Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഅഫ്‌ഗാൻ ജനതയെ...

അഫ്‌ഗാൻ ജനതയെ തുറിച്ചുനോക്കുന്ന ദുരന്തം

text_fields
bookmark_border
അഫ്‌ഗാൻ ജനതയെ തുറിച്ചുനോക്കുന്ന ദുരന്തം
cancel


അമേരിക്കൻ സൈന്യത്തിനുപകരം താലിബാൻ 2021 ആഗസ്റ്റ് 15ന് അഫ്‌ഗാൻ ഭരണം പിടിച്ചെടുത്തശേഷം ലോകം പൊതുവായി അന്വേഷിക്കുന്ന ഏകകാര്യം അവിടത്തെ സ്ത്രീകൾ പർദ ധരിക്കുന്നത് നിർത്തിയോ, പെൺകുട്ടികൾ സ്‌കൂളിൽ പോകാൻ തുടങ്ങിയോ എന്നതു മാത്രമാണ്. പെൺകുട്ടികൾക്ക് സ്‌കൂളിൽ പോകാനും സ്ത്രീകൾക്ക് ജോലി ചെയ്യാനും അവസരമുണ്ടാകുമെന്ന്, ഭരണം ഏറ്റെടുത്ത ഉടൻ പുതിയ താലിബാൻ നേതൃത്വത്തിലുള്ള അഫ്ഗാൻ ഭരണകൂട വക്താവ് സബീഹുല്ല മുജാഹിദിന്റെ വാക്ക് പാലിക്കപ്പെട്ടിട്ടില്ല. മാത്രമല്ല, സ്ത്രീ അവകാശങ്ങളുടെ കാര്യത്തിൽ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അസൂയാർഹമായ പുരോഗതി ഭരണകൂടം നേടിയിട്ടുമില്ല. എന്നാൽ, അമേരിക്കൻ അധിനിവേശത്തിൽനിന്ന് സ്വതന്ത്രമായ ശേഷം ഒരുവർഷം പിന്നിടുമ്പോൾ അഫ്‌ഗാന്‍റെ മുന്നിലുള്ള മുഖ്യ പ്രശ്നം സാമ്പത്തിക/മാനുഷിക പ്രതിസന്ധിയാണ്. അത് ഏതാണ്ട് സാമ്രാജ്യത്വത്തിന്റെ സൃഷ്ടിയാണെന്ന് കണ്ടെത്താൻ പ്രയാസവുമില്ല.

2001 സെപ്‌റ്റംബർ 11 കഴിഞ്ഞതുമുതൽ 2021 ആഗസ്റ്റ് 30 വരെ അഫ്ഗാൻ ഭൂമിയിൽ 20 വർഷമാണ് അമേരിക്കൻ ആധിപത്യം ഉണ്ടായിരുന്നത്. യു.എസ് സൈന്യം അവിടം വിട്ടുപോയെങ്കിലും, അൽ ഖാഇദ തലവൻ അയ്മൻ അൽ സവാഹിരിയെ ജൂലൈ 31ന് നിഷ്പ്രയാസം ഡ്രോൺ വഴി അഫ്ഗാനുള്ളിൽ തന്നെ വധിച്ചത്, ആധുനിക സാങ്കേതിക വിദ്യയും സൈനികമായ ഊക്കും ഉണ്ടെങ്കിൽ അധിനിവേശം നടപ്പാക്കാൻ ശാരീരിക സാന്നിധ്യം തന്നെ വേണമെന്നില്ല എന്ന പാഠമാണ് നൽകുന്നത്. പുറത്തുനിന്നുതന്നെ ഒരു രാഷ്ട്രത്തെ ഞെരിക്കാൻ പറ്റുന്ന മറ്റൊരുപായമാണ് സാമ്പത്തിക ഉപരോധം. അഥവാ, മിക്കവാറും മുഴുവൻ വിദേശ സഹായവും നിർത്തിവെച്ചതും, തങ്ങളുടെ വിദേശനാണ്യ ശേഖരം ഉപയോഗിക്കുന്നതിൽ അഫ്ഗാൻ ഭരണകൂടം നേരിടുന്ന നിയന്ത്രണങ്ങളും ഗുരുതരമായ സാമ്പത്തിക ഇടുക്കത്തിലേക്ക് രാജ്യത്തെ എടുത്തെറിഞ്ഞിരിക്കുകയാണ്. ഈ പണക്കമ്മിക്കു അഫ്ഗാൻ ഭരണകൂടം അനിവാര്യമായിക്കണ്ട കൂടുതൽ നികുതി ചുമത്തുക, ആഗോള തലത്തിൽ ദൗർലഭ്യം അനുഭവിക്കുന്ന കൽക്കരി കയറ്റുമതി വർധിപ്പിക്കുക തുടങ്ങിയ നടപടികളിലൂടെ കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ ഡിസംബർ വരെ ഭരണകൂടം 400 മില്യൺ ഡോളർ സംഭരിച്ചുവെന്നാണ് അനുമാനം.

ചുരുക്കിപ്പറഞ്ഞാൽ അന്താരാഷ്‌ട്ര പിന്തുണയുടെ അഭാവം, സുരക്ഷാ വെല്ലുവിളികൾ, കൊടുംവരൾച്ച പോലെ കാലാവസ്ഥ ബന്ധിയായ പ്രശ്നങ്ങൾ, ആഗോള ഭക്ഷ്യദൗർലഭ്യം എന്നീ കാരണങ്ങളാൽ അതിവേഗം വഷളായി വരുന്ന സാമ്പത്തിക സ്ഥിതിയാണ് അഫ്ഗാനിസ്താനെ തുറിച്ചുനോക്കുന്നത്. നാലുകോടിക്കടുത്ത് ജനസംഖ്യയും 1800 കോടി ഡോളർ മൊത്തം ദേശീയ വരുമാനവുമുള്ള രാജ്യത്തിന്റെ ഭരണം 2021 ആഗസ്റ്റിലാണ് ഇസ്‌ലാമിക് എമിറേറ്റ് എന്ന പുതിയ പേരിലുള്ള താലിബാൻ സർക്കാർ ഏറ്റെടുത്തത്. അതുവരെ മുൻ ഭരണകൂടത്തിന് ഭൂതദയാപരം ഒഴികെയുള്ള-അഥവാ മൊത്തം ഭരണച്ചെലവുകളുടെ 70 ശതമാനം-നൽകിയിരുന്ന സഹായം ദായകർ നിർത്തിവെച്ചു. ഇതിനുപുറമെ അഫ്ഗാൻ സെൻട്രൽ ബാങ്കിന്റെ ഒമ്പതു ബില്യൺ ഡോളർ വരുന്ന, അമേരിക്കൻ നിയന്ത്രണത്തിലുള്ള വിദേശനാണ്യ ആസ്തി മരവിപ്പിച്ചുകിടക്കുകയാണ്. ഇതിൽ ഒരു ഭാഗം, 3.5 ബില്യൺ വിട്ടുകൊടുക്കാൻ കഴിഞ്ഞ ദിവസം അമേരിക്കൻ ഭരണകൂടം തീരുമാനിച്ചു. എങ്കിലും പണം മുഴുവൻ താലിബാനു കൈമാറില്ലെന്നും ഒരു മൂന്നാം കക്ഷിയുടെ മേൽനോട്ടത്തിലേ പണം ചെലവഴിക്കാൻ സമ്മതിക്കൂ എന്നുമാണ് വാഷിങ്ടണിന്റെ നിലപാട്. താലിബാൻ കേന്ദ്ര വക്താവ് സുഹൈൽ ഷഹീൻ ഒരു ടി.വി അഭിമുഖത്തിൽ പ്രതികരിച്ചത്, മൂന്നാംകക്ഷിക്ക് അത് നിരീക്ഷിക്കാൻ അവകാശം നൽകാം, എന്നാൽ എങ്ങനെ ആ പണം വിനിയോഗിക്കണമെന്നത് അഫ്‌ഗാന്റെ മാത്രം അധികാര പരിധിയിലുള്ളതാണ് എന്നാണ്.

അഫ്ഗാനിസ്താൻ ഇന്ന് അടിസ്ഥാന ജീവിതാവശ്യങ്ങൾക്കുതന്നെ പ്രയാസപ്പെടുന്ന ദയനീയാവസ്ഥയിലാണ്. ഉൽപാദനങ്ങൾക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ, എല്ലാം ഇനി പുനഃസംവിധാനിച്ചിട്ടുവേണം. ആരോഗ്യ മേഖല തകർന്നുകിടക്കുന്നു. സംഘർഷം നിലച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ ആഗസ്റ്റ് മുതൽ ഈ ജൂൺ വരെ സംഘർഷങ്ങളിൽ 700 പേർ മരിക്കുകയും 1400 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരിക്കുന്നു. ഇതിൽ പകുതിയും ഇസ്‌ലാമിക് സ്റ്റേറ്റ് ഖുറാസാൻ (ഐ.എസ്.കെ) നടത്തിയ അക്രമങ്ങളിൽ ആണെന്ന് അനുമാനിക്കപ്പെടുന്നു.

'ഹ്യൂമൻ റൈറ്റ്സ് വാച്ച്' നടത്തിയ സർവേ അനുസരിച്ച് ജനസംഖ്യയുടെ 90 ശതമാനവും ഒരു വർഷമായി മതിയായ ഭക്ഷണം കിട്ടാതെ കഴിയുകയാണ്. ദാരിദ്ര്യത്തിന്റെയും ഭക്ഷ്യകമ്മിയുടെയും ഏറ്റവും അടിത്തട്ടിലുള്ള വിപൽഘട്ടത്തിലെത്താനുള്ള സാധ്യത അവർ ചൂണ്ടിക്കാട്ടുന്നു. ആശുപത്രികളിൽ അസംഖ്യം കുട്ടികൾ പോഷകക്കുറവ് കൊണ്ടുള്ള രോഗങ്ങളുമായി വരുന്നതായി ലോകാരോഗ്യ സംഘടനയും ചൂണ്ടിക്കാട്ടുന്നു. കൂടാതെ പട്ടിണിമരണങ്ങളും. മാസങ്ങളായി അപ്പം എന്താണെന്ന് കാണാത്തവർ ഗ്രാമങ്ങളിലുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

സാമ്പത്തിക കാരണങ്ങൾ തന്നെയാണ് അഫ്‌ഗാന്റെ മാനുഷിക ദുരന്തത്തിന് കാരണം. പ്രവർത്തനം നിലച്ചുപോയ ബാങ്കിങ് വ്യവസ്ഥയും കൊടുക്കാൻ കറൻസി ഇല്ലാത്ത ബാങ്കുകളും ധനശേഖരം നിഷേധിക്കപ്പെട്ട സെൻട്രൽ ബാങ്കും എല്ലാം ഒരുപോലെ ആ വലയത്തിൽ വരുന്നു. അതിനിടയിലാണ് തങ്ങൾ പിടിച്ചുവെച്ച ഒമ്പതു ബില്യൺ ഡോളറിലെ 3.5 ബില്യൺ ഡോളർ 9/11 ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നൽകണമെന്ന നിർദേശവുമായി അമേരിക്ക നിൽക്കുന്നത്. ഒരു ആഗോള പരിശ്രമത്തിലൂടെ അഫ്ഗാന്‍റെ മാനുഷികദുരന്തം ഒഴിവാക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാവുകയും അഫ്ഗാൻ ജനതയുടെ ധനം അവർക്ക് ഭദ്രമായി ഉപയോഗിക്കാൻ പറ്റുന്ന സാഹചര്യമുണ്ടാക്കി വിട്ടുകൊടുക്കുകയും ചെയ്തില്ലെങ്കിൽ മാനവരാശിക്ക് ഖേദിക്കേണ്ടി വരുന്ന ഒരു ചരിത്രത്തിനായിരിക്കും സാക്ഷ്യം വഹിക്കേണ്ടിവരുക.

Show Full Article
TAGS:madhyamam editorial 
News Summary - Madhyamam Editorial on afganisthan Crisis
Next Story