Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഷിൻ ന്യാൻ ക്വയ് ല്...

ഷിൻ ന്യാൻ ക്വയ് ല് (പുതുവത്സരാശംസകൾ)

text_fields
bookmark_border
ഷിൻ ന്യാൻ ക്വയ് ല് (പുതുവത്സരാശംസകൾ)
cancel
camera_alt

മെക്സികോ നഗരത്തിലെ ചൈന ടൗണിൽ നടന്ന ചൈനീസ് പുതുവർഷാഘോഷത്തിൽ ഈ വർഷത്തെ ഭാഗ്യ മൃഗമായ മുയലിനെയേന്തി ആഹ്ലാദം പ്രകടിപ്പിക്കുന്ന

യുവതി                

ലോകത്തിന്റെ ഏതു കോണിൽ പോയാലും ഇലയിട്ട സദ്യയും പായസവും കഴിച്ച് മലയാളി ഓണം കൊണ്ടാടുന്നതുപോലെ ലോകമൊട്ടുക്കുമുള്ള ചൈനക്കാരും ലൂണാർ ന്യൂ ഇയർ ആഘോഷിക്കും. മിക്ക രാജ്യങ്ങളിലും ‘ചൈന ടൗൺ’ തന്നെയുണ്ട്. അത്തരത്തിൽ പുതുവത്സരത്തലേന്ന് ആഘോഷനിറവിൽ നിൽക്കെയാണ് കാലിഫോർണിയയിലെ ഒരു 72കാരൻ ആക്രമി ചൈനക്കാർക്കുനേരെ വെടിയുതിർത്തത്. 10 പേരാണ് അന്ന് കൊല്ലപ്പെട്ടത്

കലണ്ടറിൽനിന്ന് ഡിസംബർ 31 അപ്രത്യക്ഷമായി പകരം, ജനുവരി ഒന്ന് വെളിവാകുന്ന പുത്തൻ കലണ്ടർ ഇടംപിടിക്കുമ്പോഴാണല്ലോ ലോകം പുതുവർഷത്തിലേക്കു കടക്കുന്നത്. എന്നാൽ, ചൈനയിൽ നാട്ടുനടപ്പ് അൽപം വേറെയാണ്. ചാന്ദ്ര പുതുവത്സരം അഥവാ ലൂണാർ ന്യൂ ഇയർ ആണ് ഇവിടെ. എന്നുവെച്ച് ചന്ദ്രപ്പിറവിയനുസരിച്ച് മാസം കണക്കാക്കുന്ന ഹിജറ കലണ്ടർപോലെയുമല്ലിത്.

ചൈനക്കാരുടെ ചാന്ദ്ര പുതുവർഷ തീയതി കൊല്ലംതോറും മാറും. അതനുസരിച്ച് 2023ലെ ന്യൂ ഇയർ ജനുവരി 22നായിരുന്നു. തീയതികൾ മാത്രമേ മാറൂ, ആഘോഷങ്ങളും പാരമ്പര്യങ്ങളും ആചാരങ്ങളും വിശ്വാസവും എല്ലാം ഒന്നുതന്നെ. ചൈനീസ് സോഡിയാക് ചിഹ്നങ്ങൾ അനുസരിച്ച് ഓരോ വർഷവും ഓരോ മൃഗത്തിനായി പകുത്തേകിയിരിക്കുകയാണ്.

2023 മുയൽ വർഷമാണ്. സമാധാനത്തിന്റെ, ക്ഷമയുടെ, സൗഭാഗ്യത്തിന്റെ അടയാളമാണ് മുയൽ. അതിനാൽ, സമൃദ്ധവും ശാന്തവുമായ ഒരു ജീവിതം ഈ വർഷം മുഴുക്കെ ലഭ്യമാവുമെന്ന വിശ്വാസത്തിലാണ് ജനങ്ങൾ.

‘സ്പ്രിങ് ഫെസ്റ്റിവൽ’ എന്നൊരു പേരുകൂടിയുണ്ടിതിന്. 1914ലാണ് ഈ പേര് നിലവിൽവന്നത്. 1912ൽ, റിപ്പബ്ലിക് ഓഫ് ചൈന രൂപവത്കരിക്കപ്പെട്ടപ്പോൾ ജനുവരി ഒന്നിന് പുതുവർഷം ആരംഭിക്കുന്ന ജോർജിയൻ കലണ്ടർകൂടി കണക്കിലെടുക്കാൻ അധികാരികൾ നിർബന്ധിതരായി.

എന്നാൽ, സാമ്പ്രദായിക പുതുവത്സരപ്പിറ കൈയൊഴിയാൻ ഭരണകൂടത്തിനായില്ല. അതിനാൽ, സ്വന്തം ആഘോഷങ്ങൾക്ക് ‘സ്പ്രിങ് ഫെസ്റ്റിവൽ’ എന്ന പുതിയൊരു നാമം നൽകുകയായിരുന്നു.

കോവിഡ് ആക്രമണത്തിനുശേഷമുള്ള ആദ്യത്തെ സന്തോഷ പുതുവർഷമാണ് ചൈനക്ക്. ഇക്കഴിഞ്ഞ മൂന്നു വർഷങ്ങളിലും പുതുവർഷം വന്നതേ അറിയാത്ത മട്ടിൽ, അടച്ചിട്ട ജീവിതമായിരുന്നല്ലോ. രാജ്യത്തെ മുഴുവൻ സ്ഥാപനങ്ങൾക്കും അവധിയാവുന്ന, 15 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവനാളുകൾ ചൈനയിൽ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു.

രാജ്യമൊട്ടാകെ ചുവപ്പു പുതച്ചു. മുയൽ രൂപങ്ങൾ പാർക്കിലും ഷോപ്പിങ് മാളുകളിലും കെട്ടിടങ്ങളുടെ മുൻവശങ്ങളിലും പതിപ്പിച്ചിട്ടുണ്ട്‌. വീടുകളുടെയും ഫ്ലാറ്റുകളുടെയും കതകുകളിൽ, സൗഭാഗ്യം എന്നർഥമുള്ള ‘ഫു’ എന്ന ചൈനീസ് ഈരടി, ചുവപ്പ് കടലാസിൽ വലുതാക്കി എഴുതി ഒട്ടിക്കും.

അതുപോലെ ‘ഗുഡ് ഫാമിലി’, ‘ഗുഡ് ഹെൽത്ത്’ തുടങ്ങിയ അർഥമുള്ള ചൈനീസ് വാചകങ്ങളും കാണാം. പാർക്കുകളിലും കടകളുടെ മുന്നിലുമെല്ലാം ഡ്രാഗൺ ഡാൻസും ലയൺ ഡാൻസും തകൃതി. സൗഭാഗ്യം കൊണ്ടുവരുകയും ദൗർഭാഗ്യത്തെ തുടച്ചുനീക്കുകയും ചെയ്യുന്നു ഈ കലാരൂപങ്ങൾ എന്നാണ് വിശ്വാസം.

ആയോധനകലയിലെ പല അടവുകളും ഉൾക്കൊള്ളിച്ചിട്ടുണ്ട് ഇവയിൽ. കുത്തിയുറപ്പിച്ചിട്ടുള്ള നീളൻ ഇരുമ്പ് പോളുകളിലേക്ക് ഓടിക്കയറുന്ന നർത്തകരുടെ മെയ്‌വഴക്കം കാണേണ്ടതുതന്നെ. ഉച്ചത്തിലുള്ള പെരുമ്പറകൊട്ടിന്റെയും ഇലത്താളത്തിന്‍റെയും അകമ്പടിയുണ്ടാവും.

ഒറ്റനോട്ടത്തിൽ വിദേശികൾക്ക് ഈ രണ്ടു നൃത്തരൂപങ്ങളും ഒരുപോലെ തോന്നിയേക്കാം. ലയൺ ഡാൻസിൽ തല ഭാഗത്ത് ഒരാളും വാൽ ഭാഗത്ത് മറ്റൊരാളും മാത്രമേയുണ്ടാവൂ. കാലുകൾ ഒഴികെ മറ്റൊന്നും വെളിയിൽ കാണില്ല. ഡ്രാഗൺ ഡാൻസിൽ അങ്ങനെയല്ല, ചുരുങ്ങിയത് ഒമ്പതു പേരുണ്ടാവും. ബ്രൂസ് ലീയുടെ ജന്മനാടായ, സൗത്ത് ചൈനയിലെ ഫോഷാനാണ് ഈ നൃത്തരൂപങ്ങൾക്കു പേരുകേട്ടയിടം.

മിക്കവരും പുതുവത്സരദിനം ചുവപ്പുവസ്ത്രങ്ങൾ അണിയും. ഭംഗിയുള്ള റെഡ് പാക്കറ്റുകളിലാക്കി, ചുളിവുകളില്ലാത്ത കറൻസി നോട്ടുകൾ പരസ്പരം സമ്മാനമായി നൽകും. എത്ര വലിയ തുക നൽകിയാലും ശരി, നാലിൽ അവസാനിക്കുന്ന സംഖ്യയാവരുത്. കാരണം, നാല് എന്നതിന്റെ മാൻഡറിൻ വാക്കായ ‘സ്’, മരണമെന്ന വാക്കിനോട് ഉച്ചാരണത്തിൽ ഏകദേശ സാദൃശ്യം പുലർത്തുന്നുണ്ട്.

പിന്നെ അന്നേ ദിവസം കുളിക്കരുത്, അകം പുറം അടിച്ചുതൂക്കരുത് തുടങ്ങിയ ആചാരങ്ങളും നിലവിലുണ്ട്. പുതുതലമുറയിൽ ഉള്ളവരിൽ ചിലരെങ്കിലും ഇതെല്ലാം ഇപ്പോഴും പിന്തുടരുന്നു. പുതുവർഷത്തലേന്ന് മീൻ കഴിക്കുന്നത് അഭിവൃദ്ധി നൽകും എന്നത് തെക്കൻ ചൈനക്കാരുടെ വിശ്വാസമാണെങ്കിൽ, ‘ഡംബ്ലിങ്സ്’ എന്ന, വട്ടത്തിൽ പരത്തിയ മൈദമാവിനുള്ളിൽ ഇറച്ചിയോ മുട്ടയോ നിറച്ച് ആവിയിൽ വേവിക്കുന്ന ‘മോമോസ്’ പോലുള്ള വിഭവമാണ് വടക്കുള്ളവർ നിർബന്ധമായും അന്നേ രാത്രിയിൽ കഴിക്കുക.

പതിവില്ലാത്തവിധം ആവേശത്തിലാണ് ഇക്കുറി ജനങ്ങൾ. മൂന്നു വർഷത്തിലേറെയായി സ്വന്തം ഗ്രാമങ്ങളിലേക്കു പോകാനാകാതെ, ഉറ്റവരെയും ഉടയവരെയും കാണാനാകാതെ കഴിച്ചുതീർത്ത ദുരിതകാലത്തെ മറന്ന് അവർ പരസ്പരം ആശംസകൾ കൈമാറുന്നു.

ഏഴു വയസ്സായ മകനുമൊത്ത് പുതുവർഷം ആഘോഷിക്കാൻ കൊതിയോടെ കാത്തിരിക്കുന്ന സുഹൃത്ത് പറയുന്നു, നാലാം വയസ്സിലല്ലേ അവൻ അവസാനമായി ആഘോഷിച്ചത്, എല്ലാം മറന്നുപോയിട്ടുണ്ടെന്ന്. മകനുവേണ്ടി സുന്ദരമായ ഓർമകൾ ഉണ്ടാക്കിക്കൊടുക്കുകയാണ് സുഹൃത്തിന്റെ ഇത്തവണത്തെ ഏകലക്ഷ്യം. ജോലിയാവശ്യാർഥം വിദൂര പ്രവിശ്യകളിലേക്ക് കുടിയേറിയവരെല്ലാം ജന്മനാടുകളിലേക്കു പോകും.

ലോകത്തിലെതന്നെ ഏറ്റവും വലിയ ദേശാന്തര പര്യടനം നടക്കുന്നത് ഈ പുതുവത്സര അവധികളിലാണ്. ‘ച്വൊൻയുൻ’ എന്നാണ് ഈ യാത്രകളെ വിശേഷിപ്പിക്കുന്നത്. ‘സ്പ്രിങ് ഫെസ്റ്റിവൽ ഗാല’ എല്ലാ കൊല്ലവും ലൂണാർ ന്യൂ ഇയർ സമയത്ത് ടി.വിയിലുണ്ടാവും. നാലു മണിക്കൂർ തുടർച്ചയായ ഈ ഗാല, ലോകത്തിൽ ഏറ്റവും ദൈർഘ്യമേറിയ ടി.വി ഷോയുംകൂടിയാണ്.

പൊതു പാർക്കുകളിൽ പുതുവർഷദിവസങ്ങളിൽ എൻട്രൻസ് ഫീസ് ആവശ്യമില്ല. നൂറും ഇരുനൂറും യുവാൻ ചാർജുള്ള ടോൾബൂത്തുകളിൽ വാഹനങ്ങൾക്കുള്ള പ്രവേശനം തീർത്തും സൗജന്യം. ഇപ്രകാരം ഭരണകൂടം പ്രദാനംചെയ്യുന്ന കൊച്ചു കൊച്ചു പരിഗണനകളിൽപോലും സംതൃപ്തി കണ്ടെത്തുന്നവരാണ് ചൈനക്കാർ.

ലോകത്തിന്റെ ഏതു കോണിൽ പോയാലും ഇലയിട്ട സദ്യയും പായസവും കഴിച്ച് മലയാളി ഓണം കൊണ്ടാടുന്നതുപോലെ ലോകമൊട്ടുക്കുമുള്ള ചൈനക്കാരും ലൂണാർ ന്യൂ ഇയർ ആഘോഷിക്കും. മിക്ക രാജ്യങ്ങളിലും ‘ചൈന ടൗൺ’ തന്നെയുണ്ട്. അത്തരത്തിൽ പുതുവത്സരത്തലേന്ന് ആഘോഷനിറവിൽ നിൽക്കെയാണ് കാലിഫോർണിയയിലെ ഒരു 72കാരൻ ആക്രമി ചൈനക്കാർക്കുനേരെ വെടിയുതിർത്തത്. 10 പേരാണ് അന്ന് കൊല്ലപ്പെട്ടത്.

എല്ലാ പുതുവർഷത്തലേന്നും മുടങ്ങാതെ കേട്ടുപോരുന്ന ഒരു ചൈനീസ് നാടോടിക്കഥകൂടി കുറിച്ചിട്ട് ഇത്തവണത്തെ ഡയറി ചുരുക്കാം: ആയിരക്കണക്കിന് വർഷങ്ങൾക്കുമുമ്പ് ന്യാൻ എന്നൊരു സത്വം ചൈനയിൽ ജീവിച്ചിരുന്നുവത്രെ. കടൽജീവിയായ ന്യാൻ പുതുവർഷത്തലേന്ന് രാത്രിയിൽ ദേശമെങ്ങും ഇറങ്ങും.

ഗ്രാമവാസികളെ പേടിപ്പിക്കുകതന്നെ മുഖ്യലക്ഷ്യം. ചകിതരായ ജനങ്ങൾ ന്യാനെ പേടിച്ച് തൊട്ടടുത്ത മലമുകളിലേക്കു പോവുക പതിവായി. ഏതു വിധേനയെങ്കിലും ഇതിനെ ഓടിക്കാനുള്ള വഴി അന്വേഷിക്കാൻ ഗ്രാമത്തലവൻ ഉത്തരവിട്ടത് അങ്ങനെയാണ്. ഏതു കൂട്ടത്തിലും ഒരു ബുദ്ധിമാൻ കാണുമല്ലോ.

ഉറക്കെയുള്ള ശബ്ദം, അഗ്നി എന്നിവ ന്യാനെ ഭയപ്പെടുത്തിയേക്കാം എന്ന ചിന്ത അയാൾ ഗ്രാമവാസികളുമായി പങ്കുവെച്ചു. ആ പുതുവർഷത്തലേന്ന് ഭീകരനെ നേരിടാനായി ഗ്രാമങ്ങൾ മുഴുക്കെ പന്തം കൊളുത്തിവെച്ചും പടക്കംപൊട്ടിച്ചും പെരുമ്പറ കൊട്ടിയും കാത്തിരുന്നു.

ലക്ഷ്യം പിഴച്ചില്ല; ആ ക്ഷുദ്രജീവി ഓടിയകന്നു. മറ്റൊരു കാര്യംകൂടി ജനങ്ങൾ ശ്രദ്ധിച്ചത് ചുവപ്പൻ നിറത്തെ ന്യാൻ വല്ലാതെ പേടിച്ചുവെന്നതാണ്. ‘ന്യാൻ’ എന്നാൽ വർഷം എന്നർഥം. ഓരോ കൊല്ലവും ഇത് കേൾക്കുമ്പോൾ, മഹാബലിയെയും വാമനനെയുംകുറിച്ച് വെറുതെ ഓർക്കും. ഐതിഹ്യത്തെ കോർത്തുപിടിച്ചല്ലാതെ ഈ ലോകത്ത് സംസ്കാരത്തിന് നിലനിൽപില്ലല്ലോ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinalunar new year
News Summary - chinas lunar new year
Next Story