചെയ്യേണ്ടതുതന്നെയാണ്. എന്നാല്‍, അതിനെ കശ്മീരുമായി ബന്ധിപ്പിക്കുന്നത് അംഗീകരിക്കാനാകില്ല. ബലൂചിസ്താന്‍ പ്രശ്നം ഉയര്‍ത്തിക്കാട്ടുന്നതിലൂടെ കശ്മീര്‍ പ്രശ്നത്തില്‍ പാകിസ്താനെ തന്ത്രപരമായി ഒതുക്കാമെന്ന ഇന്ത്യയുടെ ചിന്ത അഭിനന്ദനമര്‍ഹിക്കുന്നതല്ല. കശ്മീര്‍ പ്രശ്നവും ബലൂചിസ്താന്‍ പ്രശ്നവും സ്വതന്ത്രമായി പരിഹരിക്കണം.

കശ്മീരാകട്ടെ, ബലൂചിസ്താനാകട്ടെ, ഇന്ത്യ ജനങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളണം. കശ്മീര്‍ ജനതയുടെ അവകാശങ്ങള്‍ ലംഘിച്ച് ബലൂചിസ്താനിലെ ജനങ്ങളുടെ അവകാശത്തെ കുറിച്ച് സംസാരിക്കുന്നത് യുക്തിയല്ല. കശ്മീരിനെ ഇന്ത്യയുടെ ഭാഗമായി സര്‍ക്കാര്‍ അംഗീകരിക്കുന്നുണ്ടെങ്കില്‍ ജനങ്ങളുടെ അവകാശങ്ങളെ മാനിക്കേണ്ടത് സര്‍ക്കാറിന്‍െറ ഉത്തരവാദിത്തമാണ്.

അതിര്‍ത്തിയിലെ സംഭവ വികാസങ്ങള്‍ക്കും ദലിത്, മുസ് ലിം ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള ആസൂത്രിത ആക്രമണങ്ങള്‍ക്കും പിന്നില്‍ ബോധപൂര്‍വമുള്ള തെരഞ്ഞെടുപ്പ് അജണ്ടകളുണ്ടോ?
യു.പി തെരഞ്ഞെടുപ്പിനു വേണ്ടി ഈ പ്രശ്നങ്ങളെയെല്ലാം രാഷ്ട്രീയവത്കരിക്കുകയാണ്. സുരക്ഷാ പ്രശ്നമാണ് ഏറ്റവും വലിയ വിഷയമെന്ന കാഴ്ചപ്പാടിലേക്ക് നാം എത്തിയിരിക്കുന്നു. പല സാഹചര്യങ്ങളും ബി.ജെ.പി മുതലെടുപ്പു നടത്തി. പട്ടാളക്കാരുടെ ജീവന്‍ ബലി നല്‍കി ഉണ്ടാക്കിയ സുരക്ഷാവീഴ്ചയും മുത്തലാക്ക് പ്രശ്നം വഴി മുസ് ലിം സമുദായത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമവുമെല്ലാം യു.പി തെരഞ്ഞെടുപ്പിന്‍െറ മുന്നൊരുക്കങ്ങളാണ്. ഇത് സ്വാഗതാര്‍ഹമല്ലെന്നു മാത്രമല്ല, ആത്യന്തികമായി സമൂഹത്തെ ദുര്‍ബലമാക്കുന്നതുമാണ്.

ദൃശ്യമാധ്യമങ്ങള്‍ക്കു മേല്‍ അടുത്തിടെ അടിച്ചേല്‍പിക്കാന്‍ ശ്രമിച്ച നിരോധനം ഭരണകൂടം എങ്ങോട്ടാണ് സഞ്ചരിക്കുന്നത് എന്നതിന്‍െറ സൂചനയാണോ?
അടിയന്തരാവസ്ഥക്കു ശേഷം ഇതാദ്യമായാണ് സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്കു മേല്‍ നിരോധം ഏര്‍പ്പെടുത്തുന്നത്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്‍െറ അനന്തരഫലം നാം കണ്ടുമനസ്സിലാക്കിയതാണ്. ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ ഇത് അഭിലഷണീയമല്ല. അഭിപ്രായ സ്വാതന്ത്ര്യം നമ്മുടെ മൗലികാവകാശമാണ്. ജനങ്ങള്‍ക്ക് അഭിപ്രായം പ്രകടിപ്പിക്കാനുള്ള ആയുധമാണ് മാധ്യമങ്ങള്‍. ഭിന്നാഭിപ്രായങ്ങള്‍ ജനാധിപത്യത്തില്‍ അനിവാര്യമാണ്. കാരണം, അത് അധികാരവര്‍ഗത്തെ നിരന്തരം ചോദ്യംചെയ്തു കൊണ്ടിരിക്കും. അതുകൊണ്ടുതന്നെ അനീതിക്കെതിരെയുള്ള മാധ്യമങ്ങളുടെ വെളിപ്പെടുത്തലുകള്‍ നിഷേധാത്മകമായല്ലാതെ പരിഗണിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം.

കാരണം ഇതൊരു തിരുത്തല്‍ശക്തിയാണ്. എന്നാല്‍, സര്‍ക്കാര്‍ ഇതിനെ നിഷേധിക്കുകയും തുടര്‍ന്ന് അനുവദിക്കാതിരിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തിന്‍െറ ഇരുണ്ട ദിനങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ജനാധിപത്യത്തിന്‍െറ സുഗമമായ പ്രവര്‍ത്തനത്തിന് വിയോജിപ്പുകള്‍ അനിവാര്യമാണ്. ഇത്തരം അഭിപ്രായ വ്യത്യാസങ്ങള്‍ അടിച്ചമര്‍ത്താനുള്ള സര്‍ക്കാറിന്‍െറ നിലപാട് ചോദ്യംചെയ്യപ്പെടുകയും വെല്ലുവിളിക്കപ്പെടുകയും ജനങ്ങളാല്‍ എതിര്‍ക്കപ്പെടുകയും വേണം.

സംഘ്പരിവാര്‍ ഉയര്‍ത്തിക്കാട്ടിയ രാമക്ഷേത്രം ഇതുവരെ നിര്‍മിക്കപ്പെട്ടിട്ടില്ല. മറിച്ച്, അത് രാഷ്ട്രത്തിന്‍െറ സൗഹൃദാന്തരീക്ഷ അടിത്തറ തകര്‍ക്കുകയും ചെയ്തു. വീണ്ടും പശു വരുന്നു. രാഷ്ട്രത്തിന്‍െറ ഭാവി എന്താകും?
ബാബരി മസ്ജിദ് പ്രശ്നത്തിലൂടെയും ഗോസംരക്ഷണത്തിലൂടെയും ബി.ജെ.പി സമൂഹത്തിന്‍െറ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നത്. ഹിന്ദു വോട്ട് വിഭാഗീയതയിലൂടെ തെരഞ്ഞെടുപ്പില്‍ നേട്ടങ്ങള്‍ കൊയ്തിട്ടുണ്ട്. 1947 ലെ ഇന്ത്യ-പാക് വിഭജനം മതത്തിന്‍െറ പേരില്‍ സൃഷ്ടിച്ച ഭിന്നിപ്പ് ബി.ജെ.പി വീണ്ടും ജനമനസ്സുകളില്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഇത് ആപത്കരമാണ്. നിയമപരമായും ഭരണഘടനാപരമായും പ്രശ്നങ്ങള്‍ തീര്‍ക്കണം. ഉദാഹരണത്തിന് പശുവിനെ ആരെങ്കിലും കൊന്നിട്ടുണ്ടെങ്കില്‍ അതിനെ പ്രതിരോധിക്കാന്‍ നിയമമുണ്ട്. കുറ്റവാളികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും കോടതി ശിക്ഷ നടപ്പാക്കുകയും ചെയ്യുക. ഹിന്ദുത്വ സംഘടനകള്‍ക്ക് നിയമം കൈയിലെടുക്കാനും ജനങ്ങളെ മര്‍ദിക്കാനും എന്താണവകാശം?


ഭീകരതയുടെയും നക്സലിസത്തിന്‍െറയും കാര്യത്തില്‍ സദാചാരനിലപാടെടുക്കുന്നവര്‍ക്ക് ദേശീയതയുടെ പേരില്‍ അക്രമം അഴിച്ചുവിടാമെന്നത് അംഗീകരിക്കാനാവില്ല. അത് മഹാത്മാഗാന്ധിയുടെ കൊലപാതകത്തിലാകട്ടെ, മുഹമ്മദ് അഖ് ലാക്കിന്‍െറ കാര്യത്തിലാകട്ടെ, അവര്‍ സ്വയം അക്രമത്തെ നിരന്തരമായി സ്വീകരിക്കുകയും ഭീകരതയെയും നക്സലിസത്തെയും വിമര്‍ശിക്കുകയും ചെയ്യുന്നു. ബി.ജെ.പി അഴിച്ചുവിടുന്ന അക്രമങ്ങള്‍ പ്രതിഷേധമര്‍ഹിക്കുന്നു. ഹിംസ തെറ്റാണെങ്കില്‍ എല്ലാ തരത്തിലുള്ള ഹിംസയും തെറ്റാണ്. ദേശീയതയുടെ പേരിലുള്ള അതിക്രമങ്ങള്‍ ശരിയാണെന്ന വാദം അംഗീകരിക്കാന്‍ സാധിക്കില്ല.

ഉപയോഗിക്കുന്നതും സംഭരിക്കുന്നതും തടയാനാണ് വലിയ തുക നോട്ടുകളായ 500ഉം 1000വും പിന്‍വലിച്ചതെങ്കില്‍ പിന്നെന്തിനാണ് വലിയ തുക നോട്ടുകളായ 2000വും 500 ഉം വീണ്ടും കൊണ്ടുവന്നത്? ഇത് സര്‍ക്കാറിന്‍െറ ഉദ്ദേശ്യത്തെയാണ് ചോദ്യംചെയ്യുന്നത്. വളരെ പെട്ടെന്നുതന്നെ പുതിയ നോട്ടുകളുടെ കള്ളപ്പണം വിപണിയെ കീഴ്പെടുത്തുമെന്നതില്‍ സംശയമില്ല. അതുകൊണ്ടുതന്നെ നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനത്തിനു മുമ്പ് ബി.ജെ.പി എല്ലാ കള്ളപ്പണവും മാറ്റിയെന്നുള്ള ആരോപണം കുറച്ചെങ്കിലും സത്യമായിരിക്കും. ഈ നീക്കം വരുന്ന യു.പി തെരഞ്ഞെടുപ്പില്‍ എതിരാളികള്‍ക്കെതിരെയുള്ള ഒരു നേട്ടമായി അവര്‍ കണക്കാക്കുന്നുണ്ടാകണം. സര്‍ക്കാര്‍ തലങ്ങളില്‍ അഴിമതി ഇല്ലാതാക്കുമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് മത്സരങ്ങള്‍ക്കായുള്ള കള്ളപ്പണം ഉപയോഗിക്കല്‍ നിര്‍ത്തുമെന്നത് ഭാവനാതീതമാണ്.

സാധാരണ കള്ളപ്പണം തെരഞ്ഞെടുപ്പിനായി വിനിയോഗിക്കുന്നുവെന്നത് അറിയപ്പെട്ട സത്യമാണ്. കഴിഞ്ഞ യു.പി തെരഞ്ഞെടുപ്പില്‍, തെരഞ്ഞെടുപ്പ് കമീഷന്‍ ചെലവ് പരിധി 16 ലക്ഷം ആക്കിയിരിക്കുമ്പോഴും ബി.എസ്.പി, സമാജ്വാദി പാര്‍ട്ടി, ബി.ജെ.പി, കോണ്‍ഗ്രസ് എന്നീ നാല് വന്‍പാര്‍ട്ടികളും ശരാശരി 125 കോടി ചെലവഴിക്കുമെന്ന് ഹിന്ദുസ്താന്‍ ദിനപത്രം പ്രവചിച്ചിരുന്നു. അതായത്, 125 കോടിയിലേറെ കള്ളപ്പണം ഉപയോഗിക്കുമെന്ന്. രാഷ്ട്രീയക്കാര്‍ കള്ളപ്പണം ഉപയോഗിക്കുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. ഏതെങ്കിലും രാഷ്ട്രീയക്കാരോ പാര്‍ട്ടി പ്രസിഡന്‍റുമാരോ നോട്ട് മാറ്റിയെടുക്കാന്‍ ബാങ്കില്‍ പോയതായി പറഞ്ഞുകേട്ടിട്ടില്ല. അതുകൊണ്ടുതന്നെ പാര്‍ട്ടികള്‍ എന്താണ് ചെയ്യുന്നതെന്ന് വിശകലനം ചെയ്യേണ്ടിയിരിക്കുന്നു. കാരണം തെരഞ്ഞെടുപ്പില്‍ കള്ളപ്പണം ഉപയോഗിക്കുന്നത് തടയാതെ കള്ളപ്പണം ഇല്ലാതെയാക്കാന്‍ സാധിക്കില്ല. സാധാരണ ജനങ്ങള്‍ നിക്ഷേപിക്കാന്‍ കൊണ്ടുവരുന്ന 2.5 ലക്ഷം രൂപയുടെമേല്‍ രൂക്ഷമായ നിബന്ധനകള്‍വെച്ച സര്‍ക്കാര്‍, കാറില്‍ 3.5 ലക്ഷം രൂപയുടെ പഴയ കറന്‍സിയുമായി പിടികൂടിയ മഹാരാഷ്ട്ര സഹകരണ മന്ത്രി സുഭാഷ് ദേശ്മുഖിനെതിരെ ഒരു നടപടിയുംസ്വീകരിച്ചില്ല.

പൊതുജനം വലയുമ്പോള്‍ വമ്പന്മാര്‍ പലതരത്തില്‍ തങ്ങളുടെ കള്ളപ്പണം വെളുപ്പിക്കുകയും ഉപയോഗ യോഗ്യമാക്കുകയും ചെയ്തു. ജനങ്ങളെ വരിയില്‍ നിര്‍ത്താന്‍ നിര്‍ബന്ധിതമാക്കിയതുകൊണ്ട് സര്‍ക്കാര്‍ സമയം നഷ്ടപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. ഡോ.റാം മനോഹര്‍ ലോഹ്യയുടെ വീക്ഷണപ്രകാരം സമ്പന്നരുടെ വരുമാനം പാവപ്പെട്ടവരെക്കാള്‍ പത്തു തവണ മാത്രമേ കൂടാന്‍ പാടുള്ളൂ. അതൊരു നല്ല മാനദണ്ഡമായി അംഗീകരിക്കപ്പെട്ടതുമാണ്. അവശ്യസാധനങ്ങളുടെ വിലയ്ക്കുമേലുള്ള നിയന്ത്രണവും വിദ്യാഭ്യാസ ആരോഗ്യ മേഖലകളുടെ സ്വകാര്യവത്കരണവും ജനങ്ങളെ പരിമിതമായ വരുമാനത്തില്‍ ജീവിക്കാന്‍ പ്രാപ്തരാക്കുന്നതാണ്. എന്നാല്‍, തെരഞ്ഞെടുപ്പുകള്‍ക്ക് കള്ളപ്പണമുപയോഗിക്കുന്ന നടപടി എങ്ങനെ നിര്‍ത്തലാക്കുമെന്നതാണ് യഥാര്‍ഥ ചോദ്യം. നമ്മുടെ തെരഞ്ഞെടുപ്പ് കമീഷനും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും തയാറാകുമോ?

രാജ്യാന്തരതലത്തില്‍ ശ്രദ്ധേയനായ സാമൂഹിക പ്രവര്‍ത്തകനും ഗാന്ധിയനുമാണ് ഡോ. സന്ദീപ് പാണ്ഡെ. 2002ലെ മഗ്സാസെ അവാര്‍ഡ് ജേതാവ്. സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെയും എന്‍.എ.പി.എമ്മിന്‍െറയും ദേശീയ കണ്‍വീനര്‍. Asha for Education എന്ന സംഘടനയുടെ സ്ഥാപകന്‍കൂടിയാണ്. യു.പി.എ ഭരണകാലത്ത് നിലവില്‍ വന്ന വിവരാവകാശ നിയമം -2005ന്‍െറ രൂപകല്‍പനയില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

1965 ജൂലൈ 22ന് ജനിച്ച സന്ദീപ് പാണ്ഡെ ബനാറസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, സിറാകൂസ് സര്‍വകലാശാല എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. കാലിഫോര്‍ണിയ സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടി. 1992ല്‍ കാണ്‍പൂര്‍ ഐ.ഐ.ടിയില്‍ അധ്യാപകനായി. 2005ല്‍ ന്യൂഡല്‍ഹിയില്‍നിന്ന് മുള്‍ട്ടാനിലേക്ക് നടന്ന ഇന്ത്യ-പാക് സമാധാന മാര്‍ച്ച് നയിച്ചത് സന്ദീപ് പാണ്ഡെയായിരുന്നു. ലഖ്നോവിലാണ് താമസം. അരുന്ധതി ധുരുവാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

(അഭിമുഖത്തിന്‍റെ പൂര്‍ണരൂപം ഈ ലക്കം 'മാധ്യമം' ആഴ്ചപ്പതിപ്പില്‍)

Show Full Article
TAGS:doctor sandeep pandey Asha for Education 
Next Story