Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവയനാട്ടിൽ കിണറുകൾ...

വയനാട്ടിൽ കിണറുകൾ ഇടിഞ്ഞ് താഴുന്നതെന്തുകൊണ്ട്?

text_fields
bookmark_border
വയനാട്ടിൽ കിണറുകൾ ഇടിഞ്ഞ് താഴുന്നതെന്തുകൊണ്ട്?
cancel

മറ്റു ജില്ലകളെ അപേക്ഷിച്ച് വയനാട്ടിൽ കിണറുകൾ ഇടിഞ്ഞുതാഴുന്ന സംഭവങ്ങൾ കൂടുതലാണല്ലോ. കാലവർഷാരംഭത്തിനു ശേഷം തന്നെ ജില്ലയുടെ പല ഭാഗങ്ങളിലായി പത്തിനടുത്ത് കിണറുകൾ താഴ്‌ന്നുപോയി. എന്താണ് ഈ പ്രതിഭാസത്തിനുള്ള കാരണങ്ങൾ. ഇനിയും ഇത് ആവർത്തിക്കുമോ? വയനാട്ടുകാരെ സംബന്ധിച്ച് ഈ ആശങ്ക വളരെ കൂടുതലാണ്.

ഈ പ്രവണത ജില്ലയിൽ ഇനിയും ആവർത്തിക്കാൻ സാധ്യത കൂടുതലാണെന്നും പെട്ടെന്നൊരു പരിഹാരം സാധ്യമല്ലെന്നുമാണ് ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.

കാരണങ്ങൾ

വയൽ നികത്തൽ, വിശേഷിച്ച് തലക്കൊല്ലി / തലവയൽ എന്നിവയുടെ തരം മാറ്റൽ എന്നിവയാണ് പ്രധാനമായും ഇതിന് കാരണമാകുന്നത്. ആയിരക്കണക്കിന് കുന്നുകളും അതിലേറെ കൊല്ലി / താഴ്വരകളും ഉൾക്കൊള്ളുന്നതാണ് വയനാട്. വളഞ്ഞുപുളഞ്ഞൊഴുകുന്ന തോടുകളുടേയും അരുവികളുടേയും പുഴകളുടേയും പ്രളയ തടങ്ങളാണ് ഇവ. വർഷക്കാലങ്ങളിൽ കരകവിയുന്ന പ്രളയജലം കയറി എക്കൽ നിക്ഷേപിക്കപ്പെട്ട് ചതുപ്പുകൾ/ കൊരവക്കണ്ടങ്ങളായവയാണ് ഇവയെല്ലാം. വയനാടിന്‍റെ ജലസുരക്ഷയുടെ പ്രധാന ശക്തിസ്രോതസ്സും നേരത്തെ ഈ ചതുപ്പുകളായിരുന്നു. അഞ്ചു പതിറ്റാണ്ടിനിടക്ക് ഏറ്റവും കൂടുതൽ ഭൂമി തരം മാറ്റലിന് വിധേയമായത് കുന്നുകൾക്കിടയിലുള്ള ഈ കൊല്ലികളായിരുന്നു. കരകൃഷികൾ പലതും കൊല്ലികളിലേക്കിറങ്ങി. മണ്ണിട്ടുയർത്തി നിർമ്മാണങ്ങളും വ്യാപകമായി.

മഴക്കാലങ്ങളിൽ കുന്നുകളിലെ ആഴം കൂടിയ, ചുവന്ന ചെങ്കല്ലു ചേർന്ന കളിമണ്ണിലേക്കിറങ്ങുന്ന വെള്ളം വാർന്നിറങ്ങി കൊല്ലികളിലെത്തുകയും, അവിടുന്ന് താഴേക്ക് തുടർച്ചയായി ഒഴുകി തോടുകളിലെത്തുകയുമായിരുന്നു നേരത്തെ. കൊല്ലികളിലുണ്ടായ തരം മാറ്റലും മണ്ണിട്ടുയർത്തലും നിർമ്മാണങ്ങളും കുന്നുകൾക്കകത്തു നിന്ന് കൊല്ലികളിലേക്കുണ്ടായിരുന്ന നീരൊഴുക്കിന്‍റെ സ്വാഭാവിക പ്രയാണത്തെ തടസ്സപ്പെടുത്തുകയും കുന്നുകൾക്കകത്ത് അധിക ജലസാന്നിധ്യത്താൽ ചതുപ്പു രൂപപ്പെടുന്നതിന് ഇടയാക്കുകയും ചെയ്തു. ഇത്തരം ചതുപ്പിനു മുകളിൽ നിൽക്കുന്ന കിണറുകളും കെട്ടിടങ്ങളുമാണ് സാധാരണയായി അപകടത്തിൽപ്പെടുന്നത്. കിണറിലെ വെള്ളത്തിന്‍റെ ഭാരത്താൽ തൊട്ടു താഴെയുള്ള ചതുപ്പിലേക്ക് ഇടിഞ്ഞിറങ്ങുവോൾ കിണറിന്‍റെ അടിയിലുള്ള റിങ്/കല്ല് കെട്ട് തകരുന്നു. അതോടൊപ്പം മുകളിലെ റിങ്ങുകൾ / കല്ല് കെട്ട് കൂടി താഴേക്ക് ഇടിഞ്ഞ് പുഃനസ്ഥാപിക്കാൻ പറ്റാത്ത വിധം നശിക്കുന്നു.

സോയിൽ പൈപ്പിങ് എന്നതാണ് മറ്റൊരു കാരണം. വ്യാപകമായി മരം മുറി നടന്ന കുന്നുകളിൽ വർഷങ്ങൾക്കു ശേഷം മുറിച്ച മരങ്ങളുടെ വേരുകൾ ദ്രവിക്കുകയും ഉറച്ച മണ്ണുള്ളിടങ്ങളിൽ വേരുകൾ പോയ വഴികൾ വലിയ കുഴലുകളുടെ / മാളങ്ങളുടെ രൂപത്തിൽ ജലപ്രയാണത്തിന് സാഹചര്യമുണ്ടാക്കുകയും ചെയ്യുന്നു. ഇത്തരം പൈപ്പുകളുടെ മുകളിൽ വരുന്ന കിണറുകളും മറ്റു നിർമ്മിതികളും ഇടിഞ്ഞുതാഴുന്നതും സ്വാഭാവികമാണ്. മനുഷ്യന്‍റെ ഇടപെടൽ കാരണം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇത്തരം പ്രകൃതിദുരന്തങ്ങൾക്ക് അടിയന്തിരമായ പരിഹാരം സാധ്യമല്ല. പാരിസ്ഥിതികമായി വളരെ ദുർബലമായ വയനാടിന്‍റെ ഇത്തരം പ്രത്യേകതകൾ കൂടി മനസ്സിലാക്കി നമ്മൾ ജീവിക്കാൻ ശീലിക്കേണ്ടിയിരിക്കുന്നു.

(റിട്ട. ജില്ല മണ്ണുസംരക്ഷണ ഓഫീസറാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Newswell
News Summary - Why are the wells collapsing in Wayanad?
Next Story