Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപാശ്ചാത്യശക്തികൾ...

പാശ്ചാത്യശക്തികൾ പത്തിമടക്കുന്നു

text_fields
bookmark_border
പാശ്ചാത്യശക്തികൾ പത്തിമടക്കുന്നു
cancel

'നാം പാശ്ചാത്യ സാമ്പത്തിക-രാഷ്ട്രീയ മേൽക്കോയ്മയുടെ അന്ത്യം കണ്ടുകൊണ്ടിരിക്കുകയാണ്. ലോകം രണ്ടോ അതിലധികമോ ചേരികളിലായി ഭിന്നിച്ചുനില്‍ക്കുന്നതിനാണ് നാം സാക്ഷിയാകാൻ പോകുന്നത്' -മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി (1997-2007) ടോണി ബ്ലെയറുടേതാണ് ഈ വാക്കുകൾ. ബ്രിട്ടീഷ്-അമേരിക്കൻ രാഷ്ട്രീയ-സാമൂഹിക പ്രശ്നങ്ങളിൽ പ്രതികരിക്കുന്ന 'ഡിഷ്ലി ഫൗണ്ടേഷന്റെ (Ditchley Foundation) വാര്‍ഷിക സമ്മേളനത്തിൽ ഈ ജൂലൈ 16ന് സംസാരിക്കുകയായിരുന്നു ബ്ലെയർ.

ഇത് റിപ്പോർട്ട് ചെയ്ത 'റഷ്യ ടുഡേ' ചാനൽ തുടരുന്നു- ചൈന ഇപ്പോൾതന്നെ ലോകത്തെ രണ്ടാമത്തെ ശക്തിയാണ്. അവർ പാശ്ചാത്യ ശക്തികളുമായി മത്സരിക്കുന്നത് കേവലം ശക്തിപരീക്ഷണത്തിനുവേണ്ടിയായിരിക്കില്ല. നമ്മുടെ ഭരണവ്യവസ്ഥയും ജീവിതക്രമവും മാറ്റിമറിക്കുന്നതാണെന്ന് ലേബർ പാർട്ടി നേതാവ് തറപ്പിച്ചുപറയുന്നു. 'ബെയ്ജിങ് മാത്രമായിരിക്കില്ല ഇതിനു പിന്നിൽ. റഷ്യ ഇപ്പോൾതന്നെ അവരുടെ കൂടെയുണ്ട്'.

ആധുനിക ചരിത്രത്തിൽ ആദ്യമായാണ് അമേരിക്കക്കും സഖ്യകക്ഷികൾക്കുമെതിരായി തുല്യശക്തികളെന്ന നിലക്ക് ചൈനയും റഷ്യയും ശാക്തിക മത്സരത്തിനൊരുമ്പെടുന്നത്. കോവിഡും യുദ്ധവും കാരണമായി പാശ്ചാത്യ രാജ്യങ്ങളധികവും സാമ്പത്തികമാന്ദ്യത്തിലും സ്തംഭനാവസ്ഥയിലുമാണ്. യുക്രെയ്ൻ യുദ്ധം 2022ലെ സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചതിനു പുറമെ വർധിച്ച നാണയപ്പെരുപ്പത്തിനും വഴിവെച്ചിരിക്കുന്നു. എണ്ണവില കൂടിയതോടെ അവശ്യസാധനങ്ങൾക്ക് ക്രമാതീതമായി വില വര്‍ധിച്ചത് എല്ലാവരെയും- പ്രത്യേകിച്ചും ദരിദ്രരാഷ്ട്രങ്ങളെ- വല്ലാതെ ഉലച്ചു.

2021ലെ വളർച്ചനിരക്കായി രേഖപ്പെടുത്തിയ 6.1ൽനിന്ന് 2022-23ലെ വളർച്ചനിരക്ക് 3.6 എന്ന നിലയിലേക്കു കൂപ്പുകുത്തി.കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളിലായി ചൈന കൈവരിച്ച നേട്ടങ്ങൾ ലോക സാമ്പത്തിക-രാഷ്ട്രീയ സമവാക്യങ്ങൾ തിരുത്തിക്കുറിച്ചിരിക്കുന്നു. 2001 ഡിസംബറിൽ ചൈന വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ (WTO) ഭാഗമായതോടെ ലോകമെമ്പാടും ഉപഭോഗവസ്തുക്കൾ കയറ്റിയയക്കുന്ന ഒരു വാണിജ്യകേന്ദ്രമായി ചൈന മാറി. അതിവേഗമാണ് ചൈന ആധുനിക സാങ്കേതികവിദ്യയുടെയും അതോടൊപ്പം നയതന്ത്രങ്ങളുടെയും കേന്ദ്രമായി മാറുന്നത്.

അതോടെ, ബെയ്ജിങ് ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിനമേരിക്കൻ രാഷ്ട്രങ്ങളിലെയും എല്ലാവിധ വികസനപ്രവര്‍ത്തനങ്ങളുടെയും ഭാഗമായിത്തീർന്നു. ഇതിനെത്തുടർന്നുണ്ടായ പ്രതിസന്ധികളും മാനുഷിക പ്രയാസങ്ങളും സാമ്പത്തിക വിഘടനവും (Economic Fragmentation) പരിഹരിക്കാൻ ബഹുമുഖമായ ശ്രമങ്ങൾ ആവശ്യമാണ്. 2022ൽ താഴ്ന്ന വേതനം, ഉയര്‍ന്ന നാണയപ്പെരുപ്പം, ഭക്ഷ്യക്ഷാമം എന്നിവയെല്ലാം അനുഭവപ്പെടുമെന്നാണ് ലോക സാമ്പത്തിക ഫോറം വക്താക്കളുടെ വിലയിരുത്തൽ. കടബാധ്യതകളാൽ ഉഴലുന്ന ദരിദ്രരാഷ്ട്രങ്ങൾ കാലാവസ്ഥ വ്യതിയാനത്താലും പകർച്ചവ്യാധികളാലും പ്രയാസപ്പെടുകയുമാണ്.

ഈയൊരു സാഹചര്യത്തിലാണ്, യുക്രെയ്ൻ യുദ്ധം ശക്തമായിക്കൊണ്ടിരിക്കെ, 'നോസ്റ്റ്റോം' പൈപ്പ് ലൈൻ വഴി ജർമനിക്കു നല്‍കിയിരുന്ന ഗ്യാസ് റഷ്യ താല്‍ക്കാലികമായി നിർത്തിവെച്ചത്. 1200 കി. മീറ്റർ നീളത്തിൽ ബാൾട്ടിക് സമുദ്രത്തിനടിയിലൂടെ 55 ബില്യൺ ക്യുബിക് മീറ്റർ ഗ്യാസ് ഓരോ വർഷവും ജർമനിയിലേക്കും അവിടന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കും നൽകിവരുന്നതായിരുന്നു. ഇത് യൂറോപ്യൻ രാജ്യങ്ങളുടെ മൊത്തം ഉപയോഗത്തിന്റെ 40 ശതമാനമാണെന്നറിയുന്നു. ഗ്യാസ് പൈപ്പ് ലൈൻ റഷ്യ പുനരാരംഭിക്കുമോ എന്നറിയാൻ യൂറോപ്യൻ രാഷ്ട്രങ്ങൾ ഉത്കണ്ഠയോടെ

കാത്തിരിക്കുകയാണ്. വരുന്ന ശീതകാലത്തെ കൊടുംതണുപ്പിൽ എങ്ങനെയാണ് അവർക്ക് ആശ്വാസം കാണാനാവുക? ഗൾഫ് രാജ്യങ്ങളെയോ (ഖത്തർ) നോർത്ത് ആഫ്രിക്കയെയോ (അൽജീരിയ) ഉപയോഗിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.യുക്രെയ്ൻ പിടിച്ചെടുത്തശേഷം ദാൻബാസ് മേഖലയെ വകഞ്ഞുമാറ്റുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ച റഷ്യ ഇപ്പോൾ യുദ്ധത്തിന്റെ രണ്ടാം ഘട്ടത്തിലേക്കു കടന്നിരിക്കുന്നു. എണ്ണയും വാതകവുമാണ് പുതിയ ആയുധങ്ങൾ.

ഇതിനുള്ള ഒരു പരിഹാരംകൂടി ഉദ്ദേശിച്ചുകൊണ്ടായിരുന്നു ജോ ബൈഡൻ സൗദി അറേബ്യ സന്ദര്‍ശിച്ചത്. എന്നാൽ, ലക്ഷ്യങ്ങൾ നേടാനാവാതെ അദ്ദേഹത്തിന് മടങ്ങേണ്ടിവന്നു.'ദ നാഷനൽ ഇന്ററസ്റ്റ്' എന്ന അമേരിക്കൻ വെബ്സൈറ്റിൽ ആക്സൽ ഡി ഫർണോ സാമ്പത്തിക വ്യവസ്ഥയും ജിയോ പൊളിറ്റിക്കൽ മേധാവിത്വവും തമ്മിലെ ബന്ധം ചൂണ്ടിക്കാട്ടിക്കൊണ്ട് അമേരിക്കയുടെ സാമ്പത്തിക മേൽക്കോയ്മ തകർക്കാനുള്ള റഷ്യയുടെയും ചൈനയുടെയും കാൽവെപ്പുകൾ എടുത്തുപറയുന്നു.

അമേരിക്കക്ക് രണ്ടാം ലോകയുദ്ധശേഷം യൂറോപ്യൻ രാഷ്ട്രങ്ങളുടെ മേലുണ്ടായ മേധാവിത്വമാണ് എല്ലാം കൈയിലൊതുക്കാൻ അവരെ സഹായിച്ചത്. ഇന്നും അമേരിക്കൻ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളാണ് ലോക സാമ്പത്തിക വ്യവസ്ഥ നിയന്ത്രിക്കുന്നത്. എന്നാൽ, യുക്രെയ്ൻ യുദ്ധത്തോടെ സംഗതികൾ മാറിമറിയുകയാണ്.

ഡോളറിന്റെ അപ്രമാദിത്വം ചോദ്യംചെയ്യപ്പെട്ടിരിക്കുന്നു. റഷ്യ എണ്ണവില 'റൂബിളി'ലാണ് സ്വീകരിക്കുന്നത്. റഷ്യയും ചൈനയും അവരുടെ സാമ്പത്തികസംവിധാനങ്ങൾ പരസ്പരം ലയിപ്പിക്കാൻ തീരുമാനിക്കുകയാണത്രെ! ചൈനയുടെ യുവാൻ കറൻസി അന്താരാഷ്ട്രതലത്തിൽ ഡോളറിനു പകരം ഉപയോഗിക്കാവുന്നതാണെന്ന് റഷ്യ വാക്കു കൊടുത്തെന്നാണറിയുന്നത്. ഇത് അമേരിക്കൻ നയരൂപവത്കരണത്തെ ഉത്കണ്ഠയിലാക്കുന്നു!

യൂറോപ്യൻ വിപണിയിലെ എണ്ണവില വര്‍ധനയും ക്ഷാമവും പുതിയ സ്രോതസ്സ് കണ്ടെത്തി പരിഹരിക്കാനാണ് ബൈഡൻ ശ്രമിച്ചത്. 'സെൻറർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇൻറർനാഷനൽ സ്റ്റഡീസി'(CSIS) ന്റെ ഊർജവിദഗ്ധനായ ബെൻ കാഹിൽ പറയുന്നതനുസരിച്ച് 'തങ്ങൾ ഫോൺ ചെയ്തു പറഞ്ഞാൽ അനുകൂലമായി പ്രതികരിക്കുന്ന ഒരു പറ്റം രാഷ്ട്രത്തലവന്മാരുണ്ടെന്ന് കരുതിയാണ് പ്രസിഡന്റ് യാത്ര പ്ലാൻ ചെയ്തത്. ജോ ബൈഡൻ മിഡിലീസ്റ്റിൽനിന്ന് വെറുംകൈയോടെ തിരിച്ചെത്തിയത് നിരാശജനകമായെന്നാണ് ഗാർഡിയൻ പത്രത്തിന്റെ എനർജി കോളമിസ്റ്റ് അലക്സ് ലോസൺ റിപ്പോർട്ട് ചെയ്തത്.

എന്തുതന്നെയായാലും ജിദ്ദയിൽ നടന്ന ഉച്ചകോടി അറബ് രാഷ്ട്രങ്ങൾക്ക് ഒരു നേട്ടമായിരുന്നു. നേതാക്കൾ ഏകസ്വരത്തിൽ അമേരിക്കയോട് തുല്യത അവകാശപ്പെട്ടതും തീരുമാനങ്ങൾ എല്ലാ അംഗങ്ങളുടെയും പൂര്‍ണ സമ്മതത്തോടെയാകണമെന്ന് ശഠിച്ചതും മുഹമ്മദ് ബിൻ സൽമാന്റെ ദീർഘവീക്ഷണമുള്ള വിദേശനയത്തെ സൂചിപ്പിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

അതുകൊണ്ടാണ് മുസ്‍ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറലും മുസ്‍ലിം സ്കോളേഴ്സ് അസോസിയേഷൻ ചെയർമാനുമായ ഡോ. മുഹമ്മദ് അൽ ഈസാ സമ്മേളനം നല്ല നേട്ടമുണ്ടാക്കിയെന്ന് വിലയിരുത്തിയത്. ദിവസേന ലഭിക്കുന്ന യുദ്ധവാര്‍ത്തകൾ റഷ്യയുടെ മുന്നേറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ഇതൊക്കെ വിലയിരുത്തിയശേഷമാണ് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി െബ്ലയർ അഭിപ്രായപ്പെട്ടത്: യുക്രെയ്ൻ യുദ്ധം പാശ്ചാത്യ മേൽക്കോയ്മയുടെ പരാജയം വിളിച്ചോതുകയാണെന്ന്!

Show Full Article
TAGS:Western powers world countries 
News Summary - Western powers are waning
Next Story