Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപതനത്തിന്റെ പതാകവാഹകൻ

പതനത്തിന്റെ പതാകവാഹകൻ

text_fields
bookmark_border
പതനത്തിന്റെ പതാകവാഹകൻ
cancel

''ഏറ്റവും നല്ല വാർത്തയെന്തെന്നാൽ, ആധുനിക ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും മോശം പ്രധാനമന്ത്രി പടിയിറങ്ങുന്നുവെന്നതാണ്; അദ്ദേഹം ഇനിയും പടിയിറങ്ങിയില്ലെന്നതാണ് ഏറ്റവും മോശം വാർത്ത''- ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ രാജി പ്രഖ്യാപനത്തെ 'ഗാർഡിയൻ' ദിനപത്രം നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്. ആ രണ്ട് വാചകങ്ങളിൽ എല്ലാം അടങ്ങിയിട്ടുണ്ടെന്നുപറയാം. ഡൗണിങ് സ്ട്രീറ്റിലെ പത്താം നമ്പർ വസതിയിൽനിന്ന് മൂന്നുവർഷത്തിനുശേഷം ബോറിസ് ജോൺസൺ പടിയിറങ്ങുമ്പോൾ അത് ഒരേസമയം നല്ല വാർത്തയും മോശം വാർത്തയുമാണ്. വിവാദങ്ങൾക്കും രാഷ്ട്രീയ പ്രതിസന്ധികൾക്കുമൊടുവിൽ ഗത്യന്തരമില്ലാതെയാണ് കൺസർവേറ്റിവ് പാർട്ടി നേതാവുകൂടിയായ ബോറിസിന്റെ രാജി. കഴിഞ്ഞദിവസങ്ങളിൽ മന്ത്രിമാരും സർക്കാറുമായി ചേർന്നുപ്രവർത്തിക്കുന്നവരുമടക്കം ഭരണപക്ഷത്തെ നാൽപതിലധികം പേർ ബോറിസിനെതിരെ തിരിയുകയും പ്രതിഷേധ സൂചകമായി രാജിവെക്കുകയും ചെയ്തതോടെയാണ് കാര്യങ്ങൾ അനിശ്ചിതത്വത്തിലേക്ക് നീങ്ങിയത്. ഈ കൂട്ട രാജിക്കിടയിലും പദവിയൊഴിയില്ലെന്നതായിരുന്നു ബോറിസിന്റെ ആദ്യ നിലപാട്. 80ലധികം സീറ്റിന്റെ വൻഭൂരിപക്ഷത്തിൽ സഭയിലിരിക്കുന്ന താൻ എന്തിന് രാജിവെക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. പക്ഷേ, ഏതാനും നേതാക്കളല്ല, പാർട്ടി ഒന്നടങ്കം തന്റെ രാജി ആഗ്രഹിക്കുന്നുവെന്ന് മനസ്സിലാക്കിയതോടെ പിന്നെ പിടിച്ചുനിൽക്കാൻ ബോറിസിനായില്ല. 'ലോകത്തെ ഏറ്റവും മികച്ച ജോലി' ഉപേക്ഷിക്കുന്നുവെന്ന ആമുഖത്തോടെ ബ്രിട്ടൻ കാത്തിരുന്ന പ്രഖ്യാപനം അദ്ദേഹം നടത്തി. പകരം മറ്റൊരാൾ പാർട്ടി നേതൃത്വത്തിലെത്തുന്നതുവരെ അദ്ദേഹം കാവൽ പ്രധാനമന്ത്രിയായി തുടരും.

ലൈംഗികാരോപണം നേരിട്ട ക്രിസ്റ്റഫർ പിഞ്ചറിനെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതിനെതിരെ പാർട്ടിക്കുള്ളിൽ നടന്ന കലാപമാണ് ബോറിസ് ജോൺസന് പുറത്തേക്കുള്ള വഴിതെളിച്ചത് എന്നുപറയാമെങ്കിലും യാഥാർഥ്യം അതിനുമപ്പുറത്താണ്. ക്രിസ്റ്റഫർ പിഞ്ചർ ഏതാനും ദിവസങ്ങൾക്കുമുമ്പ് രാജിവെച്ചതാണ്; ആ നിയമനം തെറ്റായിപ്പോയെന്ന് ബോറിസ് തുറന്നുസമ്മതിച്ചതുമാണ്. എന്നിട്ടും കലാപത്തീ കെടുത്താനായില്ലെന്ന് വരുമ്പോൾ, ഏതെങ്കിലും നിയമനമല്ല നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ കാരണമല്ലെന്നുറപ്പിക്കാം. വാസ്തവത്തിൽ, ബോറിസ് ജോൺസണും അദ്ദേഹത്തിന്റെ നിലപാടുകളും വ്യക്തിത്വവുമൊക്കെത്തന്നെയാണ് പ്രശ്നം. 2019ൽ, അധികാരമേറ്റ നാൾമുതൽതന്നെ വിവാദങ്ങൾക്കൊപ്പം സഞ്ചരിക്കാനാണ് അദ്ദേഹം താൽപര്യം കാണിച്ചിട്ടുള്ളത്.

ബ്രെക്സിറ്റ് ചർച്ചകൾ മുതൽ വിവാദമായ 'പാർട്ടിഗേറ്റ്' വരെയുള്ള എത്രയോ സംഭവങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും. ഇവയത്രയും രാജ്യത്തെ വൻ പ്രതിസന്ധിയിലേക്കാണ് നയിച്ചത്. ഇത് പാർട്ടിക്കകത്തും പുറത്തും ചെറുതല്ലാത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ആഴ്ചകൾക്കുമുമ്പ് ബ്രിട്ടീഷ് പാർലമെന്റിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ ബോറിസ് വിജയിച്ചുവെങ്കിലും സ്വന്തം പക്ഷത്തെ 41 ശതമാനം അംഗങ്ങളും അദ്ദേഹത്തിനെതിരായിട്ടായിരുന്നു സമ്മതിദാനം വിനിയോഗിച്ചത്. ആ സമയത്തുതന്നെ നടന്ന ഒരു സർവേയിൽ, 60 ശതമാനം ബ്രിട്ടീഷുകാരും ബോറിസ് പുറത്തുപോകണമെന്ന അഭിപ്രായം പങ്കുവെച്ചതും വലിയ വാർത്തയായിരുന്നു.

തെരേസ മെയ് എന്ന 'ഉരുക്കുവനിത'യുടെ പിൻഗാമിയായാണ് 2019 ജൂലൈ അവസാന വാരം ബോറിസ് ജോൺസൺ അധികാരമേൽക്കുന്നത്. ബ്രിട്ടനെ യൂറോപ്യൻ യൂനിയനിൽനിന്നും വേർപെടുത്തുന്ന 'ബ്രെക്സിറ്റ്' നടപ്പാക്കുക എന്നതായിരുന്നു ഇരുവരുടെയും ലക്ഷ്യം. കൺസർവേറ്റിവ് പാർട്ടിക്ക് 'ബ്രെക്സിറ്റി'നോട് അടിസ്ഥാനപരമായി യോജിപ്പില്ല എന്നതാണ് യാഥാർഥ്യം. രാജ്യത്ത് വർധിച്ചുവരുന്ന തീവ്ര വലതുശക്തികൾ പാർട്ടിക്കകത്തും പിടിമുറുക്കിയതോടെയാണ് അന്നത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറണിന് ബ്രെക്സിറ്റ് ഹിതപരിശോധനക്ക് വഴങ്ങേണ്ടിവന്നത്. ഹിതപരിശോധനയിൽ 52 ശതമാനം ബ്രിട്ടീഷുകാരും യൂറോപ്യൻ യൂനിയനിൽനിന്ന് രാജ്യം വേർപെടുത്തണമെന്ന് രേഖപ്പെടുത്തി. ഹിതപരിശോധനഫലത്തിനുപിന്നാലെ, അതിന്റെ ആഘാതം മുൻകൂട്ടിക്കണ്ട് കാമറൺ രാജിവെച്ചു. 'ബ്രെക്സിറ്റി'നെ ഭൂകമ്പം എന്നു വിശേഷിപ്പിച്ചവരുണ്ട്. പ്രത്യക്ഷത്തിൽതന്നെ രാജ്യം സാമ്പത്തികമായും രാഷ്ട്രീയമായും ഒറ്റപ്പെടുമെന്നുറപ്പ്. ഈ അപകടം മുന്നിൽക്കണ്ടിട്ടാകണം, അധികാരമേറ്റെടുത്ത തെരേസ മെയ് 'മൃദു ബ്രെക്സിറ്റ്' നടപ്പാക്കാനാണ് ശ്രമിച്ചത്. അഥവാ, സാങ്കേതി

മായി യൂനിയന് പുറത്തുനിൽക്കുമ്പോഴും പരമാവധി സഹകരിച്ചുമുന്നോട്ടുപോവുക എന്ന നയം. എന്നാൽ, ബോറിസ് ജോൺസൺ അടക്കമുള്ളവർ ഇതിനെതിരായിരുന്നു. സമ്പൂർണ ബ്രെക്സിറ്റ് ആയിരുന്നു അവരുടെ ലക്ഷ്യം. ഈ അഭിപ്രായഭിന്നത വലിയൊരു രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് നീങ്ങിയപ്പോഴാണ് തെരേസ മെയ് രാജിവെച്ചതും ബോറിസ് പ്രധാനമന്ത്രിപദത്തിലെത്തിയതും.

ഭരണമേറ്റശേഷം, രാജ്യത്തെ തീവ്ര വലതുപക്ഷത്തിന്റെ ഇംഗിതങ്ങൾക്കനുസരിച്ച് കെട്ടിയാടുകയായിരുന്നു അദ്ദേഹം. അഭയാർഥികളെയും കുടിയേറ്റക്കാരെയുമൊക്കെ അദ്ദേഹം ശത്രുക്കളായി പ്രഖ്യാപിച്ചു. ഇസ്‍ലാമോഫോബിയയുടെ ശബ്ദമായി പലപ്പോഴും അദ്ദേഹത്തിന്റേത്. ഒരുവേള, സ്വന്തം പക്ഷത്തുനിന്നുപോലും 'ബ്രിട്ടീഷ് ട്രംപ്' എന്ന് പരിഹസിക്കപ്പെട്ടു. ഭരണരംഗത്താകട്ടെ, തികഞ്ഞ പരാജയവും. കോവിഡ് പ്രതിരോധത്തിലടക്കം ഇത് പ്രതിഫലിക്കുകയും ചെയ്തു. ബ്രെക്സിറ്റിനെ തുടർന്ന് യൂറോപ്യൻ യൂനിയനുമായുള്ള പല കരാറുകളും റദ്ദാക്കപ്പെട്ടതോടെ സമ്പദ്ഘടനക്കും പരിക്കേറ്റു. കഴിഞ്ഞ നാലുപതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് രാജ്യമിപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പണപ്പെരുപ്പം ഒമ്പത് പിന്നിട്ടിരിക്കുന്നു. വർഷാവസാനത്തോടെ അത് 11ലെത്തിയേക്കും.

അനിശ്ചിതത്വത്തിന്റെയും പ്രതിസന്ധിയുടെയും പടുകുഴിയിലേക്ക് ബ്രിട്ടൻ കൂപ്പുകുത്തുമെന്ന തോന്നലിൽ, 'സ്വതന്ത്ര സ്കോട്‍ലൻഡി'നായി അവിടത്തെ സർക്കാർ ഹിതപരിശോധന ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ നില തുടരുകയാണെങ്കിൽ, വടക്കൻ അയർലൻഡും ബ്രിട്ടൻ വിട്ട് സ്വതന്ത്രവഴി തേടിയേക്കും. ചുരുക്കത്തിൽ, തികഞ്ഞ വംശീയ ചിന്തയിൽനിന്ന് ഉദയം ചെയ്ത ബ്രെക്സിറ്റ് എന്ന ആശയത്തെ യാഥാർഥ്യവത്കരിക്കാൻ ഇറങ്ങിപ്പുറപ്പെട്ടതിന്റെ സ്വാഭാവിക പരിണതി മാത്രമാണിപ്പോഴത്തെ സംഭവവികാസങ്ങളത്രയും. ബോറിസ് ജോൺസൺ ആ പതനത്തിന്റെ പതാകവാഹകനായെന്നുമാത്രം. ഇത് പല ഭരണകൂടങ്ങൾക്കും ഒരു പാഠമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Borris Jhonson
News Summary - Madhyamam Editorial on Borris Jhonson
Next Story