‘ഒറ്റ വോട്ടെടുപ്പ്’ അപ്രായോഗികം, അനഭിലഷണീയം

07:39 AM
07/01/2017


ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്താനുള്ള നിര്‍ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവെക്കുകയും വിഷയം പൊതുചര്‍ച്ചക്ക് വിടുകയും ചെയ്തിരിക്കുന്നു. കുറേ അസംബ്ളികളുടെ കാലാവധി നീട്ടുക, വേറെ ചിലതിന്‍േറത് വെട്ടിച്ചുരുക്കുക, അവയിലേക്കെല്ലാം ലോക്സഭ തെരഞ്ഞെടുപ്പിന്‍െറ കൂടെ വോട്ടെടുപ്പ് നടത്തുക എന്നതാണ് നിര്‍ദേശത്തിന്‍െറ കാതല്‍. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് ഏതാനും നേട്ടങ്ങളുണ്ടെന്ന് പരിഷ്കരണത്തിന്‍െറ വക്താക്കള്‍ പറയുന്നു. വെവ്വേറെ തെരഞ്ഞെടുപ്പുകള്‍ നടത്തുന്നത് ചെലവ് വല്ലാതെ ഇരട്ടിപ്പിക്കുന്നു എന്നതാണൊന്ന്; ഒരുമിച്ചു നടത്തുമ്പോള്‍ സുരക്ഷച്ചെലവ് അടക്കമുള്ള കുറേ ചെലവുകള്‍ കുറക്കാന്‍ കഴിയും. മറ്റൊരു വാദം, തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ പ്രാബല്യത്തില്‍ വരുന്ന മാതൃക പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടതാണ്. ഒരുമിച്ച് വോട്ടെടുപ്പ് നടത്തുമ്പോള്‍ പെരുമാറ്റച്ചട്ടനിയന്ത്രണങ്ങള്‍ അഞ്ചുവര്‍ഷത്തിനിടെ ഏതാനും ആഴ്ചത്തേക്ക് മതിയാകും; വെവ്വേറെയാണ് നടത്തുന്നതെങ്കില്‍ കൂടക്കൂടെ ഈ നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലുണ്ടാകും. ഇത് ജനങ്ങള്‍ക്കു കിട്ടേണ്ട സേവനങ്ങളെ ബാധിക്കും. ഇതിനുപുറമെ, തെരഞ്ഞെടുപ്പു നടത്തിപ്പിന് വേണ്ടിവരുന്ന വമ്പിച്ച മനുഷ്യവിഭവശേഷി ഒരുമിച്ചുള്ള വോട്ടെടുപ്പിലൂടെ ലാഭിക്കാന്‍ കഴിയും.

ഒറ്റനോട്ടത്തില്‍ സ്വീകാര്യവും അഭികാമ്യവുമെന്ന് തോന്നുന്ന ഈ നിര്‍ദേശം മറ്റുപല പ്രശ്നങ്ങളും ഉള്‍ക്കൊള്ളുന്നുണ്ടെന്ന് നിയമജ്ഞരും രാഷ്ട്രീയക്കാരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇലക്ഷന്‍ മുഖ്യ കമീഷണര്‍മാരായിരുന്ന ലിങ്ദോയും ഖുറൈശിയും ഇതിന്‍െറ അപ്രായോഗികത നേരത്തേ എടുത്തുപറഞ്ഞതാണ്. തങ്ങളുടെ പരിഗണനയില്‍ വന്നപ്പോഴേ അതിന്‍െറ അപ്രായോഗികത ബോധ്യപ്പെട്ട് ഒഴിവാക്കുകയായിരുന്നു എന്നാണ് ഖുറൈശി പറയുന്നത്. ഒരേസമയം എല്ലാ തെരഞ്ഞെടുപ്പും നടത്താനാവശ്യമായ സുരക്ഷ സന്നാഹങ്ങള്‍ ദുസ്സാധ്യമെന്ന് ലിങ്ദോയും ചൂണ്ടിക്കാട്ടി. അര്‍ധസൈനികര്‍ മാത്രം 3000 കമ്പനി വേണ്ടിവരും. 800 കമ്പനിവരെ മാത്രമേ ഇപ്പോള്‍ ലഭ്യമാകുന്നുള്ളൂ. തെരഞ്ഞെടുപ്പ് കമീഷന്‍ 1999ല്‍ വ്യക്തമാക്കിയ മറ്റൊരു കാര്യം, ഒരുമിച്ചുള്ള വോട്ടിങ്ങിന് വേണ്ടിവരുന്ന അധികച്ചെലവുതന്നെ അത്തരം അഭ്യാസം അസാധ്യമാക്കുന്നു എന്നാണ്. വെവ്വേറെ തെരഞ്ഞെടുപ്പുതന്നെയാണത്രെ പ്രായോഗികം. തെരഞ്ഞെടുപ്പ് ജനങ്ങളുടെ തീരുമാനമറിയാനുള്ള ഉപാധിയാണ്. ജനപിന്തുണ ഇല്ലാതായാല്‍ ജനപ്രതിനിധികളെ മടക്കിവിളിക്കാനും മാറ്റാനുമുള്ള അധികാരം ജനാധിപത്യത്തിന്‍െറ കാതലാണ്. ഇത്രത്തോളം നാം പുരോഗമിച്ചിട്ടില്ളെങ്കിലും അവിശ്വാസത്തിലൂടെയും മറ്റും സര്‍ക്കാറുകള്‍ തകരുകയോ നിയമസഭകള്‍ ഇല്ലാതാവുകയോ ഒക്കെ ചെയ്യാം. 16 ലോക്സഭകളില്‍ ഏഴെണ്ണം കാലാവധിക്കുമുമ്പ് പിരിച്ചുവിട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ തൂക്കുസഭയാണ് ഉണ്ടാകുന്നതെങ്കില്‍ വൈകാതെ വീണ്ടുമൊരു വോട്ടെടുപ്പ് നടത്തലാണ് ജനാധിപത്യ മര്യാദ. രാഷ്ട്രപതിഭരണം നിലവിലുള്ള സംസ്ഥാനങ്ങളില്‍ അത്തരം പരോക്ഷ കേന്ദ്രഭരണം നീട്ടിക്കൊണ്ടുപോകുന്നതും ജനായത്ത വിരുദ്ധമാണ്. ഇത്തരം സാധ്യതകളെല്ലാംതന്നെ ഒരുമിച്ചുള്ള വോട്ടെടുപ്പ് എന്ന ഏര്‍പ്പാടിന് ആയുസ്സില്ലാതാക്കുന്നതാണ്. ഇന്ന് പല സംസ്ഥാനങ്ങളില്‍ പലസമയത്ത് നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ സ്വതന്ത്ര ഇന്ത്യയുടെ ആദ്യവര്‍ഷങ്ങളില്‍ ഒരുമിച്ച് നടന്നിരുന്നതാണ് എന്നുമോര്‍ക്കുക.

പ്രായോഗികതക്കപ്പുറം, ജനാധിപത്യത്തില്‍ വോട്ടെടുപ്പിന്‍െറ പ്രാമുഖ്യം കുറക്കുന്ന ഒരു നടപടിയും ന്യായീകരിക്കാനാവില്ല. കൂടക്കൂടെ ജനങ്ങളെ സമീപിക്കേണ്ടിവരുമെന്ന ചിന്ത രാഷ്ട്രീയക്കാര്‍ക്കുണ്ടാകുന്നതാണ് അഞ്ചുകൊല്ലത്തിലൊരിക്കല്‍ മാത്രം വന്നുപോകുന്ന അവസ്ഥയെക്കാള്‍ നല്ലത്. നിയമജ്ഞയായ ഇന്ദിര ജയ്സിങ് പറയുംപോലെ, ‘നിയമസഭയിലേക്കോ അതോ പാര്‍ലമെന്‍റിലേക്കോ വോട്ടുകുത്തുന്നതെന്ന് വേറിട്ട് മനസ്സിലാക്കാന്‍ തക്ക വിദ്യാഭ്യാസമുള്ളവരല്ല ഭൂരിപക്ഷം വോട്ടര്‍മാര്‍’. ശക്തമായ വൈകാരിക ഉന്മാദം സൃഷ്ടിച്ച് ചില കക്ഷികള്‍ക്ക് പാര്‍ലമെന്‍റും നിയമസഭകളും ഒരുമിച്ച് പിടിച്ചെടുക്കാനാവും എന്നത് അത്ര നല്ല കാര്യവുമല്ല. ഭരണഘടനയുടെ ചൈതന്യത്തിന് നേര്‍വിപരീതമാകുമിത്. പാര്‍ലമെന്‍ററി സംവിധാനത്തെയും ഫെഡറല്‍ ഘടനയെയും ഇത് അട്ടിമറിക്കുകയും ചെയ്യും. പ്രാദേശിക കക്ഷികള്‍ ശക്തമായി നിലനില്‍ക്കുന്നത് രാജ്യത്തിന്‍െറ ഫെഡറല്‍ ജനാധിപത്യത്തിന്‍െറ കരുത്താണ്. സംസ്ഥാനങ്ങളിലെ ഉപദേശീയതകളെ പ്രതിനിധാനംചെയ്യാന്‍കൂടി അവക്ക് കഴിയും. അതെല്ലാം തകര്‍ത്ത് ‘ഏകദേശീയത’ അടിച്ചേല്‍പിക്കുന്നത് സദുദ്ദേശ്യത്തോടെയാവാന്‍ തരമില്ല. ജി.എസ്.ടിപോലുള്ള നിയമനിര്‍മാണങ്ങളില്‍ സ്വന്തം അവകാശങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് പൊരുതാന്‍ കഴിയുന്നതും ബഹുദേശീയതകള്‍ കരുത്ത് നിലനിര്‍ത്തുന്നതിലാണ്. ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന മുദ്രാവാക്യം കേള്‍ക്കാന്‍ സുഖമുണ്ടെങ്കിലും ഇന്ത്യയുടെ ദേശീയ വൈവിധ്യത്തിന്‍െറ ആപല്‍ക്കരമായ നിഷേധം അതിലുണ്ട്. പ്രഫസര്‍ ജഗ്ദീപ് ഛോകര്‍ ചൂണ്ടിക്കാട്ടിയപോലെ, ഇന്ത്യ ഒരു രാജ്യമാണെങ്കിലും അനേകം സംസ്ഥാനങ്ങളെപ്പറ്റിയും ഭരണഘടന പറയുന്നുണ്ട്. ‘രാജ്യം ഏകം, തെരഞ്ഞെടുപ്പ് അനേകം’ എന്നതുതന്നെയാണ് ഇന്ത്യക്ക് ചേരുന്ന മുദ്രാവാക്യം.

COMMENTS