Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആഗസ്റ്റ് 15ലേക്ക് നയിച്ച നാവിക കലാപത്തെ കോൺഗ്രസ് എന്തിന് എതിർത്തു ?
cancel

സ്വാതന്ത്ര്യ ദിനാഘോഷത്തിനു ദിവസങ്ങള്‍ ബാക്കിനില്‍ക്കെ 1946ലെ റോയല്‍ ഇന്ത്യന്‍ നാവിക കലാപം അനുസ്മരിക്കുന്നത് നല്ലതാണ്. സ്വാതന്ത്ര്യസമര ചരിത്രത്തില്‍ അത് വെറുമൊരു അവഗണിക്കപ്പെട്ട അധ്യായം മാത്രമായിരുന്നില്ല, ഒപ്പം ബ്രിട്ടീഷ് മേലാളരും കോണ്‍ഗ്രസ് നേതൃത്വവും ഒരുപോലെ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ച ഒരേട് കൂടിയായിരുന്നു. 1965കളുടെ അവസാനത്തില്‍ കലാപം ആധാരമാക്കി ഉത്പൽ ദത്ത് ഒരുക്കിയ കല്ലോല്‍ (ഇടിമുഴക്കം) എന്ന നാടകം ബംഗാളില്‍ അരങ്ങേറാതിരിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അന്ന് പഠിച്ചപണി പതിനെട്ടും നോക്കിയത് ആ സംഭവത്തിന്റെ നടുക്കത്തില്‍നിന്നും അപ്പോഴും വിട്ടുമാറാത്തതുകൊണ്ടായിരുന്നു.

കോണ്‍ഗ്രസിന്റെ തിട്ടൂരങ്ങള്‍ക്കിടയിലും റെക്കോഡ് കാണികളുമായി ആ നാടകം മിനര്‍വ തിയറ്ററില്‍ അരങ്ങേറി. അതിന്റെ ജനസമ്മതിക്ക് സാക്ഷിയാകാന്‍ കാണികള്‍ക്കിടയില്‍ ആശിഷ് നന്ദിയെപ്പോലുള്ള പണ്ഡിതരുടെ സാന്നിധ്യവുമുണ്ടായിരുന്നു. സംഭവത്തെപ്പറ്റിയുള്ള പ്രമോദ് കപൂറിന്റെ മികവുറ്റ ഗവേഷണ ഗ്രന്ഥത്തില്‍ അദ്ദേഹം പ്രതിപാദിച്ച, വെട്ടിവീഴ്ത്താനാകാത്ത ആഖ്യാനത്തിലെ ചില അടരുകളാണിവയെല്ലാം.

ഏതാണ്ട് രണ്ടു നൂറ്റാണ്ടുകാലം തിരമാലകളെ അടക്കിഭരിച്ച ബ്രിട്ടീഷുകാര്‍ നേരിട്ട ഏറ്റവും വലിയ തിരിച്ചടിയായിരുന്നു 1946 ഫെബ്രുവരിയില്‍ നടന്ന നാവിക കലാപം. പ്രൈവറ്റുകളും (കമീഷന്‍ ചെയ്യാത്ത ഉദ്യോഗസ്ഥര്‍) നാവികരും തമ്മില്‍ കലാപത്തിനുമുമ്പ് നടത്തിയ ഗൂഢാലോചനയെക്കുറിച്ചാണ് പുസ്തകത്തിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളില്‍ പറയുന്നത്. അതില്‍ ഉള്‍പ്പെട്ട രാഷ്ട്രീയക്കാര്‍ ആരെല്ലാമായിരുന്നു? ഗൂഢാലോചനക്കാര്‍ എവിടെ വെച്ചാണ് കണ്ടുമുട്ടിയത്? അവര്‍ 'ലോയല്‍' ഇന്ത്യക്കാരുടെ വലിയൊരു വിഭാഗം ഉള്‍പ്പെടുന്ന ബ്രിട്ടീഷ് ഇന്റലിജന്‍സിന്റെ കണ്ണുവെട്ടിച്ചതെങ്ങനെയാണ്?

കലാപനേതാക്കളില്‍പെട്ട 'കൗമാരം വിടാത്ത' ബലയ് ദത്തിനെക്കുറിച്ച് സിനിമ സംവിധായകന്‍ ശ്യാം ബെനഗല്‍, പുസ്തകത്തെക്കുറിച്ച് പറയുന്നിടത്ത് പരാമര്‍ശിക്കുന്നുണ്ട്. പില്‍ക്കാലത്ത് ബെനഗല്‍ കോപ്പി എഡിറ്ററായി ജോലിക്കുകയറിയ ലിന്റൺ എന്ന സ്ഥാപനത്തില്‍ കടുത്ത കമ്യൂണിസ്റ്റുകാരനായിരുന്ന ദത്ത് പരസ്യവിഭാഗം മേധാവിയായി ചുമതലയേല്‍ക്കുന്നുണ്ട്. അവിടെ വെച്ചാണ് ദത്തിന്റെ കലാപാനുഭവത്തെക്കുറിച്ച് പറയുന്ന മ്യൂട്ടിനി ഓഫ് ദ ഇന്നസെന്റ്‌സ് പ്രസിദ്ധീകരണത്തിനു മുമ്പുതന്നെ ബെനഗല്‍ വായിക്കുന്നത്. പ്രശസ്ത ചരിത്രകാരന്‍ വില്യം ഡാല്‍റിംപ്ള്‍ ഒരു പ്രസക്ത ചോദ്യം ചോദിക്കുന്നുണ്ട്: '1857ലെ മഹാസമരത്തിന്റെ തിരിച്ചുവരവായി 1946ലേത് മാറുമായിരുന്നോ?

ബ്രിട്ടീഷ് വിരുദ്ധ 'പോരാളികളായി' പലരും കാണുന്ന ഗാന്ധി, നെഹ്‌റു, സര്‍ദാര്‍ പട്ടേല്‍ പോലുള്ള നമ്മുടെ ദേശീയ നേതാക്കളുടെ കാല്‍പനിക ചിത്രത്തിനുമേല്‍ മങ്ങല്‍ വീഴ്ത്തുന്ന പലതും പുസ്തകത്തിലുണ്ട്. അവരെല്ലാവരും, വിവേചനത്തിനെതിരില്‍ വമ്പിച്ച വിപ്ലവം കത്തിച്ചുവിട്ടവരേക്കാൾ ബ്രിട്ടീഷുകാരോട് കൂടുതല്‍ അനുഭാവം പുലര്‍ത്തി. ബ്രിട്ടീഷുകാര്‍ക്കെതിരായ ജനകീയ പ്രക്ഷോഭമായിരുന്നു അത്. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് അതിനെതിരു നിന്നത്?

പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളികള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ഭാഗമായിരുന്നുവെന്ന സത്യമാണ് ലണ്ടനിലും ഗാന്ധിയെയും പട്ടേലിനെയും ജിന്നയെയും പോലുള്ള സാമ്പ്രദായിക ഇന്ത്യക്കാരിലും വെപ്രാളമുണ്ടാകാന്‍ കാരണം. പിന്നീട് പാര്‍ട്ടിയുടെ സെക്രട്ടറി ജനറലായി മാറിയ എസ്.എ. ഡാങ്കെയെപ്പോലുള്ള നേതാക്കള്‍, അരുണ ആസഫ് അലിയെപ്പോലുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇടതുപക്ഷ നേതാക്കളെപ്പോലെത്തന്നെ അന്ന് മുന്‍നിരയിലുണ്ടായിരുന്നു. നെഹ്‌റു കടുത്ത വിഷമത്തിലായിരുന്നു. അദ്ദേഹം കോണ്‍ഗ്രസിന്റെ ഇടതുവിഭാഗത്തെപ്പറ്റി ആകുലപ്പെട്ടു: അവര്‍ പാര്‍ട്ടിയെ കൈവിടുകയും അതുവഴി തന്നെ ദുര്‍ബലപ്പെടുത്തുകയും ചെയ്താലോ?

ഉപജാപകരുടെ (കപൂറിന്റെ ഭാഷയില്‍) പഴുതടച്ച ആസൂത്രണങ്ങള്‍ക്കൊടുവില്‍ ഫെബ്രുവരി 18 തിങ്കളാഴ്ച രംഗം ആളിക്കത്തി. ചരിത്രകാരന്‍ സുമിത് സര്‍ക്കാറിന്റെ മോഡേണ്‍ ഇന്ത്യ എന്ന കൃതിയിലെ ഭാഗം കപൂര്‍ ഉദ്ധരിക്കുന്നു: 'ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ പ്രക്ഷോഭം നയിക്കുന്നവര്‍ക്ക് ഭക്ഷണമെത്തിക്കുന്നവരും എന്തുവേണമെങ്കിലും എടുത്തുകഴിക്കാന്‍ ആനയിച്ചുകൊണ്ട് വിളിക്കുന്ന കടക്കാരുമായി ഫെബ്രുവരി 20ന്റെ സായാഹ്നം സവിശേഷമായ സാഹോദര്യ പ്രകടനങ്ങള്‍ക്ക് സാക്ഷിയായി'. എന്നിട്ടും കോണ്‍ഗ്രസ് ഇതിനെതിരായി? 78 കപ്പലുകളിലും 21 തീരകേന്ദ്രങ്ങളിലും 20000ത്തോളം സൈനികരിലുമായി കലാപം പടര്‍ന്നു.

48 മണിക്കൂറിനുള്ളില്‍ രണ്ടാം ലോകയുദ്ധത്തിലെ ഏറ്റവും ശക്തരായ നാവികപ്പടകളിലൊന്നിനെ അവര്‍ മുട്ടുകുത്തിച്ചു. ഏറ്റുമുട്ടല്‍ കൊടുമ്പിരികൊള്ളുകയും നൂറുകണക്കിനുപേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. തന്ത്രത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാരോട് പിന്തുണ കാണിച്ചുനിന്ന കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് നേതൃത്വത്തെയാണ് അത് ആഘാതമേൽപിച്ചത്.

സ്വാതന്ത്ര്യം, ബ്രിട്ടീഷുകാരെ ഭയപ്പെടുത്തിയല്ലാതെ (അവരുടെ പടക്കപ്പല്‍ മുക്കിയതുപോലെ) നല്ല പെരുമാറ്റത്തിനുള്ള പ്രതിഫലമായി ലഭിക്കുമെന്ന് അവര്‍ കണക്കാക്കിയതായി തോന്നുന്നു.ഫെബ്രുവരി 28നിറങ്ങിയ ഹിന്ദുസ്ഥാന്‍ സ്റ്റാന്‍ഡേര്‍ഡ് പത്രത്തിന്റെ ഒന്നാം പേജ് മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണങ്ങള്‍കൊണ്ട് നിറഞ്ഞിരുന്നു. ഗാന്ധിയുടെ പ്രതികരണം അഞ്ചു കോളങ്ങളിലായി നീട്ടിക്കൊടുത്തിരുന്നു.

'ഭരണഘടനപരമായ മുന്നണിയിലല്ല, ഹിന്ദുക്കളെയും മുസ്‍ലിംകളെയും ബാരിക്കേഡുകളില്‍ ഒന്നിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' എന്ന അരുണ ആസഫ് അലിയുടെ ആഹ്വാനത്തെ ഗാന്ധി എതിര്‍ത്തു. 'ബാരിക്കേഡ് ജീവിതം ഭരണഘടനയെ പിന്തുടരേണ്ടതുണ്ട്' എന്നായിരുന്നു ഗാന്ധിയുടെ പ്രതികരണം. 'ബ്രിട്ടീഷ് പ്രഖ്യാപനങ്ങളെ അവിശ്വസിക്കുന്നതിലും എടുത്തുചാടി കലഹമുണ്ടാക്കുന്നതിലും ദീര്‍ഘവീക്ഷണം വേണമെന്ന കാര്യത്തില്‍ അരുണ വഞ്ചന കാണിച്ചെന്നായിരുന്നു ഗാന്ധിയുടെ പക്ഷം'.

അതേ പേജില്‍ തന്നെ കോണ്‍ഗ്രസ് പ്രസിഡന്റ് മൗലാന ആസാദിന്റെ വാദവുമുണ്ടായിരുന്നു: 'ദേശീയ വികാരത്തെ അടിച്ചമര്‍ത്തരുത്'. 'ജനമുന്നേറ്റത്തെ മറ്റുള്ളവര്‍ മുതലെടുക്കുകയായിരുന്നു' എന്നായിരുന്നു പട്ടേലിന്റെ പക്ഷം. ആരാണീ മറ്റുള്ളവര്‍? വിഷയത്തിന്റെ കാമ്പ് അവിടെയാണ്.

ബ്രിട്ടാനിയയുടെ അഭിമാനമായ നാവികസേന വളരെ ദുർബലമായിരുന്നുവെന്ന വസ്തുത അലോസരപ്പെടുത്തുന്നതായിരുന്നു. ഇന്ത്യയിലും ആഗോളതലത്തിലും കമ്യൂണിസ്റ്റുകള്‍ നേടിയെടുത്ത ദ്രുതഗതിയിലുള്ള നേട്ടങ്ങളാണ് യഥാര്‍ഥത്തില്‍ വെസ്റ്റ്മിന്‍സ്റ്ററില്‍ കുഴപ്പങ്ങള്‍ സൃഷ്ടിച്ചത്.1946 ജൂലൈയില്‍ മാത്രമാണ് തെലങ്കാന പ്രക്ഷോഭം പത്രത്തിന്റെ തലക്കെട്ടുകളില്‍ ഇടം നേടിയതെങ്കിലും, വന്‍ ഭൂഗര്‍ഭ ശൃംഖലയെക്കുറിച്ചുള്ള രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ബ്രിട്ടീഷുകാര്‍ക്ക് വളരെ മുമ്പേ ലഭ്യമായിരുന്നു. നാവികസേനയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഇന്ത്യക്കുപുറത്ത് മാവോയുടെ ലോങ് മാര്‍ച്ച് അവസാന ഘട്ടത്തിലായിരുന്നു.

'40കളിലും '50കളിലും കൊളോണിയലിസം പിന്‍വാങ്ങുന്നേരം കൊറിയയിലെ കമ്യൂണിസ്റ്റ് വികാസം സാമ്രാജ്യത്വത്തെ വെല്ലുവിളിക്കുകയായിരുന്നു, പ്രത്യേകിച്ച് 1950ല്‍ ചൈന യാലു നദി കടന്നതിനുശേഷം. 1957ല്‍ ബാലറ്റ് പെട്ടിയിലൂടെയുള്ള ആദ്യത്തെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കേരളത്തില്‍ അധികാരമേറ്റു. ഇത്തരം സംഭവങ്ങള്‍ പിന്നീടുണ്ടായെങ്കിലും വീശുന്ന കാറ്റിന്റെ ഗതിയെങ്ങോട്ടാണെന്ന് സാമ്രാജ്യത്വം മനസ്സിലാക്കിയിരുന്നു.

കലാപം കത്തിപ്പടര്‍ന്നയുടനെ ലണ്ടനിലെ ക്ലെമന്റ് ആറ്റ്ലിയുടെ സര്‍ക്കാര്‍ കാബിനറ്റ് മിഷനെ അയച്ചു, ലോര്‍ഡ് വേവലിനുപകരം ലോര്‍ഡ് മൗണ്ട് ബാറ്റണെ നിയമിച്ചു. 1948 ജൂണ്‍ 30 സ്വാതന്ത്ര്യം നല്‍കാനുള്ള അവസാന തീയതിയായി നിശ്ചയിച്ചു. മൗണ്ട് ബാറ്റണ്‍ തീയതി ആഗസ്റ്റ് 15ലേക്ക് മാറ്റി നിശ്ചയിച്ചു. ലണ്ടനില്‍നിന്നുള്ള സന്ദേശം മൗണ്ട് ബാറ്റണ്‍ വേഗത്തില്‍ ഗ്രഹിച്ചു: ബ്രിട്ടീഷുകാര്‍ വളര്‍ത്തിക്കൊണ്ടുവന്ന നേതാക്കള്‍ക്ക് അധികാരം കൈമാറുക; 'നമ്മളെപ്പോലുള്ള ആളുകള്‍ക്ക്'. 1917ലെ ബോള്‍ഷെവിക് വിപ്ലവത്തിനുശേഷം ലോകമെമ്പാടുമുള്ള ഇടത് തരംഗത്തെ പരിഗണിക്കുമ്പോള്‍, ബ്രിട്ടീഷുകാരുമായി ബന്ധം സ്ഥാപിച്ച ഇന്ത്യയിലെ 'മിതവാദി' രാഷ്ട്രീയക്കാരുടെ കാല്‍ക്കീഴില്‍നിന്ന് മണ്ണ് വെട്ടിമാറ്റപ്പെടാനുള്ള എല്ലാ അപകടങ്ങളും അന്നുണ്ടായിരുന്നു.

കടലിനെ തീപിടിപ്പിച്ച കലാപം

ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഐതിഹാസിക സംഭവമാണ് റോയൽ ഇന്ത്യൻ നാവിക കലാപം. നേവൽ അപ്‌റൈസിങ് എന്നും ഇതറിയപ്പെടുന്നു. ഫെബ്രുവരി 18, 1946ന്‌ ബോംബെയിൽ നങ്കൂരമിട്ടിരുന്ന എച്ച്‌.എം.ഐ.എസ്‌ തൽവാർ എന്ന പടക്കപ്പലിലെ സൈനികരാണ്‌ അഭിമാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള സമരം ആരംഭിച്ചത്.

സ്വാതന്ത്ര്യം പടിവാതിൽക്കലെത്തിനിൽക്കുന്ന സമയത്ത് പൊട്ടിപ്പുറപ്പെട്ട കലാപത്തെ പക്ഷേ, ഭൂരിഭാഗം ദേശീയ നേതാക്കളും തള്ളിപ്പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ തലേന്ന് ഇത്തരത്തിലൊരു അശാന്തി സൃഷ്ടിക്കുന്നതിലെ അപകടസാധ്യത ചൂണ്ടിക്കാട്ടിയായിരുന്നു എതിർപ്പ്. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ കലാപത്തെ പിന്തുണച്ചു.

ബ്രിട്ടീഷ് നാവികസേനയിലെ ഇന്ത്യക്കാരായ നോൺ കമീഷൻഡ് നാവികരുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രക്ഷോഭം, രാജ്യത്തെ സൈനികർ, പൊലീസ് ഉദ്യോഗസ്ഥർ, സാധാരണക്കാർ എന്നിവരെല്ലാം ഏറ്റെടുക്കുകയുണ്ടായി. ഇതിന് കറാച്ചി മുതൽ കൽക്കട്ട വരെ ബ്രിട്ടീഷ് ഇന്ത്യയിലുടനീളം പിന്തുണ നേടുകയുണ്ടായി. 78 കപ്പലുകളിലും തീര സ്ഥാപനങ്ങളിലുമായി 20,000 നാവികർ ഇതിൽ പങ്കെടുക്കുകയുണ്ടായി.

ബ്രിട്ടീഷ് സൈനികരും റോയൽ നേവിയുടെ യുദ്ധക്കപ്പലുകളും ചേർന്ന് കലാപം അടിച്ചമർത്തി. പിന്നീട്, നേവൽ സെൻട്രൽ സ്‌ട്രൈക്ക് കമ്മിറ്റി (NCSC) പ്രസിഡന്റ് എം.എസ്. ഖാനും കോൺഗ്രസിലെ വല്ലഭ് ഭായ് പട്ടേലും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയെ തുടർന്ന്, ആരും പീഡിപ്പിക്കപ്പെടില്ല എന്ന ഉറപ്പോടെ കലാപം പിൻവലിച്ചു. എങ്കിലും സമരക്കാർ നടപടി നേരിടേണ്ടി വന്നിരുന്നു. 250ഓളം പേർ കൊല്ലപ്പെടുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ഇരുപതിനായിരത്തോളം പേർക്കു ജോലി നഷ്ടപ്പെടുകയും ചെയ്താണ് നേവൽ അപ്‌റൈസിങ് അവസാനിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian National CongressIndipendence DayBest of BharatNaval Mutiny
News Summary - Why did Congress oppose the naval mutiny that led to August 15?
Next Story