Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഹൂതികൾ വഴിമുടക്കുന്നത്...

ഹൂതികൾ വഴിമുടക്കുന്നത് ആർക്കു വേണ്ടി...

text_fields
bookmark_border
ഹൂതികൾ വഴിമുടക്കുന്നത് ആർക്കു വേണ്ടി...
cancel

ചെങ്കടൽ മാർഗമുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടുത്തി യെമനിൽ നിന്നുള്ള ഹൂതികൾ വീണ്ടും ലോകശ്രദ്ധ നേടിയിരിക്കുകയാണ്. ഇസ്രായേൽ ഹമാസ് സംഘർഷത്തിൽ ഫലസ്തീനു വേണ്ടിയാണ് ഇപ്പോൾ ഹൂതികൾ രംഗപ്രവേശം ചെയ്തിരിക്കുന്നത്. യെമൻ അതിർത്തിയിലൂടെ സൂയസ് കനാൽ മുറിച്ചു കടക്കുന്ന ഇസ്രായേൽ പതാകയുള്ള എല്ലാ കപ്പലുകളെയും തടയുകയും പിടിച്ചെടുക്കുകയും ചെയ്യുമെന്നാണ് ഹൂതികൾ പറയുന്നത്. ഇക്കഴിഞ്ഞ നവംബർ മുതൽ മിസൈലുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് കപ്പലുകൾ തടയുകയും പിടിച്ചെടുക്കുകയും ചെയ്യുന്നുമുണ്ട്. ഗസ്സയിലെ ഫലസ്തീനികൾക്കുള്ള ഭക്ഷണവും മരുന്നും അനുവദിച്ചില്ലെങ്കിൽ ചെങ്കടലിലൂടെയും അറബിക്കടലിലൂടെയും സഞ്ചരിക്കുന്ന എല്ലാ കപ്പലുകളെയും അവർ ആക്രമിക്കുമെന്ന് അവകാശപ്പെടുകയാണ്. ആരുടെ ബലത്തിലാണ് ഹൂതികൾ പോർക്കളത്തിനു മുന്നിലെത്തുന്നത്.

2023 നവംമ്പർ 19നു യെമൻ, ഫലസ്തീൻ പതാകകൾ പതിച്ച പഴയ യെമൻ ആർമി ഹെലികോപ്റ്ററിൽ സൂയസ് കനാലിന്‍റെ മുകളിലൂടെ പറന്നുയർന്നു. മുഖമൂടി ധരിച്ച, റൈഫിൾ ഉൾപ്പെടെ സായുധരായ ഹൂതികൾ കപ്പലിന്‍റെ ഡെക്കിലേക്ക് വിന്യസിക്കുകയും അതിവേഗം നിയന്ത്രണം പിടിച്ചെടുക്കുകയും ചെയ്തു. തുർക്കിയിൽ നിന്നും ഇന്ത്യയിലേക്ക്‌ പോവുകയായിരുന്ന 680 മീറ്റർ നീളമുള്ള‌ ഗാലക്‌സി ലീഡറിനെ അതിന്റെ 25 അംഗ ക്രൂവിനൊപ്പം റാഞ്ചിയെടുത്ത്‌ ഹൂതികളുടെ നിയന്ത്രണത്തിലുള്ള ഹുദൈദ തുറമുഖത്തേക്ക് തിരിച്ചുവിട്ടുവെന്ന വാർത്ത ലോകമൊന്നടങ്കം ആശ്ചര്യത്തോടെയാണ് കേട്ടത്. തുടർദിവസങ്ങളിലും യെമനിലെ ഹൂതി വിമതർ സമീപത്തെ ആകാശങ്ങളിലും കടലുകളിലും ആക്രമണങ്ങളുടെ ഒരു പരമ്പര നടത്തി, ഇസ്രായേലിലേക്കും അതുപോലെ തന്നെ ഇസ്രായേലിൽ നിന്നും പോകുന്ന കപ്പലുകളെ പ്രത്യക്ഷത്തിൽ ലക്ഷ്യം വച്ചുകൊണ്ടുള്ള ആക്രമണം ഇതെഴുതുമ്പോഴും തുടരുകയാണ്. ഇസ്രായേൽ -ഫലസ്തീൻ യുദ്ധം പുതിയൊരു വഴിയിലേക്ക് നീങ്ങുകയാണോ എന്നും ഹൂതികളിലൂടെ യെമൻ അതിന്‍റെ ഭാഗമാകുമോ എന്നും രാഷ്ടീയ ലോകം ആശങ്കപ്പെടുന്നു.

ഹൂതികളുടെ ഉത്ഭവവും വളർച്ചയും

1970കളിൽ യെമനിലെ സാദിയ ഗവർണറേറ്റിലെ ഒരു സാധാരണ ഗോത്രമായിരുന്ന ഹൂതികൾ. സൗദി അറേബ്യയോട് ചേർന്ന് കിടക്കുന്ന വടക്കൻ യെമനിലെ ഷിയ വിഭാഗത്തിൽ പെട്ട സൈദി വംശജരായ ഈ ഗോത്രത്തിൽ നിന്നാണ് ഹൂതികളുടെ ഉത്ഭവം. വടക്കൻ യെമനിലെ അതിസമ്പന്നരായിരുന്നു ഈ ചെറുസംഘം. 1980ൽ യെമനിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സമയത്താണ് അബ്ദുൾ മാലിക് അൽ ഹൂതിയുടെ നേതൃത്വത്തിൽ ഹൂതികൾക്ക് ഒരു സംഘടിത രൂപമുണ്ടാകുന്നത്. പിന്നീട് അബ്ദുൽമാലിക് സംഘത്തിന്‍റെ സ്ഥാപകനായി അറിയപ്പെട്ടു. വിമതരായി നിന്ന് ഷിയ മുസ്ലിംകളുടെ അവകാശങ്ങൾക്ക് വേണ്ടി ഭരണകൂടത്തോട് പോരാടിയ ഷിയ സംഘത്തിന് ഇറാന്‍റെ നിർലോഭമായ സഹായമുണ്ടായി. തുടർന്ന് യെമനിലെ ഏറ്റവും വലിയ സായുധ സംഘമായി പരിണമിക്കുകയായിരുന്നു അവർ. വംശീയതയിൽ ഊന്നിനിന്നുകൊണ്ട് അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങളും നിരന്തരമായ ഭരണവിരുദ്ധ നിലപാടും യെമനിൽ അവർക്ക് തീവ്രവാദി പട്ടവും നിയമ വിരുദ്ധരെന്ന പട്ടവും നേടിക്കൊടുത്തു. യെമനിലെ സർക്കാർ അഴിമതിയും സ്വേച്ചാധിപത്യവും തുറന്ന് കാണിച്ചതിനാൽ സർക്കാർ അവരെ രാജ്യത്തിന്‍റെ സുരക്ഷാ ഭീഷണിയായി പ്രഖ്യാപിക്കുകയും ചെയ്തു. 2004ൽ ഹൂതികളും സർക്കാരും തമ്മിലുള്ള സായുധ പോരാട്ടം ആരംഭിച്ചു. എന്നാൽ, 2010ൽ അധികാര വികേന്ദ്രീകരണവും സാമ്പത്തിക വികസനവും നടപ്പിലാക്കുമെന്ന വ്യവസ്ഥയിൽ സർക്കാരുമായി ധാരണ ഉടമ്പടി ഒപ്പുവെച്ചതിനു ശേഷമാണ് സംഘർഷത്തിന് അയവ് വന്നത്.

2014 ആകുമ്പോഴേക്കും രാജ്യത്തെ ന്യൂനപക്ഷമായ ഹൂതികൾക്ക് യെമനിൽ വിവിധ പ്രദേശങ്ങൾ കൈപ്പിടിയിലൊതുക്കണമെന്ന മോഹമുദിക്കുകയും അവർ അതിനു വേണ്ട കരുക്കൾ നീക്കുകയും ചെയ്തു. 2015 ജനുവരിയിൽ യെമൻ പ്രസിഡന്‍റായിരുന്ന അബ്ദുൽ മൻസൂർ ഹാദി രാജിവെക്കണമെന്ന് ഹൂതികൾ വാദിക്കുകയും അദ്ദേഹത്തെ നിർബന്ധിച്ച് രാജിവെപ്പിക്കുകയും ചെയ്തു. ഒരു മാസത്തിനു ശേഷം അദ്ദേഹം രാജി പിൻവലിച്ച് തലസ്ഥാനത്ത് തിരിച്ചെത്തി. എന്നാൽ ഹൂതികൾ പ്രതിരോധം ശക്തമാക്കി. തുടർന്ന് തലസ്ഥാനമായ സൻഅ വളയുകയും രാജ്യം ഹൂതികളുടെ കീഴിലായതായി പ്രഖ്യാപിക്കുകയും ചെയ്തു. ശിയ സംഘടനയായ ഹൂതികൾക്ക് ഇതിനു ഇറാന്‍റെ നിർലോഭമായ സഹായവുമുണ്ടായിരുന്നു. 2015 മാർച്ചിൽ മൻസൂർ ഹാദി സൗദിയിൽ അഭയം തേടി. ഭൂരിപക്ഷം സുന്നികളുള്ള ഒരു രാജ്യത്ത് ഇറാൻ ഇടപെടലുകളിലൂടെ ശിയാക്കളുടെ ഒരു ന്യൂനപക്ഷം ജനദ്രോഹ നടപടികളുമായി മുന്നോട്ട് വന്നത് അയൽ രാജ്യമായ സൗദിയെ വല്ലാതെ ചൊടിപ്പിച്ചു. ഉടനെ 2015 മാർച്ചിൽ ഹൂതികളുമായി സൗദി അറേബ്യയുടെ നേതൃത്വത്തിൽ ഗൾഫിലെ എട്ട് രാജ്യങ്ങളടങ്ങിയ ഗൾഫ് സഖ്യസേന യുദ്ധം പ്രഖ്യാപിച്ചു. 2015ൽ സർക്കാരുമായി ആരംഭിച്ച സംഘർഷം വർഷങ്ങൾ നീണ്ടുനിന്ന യുദ്ധമായി പരിണമിച്ചു. ഇറാനുമായി ചേർന്നുകൊണ്ട് അമേരിക്ക ഉൾപെടെയുള്ള പശ്ചാത്യ സ്വാധീനത്തിൽ നിന്നും പൂർണ്ണമായ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടമാണ് ഹൂതികൾക്ക് അന്താരാഷ്ട്ര ശ്രദ്ധ നൽകിയത്.

പ്രതിസന്ധിയിൽ നിന്നും പോരാട്ടത്തിലേക്ക്

ഇസ്രായേൽ ഹമാസ് പോരാട്ടം ആരംഭിച്ച ഒക്‌ടോബർ ഏഴിലെ ആക്രമണത്തിന് തൊട്ടുപിന്നാലെ, ഹൂതികൾ തങ്ങളുടെ നിയന്ത്രണത്തിലുള്ള സർക്കാർ സ്ഥാപനങ്ങളെ ഉപയോഗിച്ച് ആയിരത്തിലധികം ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്, ഇത് ലോകത്തിലെ ഏറ്റവും കൂടുതൽ ഫലസ്തീൻ അനുകൂല പ്രകടനങ്ങളുടെ സ്ഥലമായി യെമനെ മാറ്റുകയുണ്ടായി. എന്നാൽ ലോകത്തുടനീളം ഫലസ്തീൻ അനുകൂല പ്രകടനങ്ങൾ നടക്കുന്നതിനാൽ അന്താരാഷ്ട്ര മാധ്യമങ്ങൾ ഇതെല്ലാം അവഗണിക്കുകയായിരുന്നു. യെമനിലെ ആഭ്യന്തര രാഷ്ടീയത്തിൽ മനം മടുത്തിരിക്കുന്ന ഹൂതികൾ വലിയ രാഷ്ടീയ പ്രതിസന്ധി അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയായിരുന്നു. പത്തു വർഷം സൗദി സഖ്യങ്ങളോട് യുദ്ധം ചെയ്യുകയും അതിന്‍റെ വെടിനിർത്തൽ തുടങ്ങി രണ്ട് വർഷമായെങ്കിലും നിർണായകവും സമാധാനപൂർണവുമായ ഒരു പര്യവസാനത്തിൽ എത്തിക്കാൻ ഇതുവരെയും അവർക്ക് സാധിച്ചിട്ടില്ല. സൗദി എന്ന ബാഹ്യശത്രുവിൽ നിന്ന് വഴിതിരിക്കാൻ ഏറ്റവും നല്ല അവസരമായാണ് ഫലസ്തീൻ അനുകൂല സമരങ്ങളെ അവർ മാറ്റിയെടുത്തു. രാജ്യത്തെ സമാധാനം നശിപ്പിക്കുന്നു എന്ന ഖ്യാതിയുള്ളതിനാൽ, ഭരണകൂട വിരുദ്ധ പോരാട്ടങ്ങളിൾ പോലും പൊതുജനം വെറുത്തിരുന്നു. ഇതിൽ നിന്നെല്ലാം ശ്രദ്ധ തിരിക്കാനും ഫലസ്തീൻ അനുകൂല സമരങ്ങൾ സഹായകമായി.

ഹൂതികൾ ഉയർത്തുന്ന രാഷ്ടീയം

തന്ത്രപരമായ ഒരു നീക്കമാണ് ഇപ്പോൾ ഹൂതികൾ നടത്തുന്നത് രാഷ്ട്രീയമായി വലിയൊരു ചോദ്യം അവർ ഉയർത്തുന്നുണ്ട്. സുന്നികൾ ഭൂരിപക്ഷമുള്ള അറബ്-പശ്ചിമേഷ്യൻ രാജ്യങ്ങൾ ഫലസ്തീനെതിരെ നടക്കുന്ന വംശഹത്യയിൽ മൗനം അവലംബിക്കുമ്പോൾ പ്രതിരോധത്തിന്‍റെ കാവലാളായി മുന്നോട്ട് വരികയും അറബ് രാജ്യങ്ങൾ ഉണ്ടാക്കിയ ശൂന്യത ഹൂതികൾ നികത്തുകയും ചെയ്യുന്നു. തങ്ങൾ ഒരു പടിഞ്ഞാറൻ രാജ്യത്തിനും അടിമപ്പെട്ടിട്ടില്ലെന്ന സന്ദേശവും ലോകത്തിനു നൽകി കൊണ്ടിരിക്കുകയാണ്. ഫലസ്തീനു വേണ്ടി കപ്പൽ ചരക്ക് ഗതാഗതം സ്തംഭിപ്പിക്കുമ്പോൾ ഗസ്സയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്ക് മധുരപ്രതികാരം നൽകി കൊണ്ട് വീണ്ടും അന്താരാഷ്ട്ര ശ്രദ്ധ നേടുകയാണ്. തങ്ങളുടെ അതിർത്തിയിലൂടെ പോകുന്ന കപ്പൽ തടയാൻ സ്വാതന്ത്ര്യമുണ്ടെന്ന് വാദിക്കുകയാണ്. ഇസ്രായേൽ പറയുന്ന അതേ നാണയത്തിൽ “സ്വയം പ്രതിരോധിക്കാനുള്ള സ്വാതന്ത്ര്യം” ഉരുളക്കുപ്പേരി എന്ന രീതിയിൽ മറുപടി നൽകുകയാണ്.

അതേസമയം, ഇസ്രായേൽ ഹമാസ് യുദ്ധത്തിന്‍റെ മൂന്നാം ഘട്ടത്തിലെത്തുമ്പോൾ എന്ത് കൊണ്ട് ഹൂതികൾ മുൻനിരയിലെത്തിയെന്ന ചോദ്യം അതിലേറെ പ്രസക്തമാണ്. ഫലസ്തീനു വേണ്ടി നിലകൊള്ളുന്നതിൽ യെമനിലും പുറത്തും കൃത്യതയുള്ള രാഷ്ടീയലാഭവും പ്രതീകാത്മകമായ മുന്നേറ്റവും കൈവരിക്കാമെന്ന് ഹൂതികൾ കരുതുന്നു. ഗസ്സയിൽ ഹമാസിനൊപ്പം യുദ്ധമുഖത്ത് അത്ര പ്രശസ്തരല്ലെങ്കിലും 'ഹറകത്തുൽ ജിഹാദ്‌ അൽ ഇസ്ലാമിയ' എന്ന സംഘടന കൂടിയുണ്ട്. സുന്നി ആശയധാരയിൽ നിന്നുള്ള സംഘമാണെങ്കിലും ഇറാനിയൻ വിപ്ലവത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ട് രൂപീകൃതമായ ഈ സംഘടനക്ക് ഇറാൻ, സിറിയ, ലെബനാനിലെ ഹിസ്ബുല്ല എന്നിവരുടെ ശക്തമായ പിന്തുണ ലഭിക്കുന്നുണ്ട്. അത്ര പ്രശസ്തരല്ലാതിരുന്നിട്ടും ഷിയ സംഘടനകൾ ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പിനെ പിന്തുണക്കുന്നതിൽ പ്രത്യേകമായ രാഷ്ടീയ ലാഭം ഉന്നം വെക്കുന്നുണ്ട്. ഫലസ്തീനിലും പുറത്തും ഹമാസിനെ വെല്ലുന്ന ഒരു സംഘം ഉണ്ടായിരിക്കണമെന്ന് ഇസ്രായേലിന്റെയും അമേരിക്കയുടെയും താൽപര്യമാണ്. പുറത്ത് നിന്നും ഇറക്കാൻ പറ്റിയ ഏറ്റവും അനുയോജ്യമായവർ ഹൂതികളാണെന്ന് നന്നായറിയുന്ന സാമ്രാജ്യത്വ ശക്തികൾ ഹൂതികളെ പിന്നിൽ നിന്നും സഹായിക്കുന്നുണ്ടെന്ന് കരുതാൻ കാരണങ്ങൾ ഏറെയാണ്. യുദ്ധം എത്തി നിൽക്കുന്ന സന്നിഗ്ദ്ധ ഘട്ടത്തിൽ അതിന്‍റെ മുഴുവൻ ക്രെഡിറ്റും ഹമാസിനു പോകുന്നതിനെ തടയിടാൻ കൂടിയാകണം ഹൂതികളുടെ രംഗപ്രവേശം. ഫലസ്തീനുള്ളിലും മധ്യ പൗരസ്ത്യ ദേശത്ത് പൊതുവിലും ഹമാസിനെ വെല്ലുന്ന ശക്തരായ ഒരു ചേരിയുണ്ടാകേണ്ടത് ഇസ്രായേലിന്‍റെ കൂടി താൽപര്യമാണ്.

ഗസ്സയിൽ വെടിനിർത്തൽ അനിവാര്യമാണ്, യുദ്ധം എന്നെന്നേക്കുമായി നിർത്താൻ ഇസ്രായേലിനുമേൽ സമ്മർദം സൃഷ്ടിക്കണമെ‌ന്നതിൽ തർക്കമില്ല. എന്നാൽ ഹൂതികളുടെ വരവിൽ ഗൂഢമായ ലക്ഷ്യങ്ങളുണ്ട്‌. യെമനിലെ നിലവിലുള്ള ആഭ്യന്തര പ്രശ്നങ്ങളും സംഘർഷവും അവസാനിപ്പിക്കുന്നതിനു പകരം ചെങ്കടൽ വഴിയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുന്നത്‌ വീണ്ടും യെമൻ എന്ന രാജ്യത്തെ യുദ്ധത്തിലേക്ക് തള്ളിയിട്ട് കൊണ്ടാകരുത്. തങ്ങളുടെ അഭ്യന്തര പ്രശ്നങ്ങളെ മറച്ചുപിടിക്കാൻ ആഗോള വ്യാപാരത്ത ഭീഷണിപ്പെടുത്തുന്നത് ഒട്ടും ഭൂഷണവുമല്ല. മാത്രമല്ല ദീർഘനാളായി സഹിക്കുന്ന യെമൻ ജനതക്ക് ഇത് ഇരട്ട പ്രഹരമായിരിക്കും. സിറിയയിലെ ബഷാറുൽ അസദിനെ പോലെ യെമനിൽ ലക്ഷക്കണക്കിനു സാധാരണക്കാരെ കൊന്നൊടുക്കിയതിൽ ഹൂതികളുടെ പങ്ക്‌ നിസ്തുലമാണ്.

അൽ മന്ദാബ്‌ ഒരുക്കുന്ന നഷ്ടഭാരം

ഹൂതികൾ സൃഷ്ടിക്കുന്ന കപ്പൽ ഗതാഗത തടസ്സം ഏറ്റവും കൂടുതൽ ബാധിക്കുന്നത് യൂറോപ്പിനും ഇസ്രായേലിനും തന്നെയായിരിക്കും. കടൽ വഴിയുള്ള എണ്ണയുടെ 12 % യെമൻ വടക്കൻ തീരമായ അൽ മന്ദാബ് വഴിയാണ് കടന്നു പോകുന്നത്. ചെങ്കടലിൽ സഞ്ചാര തടസ്സം വന്നത് മുതൽ എണ്ണ വില കുത്തനെ വർധിക്കുകയുണ്ടായി. എണ്ണ വിതരണത്തെ ഈ തടസ്സം കാര്യമായി ബാധിച്ചു. ഇതോടെ ചെങ്കടലിലൂടെയുള്ള എണ്ണ, വാതക കയറ്റുമതി താൽകാലികമായി നിർത്തിവെക്കുന്നതായിഊർജ ഭീമന്മാരായ ബ്രിട്ടീഷ് പെട്രോളിയം പോലുള്ള കമ്പനികൾ അറിയിച്ചു. 2019ൽ ഉണ്ടായ സമാനമായ തടസ്സം ലോകവ്യാപാരത്തെ കാര്യമായി ബാധിച്ചിരുന്നു. ഒരാഴ്ചക്കിടയിൽ 10 ബില്ല്യൺ ഡോളർ നഷ്ടമാണെന്ന് രേഖപ്പെടുത്തിയത്.

ഇസ്രായേലുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ളതോ അവിടേക്ക്‌ പോകുന്നതോ ആയ കപ്പലുകളാണ് ഹൂതികൾ ലക്ഷ്യം വെക്കുന്നത്. സൂയസ് കനാൽ വഴി യൂറോപ്യൻ തുറമുഖങ്ങളെ അവയുടെ ഏഷ്യൻ തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്ന ചെങ്കടൽ വഴിയുള്ള ഈ കപ്പൽ മാർഗം (അൽ മന്ദാബ്‌) ആഗോള വാണിജ്യത്തിന് നിർണായകമായ മാർഗമാണ്, ലോകത്തിലെ ഏറ്റവും തിരക്കേറിയ പാതയാണിത്. ദിനംപ്രതി 8.8 മില്യൺ ബാരൽ എണ്ണയാണ് ഇതുവഴി കടന്നു പോകുന്നത്. ഇസ്രായേൽ തുറമുഖവുമായി യാതൊരു കാരണവശാലും ബന്ധമുണ്ടാകരുതെന്ന് എല്ലാ ഷിപ്പിങ് കമ്പനികൾക്കും പലതവണ മുന്നറിയിപ്പ്‌ നൽകിയതാണെന്ന് ഹൂതികളുടെ വക്താവ്‌ ബ്രി. യഹ്യാ സരീൻ പറയുന്നത്‌. അതേസമയം, ഹൂതികളുടെ ഭീഷണി ആഗോള പ്രശ്നമായി മാറുമെന്ന് പറയുന്ന ഇസ്രായേൽ ഇപ്പോൾ മറ്റു രാജ്യങ്ങളിൽ നിന്ന് സഹായം തേടുകയാണ്. എതെങ്കിലും അന്താരാഷ്ട്ര സംഘടന ഉടൻ ഇടപെട്ടില്ലെങ്കിൽ ഇതൊരു ആഗോള പ്രശ്നമാകുമെന്നും കടലിലും പ്രതിരോധം സൃഷ്ടിക്കേണ്ടിവരുമെന്നും ഇസ്രായേൽ നാഷണൽ സെക്യൂരിറ്റി കൗൺസിൽ താസി ഹെനഗ്ബി ഇസ്രായേൽ പറഞ്ഞു.

ദീർഘകാല സമരത്തിലൂടെ മാത്രമേ ഹൂതി ഭീഷണിയെ തടയാൻ സാധിക്കൂ എന്നതിനാൽ പെട്ടെന്നൊരു സൈനിക നീക്കത്തിനില്ലെന്നാണ് ബൈഡൺ ഭരണകൂടം വ്യക്തമാക്കുന്നത്. യെമനിൽ കാലങ്ങളായി തുടരുന്ന വിനാശകരമായ ആഭ്യന്തര സംഘർഷവുമായി കൂട്ടിക്കുഴയ്ക്കാൻ താൽപര്യമില്ലാത്തതിനാലാണിതെന്ന് അമേരിക്കൻ ഭരണകൂടം വ്യക്തമാക്കുന്നു. പകരം ഈ പാത സംരക്ഷിക്കുന്നതിനായി അമേരിക്ക മുൻകൈയെടുത്ത് ഒരു ബഹുരാഷ്ട്ര സഖ്യസേന രൂപീകരിക്കുകയുണ്ടായി. സ്ഥിതിഗതികൾ മെച്ചപ്പെടുത്താൻ യു.എസ്, യു.കെ, ബഹ്‌റൈൻ, സീഷെൽസ് എന്നിവയുൾപ്പെടെ 10 രാജ്യങ്ങൾ ഉൾപ്പെടുന്ന ബഹുരാഷ്ട്ര സുരക്ഷ സംരംഭമായ 'ഓപറേഷൻ പ്രോസ്പെരിറ്റി ഗാർഡിയൻ' ആണു രൂപീകരിച്ചത്‌. സമുദ്ര വ്യാപാരത്തിനുള്ള ഹൂതികളുടെ ഭീഷണി തടയാൻ ആവശ്യമായ സൈനിക ആസ്തികൾ ഉണ്ടെന്ന് ഉറപ്പുവരുത്തുകയായിരിക്കും സേനയുടെ പ്രധാനമായ ഊന്നലെന്നും യു.എസ്‌‌ വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ, എല്ലാ മുന്നറിയിപ്പുകളും ഭീഷണികളും അവഗണിച്ച് ഹൂതികൾ ആക്രമണം ശക്തമാക്കുകയാണ്.

ഹൂതികളുമായി യുദ്ധത്തിനു ഇറങ്ങുന്നതിൽ നഷ്ടം ഉണ്ടാകാനെ സാധ്യതയുള്ളൂവെന്ന് അറിയുന്നതിനാലോ എതിരാളിയിൽ ഭയം സൃഷിക്കാനോ ഉദ്ദേശിച്ചു കൊണ്ടാകും സഖ്യസേനയുണ്ടാക്കിയത്‌. അമേരിക്ക രൂപപ്പെടുത്തിയ സഖ്യസേനയിൽ സൗദിയും ഈജിപ്തും യു.എ.ഇയും ഇല്ല. ഹമാസിനെ തുടർന്നും സഹായിക്കുമെന്ന് പറയുന്ന ഇറാൻ നേരിട്ട്‌ യുദ്ധത്തിൽ ഇറങ്ങില്ലെന്ന് നേരെത്തെ വ്യക്തമാക്കിയിട്ടുണ്ട്‌. എന്നിരുന്നാലും ഇപ്പോൾ ഭയപ്പെടുന്ന ഈ യുദ്ധഭീതി അണക്കാനും മറു രാജ്യങ്ങളിലേക്ക്‌ അത്‌ പടരാതിരിക്കാനും ഇറാനും അമേരിക്കയും ഒന്നിച്ചിരിക്കേണ്ട അനിവാര്യതയിലേക്ക്‌ കാര്യങ്ങളെ എത്തിക്കുക എന്നത്‌ തന്നെയാകാം ഹൂതികളും അടിസ്ഥാനപരമായി ലക്ഷ്യമിടുന്നത്‌. അത്‌ വിജയിക്കുമോ എന്ന് കാത്തിരുന്ന് കാണാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Palestine ConflictHouthis
News Summary - Who are the Houthis blocking the way for?
Next Story