Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപോരാളി

പോരാളി

text_fields
bookmark_border
പോരാളി
cancel

പോരാളി​യെന്നാണ്​ ഉർദുഗാൻ എന്ന കുടുംബപ്പേരിനർഥം. അത്​ അന്വർഥമാക്കി, ഒന്നാം ലോകയുദ്ധ കാലത്ത്​ റഷ്യൻസേനക്കെതിരെ പൊരുതവെയായിരുന്നു പിതാമഹൻ റജബിന്‍റെ വിയോഗം. പിതാമഹന്‍റെ പേരും കുടുംബപ്പേരും ഒന്നിച്ചുകിട്ടിയ റജബ്​ ത്വയ്യിബ്​ ഉർദുഗാനും രാഷ്ട്രീയഗോദയിൽ എന്നും എതിരാളികളെ വെന്നിനിന്നു. അകത്തുനിന്നും പുറത്തുനിന്നുമൊക്കെയുള്ള സഖ്യസേന ആക്രമണങ്ങളെ മറികടന്ന് തു​ർക്കിയയുടെ പ്രസിഡന്‍റ്​ പദത്തിലേക്ക്​ മൂന്നാം തവണയും നടന്നുകയറിയിരിക്കുന്നു ഇപ്പോൾ.

സ്വേച്ഛാധിപത്യനാടുകൾ ശീലിച്ച ഒരു സ്ഥാനാർഥി, ഒരു വോട്ട്​ എന്ന ഫാഷിസ്റ്റ് തെരഞ്ഞെടുപ്പ്​ രീതിയല്ല, ദോഷക്കണ്ണോടെ പാളിച്ചകളിലേക്ക്​ കണ്ണുംനട്ടിരുന്ന പാശ്ചാത്യ, ആഗോള നിരീക്ഷക മഷിനോട്ടക്കാരുടെയെല്ലാം സാന്നിധ്യത്തിൽ രാജ്യമൊന്നടങ്കം പരസ്യമായി പോളിങ്​ ബൂത്തുകളിലെത്തി സമ്മതിദാനം വിനിയോഗിച്ചതിൽ പ്രതിയോഗിയോട്​ കമ്പോടുകമ്പ്​ പൊരുതി നേടിയ ജനാധിപത്യ വിജയമാണിത്​. തോൽവിയുറപ്പിച്ച്​ അപവാദങ്ങൾ മെനഞ്ഞിരുന്ന മാധ്യമങ്ങൾ പൊടുന്നനെ മറുകണ്ടം ചാടി അപദാനങ്ങൾ പാടുന്ന തിരക്കിലാണിപ്പോൾ.

തുർക്കിയയുടെ കരിങ്കടൽ തീരത്തെ നഗരമായ റൈസി​ലെ യാഥാസ്ഥിതിക കുടുംബം ഇസ്​തംബൂൾ പ്രാന്തത്തിലെ ദരിദ്രപ്രദേശമായിരുന്ന കാസിംപാഷയിൽ കഴിയുന്നതിനിടെയാണ്​ 1954 ഫെബ്രുവരി 26ന്​ റജബ്​ ത്വയ്യിബിന്‍റെ പിറവി. ഹൈസ്കൂൾ, കോളജ്​ കാലത്ത്​ മികച്ചൊരു ഫുട്​ബാൾ കളിക്കാരനായതിന്‍റെ അടവും അടക്കവുമൊക്കെ പിൽക്കാല രാഷ്ട്രീയജീവിതത്തിന്​ മുതൽക്കൂട്ടായി. മർമറ വാഴ്​സിറ്റിയിൽ ബിസിനസ്​ അഡ്​മിനിസ്​ട്രേഷന്​ പഠിക്കുമ്പോൾ നാഷനൽ ടർക്കിഷ്​ സ്റ്റുഡന്‍റ്സ്​ യൂനിയന്‍റെ പ്രവർത്തകനായിരുന്നു. 1976ൽ ഇസ്‍ലാമിക പണ്ഡിതനും നേതാവുമായ നജ്​മുദ്ദീൻ അർബകാൻ നയിച്ച നാഷനൽ സാൽവേഷൻ പാർട്ടിയുടെ യുവജനവിഭാഗം പ്രാദേശിക അധ്യക്ഷനായി.

1453 മുതൽ ഉസ്മാനീസാമ്രാജ്യത്വത്തിന്‍റെ ശക്തികേന്ദ്രമായിരുന്ന തുർക്കിയയുടെ മത ദേശീയസ്വത്വത്തെ അട്ടിമറിച്ച്​ പടിഞ്ഞാറിലും കവിഞ്ഞ തീവ്രമതേതരവത്​കരണത്തിലേക്ക്​ മുസ്തഫ കമാൽപാഷ നയിച്ചതിൽ പിന്നെ മതവും മതചിഹ്നങ്ങളുമൊക്കെ രാജ്യത്ത് തികഞ്ഞ ചതുർഥിയായിരുന്നു. അതിന്‍റെ ഇരയായി നജ്​മുദ്ദീൻ അർബകാൻ രാഷ്ട്രീയപദവികൾ കൈയൊഴിയേണ്ടിവരുന്നതും ഇടക്കിടെ പാർട്ടിയു​ടെ പേരും കൊടിയും മുദ്രാവാക്യവുമൊക്കെ മാറ്റേണ്ടിവരുന്നതും കണ്ടാണ്​ ഉർദുഗാന്‍ എന്ന യുവനേതാവ്​ വളർന്നത്​. അർബകാന്‍റെ വെൽഫെയർ പാർട്ടിയുടെ മിന്നുംനേതാവായി മാറിയ ഉർദുഗാൻ 1994ൽ ഇസ്​തംബൂൾ മേയറായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മതേതര തീവ്രവാദികളൊന്നടങ്കം ഞെട്ടി. മലിനീകരണം, ജലക്ഷാമം, ട്രാഫിക്​ തുടങ്ങിയ ജനകീയപ്രശ്നങ്ങൾക്കു പരിഹാരം കണ്ട പുതുഭരണത്തിന്​ ജനം കൈയടിച്ചു.

1996ലെ പൊതുതെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷി സർക്കാർ അധികാരത്തിലേറി അർബകാൻ പ്രധാനമന്ത്രിയായി. കണ്ണുകടി മൂത്ത സൈന്യം ആറുമാസമാകു​മ്പോൾ 1997 ഫെബ്രുവരിയിൽ അർബകാനെ അധികാരത്തിൽനിന്നു പുറന്തള്ളി. അതുകൊണ്ടരിശം തീരാതെ മതവികാരം ഇളക്കിവിട്ടെന്ന പേരിൽ പാർട്ടിയെ നിരോധിക്കുകയും നേതാക്കളെ ജയിലിലടക്കുകയും ചെയ്തു. അതിനിടയിൽ ഭാര്യയുടെ നാടായ സിർത്തിൽ എത്തിയ ഉർദുഗാൻ അവിടെ ഒരു പൊതുയോഗത്തിൽ പഴയ തുർക്കി വിമോചനയുദ്ധത്തിലെ ഗാനത്തിൽനിന്നുള്ള ഈരടികൾ പാടിയത്​, രാജ്യദ്രോഹ കുറ്റമായി. 1998 സെപ്​റ്റംബറിൽ അദ്ദേഹത്തെ പത്തുമാസത്തെ തടവിനു ശിക്ഷിച്ചു. രാഷ്ട്രീയജീവിതത്തിന്​ ആജീവനാന്തവിലക്കും.

‘ഉർദുഗാന്‍റെ കഥ കഴിഞ്ഞു’ എന്നൊക്കെ മാധ്യമങ്ങൾ ​വെച്ചുകാച്ചി. എന്നാൽ, മതേതര സമഗ്രാധിപത്യത്തിന്‍റെ തുർക്കിയയിൽ മറുവഴികൾ തേടുകയായിരുന്നു അദ്ദേഹം. അങ്ങനെയാണ്​ അർബകാന്‍റെ കക്ഷിവിട്ട്​ ജസ്റ്റിസ്​ ആൻഡ്​ ഡെവലപ്​മെന്‍റ്​ കക്ഷി എന്ന എ.കെ.പി രൂപവത്​കരിക്കുന്നത്​. തങ്ങളുടേത്​ മതകക്ഷിയേ അല്ലെന്നും രാഷ്ട്രപിതാവ്​ അത്താതുർക്കിന്‍റെ​ ദേശീയലക്ഷ്യങ്ങൾ സാക്ഷാത്​കരിക്കുന്ന പാർട്ടിയാവും ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

ഉർദുഗാൻ എന്ന മതഭീകരനെ അറിയുന്നവർ അതു വിശ്വസിച്ചില്ല. അദ്ദേഹവും വിട്ടുകൊടുത്തില്ല. പടിഞ്ഞാറിന്‍റെ മതേതര, ജനാധിപത്യ കാഴ്ചപ്പാടുകളെ പിന്തുണച്ച അദ്ദേഹം തുർക്കി പയറ്റുന്നത്​ മതവിരുദ്ധ മതേതരത്വമാണ്​ എന്നു സമർഥിച്ചു. അതിനു തെളിവായി ശിരോവസ്ത്ര നിരോധനം ഉള്ള തുർക്കിയയിൽനിന്ന് പെൺമക്കളായ ഇസ്രയെയും സുമയ്യയെയും ഹിജാബ്​ സ്വാതന്ത്ര്യമുള്ള പടിഞ്ഞാറൻ യൂനിവേഴ്​സിറ്റികളിലേക്ക്​ പഠിക്കാനയച്ചു. ഭാര്യ അമീന ശിരോവസ്ത്രം ധരിക്കുമ്പോഴും അതില്ലാ​ത്ത രണ്ടു വനിത സെക്രട്ടറിമാരെയും അദ്ദേഹം നിയമിച്ചു. തന്‍റെ മത സ്വത്വം പ്രശ്നവത്​കരിക്കുന്നവർക്കുള്ള പ്രായോഗിക മറുപടികളായിരുന്നു ഇത്​.

ഭീകരമായൊരു ഭൂകമ്പത്തെ തുടർന്ന്​ സാമ്പത്തികത്തകർച്ചയെ നേരിട്ട ഘട്ടത്തിലാണ്​ വ്യക്തമായ കർമപരിപാടികളുമായി ഉർദുഗാൻ 2002ലെ തെര​ഞ്ഞെടുപ്പിനിറങ്ങിയത്​. പാർട്ടി വൻജയം നേടി അധികാരത്തിലേറി. ഉർദുഗാന്​ വിലക്കു നീങ്ങാത്തതിനാൽ അബ്​ദുല്ല ഗുൽ പ്രധാനമന്ത്രിയായി. രാഷ്ട്രീയവിലക്കു നീങ്ങി 2003ൽ മത്സരിക്കാനുള്ള വഴിയൊരുങ്ങി. ജയിച്ചുവന്ന അദ്ദേഹം രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായി. അധികാരത്തിന്‍റെ കേന്ദ്ര ഇടനാ​ഴികകളിലേക്ക്​ കടന്നതോടെ തുർക്കിയ​യിൽ ജനാധിപത്യത്തിനു ബാധിച്ച രോഗകാരണങ്ങൾ മനസ്സിലാക്കി ചികിത്സിക്കാനായി ശ്രമം. അർബകാനും പിന്നീട്​ താനും അനുഭവിക്കേണ്ടിവന്ന ജനാധിപത്യ അട്ടിമറിക്കുള്ള ഓട്ടയടപ്പായിരുന്നു ആദ്യം.

2007 ലെ തെരഞ്ഞെടുപ്പിൽ 46 ശതമാനം വോട്ടും 550 അംഗ പാർലമെന്‍റിൽ 341 സീറ്റും നേടി. അവിടെയും പ്രതിയോഗികൾ വിട്ടില്ല. അപ്പോഴും രാഷ്ട്രീയത്തെ മതമുക്തമാക്കിയില്ല എന്നായിരുന്നു കേസ്​. കോടതിവിധിയിൽ കഷ്ടിച്ചു രക്ഷപ്പെട്ടു. അതിൽ പിന്നെ അത്താതുർക്കിന്‍റെ കൈക്കരുത്ത്​ പുറത്തെടുത്തു. അടുത്തൂൺ പറ്റിയവരും സർവിസിലുള്ളവരുമായ പട്ടാള ഓഫിസർമാരിലെ അഴിമതിക്കാരെയും അട്ടിമറിക്കാരെയുമൊക്കെ അകത്താക്കി. മാധ്യമങ്ങളെയും ജഡ്ജി നിയമനങ്ങളുമൊ​ക്കെ വരുതിയിലാക്കി. തുർക്കിയ സ്വത്വത്തെ ഉയർത്തിക്കാട്ടി ‘രാജ്യത്തിന്‍റെ മൂല്യങ്ങൾക്കു നിരക്കാത്ത’തെന്ന പേരിൽ സ്വവർഗാനുരാഗികളുടെ സ്വാഭിമാന പരേഡുകൾക്കും എൽ.ജി.ബി.ടി ആക്ടിവിസത്തിനുമൊക്കെ കടിഞ്ഞാണിട്ടു. അത്താതുർക്കിന്‍റെ പരിഷ്കാരങ്ങളെന്ന പേരിൽ പടിഞ്ഞാറും രാജ്യത്തുമുള്ള ലിബറലുകൾ കൊണ്ടാടിയിരുന്ന പല സ്വാതന്ത്ര്യവും അപ്രസക്തമാക്കി. തക്​സീം സ്ക്വയറിൽ പ്രതിപക്ഷസഖ്യം സംഘടിപ്പിച്ച പ്രതിഷേധത്തെ ഉരുക്കുമുഷ്ടികൊണ്ട്​ ​തകർത്തു.

2016 ജൂലൈ 15ന്​ അപായപ്പെടുത്തി അധികാരഭ്രഷ്ടനാക്കാനുള്ള ശ്രമത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട അദ്ദേഹം അധികാരകേന്ദ്രീകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള ഉപാധിയാക്കി അതിനെ മാറ്റി. അട്ടിമറിക്കുപിന്നിൽ നേരത്തേ തന്‍റെ ആത്മീയശക്തിയായി വർത്തിച്ചിരുന്ന ഫത്​ഹുല്ല ഗുലന്‍റെ ആളുകളായിരുന്നു​വെന്നു വ്യക്തമായി. അടിയന്തരാവസ്ഥയും അറസ്റ്റുമൊക്കെ നടന്നു. അതിൽപിന്നെയാണ്​ അമേരിക്കൻ പ്രസിഡൻഷ്യൽ രീതിയിലേക്കു നീങ്ങാനുള്ള തീരുമാനം. അതിനുവേണ്ടിയുള്ള റഫറണ്ടത്തിൽ ജയം കണ്ടപ്പോൾ പ്രസിഡന്‍റ്​ പദത്തിൽ 2029 വരെ താൻ തുടരുമെന്നും പ്രസ്താവിച്ചു.

ഇത്തവണ ജയിക്കാൻ ഉർദുഗാനും തോൽപിക്കാൻ പ്രതിപക്ഷവും ഒരുപോലെ കച്ചകെട്ടിയിറങ്ങി. ഇടതും ലിബറലും മുതൽ മതേതരവിരുദ്ധ ഇസ്​ലാം കക്ഷികളുമൊക്കെ ചേർന്നതായിരുന്നു പ്രതിയോഗി കമാൽ കിലിക്​ദാറോഗ്​ ലു നയിച്ച ദേശീയ സഖ്യം. 2003ൽ പ്രധാനമന്ത്രി പദത്തിൽ തുടങ്ങിയ സർവാധികാരാരോഹണത്തിന്​ രണ്ടു പതിറ്റാണ്ട്​ പൂർത്തിയാകുന്ന ഇക്കൊല്ലം ഉർദുഗാനും പാർട്ടിക്കും ഗ്രഹണം ബാധിക്കുമെന്നും പുതിയ പ്രതിപക്ഷ ​ഐക്യമുന്നണി വിജയിക്കുമെന്നൊക്കെയായിരുന്നു സ്വദേശത്തെയും അവർക്ക് അഹമഹമികയാ പിന്തുണ പാടുന്ന പാശ്ചാത്യരാഷ്ട്രത്തലവന്മാരും അവരു​ടെ മെഗഫോൺ മാധ്യമങ്ങളുമൊക്കെ കവടി നിരത്തി കട്ടായം പറഞ്ഞത്​.

ജീവിതച്ചെലവ്​ കൂടുന്നതു മുതൽ അരലക്ഷം പേരുടെ ജീവൻ കവർന്ന ഇക്കഴിഞ്ഞ ഫെബ്രുവരിയിലെ ഭൂകമ്പം വരെ അവർ കാരണമായി കണ്ടെത്തി. പതിനേഴായിരം പേരുടെ ജീവനെടുത്ത 1999ലെ ഭൂകമ്പനാളുകളിലെ ഭരണകൂടത്തിന്‍റെ കെടുകാര്യസ്​ഥതയിൽനിന്നു മുതൽക്കൂട്ടിയായിരുന്നു ഉർദുഗാന്‍റെ രാഷ്ട്രീയ ജൈത്രയാത്രയുടെ ആരംഭം എന്നറിയാവുന്ന അവർ മറ്റൊരു ഭൂകമ്പക്കെടുതി അദ്ദേഹ​ത്തെയും താഴെയിറക്കുമെന്നു കരുതി. എന്നാൽ, വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്​ 52.8 ശതമാനം വോട്ട്​. മറുഭാഗത്ത്​ 47.82 ശതമാനവും. ഉർദുഗാൻ പോരാളി തന്നെ. അങ്ങനെ ബോസ്​പോറസ്​ കടലിടുക്കിലെ കോസ്റ്റ്​ ഗാർഡിൽ ക്യാപ്​റ്റനായിരുന്ന അഹ്​മദ്​ ഉർദുഗാന്‍റെ മകൻ രാജ്യത്തിന്‍റെ റയീസ്​ (ക്യാപ്​റ്റൻ) സ്ഥാനത്ത്​ സർവകാല റെക്കോഡിലേക്ക്​ കടന്നിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MEDIA PERSONthe fighter
News Summary - MEDIA PERSON- the fighter
Next Story