Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകേരളത്തിന് പനിച്ചു...

കേരളത്തിന് പനിച്ചു വിറക്കുന്നു

text_fields
bookmark_border
fever
cancel


മഴക്കാലം ശക്തിയാകുന്നതിനൊപ്പമാണ് മുൻവർഷങ്ങളിൽ സംസ്ഥാനത്ത് പനി പടർന്നിരുന്നതെങ്കിൽ ഇക്കുറി അതിനു മുമ്പേ പനിക്കിടക്കയിലേക്ക് വീണിരിക്കുന്നു കേരളം. ചിരിച്ചും കളിച്ചും സ്കൂളിലേക്ക് പോകുന്ന കുട്ടികൾ പനിപിടിച്ചാണ് വൈകീട്ട് തിരിച്ചെത്തുന്നത്. പനിമൂലം വീടുവിട്ടിറങ്ങാനാവാത്തതിനാൽ പല തൊഴിലാളി കുടുംബങ്ങളിലും വരുമാനം മുടങ്ങിയിരിക്കുന്നു. ആശങ്കപ്പെടുത്തും വിധം കുത്തനെ ഉയരുകയാണ് രോഗികളുടെ എണ്ണം.

ചൊവ്വാഴ്ച മാത്രം 13,000ലധികം പേരാണ് വൈറൽ പനി ബാധിച്ച് വിവിധ ജില്ലകളിൽ ചികിത്സ തേടിയത്. ഈ മാസം സർക്കാർ ആശുപത്രികളിൽ മാത്രം പനിബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം ഒന്നര ലക്ഷത്തിലേറെ വരും. ചെറുകിട-സ്വകാര്യ ക്ലിനിക്കുകൾ മുതൽ സ്വകാര്യ മെഡിക്കൽ കോളജുകളിൽവരെ ചികിത്സ തേടുന്നവരുടെ കൂടി കണക്കെടുത്താൽ കേസുകൾ ഇരട്ടിയിലേറെയാവും. പനി മരണവും റിപ്പോർട്ട് ചെയ്തു തുടങ്ങി. ഡെങ്കി ബാധിച്ച് ഇരുപതിലധികവും എലിപ്പനി ബാധിച്ച് പത്തിലധികവും ആളുകൾക്ക് ഈ സീസണിൽ ഇതിനകം ജീവൻ നഷ്ടപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്.

സമാന ലക്ഷണങ്ങളോടെയുള്ള, ഈ കണക്കിൽപ്പെടുത്താത്ത മരണങ്ങൾ വേറെയും സംഭവിക്കുന്നുണ്ട്. മരിച്ചവരിൽ കുട്ടികളും യുവാക്കളും ഉൾപെടും. മലപ്പുറം ജില്ലയിൽ വൈറൽ പനി ബാധിതരുടെയും എറണാകുളത്ത് ഡെങ്കി ബാധിതരുടെയും പത്തനംതിട്ടയിൽ എലിപ്പനി ബാധിതരുടെയും എണ്ണം കുത്തനെ ഉയരുന്നു. മലേറിയ, ടൈഫോയ്ഡ് കേസുകളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡെങ്കി ബാധിതരുടെ എണ്ണം മുൻവർഷങ്ങളെ അപേക്ഷിച്ച് ഉയർന്നത് മാലിന്യപ്രശ്നം ഏറ്റവും രൂക്ഷമായ എറണാകുളത്താണ് എന്നതൊരു മുന്നറിയിപ്പാണ്. സർക്കാറും ജനങ്ങളും അതിജാഗ്രത പുലർത്തിയേ മതിയാവൂ എന്നർഥം.

മഴ കനക്കുന്നതോടെ പനിയുടെ വ്യാപനം ഉറപ്പാണ്. അതിനൊപ്പം വയറിളക്കമുൾപ്പെടെയുള്ള മറ്റ് അസുഖങ്ങളും പടരും. അതിനാൽ മുൻകരുതലുകൾ സ്വീകരിക്കേണ്ട സമയവും അതിക്രമിച്ചിരിക്കുന്നു. മഴക്കാല പൂർവശുചീകരണത്തിലും ഉറവിട മാലിന്യനിർമാർജനത്തിലും തദ്ദേശ സ്ഥാപനങ്ങൾ വരുത്തിയ വീഴ്ചയാണ് തുടക്കത്തിലേ പകർച്ചവ്യാധികൾ വ്യാപിക്കാൻ കാരണമെന്നാണ് സൂചനകൾ. അതിഗുരുതര രോഗബാധിതരുടെ ചികിത്സക്ക് മെഡിക്കൽ കോളജുകളടക്കമുള്ള ആശുപത്രികളിൽ പ്രത്യേക വാർഡും ഐ.സി.യുവും തുറക്കാനും സുരക്ഷാ ഉപകരണങ്ങളുടെയും ടെസ്റ്റ് കിറ്റുകളുടെയും ലഭ്യത ഉറപ്പാക്കാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

ഡെങ്കി ബാധിതരുടെ എണ്ണം വർധിക്കുന്നത് ഐ.സി.യു, വെന്റിലേറ്റർ, സംവിധാനങ്ങളുടെ ക്ഷാമവും സൃഷ്ടിച്ചേക്കാം. ഇതിനകം തന്നെ വെന്റിലേറ്റർ, ബ്ല‌ഡ് ബാങ്കുകളിൽ പ്ലേറ്റ്ലെറ്റ് എന്നിവക്ക് ക്ഷാമം നേരിട്ടു തുടങ്ങിയതായാണ് ആരോഗ്യവകുപ്പ് ജീവനക്കാർതന്നെ ചൂണ്ടിക്കാട്ടുന്നത്. കോവിഡ് കാലത്തെപ്പോലെ ജാഗ്രതയോടെ നേരിട്ടില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും അവർ മുന്നറിയിപ്പു നൽകുന്നു. നിലവിൽതന്നെ മിക്കവാറും മെഡിക്കൽ കോളജുകളും നിലവിലെ ശേഷിയേക്കാൾ 20 മുതൽ 30 ശതമാനം വരെ അധിക രോഗികളുമായാണ് മുന്നോട്ടുപോകുന്നത്.

പ്രതിരോധ മരുന്നുകൾ, ബോധവത്കരണം, ഡെങ്കിപ്പനി-എലിപ്പനി മേഖലകളിൽ പ്രത്യേക ശ്രദ്ധയും കരുതലും, പ്രാഥമിക ചികിത്സ കേന്ദ്രങ്ങളിൽ ഉൾപ്പെടെ കിടത്തി ചികിത്സ, ആവശ്യമായ ഡോക്ടർമാരും ജീവനക്കാരുമടക്കമുള്ളവരുടെ നിയമനം, വിന്യാസം തുടങ്ങിയവ കൂടിയും സർക്കാർ ഉറപ്പുവരുത്തേണ്ടതുണ്ട്. പനിയെ പിടിച്ചുകെട്ടുന്നതിനാവണം ഇനിയുള്ള ദിനങ്ങളിൽ കേരളം മുൻഗണന നൽകേണ്ടത്. ചികിത്സയുടെ അഭാവം മൂലം ഒരു പനിമരണം പോലും അനുവദിച്ചുകൂടാ. ഉൾനാടൻ മേഖലകളിൽ വൈദ്യപരിരക്ഷ ഉറപ്പുവരുത്താൻ മൊബൈൽ പനിക്ലിനിക്കുകളെക്കുറിച്ചും ആലോചിക്കാവുന്നതാണ്.

സാഹചര്യം നേരിടാൻ ജനങ്ങളും ജാഗ്രത പാലിക്കേണ്ടതുണ്ട്. മാലിന്യ നിർമാർജനത്തിൽ, കൊതുകുകൾ പെരുകുന്ന സാഹചര്യം ഒഴിവാക്കുന്നതിൽ സൂക്ഷ്മത ആവശ്യമാണ്. രോഗാരംഭത്തിൽതന്നെ ചികിത്സ പ്രധാനമാണ്, സ്വയം ചികിത്സയാകരുതു താനും. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാലുടൻ ആശുപത്രികളിൽ ചികിത്സ തേടണം. മാർഗനിർദേശങ്ങൾ അനുസരിക്കുകയും വേണം. കോവിഡ് കാലത്തെപ്പോലെ ഒത്തൊരുമിച്ച് നേരിട്ടാലേ ഈ സാഹചര്യവും നമുക്ക് മറികടക്കാൻ കഴിയൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:feverdengue
News Summary - Kerala is shaking with fever
Next Story