Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightകൊകേഷ്യൻ...

കൊകേഷ്യൻ രക്തച്ചൊരിച്ചിൽ; ഇരുഭാഗത്തും അണിനിരക്കുന്നത്​ വൻ ശക്​തികൾ

text_fields
bookmark_border
കൊകേഷ്യൻ രക്തച്ചൊരിച്ചിൽ; ഇരുഭാഗത്തും അണിനിരക്കുന്നത്​ വൻ ശക്​തികൾ
cancel

അസർബൈജാൻ - അർമീനിയൻ സംഘർഷം കൊകേഷ്യൻ മേഖലയിൽ വീണ്ടും രക്തച്ചൊരിച്ചിലിനു കാരണമായിരിക്കുന്നു. പ്രാദേശിക സഖ്യശക്തികളുടെ സാന്നിധ്യവും സാമിപ്യവും സങ്കീർണമായ രാഷ്ട്രീയ സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിൽ പതിറ്റാണ്ടുകളായി തുടരുന്ന ശത്രുതയുടെ കാരണങ്ങളും നിലവിലെ സ്​ഥിതിഗതികളും വിശകലനം ചെയ്യുകയാണ്​ ലേഖകൻ.

ജൂലൈയിൽ അർമീനിയൻ ആക്രമണത്തിൽ അസർബൈജാനീ ജനറലും 20 പൗരന്മാരും കൊല്ലപ്പെട്ടതാണ് പുതിയ സംഘർഷത്തിനു നാന്ദി കുറിച്ചത്. പിന്നീട്​ സെപ്റ്റംബറിൽ ഇരുരാഷ്ട്രങ്ങൾക്കിടയിൽ നിലനിന്നിരുന്ന വെടിനിർത്തൽ കരാർ റദ്ദാക്കുകയും സംഘർഷം മൂർച്ഛിക്കുകയും ചെയ്തു. 2016ന്​ ശേഷമുള്ള രൂക്ഷമായ പ്രാദേശിക സംഘർഷമാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്. നാനൂറോളം സൈനികരും പൗരന്മാരുമാണ് ഇരു ഭാഗങ്ങളിലുമായി കൊല്ലപ്പെട്ടത്.


പ്രശ്​നമേഖലയായി നഗർനോ- കാരാബാഗ്

1920കളിൽ സോവിയറ്റ്​ യൂനിയനാണ് നഗർനോ- കാരാബാഗ് പ്രദേശത്തെ സ്വയം ഭരണ മേഖലയായി പ്രഖ്യാപിച്ചത്. 95 ശതമാനവും അർമീനിയൻ വംശജർ താമസിക്കുന്ന ഈ തന്ത്രപ്രധാന മേഖല അസർബൈജാനി​െൻറ അതിർത്തിക്കുള്ളിലാണ് നിലകൊള്ളുന്നത്. ഇരുരാജ്യങ്ങൾക്കിടയിലുള്ള പ്രതിസന്ധിക്ക്​ 1988 വരെ ഒരുപരിധി വരെയെങ്കിലും അയവുവരുത്താൻ സോവിയറ്റ്​ ഭരണകൂടത്തിന്​ കഴിഞ്ഞിരുന്നു. അതേ വർഷം നഗർനോ- കാരാബാഗ് അർമീനിയക്കൊപ്പം ചേരാൻ തീരുമാനിച്ചത് രംഗം വഷളാക്കി.

1991ൽ സോവിയറ്റ് യൂനിയൻ തകർന്നതോടെ ഈ പ്രദേശം സ്വയം ഭരണാധികാരം പ്രഖ്യാപിച്ചത് ഇരുരാജ്യങ്ങൾക്കുമിടയിൽ രക്തച്ചൊരിച്ചിലിനും അഭയാർഥി പ്രവാഹത്തിനും ഇടയാക്കി. 1993ൽ അർമീനിയ നഗർനോ- കാരാബാഗ് മേഖലയും അസർബൈജാനി​െൻറ 20 ശതമാനം അതിർത്തി പ്രദേശങ്ങളും കീഴടക്കി. 1994ൽ റഷ്യയുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ കരാറിന്​ തയ്യാറായത് സമാധാന അന്തരീക്ഷം സൃഷ്​ടിച്ചു. എങ്കിലും പിന്നീടും പലഘട്ടങ്ങളിലുമായി സൈനികാക്രമണങ്ങൾ തുടർന്നു.


പതിവ്​ തെറ്റിച്ച സഖ്യ സമവാക്യങ്ങൾ

കൊകേഷ്യൻ മേഖലയിലെ സംഘർഷം അതിസങ്കീർണമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. പശ്ചിമേഷ്യൻ പ്രാദേശിക രാഷ്ട്രീയത്തിലെ സാധാരണ ശാക്തിക സന്തുലനത്തി​െൻറ വിപരീത ദിശയിലുള്ള പശ്ചാത്തലമാണ് അവിടെ രൂപപ്പെട്ടിട്ടുള്ളത്. തുർക്കിയും ഇസ്രായേലും അസർബൈജാനിനെ പിന്തുണക്കുമ്പോൾ ഇറാനും സൗദി അറേബ്യയും അർമീനിയൻ ചേരിയിലാണ് നിലകൊള്ളുന്നത്. അർമീനിയയിൽ സൈനിക താവളമുള്ള റഷ്യ ഇരു രാഷ്ട്രങ്ങളുമായി ആയുധവ്യാപാരം തുടരുന്നതിനാൽ സമാധാന ചർച്ചകൾക്കാണ് പ്രാമുഖ്യം നൽകുന്നത്.

ചർച്ചയാകാ​െത അർമീനിയൻ മിലിറ്റൻറുകൾ

അർമീനിയൻ സഹായത്തോടെ അസർബൈജാനിലെ അർമീനിയൻ മിലിറ്റൻറുകൾ നടത്തുന്ന ആക്രമണ പരമ്പരക്ക്​ പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാൽ, വിവാദമായ അർമീനിയൻ കൂട്ടക്കൊലയുടെ ചരിത്രം മുന്നിലുള്ളതിനാൽ അസർബൈജാൻ പ്രദേശങ്ങളിൽ അർമീനിയ നടത്തുന്ന ആക്രമണങ്ങളും കൊലപാതകങ്ങളും ചർച്ച ചെയ്യപ്പെടുന്നില്ല എന്നതും വസ്തുതയാണ്. മുപ്പത്​ വർഷത്തോളമായി അർമീനിയയുടെ സൈനിക ഇടപെടലുകൾ പ്രാദേശിക സംഘർഷം മൂർച്ഛിക്കാൻ കാരണമായിട്ടുണ്ട്. അർമീനിയൻ മിലിറ്റൻറുകളിൽനിന്നും കാരാബാഗ്​ മോചിപ്പിക്കുക എന്നാവശ്യപ്പെട്ട്​ യു.എൻ രക്ഷാ സമിതി നാല്​ പ്രമേയങ്ങൾ പാസാക്കിയെങ്കിലും പ്രതിഫലനങ്ങളൊന്നും ഉണ്ടായില്ല.



തുർക്കിയും ഇസ്രായേലും അസർബൈജാനൊപ്പം

തുർക്കിക്ക്​ അസർബൈജാനിൽ സ്വാധീനം വർധിപ്പിക്കുന്നതിൽ നിയതമായ പ്രാദേശിക രാഷ്ട്രീയ ലക്ഷ്യമുണ്ട്. ഇസ്രായേലി​െൻറ അസർബൈജാനിലെ നയതന്ത്ര ഇടപാടുകളും സൈനിക ഇടപാടുകളും ഇല്ലാതാക്കാനുള്ള സുപ്രധാന നീക്കം കൂടിയാണിത്​. സൈനിക സാമഗ്രികളുടെ ഉത്പാദനത്തിൽ മാത്സര്യം കാഴ്ചവെക്കുന്ന തുർക്കി, ഇസ്രായേലിന്​ പകരമാകാനുള്ള ശ്രമത്തിലാണ്​. സംസ്കാരിക പൈതൃകവും അതിർത്തിയും ചരിത്രവും പങ്കുവെക്കുന്ന അസർബൈജാനും തുർക്കിയും അർമീനിയൻ വിഷയത്തിൽ ഏകാഭിപ്രായക്കാരാണെന്നതും ഈ പ്രാദേശിക രാഷ്ട്രീയ വടംവലിയിൽ ഗൗരവമാർന്ന വിഷയമാണ്. ഇസ്രായേലി​െൻറ സ്വാധീനം കുറച്ചു കൊണ്ടുവരുന്നതിലൂടെ അമേരിക്കൻ ഇടപെടൽ ഇല്ലാതാക്കാമെന്നും അവർ കരുതുന്നു.

2010 മുതലാണ് ഇസ്രായേലും അസർബൈജാനും അമേരിക്കൻ പിന്തുണയോടെ സ്ട്രാറ്റജിക് സഖ്യം രൂപപ്പെടുത്തിയത്. ഇറാൻ്റെ പ്രാദേശിക നയങ്ങളോട്​ എതിർപ്പു പ്രകടിപ്പിക്കുന്ന മുസ്​ലിം രാജ്യങ്ങളെക്കുറിച്ച അന്വേഷണമാണ് ഇസ്രായേലിനെ അസർബൈജാനുമായി സഖ്യമുണ്ടാക്കുന്നതിൽ എത്തിച്ചത്. അർമീനിയ -റഷ്യ -ഫ്രാൻസ് ചേരിയെ നാറ്റോ അംഗം എന്ന പദവി ഉപയോഗപ്പെടുത്തി ചെറുക്കാനും തുർക്കിക്കു കഴിയുന്നു. പശ്​ചിമേഷ്യ- ഉത്തരാഫ്രിക്കൻ രാഷ്ട്രീയത്തിലെ സുപ്രധാന ഭാഗമെന്ന നിലയിൽ പരാമർശിക്ക​പ്പെടാറുള്ള മുസ്​ലിം വിഭാഗീയത അസർബൈജാൻ - അർമീനിയൻ പ്രതിസന്ധിയിൽ ദൃശ്യമല്ല എന്നതും ശ്രദ്ധേയമാണ്.

ഇറാനും സൗദിയും ഒരു ചേരിയിൽ

പശ്ചിമേഷ്യൻ പ്രാദേശിക രാഷ്ട്രീയത്തിൽ ഭിന്നചേരിയിലുള്ള ഇറാനും സൗദി അറേബ്യയും അസർബൈജാൻ വിരുദ്ധ ചേരിയിലുള്ളതും തുർക്കിയുടെ സ്വാധീനത്തിന്​ വെല്ലുവിളിയുയർത്തുന്നുണ്ട്. കൂടാതെ, ഗൾഫ്​ രാഷ്ട്രങ്ങളുമായുള്ള പുതിയ കരാറുകൾ ഇസ്രായേലി​െൻറ അസർബൈജാനുമായുള്ള ബന്ധം കുറക്കാൻ സാധ്യതയേറുന്നുമുണ്ട്. അസർബൈജാനിന്റെ എണ്ണസമ്പത്തിനെയാണ്​ ഇസ്രായേൽ ആശ്രയിക്കുന്നത്​. എന്നാൽ, പുതിയ കരാറുകൾ ഇസ്രായേലിനെ നയംമാറ്റത്തിന് പ്രേരിപ്പിക്കുമെന്ന്​​​ വിദേശനാണ്യ വിദഗ്ധർ നീരീക്ഷിക്കുന്നത് ഈ സാഹചര്യത്തിലാണ്. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ഇസ്രായേലി​െൻറ വിദേശനയങ്ങളിൽ കാതലായ മാറ്റം പ്രതീക്ഷിക്കാം.

തുർക്കി പ്രസിഡൻറ്​ റജബ് ത്വയ്യിബ് ഉർദുഗാൻ, സഖ്യ കക്ഷി എം.എച്ച്​.പി, മിരാൽ അക് ശെനർ അടക്കമുള്ള മറ്റു രാഷ്ട്രീയ നേതാക്കൾ അസർബൈജാൻ - അർമീനിയൻ വിഷയത്തിൽ നിരന്തര ഇടപെടലുകൾ നടത്തുന്നത്​ തുർക്കിയുടെ സജീവ സാന്നിധ്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ്​. സ്വാഭാവികമായും സൗദി അറേബ്യയും തുർക്കിയും ഈ വിഷയത്തിലും വിരുദ്ധ ചേരിയിലാണ് അണിനിരക്കുന്നത്. സംഘർഷത്തിൽ തുർക്കി ഇടപെടുന്നത്​ അന്താരാഷ്ട്ര സമൂഹം തടയണമെന്ന്​ ആവശ്യപ്പെട്ട്​ അർമീനിയൻ പ്രസിഡൻറ്​ സർകിസിയൻ സൗദി അറേബ്യയുടെ അൽ- അറബിയ ചാനലിൽ നടത്തിയ പ്രസംഗവും യു.എ.ഇ മീഡിയ പ്രസിദ്ധീകരിക്കുന്ന തുർകി വിരുദ്ധ വാർത്തകളും അവരുടെ രാഷ്ട്രീയ ചായ്​വ് വ്യക്തമാക്കുന്നുണ്ട്. അർമീനിയയുമായി സൗദിക്ക്​ നിലവിൽ നയതന്ത്ര ബന്ധമൊന്നുമില്ലെങ്കിലും ബന്ധമൂട്ടിയുറപ്പിക്കാനുള്ള സാധ്യത വർധിക്കുന്നുണ്ട്​. യു.എ.ഇയും ബഹ്റൈനും സൗദി അറേബ്യയുടെ നേതൃത്വത്തിൽ തുർക്കിയെ പ്രാദേശികമായി ഒറ്റപ്പെടുത്താൻ ഈ സാഹചര്യം ഉപയോഗിക്കാനുള്ള സാധ്യതയും ഏറെയാണ്.

ഇറാ​െൻറ റഷ്യൻ ബന്ധം, അർമീനിയയുമായുള്ള വ്യാപാരബന്ധം, ഇറാനിൽ അസരീ-തുർക്കുകൾക്കിടയിൽ ശക്തിയാർജിക്കുന്ന തുർക്കിഷ് ദേശീയത, കൂടാതെ ഇസ്രയേലുമായുള്ള അസർബൈജാനി​െൻറ നയതന്ത്രബന്ധം എന്നിവയെല്ലാം എതിർചേരിയിൽ ചേരാൻ ഇറാനിനെ പ്രേരിപ്പിക്കുന്നു. അസർബൈജാൻ - അർമീനിയൻ സംഘർഷത്തിൽ താരതമ്യേന ഇറാൻ സമവായം ആഗ്രഹിക്കുന്നുണ്ടെങ്കിലും അസർബൈജാനിലെ തുർക്കിയുടെ സ്വാധീനവും സാന്നിധ്യവും കുറക്കുക എന്നത് അവരുടെ ആവശ്യമാണ്.


ഇന്ത്യ -പാക്​ നിലപാട്​

പാകിസ്താൻ അസർബൈജാനിനെയും ഇന്ത്യ അർമീനിയയെയുമാണ്​ ​ പിന്തുണക്കുന്നത്​. 40 മില്യൻ ഡോളറിൻ്റെ പ്രതിരോധ കരാറാണ് ഇന്ത്യയും അർമീനിയയും തമ്മിലുള്ളത്. റഷ്യയെ മാത്രം അവലംബിക്കാതെ ഇന്ത്യ പോലുള്ള രാജ്യങ്ങളുമായും ആയുധ ഇടപാടുകൾ നടത്താനുള്ള അർമീനിയയുടെ തീരുമാനം റഷ്യയുമായുള്ള ബന്ധത്തിൽ ഉലച്ചിലുണ്ടാക്കാം. അസർബൈജാൻ - തുർക്കി - പാകിസ്​താൻ ബന്ധം അർമീനിയയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യയെ പ്രേരിപ്പിക്കുന്നതാണ്. കാശ്മീർ വിഷയത്തിൽ പാകിസ്​താനെ പിന്തുണക്കുന്ന തുർക്കിയുടെ നയത്തിനെതിരെ ഇന്ത്യ ശബ്ദമുയർത്തിയ സമകാലിക സാഹചര്യവും അർമീനിയൻ ബന്ധത്തിന്​ ശക്തി പകരും.

തീരാദുരിതം

അർമീനിയയിൽ നിന്നും തങ്ങളുടെ പ്രദേശങ്ങൾ ഇസ്രായേൽ - തുർകി പിന്തുണയോടെ അസർബൈജാൻ വീണ്ടെടുക്കൽ ആരംഭിച്ചത് അർമീനിയയെ സന്ധി സംഭാഷണങ്ങൾക്കു നിർബന്ധിതമാക്കിയിട്ടുണ്ട്. അമേരിക്ക, റഷ്യ, ഫ്രാൻസ് അടക്കമുള്ള രാഷ്ട്രങ്ങൾ വെടിനിർത്തൽ ചർച്ചകൾക്കു മാത്രം തയ്യാറെടുക്കുകയും പതിറ്റാണ്ടുകളായി അർമീനിയൻ സഹായത്തോടെ കരാബാഗിലെ വിഘടനവാദികൾ നടത്തുന്ന ആക്രമണങ്ങളെ അവഗണിക്കുകയും ചെയ്യുന്നത് മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കുകയാണ് ചെയ്യുന്നത്.

ചില പാശ്ചാത്യ മാധ്യമങ്ങളും തത്പര കക്ഷികളും അസർബൈജാൻ - അർമീനിയൻ എത്നിക് വൈരത്തെ ക്രിസ്ത്യൻ- മുസ്‌ലിം സംഘർഷമായി ചിത്രീകരിക്കുന്നത് അപകടകരമായ പ്രത്യഘാതമുളവാക്കുന്നതാണ്. എല്ലാവിധ പ്രാദേശിക ശാക്തിക സമവാക്യങ്ങൾക്കും വിരുദ്ധ സാഹചര്യമാണ് ഈ മേഖലയിൽ രൂപപ്പെട്ടിരിക്കുന്നത്. അതിർത്തി പ്രശ്നങ്ങളും തത്പര കക്ഷികളുടെ ഇടപെടലുകളും ഇരുരാഷ്ട്ര നിവാസികളുടെ ജീവിതത്തിൽ ഗുരുതരമായ സാമൂഹിക-രാഷ്ട്രീയ അസന്നിഗ്ധാവസ്ഥ നിലനിർത്തുമെന്നതിൽ സംശയമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Caucasusazerbaijan armenia conflict
News Summary - Causes of Violent Conflict in the Caucasus
Next Story