തോലും വിറകും ഞങ്ങളെടുക്കും
text_fieldsസ്വാതന്ത്ര്യസമരചരിത്രത്തിൽ പെടുത്തേണ്ടതല്ലെന്നുപറഞ്ഞ് മാറ്റിനിർത്തപ്പെട്ട മുന്നേറ്റങ്ങളിൽ ഒന്നാണ് തോൽവിറക് സമരം. ഈ സമരത്തിൽ നൂറിലേറെ സ്ത്രീകൾ സംഘടിച്ചുവെന്നതുതന്നെയാണ് അതിന്റെ പ്രാധാന്യവും. 1946 നവംബറിൽ ആരംഭിച്ച ഈ മുന്നേറ്റം സ്ത്രീകൾ നയിച്ച പ്രധാനപ്പെട്ട സമരങ്ങളിൽ ഒന്നായി കണക്കാക്കപ്പെടേണ്ടതാണ്. ചീമേനി എസ്റ്റേറ്റിലായിരുന്നു സമരം.
ജന്മികുടുംബത്തിൽനിന്ന് ദേശീയപ്രസ്ഥാനത്തിലേക്ക് വന്ന താഴക്കാട് തിമിരി മനക്കൽ സുബഹ്മണ്യൻ തിരുമുമ്പ് (ടി.എസ്. തിരുമുമ്പ്) എന്നയാളുടേതായിരുന്നു ഈ എസ്റ്റേറ്റ്. കർഷകസ്ത്രീകൾ എസ്റ്റേറ്റ് പ്രദേശത്തെ വിറകും തോലുമൊക്കെ ശേഖരിക്കുന്നത് പതിവായിരുന്നു. അടുപ്പ് കത്തിക്കാനും മൃഗങ്ങൾക്ക് ഭക്ഷണം നൽകാനുമെല്ലാം ഇതായിരുന്നു അവരുടെ പ്രധാന മാർഗം. അതിനിടെ സുബ്രഹ്മണ്യൻ തിരുമുമ്പ് ഈ എസ്റ്റേറ്റ് ജോൺ കൊട്ടുകാപ്പള്ളി എന്നയാൾക്ക് കൈമാറി.
പഴയതുപോലെ വിറകും തോലുമൊന്നും എടുക്കാൻ സ്ത്രീകളെ പുതിയ ഉടമ സമ്മതിച്ചില്ല. കാലങ്ങളായി ഇതുപയോഗിച്ചുവന്ന സ്ത്രീകൾക്ക് ഇത് അവകാശലംഘനമായി അനുഭവപ്പെട്ടു. അതിനെതിരെ ഇവർ സംഘടിച്ച് പ്രതിഷേധിച്ചു. കർഷകസംഘത്തിന്റെ സഹായത്തോടെ അവർ സംഘടിതപ്രതിഷേധം ആസൂത്രണം ചെയ്തു. ജന്മിയായതിനാൽ നേരിട്ട് പങ്കെടുക്കാൻ കഴിയുമായിരുന്നില്ലെങ്കിലും സുബ്രഹ്മണ്യൻ തിരുമുമ്പിന്റെ ഭാര്യ പി.സി. കാർത്യായനിയമ്മയാണ് ആളുകളെ സംഘടിപ്പിക്കാൻ നേതൃത്വം നൽകിയത്. കെ.എ. കേരളീയൻ എഴുതിയ 'തോലും വിറകും ഞങ്ങളെടുക്കും
കാലൻ വന്നു തടഞ്ഞെന്നാലും ആരും സ്വന്തം നേടിയതല്ല
വാരിധിപോലെ കിടക്കും വിപിനം
കാവൽക്കാരേ സൂക്ഷിച്ചോളൂ
കാര്യംവിട്ടു കളിച്ചീടേണ്ട
അരിവാൾ തോലരിയാനായ് മാത്രം
പരിചൊടു കൈയിൽ കരുതിയതല്ല...' എന്ന വരികൾ പാടിക്കൊണ്ട് നൂറിലേറെ സ്ത്രീകൾ എസ്റ്റേറ്റിലേക്ക് മാർച്ച് ചെയ്തു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. തോലിനും വിറകിനുമുള്ള അവകാശം പുനഃസ്ഥാപിച്ച് കിട്ടുന്നതുവരെ ഇവർ പിന്മാറിയില്ല. അങ്ങനെ സ്ത്രീമുന്നേറ്റത്തിന്റെ ചരിത്രംതന്നെയായി തോൽവിറക് സമരം. മേഖലയിലെ കർഷകത്തൊഴിലാളി മുന്നേറ്റങ്ങൾക്കെല്ലാം തോൽവിറക് സമരം ആവേശവും പ്രചോദനവുമായിട്ടുണ്ട്.