Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_right'അഫ്​സ്​പ' ഭീകരതക്ക്​...

'അഫ്​സ്​പ' ഭീകരതക്ക്​ അന്ത്യം കുറിക്കണം

text_fields
bookmark_border
അഫ്​സ്​പ ഭീകരതക്ക്​ അന്ത്യം കുറിക്കണം
cancel

വടക്കുകിഴക്കൻ സംസ്ഥാനമായ നാഗാലാൻഡിൽ മോൺ ജില്ലയിലെ ഓട്ടിങ്​ ഗ്രാമത്തിൽ ഇന്ത്യൻസേനയുടെ 21 പാരാ സ്​പെഷൽ ​ഫോഴ്​സസ്​​ നടത്തിയ വിവേചനരഹിതമായ വെടിവെപ്പിൽ 13 സാധാരണക്കാർ കൊല്ലപ്പെട്ടു. തൊഴിലിടത്തിൽനിന്ന്​ മടങ്ങുന്ന ഖനിത്തൊഴിലാളികളുടെ നേർക്കാണ്​ സൈന്യം നിഷ്​ഠുരമായി വെടിയുതിർത്തത്​. വെടിയൊച്ച കേട്ട്​ ഗ്രാമീണർ എത്തു​േമ്പാഴേക്ക്​ മൃതദേഹങ്ങൾ പെറുക്കിക്കൂട്ടി ഒരു വാഹനത്തിൽ ഒളിച്ചുകടത്താനും ശ്രമിച്ചു​. സാധാരണക്കാരെ ബോധപൂർവം വെടിവെച്ചുകൊല്ലുകയായിരുന്നുവെന്നും സംഘർഷബാധിത പ്രദേശങ്ങളി​ലെ ഓപറേഷന്​ മുമ്പായി, സ്ഥലം ​പൊലീസിൽ അറിയിക്കുകയെന്ന പ്രാഥമിക ബാധ്യതപോലും സൈന്യം ദീക്ഷിച്ചില്ലയെന്നും പൊലീസി​െൻറ പ്രഥമവിവര റിപ്പോർട്ടിൽ പറയുന്നു. സംഭവത്തെക്കുറിച്ച്​ സേന ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്​. സംസ്ഥാനസർക്കാർ പ്രത്യേക അന്വേഷണസംഘത്തെയും നിയോഗിച്ചിട്ടുണ്ട്​. അതേസമയം, സേനയും തിങ്കളാഴ്​ച ഇതുസംബന്ധിച്ച്​ പാർലമെൻറിൽ പ്രസ്​താവന നടത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷായും സൈനികഭീകരതക്ക്​ ന്യായം കണ്ടെത്താനാണ്​ ശ്രമിച്ചത്​. പാർലമെൻറി​െൻറ ഇരുസഭകളിലും ചർച്ച നടത്തണമെന്ന ആവശ്യം തള്ളിയ കേന്ദ്രസർക്കാറിനുവേണ്ടി സംഭവവിവരണം നൽകുക മാത്രമാണ്​ ആഭ്യന്തരമന്ത്രി ചെയ്​തത്​. പ്രദേശത്ത്​ തീവ്രവാദിസാന്നിധ്യം റിപ്പോർട്ട്​ ചെയ്യപ്പെട്ടതിനെ തുടർന്നുള്ള സൈനിക നിരീക്ഷണത്തിനിടെ കടന്നുവന്ന തൊഴിലാളികളുടെ വാഹനം നിർത്താനുള്ള സൂചന മറികടന്ന്​ ഓടിച്ചുപോയതിനെ തുടർന്നാണ്​ വെടി​വെപ്പ്​ എന്നാണ്​ അമിത്​ ഷാ പറഞ്ഞത്​. എന്നാൽ, നിരീക്ഷണത്തിൽ തൊഴിലാളികളുടെ കൈയിൽ ബാരൽ സമാനമായതെന്തോ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ്​ ​വെടി​വെച്ചതെന്ന്​ സൈനികവൃത്തങ്ങൾ വിശദീകരിക്കുന്നു. രണ്ടായാലും 'സൈനികഭരണ'ത്തിലിരിക്കുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ജമ്മു-കശ്​മീരി​ലുമൊക്കെ ജനങ്ങളുടെ ജീവൻ എത്ര ലാഘവത്തോടെയാണ്​ കൈകാര്യം ചെയ്യപ്പെടുന്നത്​ എന്നതി​െൻറ ഏറ്റവും പുതിയ ഉദാഹരണമായിരിക്കുന്നു മോൺ കൂട്ടക്കൊല. ജമ്മു-കശ്​മീരിൽ ഭീകരവേട്ടയുടെ മറവിൽ നഗരമധ്യത്തിൽ വർഷങ്ങളായി വ്യാപാരത്തിലേർപ്പെട്ട രണ്ടു സിവിലിയന്മാരെ കൊലചെയ്​തതി​െൻറ പേരിൽ സംഘർഷമുണ്ടായതും ഒടുവിൽ അന്വേഷണത്തിന്​ സർക്കാർ വഴങ്ങിയതും ഒരാഴ്​ചമുമ്പാണ്​. ആളെ വെടിവെച്ചുകൊന്നു, കുടുംബത്തിന്​ വിട്ടുകൊടുക്കാതെ സംസ്​കരിക്കുകയും ഭീകരഭീഷണിയുടെ പേരിൽ ന്യായീകരിക്കുകയുമാണ്​ പതിവ്​. അതേ രീതിതന്നെയാണ്​ നാഗാലാൻഡി​ലും പരീക്ഷിച്ചത്​. എന്നാൽ, ജനം കൈയോടെ പിടികൂടിയതോടെ സൈന്യം കുടുങ്ങുകയായിരുന്നു.

ജമ്മു-കശ്​മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ നമ്മുടെ ദേശത്തി​െൻറ ഭാഗമായിത്തീർന്ന സങ്കീർണമായ രാഷ്​ട്രീയ പ്രക്രിയയെക്കുറിച്ചറിയുന്ന രാഷ്​ട്രീയനേതൃത്വം കരുതലോടുകൂടിയ നയസമീപനങ്ങളാണ്​ അവിടെ പുലർത്തിവന്നിരുന്നത്​. നാഗാ ​ദേശീയത ഉയർത്തിപ്പിടിച്ച്​ ആയുധമെടുത്ത്​ ​പൊരുതുന്ന കലാപകാരികളെ അവരുടെ താൽപര്യങ്ങൾക്ക്​ മുൻഗണന നൽകി തയാറാക്കിയ കരാറുകളിലൂടെയാണ്​ കേന്ദ്ര ഭരണകൂടങ്ങൾ ഒരുവിധം വരുതിയിലാക്കിയത്​. 2015ൽ ന​രേന്ദ്ര മോദി സർക്കാർ 80 വട്ടം ചർച്ച നടത്തി തയാറാക്കിയ പുതിയ കരാറിനെ കേന്ദ്രം ചരിത്രപ്രധാനമെന്ന്​ വിളിച്ച്​ പരമരഹസ്യമായി സൂക്ഷിച്ചപ്പോൾ അത്​ പരസ്യപ്പെടുത്തി സർക്കാറിനെ സമ്മർദത്തിലാക്കുകയാണ്​ നാഷനൽ സോഷ്യലിസ്​റ്റ്​ കൗൺസിൽ ഓഫ്​ നാഗാലാൻഡ്​ (ഐ.എം) ചെയ്​തത്​. അതിനിടെ സ്വന്തം അജണ്ട നടപ്പിലാക്കാനുള്ള വ്യഗ്രതയിൽ ജമ്മു-കശ്​മീരിനെ വിഭജിക്കാൻ ബി.ജെ.പി ഭരണകൂടം നടത്തിയ നീക്കം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അസ്വസ്ഥത വിതച്ചിട്ടുണ്ടെന്നത്​ നേരാണ്​. ഭാഷ, വംശ, ദേശ, ഗോത്ര ഐഡൻറിറ്റികളുടെ വൈരുധ്യമാർന്ന വൈവിധ്യം പുലർത്തുന്ന ഇവിടെ കരുതലോടുകൂടിയ രാഷ്​ട്രീയ പ്രശ്​നപരിഹാരത്തിന്​ ശ്രമിക്കുന്നതിനുപകരം അമിതമായ സൈനികവത്​കരണത്തിനാണ്​ ഇന്നോളം കേന്ദ്രത്തിലിരുന്ന ഭരണകൂടങ്ങൾ ശ്രമിച്ചത്​. സൈന്യത്തിന്​ ​കുപ്രസിദ്ധമായ സായുധസേന പ്രത്യേകാധികാര നിയമം (AFSPA) എന്ന ​സ്വൈരവിഹാര ലൈസൻസ്​ പതിച്ചുനൽകിയിട്ടുണ്ട്​. മനുഷ്യാവകാശങ്ങൾ തീണ്ടാത്ത ഈ ​പൈശാചികനിയമം സൈന്യത്തിന്​ തേർവാഴ്​ചക്കുള്ള അവസരമൊരുക്കുന്നു. അതിർത്തി ഭീകരതയെ ത്വരിപ്പിക്കുന്നതിൽ, സിവിലിയന്മാരെ രാജ്യത്തിനെതിരുനിർത്തുന്ന വിധത്തിലേക്ക്​ ഈ നിയമം ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെന്ന്​ രാഷ്​ട്രീയനിരീക്ഷകർ പലപ്പോഴും ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്​. സുരക്ഷാഭീഷണിയുടെ സംശയംപറഞ്ഞ്​ ​തോന്നിയപോലെ ​കൊലക്കും ഭവനഭേദനത്തിനും പീഡനങ്ങൾക്കുമൊക്കെ ഇത്​ ഇടയാക്കുന്നുവെന്ന്​ മനുഷ്യാവകാശ ഏജൻസികൾതന്നെ പരാതിപ്പെട്ടതാണ്​.

മോണിൽ തത്ത്വദീക്ഷയില്ലാതെ സാധാരണക്കാർക്കുനേരെ വെടിവെക്കാൻ സൈന്യത്തിന്​ അധികാരം നൽകുന്നതും 'അഫ്​സ്​പ' തന്നെയാണ്​. ഒരു പ്രദേശത്തെ ഓപറേഷന്​ മുമ്പ്​ സ്ഥലം ​​​പൊലീസിനെ അറിയിക്കണമെന്നതരത്തിലുള്ള നാമമാത്ര മര്യാദകൾ അതിലുമുണ്ട്​. അത്​ ലംഘിച്ചാലും പക്ഷേ, അന്തിമവിധി സൈന്യത്തി​െൻറ ന്യായത്തിനനുസൃതമായിരിക്കും. അതുകൊണ്ടാണ്​ അഫ്​സ്​പ പിൻവലിക്കുകയാണ്​ ഇതുപോലുള്ള പൈശാചികതകൾക്കുള്ള പരിഹാരമെന്ന്​ നാഗാലാൻഡ്, മേഘാലയ മുഖ്യമന്ത്രിമാരായ നെയ്​ഫിയു റിയോ, കോൺറാഡ്​ സങ്​മ എന്നിവർ ആവശ്യപ്പെട്ടിരിക്കുന്നത്​. ബി.ജെ.പിയുമായി മുന്നണിഭരണത്തിലാണ്​ എന്നുകരുതി സ്വന്തം ജനതയോട്​ നീതി കാണിക്കാൻ തങ്ങൾ ബാധ്യസ്ഥരാണ്​ എന്ന്​ അവർ ഉറച്ചുപറയുന്നു. സൈന്യത്തെ കയറൂരിവിടുന്ന ഈ പൈശാചികനിയമം പിൻവലിക്കുന്നതിനെക്കുറിച്ച്​ കേന്ദ്രം അടിയന്തരമായി ആലോചിച്ചേ മതിയാവൂ. സംഘർഷത്തെ തുടർന്ന്​ ഇൻറർ​നെറ്റ്​ ബന്ധം വിച്ഛേദിച്ച്​ ജനരോഷം അടിച്ചമർത്തുകയാണ്​ ഇ​പ്പോൾ എന്നപോലെ എപ്പോഴും സംഘർഷപ്രദേശങ്ങളിൽ ഭരണകൂടം സ്വീകരിക്കുന്ന എളുപ്പവഴി. എന്നാൽ, പട്ടാളബൂട്ടിനടിയിൽ ജനവികാരം അമർത്തിപ്പിടിക്കുന്നത്​ ഈ സുരക്ഷാലോല പ്രദേശങ്ങളിലെ ജനതയെ കൂടുതൽ അന്യവത്​കരിക്കാ​നാണ്​ ഇടയാക്കുകയെന്നും അത്​ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയേയുള്ളൂവെന്നും ഇനിയുമെന്നാണാവോ കേന്ദ്രവും ഈ സംസ്ഥാനങ്ങളും ഭരിക്കുന്നവർ മനസ്സിലാക്കുക! അതിർത്തിസംസ്ഥാനങ്ങളിൽ അതിരുവിടുന്ന 'അഫ്​സ്​പ' പിൻവലിക്കാൻ എത്രവേഗം തയാറാകുന്നുവോ, അത്രയും അവിടങ്ങളിലെ സമാധാനത്തിലേക്കുള്ള വേഗവും വർധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorial
News Summary - Madhyamam Editorial 2021 december 7 about AFSPA
Next Story