Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightനേതൃതെരഞ്ഞെടുപ്പിന്​...

നേതൃതെരഞ്ഞെടുപ്പിന്​ ഇറങ്ങുന്ന കോൺഗ്രസ്​

text_fields
bookmark_border
നേതൃതെരഞ്ഞെടുപ്പിന്​ ഇറങ്ങുന്ന കോൺഗ്രസ്​
cancel



ന്ദിഗ്ധതകൾക്കു വിരാമമിട്ട്​ ഇന്ത്യൻ നാഷനൽ കോൺഗ്രസിൽ അധ്യക്ഷന്‍റെ തെരഞ്ഞെടുപ്പ്​ ഒക്​ടോബർ 17ന്​ നടത്താൻ ഞായറാഴ്ച ചേർന്ന പാർട്ടി പ്രവർത്തകസമിതി തീരുമാനിച്ചിരിക്കുന്നു. ഇതോടെ രണ്ടു പതിറ്റാണ്ടിലേറെയായി സോണിയ, രാഹുൽ ഗാന്ധിമാരിൽ നിക്ഷിപ്തമായ പ്രസിഡന്‍റ്​ സ്ഥാനത്തേക്ക്​ ജനാധിപത്യരീതിയിലുള്ള ​തെരഞ്ഞെടുപ്പിന്​ കള​മൊരുങ്ങുകയാണ്​. കോൺഗ്രസി​ന്‍റെയും അതി​നകത്തെ ഗാന്ധികുടുംബ വിധേയത്വത്തിന്‍റെയും കഥയറിയുന്ന ആർക്കും ​ഈ തെരഞ്ഞെടുപ്പ്​ പ്രഖ്യാപനമോ അതിന്‍റെ ഫലമോ സംബന്ധിച്ച വിസ്മയമൊന്നും ഉണ്ടാകാനിടയില്ല. അതേസമയം, അധ്യക്ഷപദവി ഏറ്റെടുക്കാനുള്ള ഗാന്ധികുടുംബ അന്ധഭക്തരുടെ തുടർച്ചയായ നിർബന്ധങ്ങൾക്കു മുന്നിൽ ഇപ്പോഴും വിലങ്ങടിച്ചുനിൽക്കുന്ന രാഹുൽ ഗാന്ധി വൈമുഖ്യം തുടർന്നാൽ അതിലൊരു കൗതുകമുണ്ടുതാനും.

നാമമാത്ര കപ്പിത്താനെവെച്ച് മുന്നോട്ടുനീങ്ങുന്ന കോൺഗ്രസ്​ ​കാറ്റിലും കോളിലും പെട്ടുലയുന്ന സന്ദർഭത്തിൽ, വരുന്ന​ തെരഞ്ഞെടുപ്പ്​ പാർട്ടിയെ ശക്തിപ്പെടുത്തുമോ അതോ പടലപ്പിണക്കവും പിളർപ്പുമായി ദുർബലപ്പെടുത്തു​മോ എന്ന് കൗതുകപൂർവം നിരീക്ഷിക്കുകയാണ്​ രാഷ്ട്രീയവൃത്തങ്ങൾ. ആർക്കും മത്സരിക്കാനുള്ള അവസരം തുറന്നിട്ടുകൊണ്ടാണ്​ പ്രഖ്യാപനം വന്നിരിക്കുന്നത്​. രാജ്യത്ത്​ അടിമുടി ജനാധിപത്യപ്രക്രിയയിലൂടെ ഭാരവാഹികളെ കണ്ടെത്തുന്ന പാർട്ടി തങ്ങളുടേതാണ്​ എന്ന അവകാശവാദവും കോൺഗ്രസ്​ ഉന്നയിച്ചിട്ടുണ്ട്​. പാർട്ടിയിൽ കൂടിയാലോചനയുടെയും ജനാധിപത്യത്തിന്‍റെയും യുഗം അവസാനിച്ചു എന്നാരോപിച്ച്​ സമുന്നത നേതാവ്​ ഗുലാം നബി ആസാദ്​ പടിയിറങ്ങിപ്പോയതിനു പിറകെയാണ്​ തെരഞ്ഞെടുപ്പ്​ പ്രഖ്യാപനമെന്നത്​ ശ്രദ്ധേയമാണ്​.

കോൺഗ്രസിൽ അവസാനമായി പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പ്​ നടന്നത്​ 2000 നവംബറിലാണ്​. രാഹുൽ ഗാന്ധി സ്ഥാനമേറ്റെടുത്ത രണ്ടുവർഷമൊഴിച്ചാൽ, 1998ൽ തുടങ്ങി ഏറ്റവും കൂടുതൽകാലം പാർട്ടി അധ്യക്ഷപദത്തിലിരുന്ന സോണിയയുടെ യുഗം ഇതോടെ അവസാനിക്കും.

തെരഞ്ഞെടുപ്പ്​ പ്രഖ്യാപനം പുറത്തുവന്നശേഷവും മുതിർന്ന നേതാക്കൾ രാഹുൽവാഴ്ത്ത് തുടരുകയാണ്​. 'കോൺഗ്രസ്​ എങ്കിൽ രാഹുൽ പ്രസിഡന്‍റ്​' എന്ന കാമ്പയിൻ അവർ തുടങ്ങിക്കഴിഞ്ഞു. 2019 ലെ തെരഞ്ഞെടുപ്പ്​ പരാജയത്തെ തുടർന്ന്​ പദവിയൊഴിഞ്ഞ രാഹുലിനുമേൽ പലപ്പോഴായി മുതിർന്ന നേതാക്കൾ സമ്മർദം ചെലുത്തിയെങ്കിലും ഗാന്ധികുടുംബത്തിൽ നിന്നാരും നേതൃത്വം ഏറ്റെടുക്കുന്നതിനോട്​ അദ്ദേഹം യോജിച്ചില്ല. ഈ മാസം അഞ്ചിന്, മുതിർന്ന നേതാക്കൾ വന്നു കണ്ടപ്പോഴും 'ഞാൻ നയിക്കേണ്ട പാർട്ടി ഇതല്ല' എന്നായിരുന്നു രാഹുലിന്‍റെ പ്രതികരണം. 2006ൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതു മുതൽ പാർട്ടിയെ പരിഷ്കരിക്കാൻ നടത്തിയ നീക്കങ്ങൾ പരാജയപ്പെട്ടതിലെ അമർഷംകൂടി ആ പ്രതികരണത്തിലുണ്ടായിരുന്നു.

രാജ്യത്ത്​ 1970കളിലെ നേതാക്കളെ വെച്ച്​ ഓടുന്ന ഒരേയൊരു പാർട്ടി കോൺഗ്രസ്​ ആയിരിക്കും. പുറത്തുപോയ ഗുലാംനബി, അശോക്​ ഗെഹ്​ലോട്ട്​, ദിഗ്​വിജയ് ​സിങ്​, കമൽനാഥ്​, അംബിക സോണി തുടങ്ങിയവരൊക്കെ സഞ്ജയ്​ ഗാന്ധിയുടെ കാലത്ത്​ കോൺഗ്രസ്​ നേതൃത്വത്തിലെത്തിയവരാണ്​. അഞ്ചു ദശാബ്​ദത്തിലേറെയായി നേതൃത്വത്തിൽ തുടർന്നിട്ടും മതിയാകാത്ത ഇവരിൽനിന്ന് പാർട്ടിയെ രക്ഷിച്ചെടുക്കാനുള്ള നീക്കമാണ്​ രാഹുൽ നടത്തിയത്​. എന്നാൽ, വൃദ്ധനേതൃത്വം അതിനെ ഒറ്റക്കെട്ടായി ചെറുത്തു. യൂത്ത്​ കോൺഗ്രസ്​, എൻ.എസ്​.യു, സേവാദൾ, മഹിള കോൺഗ്രസ്​ പരിഷ്കരണപരിപാടികൾ പോലും അവർ തടഞ്ഞു. മാറാനോ വഴിമാറാനോ തയാറില്ലാത്ത മുതിർന്നവർ രാഹുലിനെ മുഷിപ്പിച്ചപ്പോൾ യുവഗാന്ധിയുടെ അപക്വതയായിരുന്നു സീനിയർ നേതാക്കളുടെ പരാതി. വൃദ്ധനേതൃത്വവും പുതുരക്തവും തമ്മിലെ ഈ പടലപ്പിണക്കമാണ്​ ഒടുവിൽ ജി-23ലും നേതാക്കളുടെ കൊഴിഞ്ഞുപോക്കിലും എത്തിയത്​. എന്നാൽ 1967, '77, '96, 98-99 കാലത്തെ ​തെരഞ്ഞെടുപ്പ്​ പരാജയങ്ങളു​ടെ ഫലമുണ്ടായ പിളർപ്പിലേക്ക്​ പാർട്ടി എത്തിയില്ല. അങ്ങനെ പിളരാനുള്ള ശേഷി പോലും ഇന്ന് കോൺഗ്രസിനില്ല. അതുകൊണ്ടാവും​ അഹ്​മദ്​ പട്ടേലിന്‍റെ പിന്മുറസ്ഥാനം പോയതിനു പുറമെ, പ്രസിഡന്‍റ്​ സ്ഥാനത്തേക്ക്​ അശോക്​ ഗെഹ്​ലോട്ടിന്‍റെ പേരുകൂടി വന്നതോടെ ഭാഗ്യാന്വേഷണം തേടി ഗുലാം നബി പുറത്തിറങ്ങിയത്​. മനംമടുത്ത രാഹുലാകട്ടെ, കോൺഗ്രസിനെ തോൽക്കാൻവിട്ട് പ്രസ്താവനകളുടെയും പ്രചാരണവിദ്യകളുടെയും മികവിൽ തൃപ്തിയടഞ്ഞുവരുന്നു. ഇതെല്ലാം വർധിത ഊർജം പകർന്നത്​ രണ്ടാമൂഴവും കടന്ന്​ തങ്ങളുടെ ശിഥിലീകരണ അജണ്ടയിൽ ഇന്ത്യയുടെ വാർപ്പു പൂർത്തിയാക്കാൻ തുനിഞ്ഞിറങ്ങിയ ബി.ജെ.പിക്കാണ്​.

രാഹുൽ ഗാന്ധി അധ്യക്ഷപദം പൂർണമായി ഏറ്റെടുക്കുകയോ അല്ലെങ്കിൽ മാറിനിന്ന് തെരഞ്ഞെടുപ്പിൽ ജയിക്കുന്ന പ്രസിഡന്‍റിനെ പൂർണസ്വതന്ത്രനായി വിടുകയോ ആണ്​ കോൺഗ്രസ്​ രക്ഷപ്പെടാനുള്ള ആദ്യപടി. എന്നാൽ അധ്യക്ഷ സ്ഥാനാർഥിയായി പുറത്തുനിന്നു പറഞ്ഞുകേൾക്കുന്നത് രാജസ്ഥാൻ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​ എന്ന പഴയ പടക്കുതിരയുടെ പേരാണ്​​. കാരണം മറ്റൊന്നുമല്ല, നരസിംഹ റാവുവിന്‍റെയും സീതാറാം കേസരിയുടെയും സ്വതന്ത്ര അധ്യക്ഷതയുടെ അനുഭവം മുന്നിലുള്ളതുകൊണ്ട്​ റിമോട്ട്​ ക​ൺട്രോളിൽ നിൽക്കാൻ ഗെഹ്​ലോട്ട്​ ആണ് ഗാന്ധികുടുംബത്തിന് അനുയോജ്യൻ. ഈ നീക്കത്തിനെതിരെ ജി-23 വെടിപൊട്ടിച്ചുകഴിഞ്ഞു. തെ​ര​ഞ്ഞെടുപ്പ്​ എത്രത്തോളം ജനാധിപത്യപരമാകും എന്ന് വോട്ടർപട്ടികയുടെ വിശ്വാസ്യതയിലേക്ക്​ വിരൽചൂണ്ടി അവർ സംശയം പ്രകടിപ്പിക്കുന്നുമുണ്ട്​. പടിപടിയായി രാജ്യത്തെ ഒന്നിപ്പിക്കുക എന്ന ആ​ഹ്വാനത്തോടെ 'ഭാരത്​ ജോഡോ' യാത്രക്കുള്ള വമ്പിച്ച തയാറെടുപ്പിലാണ്​ രാഹുലിന്‍റെ നേതൃത്വത്തിൽ കോൺഗ്രസ്​. അതിനിടെ വരുന്ന സംഘടന ​തെരഞ്ഞെടുപ്പ്​ പാർട്ടിയെ ഒന്നിപ്പിച്ചു ശക്തമായി മുന്നോട്ടു കൊണ്ടുപോകുമോ, അതല്ല ശൈഥില്യത്തിനു വഴിവെച്ച്​ ബി.ജെ.പിക്ക്​ കരുത്തുപകരുമോ എന്നതാണ്​ പ്രസക്തമായ ചോദ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialcongress
News Summary - congress leadership election madhyamam editorial
Next Story