Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightടിപ്പുവിനെതിരായ പുതിയ...

ടിപ്പുവിനെതിരായ പുതിയ മൈസൂർ യുദ്ധം

text_fields
bookmark_border
ടിപ്പുവിനെതിരായ പുതിയ മൈസൂർ യുദ്ധം
cancel

വെറും 48 വർഷത്തെ ജീവിതംകൊണ്ട് ആർക്കും മായ്ച്ചു കളയാൻ കഴിയാത്തവിധം, ചരിത്രത്തിൽ ഇടംപിടിച്ച ഐതിഹാസിക വ്യക്തിത്വത്തിനുടമയാണ് മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താൻ (20 നവംബർ 1750 04 മേയ് 1799). ഇന്നത്തെ കർണാടക സംസ്​ഥാനത്തിലെ മൈസൂരുവിനടുത്ത ശ്രീരംഗപട്ടണം കേന്ദ്രീകരിച്ചാണ്  ടിപ്പു സുൽത്താൻ തെൻറ സാമ്രാജ്യം കെട്ടിപ്പടുത്തത്.  17 വർഷക്കാലം മാത്രം നീണ്ട ഭരണകാലത്തിനിടയിൽ, അന്ന് പരിചിതമില്ലാതിരുന്ന, പുരോഗമനകരവും ആധുനികവുമായ ഭരണ നടപടികളിലൂടെ ലോകത്തെ തന്നെ ശ്രദ്ധേയനായ ഭരണാധികാരിയായി അദ്ദേഹം മാറി. കർണാടകക്ക് പുറമെ കേരളത്തിെൻറയും തമിഴ്നാടിെൻറയും ഭാഗങ്ങൾകൂടി ഉൾപ്പെടുന്നതായിരുന്നു അദ്ദേഹത്തിെൻറ അധികാരപരിധി. ഭൂപരിഷ്കരണം, ആധുനിക നികുതി ഘടനകൾ, പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണം തുടങ്ങിയ നടപടികൾ കാരണമായി അധീശ ന്യൂനപക്ഷത്തിെൻറ വെറുപ്പ് വേണ്ടുവോളം സമ്പാദിച്ചയാളാണ് ടിപ്പു സുൽത്താൻ.

തദ്ദേശീയരായ അധീശവർഗവും വിദേശ കൊളോണിയൽ ശക്തികളായ ബ്രിട്ടീഷുകാരും അദ്ദേഹത്തെ പൊതുശത്രുവായി കണ്ടു. അവരുടെ നിഗൂഢമായ നീക്കങ്ങൾക്കൊടുവിൽ 48ാം വയസ്സിൽ അദ്ദേഹം ബ്രിട്ടീഷുകാരോട് നേരിട്ട് ഏറ്റുമുട്ടി രക്തസാക്ഷിയായി. പുരോഗമനമൂല്യങ്ങളിൽ വിശ്വസിക്കുന്ന ദേശാഭിമാനികളായ മുഴുവൻ പേരെയും ത്രസിപ്പിക്കുന്നതാണ് ടിപ്പുവിെൻറ ജീവിത കഥ. അതേസമയം, ഇന്ത്യയെ കീഴ്പ്പെടുത്താൻ വന്ന ബ്രിട്ടീഷുകാർ ഏറ്റവും ഉൾക്കിടിലത്തോടെ ഓർക്കുന്ന വ്യക്തിത്വവുമാണ് അദ്ദേഹം. അവർ അദ്ദേഹത്തെ കൊല്ലുക മാത്രമല്ല, അദ്ദേഹത്തെക്കുറിച്ച് കള്ളങ്ങൾ എഴുതിവെക്കുകയും ചെയ്തു. അത് വിശ്വസിക്കാനും പകർത്തിയെഴുതാനും ഇന്ത്യയിൽ ആളുകളുമുണ്ടായി. അവർ ചരിത്രമെന്ന മട്ടിൽ പ്രചരിപ്പിച്ച കള്ളങ്ങൾ ടിപ്പുവിനെ ഭത്സിക്കുന്നതായിരുന്നു. അങ്ങനെ, മതഭ്രാന്തനും താന്തോന്നിയുമായ ഭരണാധികാരിയാണ് ടിപ്പുവെന്ന പ്രചാരണം അവർ നടത്തി.

കുറച്ചാളുകളെയെങ്കിലും അത് വിശ്വസിപ്പിക്കുന്നതിൽ അവർ വിജയിക്കുകയും ചെയ്തു. നന്നെച്ചുരുങ്ങിയത്, അർഹിക്കുന്ന ആദരവും പരിഗണനയും ചരിത്രത്തിൽ ലഭിക്കാതെ പോയ ചക്രവർത്തിയായി ടിപ്പു മാറി. അദ്ദേഹത്തെക്കുറിച്ചുള്ള ഏത് സംസാരവും വിവാദങ്ങളുടെ പുകയിൽ മറയ്ക്കാൻ ഈ വികല ചരിത്രകാരന്മാർക്ക് സാധിച്ചു. മഹാനായ ഒരു ഭരണാധികാരിക്ക് കിട്ടേണ്ട ആദരം കിട്ടാതെ പോയി.
ടിപ്പുവിനോട് കാലം കാണിച്ച ഈ അവഗണനയെ ചെറിയ രീതിയിലെങ്കിലും തിരുത്താൻ ഉതകുന്നതായിരുന്നു, ടിപ്പുവിെൻറ 266ാം ജന്മവാർഷിക ദിനമായ നവംബർ 10ന് ടിപ്പു ജയന്തി ആയി ആചരിക്കാനുള്ള കർണാടക സർക്കാറിെൻറ തീരുമാനം. സംഘ്പരിവാർ സംഘടനകൾ ഇതിനെതിരെ വ്യാപകമായ പ്രചാരണങ്ങളാണ് അഴിച്ചുവിട്ടത്. ഗുജറാത്തിന് ശേഷം, ഹിന്ദുത്വ ബ്രിഗേഡിെൻറ പരീക്ഷണശാലയായി കണക്കാക്കപ്പെടുന്ന കർണാടകത്തിലെ സാമുദായിക അന്തരീക്ഷത്തെ കലുഷിതമാക്കാനുള്ള സന്ദർഭമായി ഇതിനെ ആർ. എസ്​.എസും അനുബന്ധ സംഘടനകളും ഉപയോഗിച്ചു. കുടക് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വലിയ തോതിൽ സംഘർഷങ്ങളും വെടിവെപ്പുമെല്ലാം സംഭവിക്കുന്നത് ഈ അജണ്ടയുടെ ഭാഗമായാണ്.

ചരിത്രത്തെ തങ്ങളുടെ വിഭാഗീയ അജണ്ടകൾക്കനുസരിച്ച് മാറ്റിയെഴുതി അത് ജനങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കുകയെന്നത് സംഘ്പരിവാറിെൻറ പദ്ധതിയാണ്. ബ്രിട്ടീഷുകാർക്കെതിരായ സ്വാതന്ത്ര്യ സമരത്തിൽ പ്രത്യേകിച്ച് ഒരു പങ്കുമില്ലാത്തവരാണ് ആർ.എസ്​.എസ്​ എന്ന് എല്ലാവർക്കുമറിയാം. അവരുടെ വലിയ നേതാവായ വിനായക ദാമോദർ സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷ എഴുതിക്കൊടുത്ത് ജയിലിൽനിന്ന് പുറത്ത് കടന്നയാളാണ്. വാജ്പേയിയുടെ ഭരണകാലത്താണ് പാർലമെൻറിെൻറ സെൻട്രൽ ഹാളിൽ അദ്ദേഹത്തിെൻറ ഛായാ ചിത്രം അനാച്ഛാദനം ചെയ്യുന്നത്. ബ്രിട്ടീഷുകാരോട് മാപ്പപേക്ഷ എഴുതിക്കൊടുത്ത തങ്ങളുടെ സൈദ്ധാന്തികന് പാർലമെൻറിൽ ഇടം നൽകിയ ഹിന്ദുത്വവാദികൾക്ക്, ബ്രിട്ടീഷുകാരോട് അവസാന ശ്വാസം വരെ പോരാടിനിന്ന് രക്തസാക്ഷിയായ ടിപ്പു സുൽത്താെൻറ പേരു കേൾക്കുമ്പോൾ ആത്മനിന്ദ അനുഭവിക്കുക സ്വാഭാവികമാണ്. ആ നിന്ദ ഒഴിവായിക്കിട്ടാൻ വേണ്ടിയാവണം അവർ ടിപ്പുവിനെ മതഭ്രാന്തനായി അവതരിപ്പിക്കുന്നത്. മറാത്തയിലെ ഹിന്ദു ഭരണാധികാരികൾ ശൃംഗേരി മഠം ആക്രമിച്ചപ്പോൾ മഠത്തിന് സംരക്ഷണം നൽകിയ ടിപ്പു സുൽത്താനെ ക്ഷേത്ര ധ്വംസകനായി ഹിന്ദുത്വവാദികൾ അവതരിപ്പിക്കുന്നത് ടിപ്പുവിനെക്കുറിച്ച് സാമാന്യ ഹിന്ദുക്കൾക്കിടയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ മാത്രമാണ്.

ചരിത്രത്തിൽ ശ്രദ്ധേയരായ പുരോഗമനകാരികളെയും ന്യൂനപക്ഷവിഭാഗത്തിൽ പെട്ടവരെയും പൈശാചികവത്കരിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയുള്ളതാണ് ടിപ്പുവിനെതിരായ പുതിയ പടപ്പുറപ്പാട്. മുമ്പ്, 1990ൽ ടിപ്പുവിനെക്കുറിച്ച് ടെലിവിഷൻ സീരിയൽ പ്രക്ഷേപണം ചെയ്യുന്ന സമയത്തും ഇതേപോലുള്ള വിവാദങ്ങൾ അവർ കുത്തിപ്പൊക്കിയിരുന്നു. തങ്ങളുടെ സങ്കുചിത താൽപര്യങ്ങൾക്ക് അനുരൂപമായി ചരിത്രത്തെ വ്യാഖ്യാനിക്കാനുള്ള നീക്കത്തിെൻറ  ഭാഗം മാത്രമാണിത്. ആ ശ്രമത്തിനിടയിൽ സാമുദായിക അസ്വസ്​ഥതകളും അല്ലറ ചില്ലറ ലഹളകളും നടന്നുകിട്ടിയാൽ അതും ലാഭമായി എന്നവർ വിചാരിക്കുന്നു. ടിപ്പുവിനെ മുൻനിർത്തിയുള്ള പുതിയ മൈസൂർ യുദ്ധത്തിന് സംഘ്പരിവാർ ഇറങ്ങിപ്പുറപ്പെട്ടതിന് പിന്നിൽ അത് മാത്രമാണ്. അത് തിരിച്ചറിയാനും പ്രതിരോധിക്കാനും പുരോഗമനവാദികളായ ചരിത്രകാരന്മാരും സാമൂഹിക ശാസ്​ത്രജ്ഞരും മുന്നോട്ട് വരുന്നുവെന്നത് ആഹ്ലാദകരമാണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eitorial
Next Story