Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightയുദ്ധവിരാമത്തിന്...

യുദ്ധവിരാമത്തിന് വഴിതെളിയുമോ?

text_fields
bookmark_border
യുദ്ധവിരാമത്തിന് വഴിതെളിയുമോ?
cancel

ഇസ്രായേൽ- ഹമാസ് യുദ്ധത്തിന് നാൽപത്തിനാല് ദിവസങ്ങൾ പിന്നിട്ടിരിക്കെ താൽക്കാലിക വിരാമത്തിന് ഇരുപക്ഷവും സമ്മതിച്ചുവെന്ന് പ്രചരിക്കുന്നുണ്ടെങ്കിലും വാർത്ത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഗൾഫ് രാജ്യമായ ഖത്തർ മുൻകൈയെടുത്ത് നടത്തിവന്ന മധ്യസ്ഥ ചർച്ചകൾക്കൊടുവിൽ യുദ്ധവിരാമക്കരാറിന് വഴിതെളിയുന്നു എന്നാണ് അഭിജ്ഞവൃത്തങ്ങൾ നൽകുന്ന സൂചന. യു.എസ് പ്രസിഡന്റ് ജോ ബൈഡനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ദോഹയിൽ കഴിയുന്ന ഗസ്സയുടെ മുൻ പ്രധാനമന്ത്രി ഇസ്മാഈൽ ഹനിയ്യയുമെല്ലാം പങ്കാളികളായ ചർച്ച സഫലമാവുമെങ്കിൽ ലോകത്തെങ്ങുമുള്ള സമാധാന പ്രേമികൾക്കും മനുഷ്യ സ്നേഹികൾക്കും അനൽപമായ ആശ്വാസം പകരുമെന്നതിൽ സംശയമില്ല. കേവലം ഒന്നരമാസത്തിനകം 5600ൽ പരം കുട്ടികളും 3550 സ്ത്രീകളുമടക്കം 13,300 മനുഷ്യർ കൊല്ലപ്പെട്ടതിന് പുറമെ 6000 പേരെ കാണാതായി, 31,000ലധികം പേർക്ക് പരിക്കേറ്റു എന്നാണ് കണക്ക്. ജനസാന്ദ്രമായ ഗസ്സയിൽ ഓരോ 200 പേരിലും ഒരാൾ വീതം രക്തസാക്ഷിയായി. ഓരോ 10 മിനിറ്റിലും ഒരു കുട്ടി എന്ന തോതിൽ പിഞ്ചോമനകൾ ക്രൂരമായി വധിക്കപ്പെട്ടു എന്നാണ് വിശ്വസനീയമായ കണക്ക്. തകർക്കപ്പെട്ട വീടുകളും സ്കൂളുകളും ആശുപത്രികളും ആരാധനാലയങ്ങളും എത്രയാണെന്നതിനെപ്പറ്റി കൃത്യമായ കണക്കുകൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.

വെള്ളവും വൈദ്യുതിയും ഗതാഗതവും ഭക്ഷ്യസാധനങ്ങളും നിഷേധിക്കപ്പെട്ട ഒരു ജനസമൂഹം ഇത്രയുംനാൾ പിടിച്ചുനിന്നത് ലോകാത്ഭുതങ്ങളിലൊന്നായി വേണം വിലയിരുത്താൻ. ഗസ്സയിലേക്കുള്ള മുഴുവൻ കവാടങ്ങളും നിശ്ശേഷം ഇസ്രായേൽ അടച്ചിട്ടിരിക്കെ അവശേഷിച്ച ഈജിപ്തിലേക്കുള്ള ഒരേയൊരു റഫാ തുരങ്കമാർഗം പോലും കടുത്ത സമ്മർദങ്ങൾക്കുശേഷം നിയന്ത്രിതമായേ തുറക്കുകയുണ്ടായുള്ളൂ. അതിലൂടെ അവശ്യസാധനങ്ങളുടെ 20 ട്രക്കുകൾക്ക് മാത്രമാണ് ദിനംപ്രതി കടന്നുപോവാൻ അനുമതി ലഭിച്ചിരുന്നത്. 23 ലക്ഷം പേരുടെ ജീവൻ നിലനിർത്താനുള്ള അവശ്യവസ്തുക്കളെത്തിക്കാൻ 100 ട്രക്കുകളെങ്കിലും കടത്തിവിടണമെന്ന അന്താരാഷ്ട്ര റെഡ്ക്രോസിന്റെ ആവശ്യം പോലും സയണിസ്റ്റുകൾ ചെവിക്കൊണ്ടില്ല. സമീപകാല ചരിത്രത്തിലൊന്നും ഉദാഹരണമില്ലാത്ത പൈശാചികതക്കാണ് ഗസ്സ സാക്ഷ്യം വഹിക്കുന്നതെന്നതിൽ സംശയമേ ഇല്ല.

വെടിനിർത്തൽ വെറും അഞ്ച് ദിവസത്തേക്കായിരിക്കുമെന്നും അത് തന്നെ 50-100 ബന്ദികളെ ഹമാസ് വിട്ടയക്കണമെന്ന നിബന്ധനയോടെയാണെന്നും പ്രാഥമിക റിപ്പോർട്ടുകളിലുണ്ട്. പകരം ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന ഫലസ്തീനികളായ സ്ത്രീകളെയും കുട്ടികളെയും ആ രാജ്യവും വിട്ടയക്കും. പരിക്കേറ്റവരെ ചികിത്സിക്കാനും ഗസ്സ നിവാസികൾക്ക് പ്രാഥമിക ജീവിതാവശ്യങ്ങൾക്കാവശ്യമായ സാധനങ്ങളെത്തിക്കാനുമാണ് ഈ ഇടവേള ഹമാസ് ഉപയോഗിക്കുകയെന്നും അഭിജ്ഞവൃത്തങ്ങൾ വെളിപ്പെടുത്തുന്നു. താൽക്കാലികമായ ഒരു കരാർ ഒപ്പിട്ടാൽ തന്നെയും ഇസ്രായേൽ പാലിക്കുമെന്നതിന് മുൻ അനുഭവങ്ങളുടെ വെളിച്ചത്തിൽ തെളിവുകളില്ല. അതേസമയം, ഇസ്രായേലിനകത്തുനിന്നും പുറത്തുനിന്നുമുള്ള കടുത്ത സമ്മർദങ്ങൾക്ക് മുന്നിൽ നെതന്യാഹു ഗവൺമെന്റ് മുട്ടുമടക്കേണ്ടിവരുമെന്ന നിരീക്ഷണവും പ്രബലമാണ്. ബന്ദികളുടെ മോചനം വൈകുന്നതിൽ രോഷാകുലരും അസ്വസ്ഥരുമായ ഇസ്രായേലി പൗരരുടെ അനുദിനം ശക്തിപ്പെട്ടുവന്ന പ്രതിഷേധം ഒരുവശത്ത്, പൂർണ സംരക്ഷണം ഏറ്റെടുത്ത അമേരിക്കക്ക് പോലും കടുത്ത ഭാരമായിത്തീർന്നുകൊണ്ടിരിക്കുന്ന ബില്യൺ കണക്കുകൾ കടന്ന യുദ്ധച്ചെലവുകൾ ജൂതരാഷ്ട്രത്തിന്റെ സമ്പദ്‍വ്യവസ്ഥയെ പിടിച്ചുകുലുക്കുന്ന അവസ്ഥാവിശേഷം, എല്ലാം തങ്ങൾ കണക്കുകൂട്ടിയപോലെ പര്യവസാനിക്കാൻ പോവുന്നു എന്ന് ഐക്യരാഷ്ട്രസഭയിൽ ആഹ്ലാദചിത്തനായി പ്രഖ്യാപിച്ച നെതന്യാഹുവിന്റെ സ്വപ്നങ്ങൾക്കേറ്റ തിരിച്ചടി, 2020ൽ അമേരിക്കയുടെ മേൽനോട്ടത്തിൽ അറബ് രാജ്യങ്ങളുമായി സയണിസ്റ്റ് രാജ്യം ഒപ്പിട്ട അബ്രഹാം അകോഡ്സിന്റെ അകാലമൃത്യു; എല്ലാറ്റിനും പുറമെ അമേരിക്കയിലും ബ്രിട്ടനിലും കാനഡയിലും ഉൾപ്പെടെ ലോകത്താകമാനം ഉയർന്നുപൊങ്ങുന്ന യുദ്ധവിരുദ്ധ ജനകീയ പ്രതിഷേധറാലികൾ, ആ പ്രതിഷേധത്തിൽ യഹൂദരടക്കം പങ്കെടുക്കുന്ന അഭൂതപൂർവമായ ദൃശ്യങ്ങൾ-ഈ വസ്തുതകളെല്ലാം പരിഗണിച്ചാൽ യുദ്ധവിരാമത്തിനുള്ള സാധ്യതയാണ് കൂടുതൽ.

മറുവശത്ത് ജന്മനാടിനും ജന്മാവകാശങ്ങൾക്കും വേണ്ടി രണ്ടും കൽപിച്ചു കളത്തിലിറങ്ങിയ ഹമാസിന്റെ സ്ഥിതിയോ? ഒന്നുകിൽ ജീവിതം അല്ലെങ്കിൽ മരണം എന്ന് തീരുമാനിച്ച് രണ്ടു വർഷം നീണ്ട ആസൂത്രിതമായ ഒരുക്കങ്ങൾക്കൊടുവിൽ വിശ്വോത്തര ശാസ്ത്ര-സാങ്കേതിക വൈദഗ്ധ്യം അവകാശപ്പെട്ട് നെറുകയിൽ വിരാജിക്കുന്ന സയണിസ്റ്റ് രാഷ്ട്രത്തിനെതിരെ കാലഹരണപ്പെട്ട ആയുധങ്ങളുമായി ഏറ്റുമുട്ടാൻ ധൈര്യപ്പെട്ട അവർ ലക്ഷ്യം ഇതിനകം നേടിക്കഴിഞ്ഞു. ഫലസ്തീൻ പ്രശ്നം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയപ്പെടേണ്ടതല്ല, പരിഹാരം കാണേണ്ട ജീവൽപ്രശ്നമാണ് എന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ ഹമാസിന് സാധിച്ചിരിക്കുന്നു. ഏകാധിപതികളും ഭരണത്തിന്റെ കുത്തകക്കാരും കൈവിട്ടാലും ജനങ്ങൾ ഫലസ്തീനൊപ്പമുണ്ടെന്നും, ഭരണകൂടങ്ങളെ വിറപ്പിച്ചുകൊണ്ട് പിന്തുണ അത്യുച്ചത്തിൽ വിളിച്ചോതാൻ അവർ സന്നദ്ധരാണെന്നും തെളിഞ്ഞിരിക്കുന്നു. ഫലസ്തീനിൽ ദ്വിരാഷ്ട്ര സ്ഥാപനമേ പ്രശ്നത്തിന് അന്തിമപരിഹാരമാവൂ എന്ന് ജോബൈഡൻ മുതൽ നരേന്ദ്ര മോദി വരെയുള്ളവർ തുറന്നുപറയുന്നു. യാങ്കി സാമ്രാജ്യത്വത്തെ വെല്ലുവിളിച്ചുകൊണ്ട് ലോകശക്തികളിലൊന്നായി വളർന്ന ചൈനയെ ഒപ്പം ചേർത്ത് പ്രശ്നത്തിന് പരിഹാരം തേടണമെന്ന ഉൾവിളി സൗദി അറേബ്യ, ജോർഡൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾക്കുണ്ടായതിന്റെ പ്രത്യക്ഷ ലക്ഷണമാണ് ഒ.ഐ.സി പ്രതിനിധി സഖ്യത്തിന്റെ ബെയ്ജിങ് സന്ദർശനവും തുടർന്നുള്ള നയതന്ത്രനീക്കങ്ങളും. ഈ ദിശയിലുള്ള ദൗത്യങ്ങൾ പൂർണാർഥത്തിൽ വിജയിക്കണമെന്ന് സമാധാന പ്രേമികൾ ആഗ്രഹിക്കുന്നു, പ്രാർഥിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - Madhyamam editorial on israe palestine crisis
Next Story