Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഇ.ഡി പേടിയെക്കുറിച്ച...

ഇ.ഡി പേടിയെക്കുറിച്ച കോടതി മുന്നറിയിപ്പ്

text_fields
bookmark_border
Enforcement Directorate, Supreme court
cancel


കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി) കുറിച്ച് ഇക്കഴിഞ്ഞ ചൊവ്വാഴ്ച സുപ്രീംകോടതി നടത്തിയ നിരീക്ഷണം ശ്രദ്ധേയമായിരുന്നു. ഛത്തിസ്ഗഢ് സർക്കാറിന്റെ ഒരു ഹരജി പരിഗണിക്കുന്നതിനിടെ, ഇ.ഡി ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കരുതെന്നായിരുന്നു സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. ഛത്തിസ്ഗഢ് സംസ്ഥാനത്തെ മദ്യവ്യവസായവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ അവിടത്തെ എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരെ വിളിച്ച് ചോദ്യംചെയ്യുന്ന ഇ.ഡിയുടെ അസ്വാഭാവിക നടപടികൾ മൂലം ജീവനക്കാരെല്ലാം ചകിതരാണെന്നും അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ പേര് ഉൾപ്പെടുത്താൻ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയാണെന്നുമുള്ള പരാതി കേട്ടപ്പോഴാണ് പരമോന്നത കോടതി ഗൗരവതരമായ പ്രതികരണം നടത്തിയത്.

ചോദ്യംചെയ്ത അമ്പതോളം ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ പോലും വെറുതെ വിട്ടില്ല എന്നും മുഖ്യമന്ത്രി ഭൂപേഷ് ബാഘേലിന്റെ പേര് പറയാൻ നിർബന്ധിച്ചുവെന്നും പരാതിയുണ്ട്. യഥാർഥത്തിൽ കുറ്റം ഉള്ളതാണെങ്കിൽ തന്നെ അന്വേഷിക്കുന്ന രീതി കാരണം ഇ.ഡി നീതിയോടെയല്ല കാര്യങ്ങൾ ചെയ്യുന്നത് എന്ന ധാരണ ഉണ്ടാവുമെന്നും അത് പാടില്ലെന്നുമാണ് ബെഞ്ച് നിരീക്ഷിച്ചത്. ഛത്തിസ്ഗഢ് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനമാണ്. അതിനാൽ അവിടത്തെ ഭരണകൂടത്തെ കുടുക്കാൻ കേന്ദ്ര സർക്കാർ ഇ.ഡിയെ ദുരുപയോഗം ചെയ്യുന്നു എന്നാണ് ആരോപണം.

ബി.ജെ.പിയിതര ഭരണമുള്ള സംസ്ഥാനങ്ങളിലെ മന്ത്രിമാരെയും സാമാജികരെയും വിവിധ കേസുകളിൽ കുരുക്കി അവരെ തനിക്കാക്കാനോ ഉപദ്രവിക്കാനോ നടത്തുന്ന ശ്രമങ്ങൾ ധാരാളമായി ആരോപിക്കപ്പെടുന്ന കാലമാണിത്. രാഷ്ട്രീയ ചായ്‌വ് എങ്ങോട്ടാണെന്നതിനനുസരിച്ച് അന്വേഷണ ഏജൻസികളുടെ നടപടികൾ തീരുമാനിക്കപ്പെടുന്നതിന്റെ ഉദാഹരണങ്ങളുണ്ട്. മഹാരാഷ്ട്രയിൽ എൻ.സി.പി എം.എൽ.എ അജിത് പവാർ, ശിവസേന ബി.ജെ.പിയുമായി പിരിഞ്ഞശേഷം തന്റെ പാർട്ടിയെ സഖ്യത്തിന്റെ ഭാഗമാക്കി ദേവേന്ദ്ര ഫഡ്‌നാവിസ് മന്ത്രിസഭയിൽ ചേർന്നപ്പോൾ ഒട്ടും താമസിയാതെ അദ്ദേഹത്തിനെതിരെ ഉണ്ടായിരുന്ന ഒമ്പതു കേസുകളും അഴിമതി വിരുദ്ധ ബ്യൂറോ പിൻവലിച്ചിരുന്നു.

പണം വെളുപ്പിക്കൽ, വിദേശനാണ്യ വിനിമയ നിയമലംഘനം, സാമ്പത്തിക കുറ്റം നടത്തി ഒളിച്ചുകടക്കൽ എന്നീ വിഷയങ്ങളിൽ അന്വേഷണഘട്ടത്തിൽ തന്നെ ആരോപിതരെ വിളിച്ചുവരുത്താനും അറസ്റ്റ് ചെയ്യാനും അവരുടെ ആസ്തികൾ കണ്ടുകെട്ടാനും ഇ.ഡിക്ക് നിയമം അധികാരം നൽകുന്നുണ്ട്. ഛത്തിസ്ഗഢിൽ തന്നെ മദ്യവ്യാപാരത്തിലെ അഴിമതികളാണ് വിഷയമെങ്കിലും അതിലെ പണം വെളുപ്പിക്കൽ കാര്യത്തിലെ നിയമലംഘനങ്ങളാണ് ഇ.ഡി എടുത്തിട്ടത്. കുറ്റാരോപിതർക്ക് നിരപരാധിത്വം തെളിയിക്കാൻ കോടതിയിൽ അവസരമുണ്ടാകുമല്ലോ എന്ന പതിവ് വാദം ഇവിടെയും ഉയരുന്നുണ്ട്. എന്നാൽ, ഇന്ന് പൊതുവെ അറിയാവുന്നതുപോലെ, നിയമനടപടികൾ തന്നെ വലിയ ശിക്ഷയായി ഭവിക്കുകയാണ് പതിവ്. നീണ്ടകാലത്തെ ജയിൽവാസം, മാനസികവും ശാരീരികവുമായ പീഡനം എന്നിവക്കുപുറമെ നീണ്ട നിയമയുദ്ധം നടത്തേണ്ട ഭീമമായ ബാധ്യതകൂടി ചേർന്ന് യഥാർഥ ശിക്ഷയേക്കാൾ ദീർഘവും കടുപ്പമേറിയതുമാണ് ഇ.ഡിയുടെ പുതിയ പതിവ്. ഈ പശ്ചാത്തലത്തിലാണ് കോടതി അൽപം ഗൗരവമായി തന്നെ ഇ.ഡിയെ ഉണർത്തിയത്.

ഇ.ഡി ഒരു സ്വതന്ത്ര ഏജൻസിയാണെന്നും സർക്കാർ നിയന്ത്രണത്തിലല്ല അതിന്റെ പ്രവർത്തനമെന്നും വാദിച്ചാലും ചില വസ്തുതകൾ കാണാതിരുന്നു കൂടാ. നിലവിലെ ഇ.ഡി മേധാവി സഞ്ജയ് കുമാർ മിശ്ര കേന്ദ്രത്തിന്റെ താൽപര്യമനുസരിച്ച് രണ്ടുവർഷത്തിനുശേഷം സേവനം നീട്ടിയതു കാരണം മൊത്തം അഞ്ചുവർഷം തികക്കാനിരിക്കുന്ന ആളാണ്. നിയമനം രണ്ടുവർഷത്തേക്ക് നീട്ടിയത് 2021ലെ ഒരു കേസിൽ സുപ്രീംകോടതി അംഗീകരിച്ചിരുന്നു. എങ്കിലും ഇതുസംബന്ധമായി വന്ന പൊതുതാൽപര്യ ഹരജിയിൽ ഇപ്പോൾ 2021ലെ വിധി പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു എന്നുപറഞ്ഞ കോടതി കേസ് വിധിപറയാൻ മാറ്റിയിരിക്കുന്നു. അതിനിടയിൽ മിശ്രയുടെ നവംബറിൽ തീരുന്ന കാലാവധി ഇനി നീട്ടില്ല എന്ന കേന്ദ്രത്തിന്റെ ഉറപ്പ് കോടതി രേഖപ്പെടുത്തുകയും ചെയ്തു. ഒരു ഉദ്യോഗസ്ഥൻ എത്രവരെ കേന്ദ്രത്തിന്റെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വഴിപ്പെടും എന്ന ഘടകം ഇതിലുണ്ട്.

രാഷ്ട്രീയനേട്ടങ്ങൾക്ക് ഉപകരണമായി ഇ.ഡി വഴങ്ങേണ്ടിവരുന്ന സാഹചര്യം ഉണ്ടെന്നതാണ് വാസ്തവം. അതുതന്നെയാണ് പ്രതിപക്ഷത്തിന്റെ ആരോപണവും. പൊലീസ് അന്വേഷണങ്ങൾക്ക് പുറമെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമമനുസരിച്ച് ഇ.ഡിക്ക്‌ അന്വേഷിക്കാവുന്ന മേഖലകൾ വളരെ വിശാലമാണ്. അഴിമതി ആരോപണങ്ങൾ രാഷ്ട്രീയമേഖലയിൽ വ്യാപകമാണെന്നിരിക്കെ അവക്കുപിന്നാലെ ഇ.ഡിയും ചിത്രത്തിലെത്തി കള്ളപ്പണ വിഷയം എടുത്തിട്ടു പുകമറ സൃഷ്ടിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നു. ഇതെല്ലാം നിയമനടപടികൾ മാത്രമാണെന്നു ബി.ജെ.പി വൃത്തങ്ങൾ വാദിക്കുന്നതിൽ കാര്യമില്ല. എങ്കിൽ അതെങ്ങനെ വെറും പ്രതിപക്ഷ നേതാക്കളുടെയും അവരെ പിന്തുണക്കുന്നവരുടെയും കാര്യത്തിൽ മാത്രമാവുന്നു എന്ന ചോദ്യം ഉയരും.

ആരോപണങ്ങൾ നേരിടുന്നവരും സംശയിക്കാവുന്ന ഇടപാടുകളുള്ളവരും ബി.ജെ.പി വൃത്തങ്ങളിലും ഉണ്ടാവണമല്ലോ. ഏജൻസികൾ ഇക്കാര്യത്തിൽ നിയമവും നീതിയും ദീക്ഷിക്കുന്നുണ്ടോ അതോ രാഷ്ട്രീയ വകതിരിവ് കാണിക്കുന്നുണ്ടോ എന്നത് ജനങ്ങൾക്ക് നേരിട്ട് കാണാവുന്നതാണ്, കോടതിക്കും. ഇപ്പോൾ കോടതിതന്നെ അക്കാര്യം ശ്രദ്ധിച്ച് ചില വാചാ അഭിപ്രായപ്രകടനങ്ങൾ നടത്താൻ മാത്രമേ അവസരമുണ്ടായിട്ടുള്ളൂ. എങ്കിലും അതിന്റെ സന്ദേശം ഉൾക്കൊള്ളാൻ ഏജൻസികൾക്ക് സാധിച്ചെങ്കിൽ അത് തെല്ല് ആശ്വാസമാകും. ഇല്ലെങ്കിൽ ഇത്തരം അനാശാസ്യ പ്രവണതകളെ നിയന്ത്രിക്കാൻ കോടതി മുന്നിട്ടിറങ്ങണം. ഇല്ലെങ്കിൽ നീതി നമ്മുടെ വ്യവസ്ഥയിൽനിന്ന് അവധിയെടുക്കുന്ന ദുർഗതി വന്നു ചേരും.

Show Full Article
TAGS:Supreme courtenforcement directorate
News Summary - Supreme court comments against ed
Next Story