Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകണ്ണുതുറന്നു കാണേണ്ട...

കണ്ണുതുറന്നു കാണേണ്ട കാഴ്ചകൾ

text_fields
bookmark_border
കണ്ണുതുറന്നു കാണേണ്ട കാഴ്ചകൾ
cancel
camera_alt

അർണബ് ഗോസ്വാമി, വരവര റാവു, സുധ ഭരദ്വാജ്​

കണ്ണുകെട്ടി തുലാസ്സുംപിടിച്ച് നിൽക്കുന്ന നിലയിലാണ് നീതിദേവത ചിത്രീകരിക്കപ്പെടുന്നത്. നീതിനിർവഹണത്തിൽ ഉയർത്തിപ്പിടിക്കേണ്ട രണ്ടു തത്ത്വങ്ങൾ അതിലൂടെ വെളിവാക്കപ്പെടുന്നു. ഒന്ന്‌, മുഖംനോക്കാതെ നീതി നടപ്പാക്കുന്നു. രണ്ട്, നീതിപീഠത്തിനു മുന്നിൽ എല്ലാവരും തുല്യരാണ്.

ആധുനിക രാഷ്​ട്രീയ സംവിധാനങ്ങളിൽ തുല്യത എന്ന സങ്കൽപത്തിന് അംഗീകാരം ലഭിച്ചത് പതിനെട്ടാം നൂറ്റാണ്ടി​െൻറ അന്ത്യത്തിൽ ഫ്രഞ്ച്​ വിപ്ലവകാരികൾ സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം ഉയർത്തിയശേഷമാണ്. എന്നാൽ, ആ ആശയം അതിനു മുമ്പുതന്നെ പ്രധാനമായും മതങ്ങളുടെ സ്വാധീനത്തിൽ പ്രചാരം നേടിയിരുന്നു. ഒരു ദൈവത്തി​െൻറ മക്കൾ എന്ന നിലയിൽ എല്ലാ മനുഷ്യരും തുല്യരാണ് എന്ന് മിക്ക മതങ്ങളും അംഗീകരിച്ചു. അതേസമയം, അവയിൽ ചിലത് തുല്യതക്കെതിരായ നിലപാടുകളും സ്വീകരിച്ചിരുന്നു. തങ്ങൾ ദൈവത്തിനു കൂടുതൽ പ്രിയപ്പെട്ടവരാണെന്ന് ചില വിഭാഗങ്ങൾ വിശ്വസിച്ചു.

നമ്മുടെ ഭരണഘടനാശിൽപിയായ ബാബാ സാഹബ് അംബേദ്‌കർ താൻ തുല്യത എന്ന ആശയം സ്വീകരിച്ചത്​ പാശ്ചാത്യ ലോകത്തുനിന്നല്ല, ബൗദ്ധ ചിന്തകളിൽനിന്നാണെന്നു​ പറഞ്ഞിട്ടുണ്ട്. തുല്യതയെ പാടേ നിഷേധിക്കുന്ന വിശ്വാസപ്രമാണങ്ങളും ഇവിടെ നിലനിന്നിരുന്നു. ബ്രാഹ്​മണൻ കൊലപാതകം നടത്തിയാലും ശിക്ഷിക്കരുതെന്നും ഭരണാധികാരി അയാളെ നാടുവിട്ടുപോകാൻ അനുവദിക്കണമെന്നുമാണ് മാതൃക നിയമസംഹിതയായി വൈദികസമൂഹം കൊണ്ടാടുന്ന മനുസ്മൃതി നിർദേശിക്കുന്നത്. മനുസ്മൃതി കത്തിച്ചുകൊണ്ടാണ് അംബേദ്‌കർ ജാതിവിവേചനത്തിനെതിരെ സമരംചെയ്തത്. അദ്ദേഹത്തി​െൻറ നേതൃത്വത്തിൽ ഭരണഘടന നിർമാണപ്രക്രിയ തുടങ്ങിയപ്പോൾ മനുസ്മൃതി ഉള്ളപ്പോൾ മറ്റൊരു ഭരണഘടന എന്തിനാണെന്ന് ആർ.എസ്.എസ്‌ ചോദിക്കുകയുണ്ടായി. ഏതാനും കൊല്ലങ്ങൾക്കുമുമ്പ് ഇന്ത്യയിലെ ഉന്നതകോടതിയുടെ വിധികൾ സമാഹരിച്ച ഒരു വെബ്‌സൈറ്റിൽ നോക്കിയപ്പോൾ മുന്നൂറിലധികം വിധികളിൽ മനുസ്മൃതി ഉദ്ധരിക്കപ്പെട്ടുകണ്ടു. എല്ലാ മനുഷ്യരിലും അവർ ജനിച്ചുവളർന്ന സാഹചര്യങ്ങളുടെ സ്വാധീനമുണ്ടാകും. നീതിന്യായസംവിധാനങ്ങളിൽ പ്രവർത്തിക്കുന്നവർ അതിനെ മറികടക്കുന്നത് തൊഴിൽമൂല്യങ്ങളിൽ ഊന്നൽ നൽകിക്കൊണ്ടുള്ള പരിശീലനത്തിലൂടെ വസ്തുനിഷ്ഠമായി കാര്യങ്ങൾ വിലയിരുത്താനുള്ള കഴിവ് നേടിക്കൊണ്ടാണ്.

അടുത്തകാലത്ത് കേരള ഹൈകോടതിയിലെ ഒരു ജഡ്ജി തമിഴ് ബ്രാഹ്മണർ കൊച്ചിയിൽ സംഘടിപ്പിച്ച ആഗോളസംഗമത്തിൽ സംസാരിക്കെ ദ്വിജമാഹാത്മ്യം പാടിപ്പുകഴ്​ത്തി. അതുകേട്ട പലരും പുരികംചുളിച്ചു. വ്യക്തിപരമായ വിശ്വാസം എന്തുതന്നെയായാലും ഭരണഘടന അനുശാസിക്കുന്ന തുല്യത മാനിക്കാൻ പ്രതിജ്ഞാബദ്ധനായ ഒരാളിൽനിന്ന് ഉണ്ടാകാൻ പാടില്ലാത്ത വാക്കുകളായിരുന്നു അദ്ദേഹത്തി​േൻറത്.

പക്ഷേ, സ്വന്തം സമുദായത്തി​െൻറ വേദിയിൽ നടത്തിയ പ്രസംഗത്തി​െൻറ അടിസ്ഥാനത്തിൽ ജഡ്ജിയെന്ന നിലയിലുള്ള അദ്ദേഹത്തി​െൻറ പ്രവർത്തനം വിലയിരുത്തുന്നത് നീതികേടാവും. ഭരണഘടനാബാഹ്യമായ ചിന്തയുടെ സ്വാധീനം വിധിന്യായങ്ങളിലുണ്ടെങ്കിൽ മാത്രമേ അദ്ദേഹത്തെ തെറ്റുകാരനായി കാണാനാകൂ. ഇപ്പോൾ നടക്കുന്ന ചില സംഭവങ്ങൾ, ചുറ്റും നടക്കുന്നത് കാണാതിരിക്കാനാണോ നീതിദേവതയെ കണ്ണുകെട്ടി നിർത്തിയിരിക്കുന്നതെന്നു ചോദിക്കാൻ പോരുന്നവയാണ്. ജനങ്ങൾ അതെല്ലാം കണ്ണു തുറന്നു കാണണം. കേന്ദ്ര ഭരണസംവിധാനത്തി​െൻറ പ്രിയ മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയുടെയും, അഭിഭാഷകയായ സുധ ഭരദ്വാജിനെയും തെലുങ്ക് വിപ്ലവകവി വരവരറാവുവിനെയുംപോലെ പാർശ്വവത്കരിക്കപ്പെട്ട ജനങ്ങളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന ആക്​ടിവിസ്​റ്റുകളുടെയും ജാമ്യാപേക്ഷകൾ കൈകാര്യം ചെയ്യുന്നതിൽ പ്രകടമായ വ്യത്യസ്ത സമീപനങ്ങളുടെ വെളിച്ചത്തിൽ ചില പൗരന്മാർ കൂടുതൽ തുല്യരാണോ എന്ന ചോദ്യം പലരും ഉയർത്തിയിട്ടുണ്ട്.

കേരളത്തെ നടുക്കിയ ലൈംഗികാക്രമണക്കേസിലെ സംഭവവികാസങ്ങളും ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. സ്ത്രീപീഡന സംഭവങ്ങളിൽതന്നെ ഇത്രയും നീചമായ ഒന്നിനെക്കുറിച്ച് മുമ്പ് കേട്ട ഓർമയില്ല. ക്വട്ടേഷൻ സംഘം യുവനടിയെ തട്ടിയെടുത്ത് ഓടുന്ന വാഹനത്തിൽവെച്ച് അതിക്രൂരമായ ലൈംഗികാക്രമണത്തിനു വിധേയയാക്കുകയും രംഗം വിഡിയോയിൽ പകർത്തുകയും ചെയ്​തെന്നാണ് പ്രോസിക്യൂഷൻ കേസ്. ഒരു നടനാണ് ക്വട്ടേഷൻ കൊടുത്തതെന്നായിരുന്നു പൊലീസി​െൻറ കണ്ടെത്തൽ.

സംഭവം വലിയ ഒച്ചപ്പാടുണ്ടാക്കിയതിനെ തുടർന്ന് കേസി​െൻറ നടത്തിപ്പിനായി സർക്കാർ സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചു. വിചാരണക്കായി വനിത ജഡ്ജിയെ നിയോഗിക്കുകയും ചെയ്‌തു. ശക്തന്മാർ ഉൾപ്പെട്ട കേസുകളിൽ പലപ്പോഴും സംഭവിക്കുന്നതുപോലെ പ്രോസിക്യൂഷൻ സാക്ഷികൾ കൂറുമാറാൻ തുടങ്ങി. കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട്​ ആക്രമിക്കപ്പെട്ട നടിയും സംസ്ഥാന സർക്കാറും ഹൈകോടതിയെ സമീപിച്ചു. മതിയായ കാരണങ്ങളില്ല എന്നു പറഞ്ഞുകൊണ്ട് കോടതി ആവശ്യം നിരസിച്ചു.

വാദിയുടെയോ പ്രതിയുടെയോ ഇഷ്‌ടത്തിനനുസരിച്ച് ജഡ്ജിയെ നിയോഗിക്കാനാകില്ലെന്ന് സാമാന്യേന പറയാം. എന്നാൽ, സ്ത്രീപീഡനക്കേസിൽ ഇരക്കും സർക്കാറിനും വിശ്വാസം നഷ്​ടപ്പെട്ട കോടതിതന്നെ വിചാരണ നടത്തണമെന്ന് ശഠിക്കുന്നത് നൽകുന്ന സന്ദേശം എന്താണെന്ന് കോടതികൾ പരിശോധിക്കണം. ഇരയുടെ താൽപര്യം മുൻനിർത്തി എടുത്ത രണ്ടു തീരുമാനങ്ങൾ ഫലപ്രദമാകാത്ത ഒരവസ്ഥ ഈ കേസിൽ കാണാം. ജഡ്ജി വനിതയാണ്. അടഞ്ഞ കോടതിമുറിയിൽ നടന്ന ക്രോസ് വിസ്താരത്തിനിടയിൽ പ്രതിഭാഗത്തി​െൻറ വക്കീൽ സംഘം തന്നെ ഭയപ്പെടുത്തുകയും അപഹസിക്കുകയും ചെയ്തപ്പോൾ ജഡ്ജി തടഞ്ഞില്ലെന്നതാണ് കോടതിമാറ്റം ആവശ്യപ്പെടുന്നതിന് ഇര ഉന്നയിച്ച ഒരു കാരണം. ഇത് ഹൈകോടതിക്ക് മതിയായ കാരണമായി കാണാൻ കഴിയാഞ്ഞത് തികച്ചും നിർഭാഗ്യകരമാണെന്നു പറയാതെ വയ്യ. സ്ത്രീപരിരക്ഷാ നടപടികളെ പരാജയപ്പെടുത്താൻ ആണധികാര സമൂഹങ്ങൾക്ക് കഴിയുമെന്ന് ഈ സംഭവവികാസങ്ങളിൽനിന്ന് മനസ്സിലാക്കാം.

ഹൈകോടതി കോടതിമാറ്റം നിരസിച്ചശേഷം സ്‌പെഷൽ പ്രോസിക്യൂട്ടർ രാജിവെച്ചു. സർക്കാർ പ്രോസിക്യൂഷ​െൻറ ചുമതല സംബന്ധിച്ച് തീരുമാനമെടുത്തശേഷമേ ഇനി മുന്നോട്ടുപോകാനാവൂ. അതിനിടെ ഹൈകോടതി തീരുമാനത്തെ ന്യായീകരിച്ചും സ്‌പെഷൽ പ്രോസിക്യൂട്ടറുടെ രാജിയെ വിമർശിച്ചും ഒരു മുൻ ഹൈകോടതി ജഡ്ജി നടത്തിയ പ്രസ്താവനകളും എം.എൽ.എകൂടിയായ ഒരു നട​െൻറ സെക്രട്ടറി കേസിലെ മാപ്പുസാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാരോപിച്ച് പൊലീസ് അറസ്​റ്റ്​ ചെയ്തതും രംഗം കൊഴുപ്പിച്ചിട്ടുണ്ട്. ഒടുവിൽ കോടതി നീതി നടപ്പാക്കുമ്പോൾ നീതി നടപ്പാക്കപ്പെട്ടെന്നു സമൂഹത്തിനു ബോധ്യമാകണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:courtMadhyamam articles
Next Story