ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഗൂഢ പദ്ധതി 

07:45 AM
06/09/2019
assam-nrc
രാജ്യമൊട്ടുക്ക് ദേശീയ പൗരത്വ രജിസ്​റ്റര്‍ (നാഷനല്‍ രജിസ്​റ്റര്‍ ഓഫ് സിറ്റിസണ്‍സ് അഥവാ എന്‍.ആര്‍.സി) പദ്ധതി നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്  ഷായുടെ പ്രഖ്യാപനത്തെ വര്‍ഗീയധ്രുവീകരണം എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ച് രാഷ്​ട്രീയനേട്ടമുണ്ടാക്കാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമായേ കാണാനാകൂ. അസമില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പൗരത്വപദ്ധതി 1950ല്‍ പാര്‍ലമ​െൻറ് ​പാസാക്കിയ ഇമിഗ്രൻറ്​സ്​(എക്സ്പൽഷന്‍ ഫ്രം അസം) ആക്​ടി​​െൻറ അടിസ്ഥാനത്തിലുള്ളതാണ്. അത് ആ സംസ്ഥാനത്തെ സവിശേഷസാഹചര്യങ്ങള്‍ നേരിടാന്‍ ഉണ്ടാക്കിയതാണെന്ന് പേരുതന്നെ വ്യക്തമാക്കുന്നുണ്ട്. ആ നിയമത്തി​​െൻറ ഏഴു പതിറ്റാണ്ട് നീളുന്ന ചരിത്രം അറിയാവുന്നവരും രാജ്യത്ത് സമുദായസൗഹാർദം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരും അത് രാജ്യമൊട്ടാകെ വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയേയില്ല. ബി.ജെ.പി അധ്യക്ഷന്‍ കൂടിയായ അമിത് ഷാക്ക്​ അങ്ങനെ ചിന്തിക്കാന്‍  കഴിയുന്നത് വര്‍ഗീയ ധ്രുവീകരണത്തിലൂടെയല്ലാതെ ത​​െൻറ പാര്‍ട്ടിക്ക് വളരാനാവില്ലെന്ന് അറിയാവുന്നതുകൊണ്ടാണ്.

ഇന്ത്യ-പാകിസ്താന്‍ വിഭജനത്തിനു വളരെ മുമ്പുതന്നെ ബംഗാളില്‍നിന്ന് ഹിന്ദുക്കളും മുസ്​ലിംകളും അസമിലേക്ക് കുടിയേറ്റം തുടങ്ങിയിരുന്നു. വിഭജനകാലത്ത് പാകിസ്​താ​െൻറ ഭാഗമായ കിഴക്കേ ബംഗാളില്‍നിന്ന് ഇന്ത്യയിലേക്ക് ഹിന്ദുക്കളുടെയും ചുറ്റുമുള്ള  ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന്‍ കിഴക്കേ ബംഗാളിലേക്ക് മുസ്​ലിംകളുടെയും പ്രവാഹമുണ്ടായി. കിഴക്കേ ബംഗാളിലെ ജനങ്ങള്‍ പാകിസ്​താന്‍ ഭരണകൂടത്തിനെതിരെ കലാപം തുടങ്ങുകയും പാകിസ്​താൻ പട്ടാളം അടിച്ചമർത്തല്‍ നടത്തുകയും ചെയ്തപ്പോള്‍ അവിടെനിന്ന്​  ധാരാളം പേര്‍ അഭയാര്‍ഥികളായി ഇന്ത്യയിലെത്തി. സ്വാതന്ത്ര്യത്തി​​െൻറ ആദ്യ നാളുകളില്‍ ബംഗ്ലാദേശിലെ സ്ഥിതി മോശമായിരുന്നതിനാല്‍ അവിടെനിന്ന്​ ചെറിയ തോതിലുള്ള നുഴഞ്ഞുകയറ്റം പിന്നെയും തുടര്‍ന്നു. രാജ്യത്തെ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടതുകൊണ്ട് ഇനിയും ബംഗ്ലാദേശില്‍നിന്ന് ആളുകള്‍ ഇങ്ങോട്ട് വരാന്‍ കൂട്ടാക്കുമെന്ന്‍ തോന്നുന്നില്ല.കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ച് 1951ലെ സെൻസസിനൊപ്പം പൗരത്വപ്പട്ടിക തയാറാക്കാനായി അസമിലെ താമസക്കാരെ സംബന്ധിച്ച വിശദമായ വിവരങ്ങള്‍ ശേഖരിക്കപ്പെട്ടു. അതി​​െൻറ അടിസ്ഥാനത്തില്‍ അനധികൃതകുടിയേറ്റക്കാരെന്ന്‍ കണ്ടെത്തിയവരെ ഒഴിവാക്കി പൗരത്വപ്പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തു.

അതൊരു  കുറ്റമറ്റ പ്രക്രിയയായിരുന്നില്ല. ഒക്ടോബര്‍ 1952ല്‍ മാത്രമാണ് ഇന്ത്യ-പാകിസ്താന്‍ യാത്രക്ക്​ പാസ്പോര്‍ട്ടും വിസയും ഏര്‍പ്പെടുത്തിയത്. പാകിസ്​താനികളെ ഫോറിനേഴ്സ് ആക്ടിലെ വിദേശികളുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയത് 1957ലാണ്. ഇതിനൊക്കെ മുമ്പ് വന്നവര്‍ അനധികൃതമായി പ്രവേശിച്ച വിദേശികളാണെന്ന് തീരുമാനിച്ചത് എന്തടിസ്ഥാനത്തിലാണ്? അസമില്‍ 10 കൊല്ലത്തില്‍ 22 ലക്ഷത്തിൽപരം പേര്‍ അനധികൃതമായി കുടിയേറിയതായി 1961ലെ സെന്‍സസ് കണക്കാക്കി. ഒാള്‍ അസം സ്​റ്റുഡൻറ്​സ്​ യൂനിയന്‍, ഒാള്‍ അസം ഗണസംഗ്രാം പരിഷത്ത് എന്നീ സംഘടനകള്‍ സംയുക്തമായി 1979-85 കാലത്ത് നടത്തിയ പ്രക്ഷോഭത്തില്‍ ഉയര്‍ത്തിയ ഒരു പ്രധാന ആവശ്യം  അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണമെന്നതായിരുന്നു. പ്രധാനമന്ത്രി രാജീവ് ഗാന്ധി മുൻകൈയെടുത്ത് ഉണ്ടാക്കിയ ഒത്തുതീര്‍പ്പിലെ ഒരു വ്യവസ്ഥ 1966  ജനുവരി ഒന്നിനും 1971 മാര്‍ച്ച് 24നും ഇടക്ക്​ നിയമവിധേയമായല്ലാതെ അസമില്‍ പ്രവേശിച്ചവരെ പുറത്താക്കണമെന്നായിരുന്നു.

ആ വ്യവസ്ഥപ്രകാരം രണ്ട് താലൂക്കുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പൗരത്വ രജിസ്​റ്റര്‍ പുതുക്കപ്പെട്ടു. ആ പരീക്ഷണത്തില്‍ പല പ്രായോഗികബുദ്ധിമുട്ടുകളും വെളിപ്പെട്ടു. തന്മൂലം മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ മടിച്ചു. അപ്പോഴാണ്‌ രണ്ടു പേര്‍ സുപ്രീംകോടതിയെ സമീപിച്ചതും സംസ്ഥാനവ്യാപകമായി പൗരത്വപ്പട്ടിക പുതുക്കാന്‍ കോടതി ഉത്തരവിട്ടതും. ആറു കൊല്ലമെടുത്ത് കഴിഞ്ഞ മാസം 31ന് പ്രക്രിയ പൂര്‍ത്തിയാക്കിയപ്പോള്‍ 19 ലക്ഷം പേര്‍ക്ക് പൗരത്വം നഷ്​ടപ്പെട്ടു. അക്കൂട്ടത്തില്‍ രാജ്യത്തിനുവേണ്ടി യുദ്ധം ചെയ്തവരും മറ്റനവധി മേഖലകളില്‍ സേവനമനുഷ്ഠിച്ചവരും അവരുടെ പിന്മുറക്കാരുമുണ്ട്.

പൗരത്വപ്പട്ടിക പുതുക്കലിനെ ബംഗ്ലാദേശില്‍നിന്നു കുടിയേറിയ മുസ്​ലിംകളെ പുറത്താക്കാനുള്ള അവസരമായി കണ്ട് പിന്തുണച്ച ബി.ജെ.പി ഇപ്പോള്‍ അതി​​െൻറ ഫലം അംഗീകരിക്കാന്‍ തയാറല്ല. രാജ്യത്തിനുവേണ്ടി സേവനം അനുഷ്ഠിച്ച മുസ്​ലിംകളെ വിദേശികളായി പ്രഖ്യാപിച്ചതില്‍ ആ പാര്‍ട്ടിക്ക് വിഷമമില്ല. അതിനെ ചൊടിപ്പിക്കുന്നത് ബംഗ്ലാദേശില്‍നിന്ന്‍ കുടിയേറിയ കുറെ ഹിന്ദുക്കളുടെ പേര് രജിസ്​റ്ററില്‍ ഉൾപ്പെടുത്താത്തതാണ്.
ആ ബംഗാളി ഹിന്ദുക്കള്‍ 1971നു മുമ്പ്‌ വന്നവരാണെന്ന് തെളിയിക്കാന്‍ ‘അഭയാര്‍ഥി സർട്ടിഫിക്കറ്റ്’ ഹാജരാക്കിയിരുന്നെന്നും എന്‍.ആര്‍.സി കോഓഡിനേറ്റര്‍ അവ സ്വീകരിച്ചില്ലെന്നും അസം മന്ത്രിയും ബി.ജെ.പി നേതാവുമായ ഹിമന്ത ബിശ്വശർമ കഴിഞ്ഞദിവസം ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. അഭയാര്‍ഥി ക്യാമ്പുകള്‍ അന്തേവാസികളുടെ രജിസ്​റ്ററുകള്‍ സൂക്ഷിച്ചിരുന്നില്ലെന്ന് അതേ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നുണ്ട്. അപ്പോള്‍ ആ അഭയാര്‍ഥി സര്‍ട്ടിഫിക്കറ്റുകളെ എങ്ങനെ വിശ്വസിക്കാനാകും? സുപ്രീംകോടതിയാണ് അസമിലെ എന്‍.ആര്‍.സി കോഓഡിനേറ്ററെ നിയമിച്ചത്. ആ ജോലി കേന്ദ്രത്തിലെ ബി.ജെ.പി നയിക്കുന്ന സര്‍ക്കാര്‍ നിയമിച്ച ഉദ്യോഗസ്ഥനായിരുന്നു ചെയ്തിരുന്നതെങ്കില്‍ ഫലമെന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതാണ്.

അസം നേരിട്ട തരത്തിലുള്ള കുടിയേറ്റ പ്രശ്നം വിഭജനത്തി​​െൻറ തിക്തഫലം ഏറ്റവുമധികം ഏറ്റുവാങ്ങിയ ബംഗാളിനോ പഞ്ചാബിനോ നേരിടേണ്ടിവന്നില്ല. എന്നിട്ടും മോദിസര്‍ക്കാര്‍ പൗരത്വപ്പട്ടിക പദ്ധതി എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നത് വര്‍ഗീയത വളർത്തി ഹിന്ദുത്വ വോട്ട്​ബാങ്ക് വലുതാക്കാനാണ്. കേരളത്തിലും ചിലര്‍ അതിനെ പരസ്യമായി പിന്തുണക്കുന്നത് നവോത്ഥാനധാര ദുര്‍ബലപ്പെട്ടതിന് തെളിവാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഈ ഗൂഢപദ്ധതി തടയാന്‍ രാജ്യത്തെ പൗരസമൂഹം ഒന്നിക്കണം.
Loading...
COMMENTS