‘ഹിന്ദുത്വ’ എന്ന് വിളിക്കപ്പെടുന്ന പ്രത്യയശാസ്ത്രം അംഗീകരിച്ച പാര്‍ട്ടിക്കു കീഴിലാണിന്ന് ഇന്ത്യ. ഇക്കൂട്ടര്‍ക്ക് മൂന്ന് ആവശ്യങ്ങളാണുള്ളത്: ഇന്ത്യന്‍ ഭരണഘടനയിലെ 370ാം വകുപ്പ് റദ്ദാക്കണം. അയോധ്യയില്‍ രാമക്ഷേത്രം പണിയണം. ഏക സിവില്‍കോഡ് നടപ്പാക്കണം. ഈ മൂന്നു വിഷയങ്ങളും ന്യൂനപക്ഷ സമുദായങ്ങളെ ബാധിക്കുന്നതാണ്. 370ാം വകുപ്പ് റദ്ദാക്കുന്നതോടെ കശ്മീരിലെ മുസ്ലിംഭൂരിപക്ഷത്തിന് ഭരണഘടനാദത്തമായ സ്വയംഭരണാവകാശം നഷ്ടമാകും. രാമക്ഷേത്രനിര്‍മാണത്തോടെ മുസ്ലിംകള്‍ക്ക് ബാബരിമസ്ജിദ് ഉപേക്ഷിക്കേണ്ടി വരും. ഏക സിവില്‍കോഡ് നടപ്പാകുന്നതോടെ അവര്‍ക്ക് വ്യക്തിനിയമം ഒഴിവാക്കേണ്ടി വരും. ഇക്കാരണത്താല്‍ ഭൂരിപക്ഷവികാരത്തിന്‍െറ സൃഷ്ടിയെന്ന നിലയില്‍ ഈ ആവശ്യങ്ങള്‍ പോസിറ്റിവല്ല, നിഷേധാത്മകമാണ്. പ്രത്യക്ഷത്തില്‍ വ്യക്തിനിയമം പരിഷ്കരിക്കാന്‍ ആവശ്യപ്പെടുന്നതിലുള്ള സദുദ്ദേശ്യമല്ല ബി.ജെ.പിയുടെ ഏക സിവില്‍കോഡ് വാദത്തിനു പിന്നില്‍. ഹിന്ദുത്വര്‍ പള്ളിപൊളിച്ചപ്പോള്‍ രാമക്ഷേത്രപ്രസ്ഥാനത്തിനു സംഭവിച്ചതെന്ത് എന്നത് ഇവിടെ പ്രസക്തമാണ്. ക്ഷേത്രം നിര്‍മിക്കുകയെന്ന ക്രിയാത്മകതയായിരുന്നില്ല, പള്ളിക്കെതിരായ നിഷേധാത്മകതയായിരുന്നു അതിനു പിന്നില്‍. അതോടെ ആ പ്രസ്ഥാനവും പൊളിഞ്ഞു.
370ാം വകുപ്പ് എടുത്തുകളഞ്ഞ് ജമ്മു-കശ്മീരിന്‍െറ സമ്പൂര്‍ണലയനം സാധ്യമാക്കുന്നതിന് വിഘാതമായി നില്‍ക്കുന്ന അനേകം നിയമപ്രശ്നങ്ങളുണ്ട്. എന്നാല്‍, ഇന്നത്തെ കശ്മീരിന്‍െറ അവസ്ഥ നോക്കുമ്പോള്‍ ഭരിക്കുന്ന ആശയക്കാര്‍ ഏതുവിധേനയും അത് മറികടന്നേക്കാം. പാകിസ്താനെതിരായ നീക്കത്തിന്‍െറ ഭാഗമായി ഉടലെടുത്ത ദേശാഭിമാനത്തിന്‍െറ തള്ളലില്‍ താഴ്വരയിലെ സംഭവവികാസങ്ങള്‍ ഇപ്പോള്‍ കവച്ചുവെക്കപ്പെട്ടിരിക്കുകയാണ്. അവിടത്തെ സ്ഥിതിഗതികള്‍ എങ്ങനെ മാനേജ് ചെയ്യുമെന്ന് ഉടനെയോ വൈകിയോ നമ്മള്‍ കാണേണ്ടി വരും.
ഏക സിവില്‍കോഡാണ് ഇപ്പോള്‍ സംസാരവിഷയം. രണ്ടു ഘട്ടമായാണ് ഈ വിഷയകമായ കാര്യങ്ങള്‍ നീങ്ങുന്നത്. ഒന്നാമത്തേത്, മുത്തലാഖിനെതിരായ നടപടിയാണ്. പുരുഷ മേധാവിത്വമുള്ള ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡ് അത് നിലനിര്‍ത്താന്‍ വാദിക്കുന്നുണ്ട്. ആണുങ്ങള്‍ക്ക് ഭാര്യമാരെ പൊടുന്നനെ വിവാഹമോചനം ചെയ്യാനുള്ള മുത്തലാഖ് ഓപ്ഷന്‍ പാകിസ്താന്‍ അടക്കമുള്ള മുസ്ലിം രാജ്യങ്ങള്‍ അനുവദിക്കുന്നില്ല. അത് നിയമവിരുദ്ധമാക്കാനാണ് ഗവണ്‍മെന്‍റ് നീക്കം. കോടതിയും അതിനൊപ്പമാണ്. ഇത് നിയമമാകുകയാണെങ്കില്‍ ഒട്ടേറെ അറസ്റ്റുകള്‍ക്ക് തയാറായിക്കൊള്ളുക.
രണ്ടാമത്തേത് ബഹുഭാര്യത്വമാണ്. ഹിന്ദുത്വരുടെ ശരിയായ താല്‍പര്യം ആ വിഷയത്തിലാണ്. ബഹുഭാര്യത്വം വഴി മുസ്ലിംകള്‍ ഹിന്ദുക്കളേക്കാള്‍ പെറ്റുകൂട്ടി വൈകാതെ ഭൂരിപക്ഷമായിത്തീരുമെന്നാണ് അവരുടെ ധാരണ. സ്ഥിതിവിവരക്കണക്കു പ്രകാരം ബഹുഭാര്യത്വം ഹിന്ദുക്കളിലാണ് മുസ്ലിംകളിലേതിനേക്കാള്‍ കൂടുതല്‍. എന്നാല്‍, ഏക സിവില്‍കോഡ് ആവശ്യപ്പെടാന്‍ മാത്രം ശക്തമാണ് ഹിന്ദുത്വര്‍ക്കിടയിലെ ഈ ധാരണ.
ലിബറലുകളും ഇടതരും (കമ്യൂണിസ്റ്റുകളെയാവാം അദ്ദേഹം ഉദ്ദേശിച്ചത്) ഏകസിവില്‍ കോഡിനെ അനുകൂലിക്കാത്തതും ബഹുഭാര്യത്വത്തെ എതിര്‍ക്കാത്തതും എന്തുകൊണ്ടെന്ന് ചരിത്രകാരന്‍ രാമചന്ദ്രഗുഹ ചോദിക്കുന്നു. ഹിന്ദുത്വ ആവശ്യത്തോടുള്ള അവരുടെ എതിര്‍പ്പിന് അദ്ദേഹം ആറേഴുകാരണങ്ങള്‍ കാണുന്നുണ്ട്. ഒന്ന്, 1950 കളില്‍ നടന്ന ഹിന്ദു വ്യക്തിനിയമപരിഷ്കരണം വേണ്ടത്ര പുരോഗമനാത്മകമായിരുന്നില്ല. രണ്ട്, ഹിന്ദുവിഭാഗങ്ങളില്‍ ഇന്ന് നിലവിലുള്ള നാട്ടുനിയമങ്ങളും ആചാരങ്ങളും പലപ്പോഴും അതിക്രമങ്ങള്‍ക്കിടയാക്കുന്നുണ്ട്, ഖാപ് പഞ്ചായത്ത് പോലെ. മൂന്ന്, പരിഷ്കരിക്കപ്പെടാത്ത മുസ്ലിം വ്യക്തിനിയമം അത്രത്തോളം അതിക്രമമാകുന്നില്ല. ചിലപ്പോഴൊക്കെ അത് സ്ത്രീകള്‍ക്ക് ചില അവകാശങ്ങള്‍ നല്‍കുന്നുമുണ്ട്. നാല്, മുസ്ലിംകളുടെ നാട്ടുനടപ്പും ആചാരങ്ങളും അത്രത്തോളം മോശമല്ല. ബഹുഭാര്യാത്വത്തിലും രണ്ടാമത്തെയും മൂന്നാമത്തെയും ഭാര്യമാര്‍ ഹിന്ദു വിഭാഗത്തിലുള്ളവര്‍ നേരിടുന്നതു പോലുള്ള വിവേചനം നേരിടേണ്ടി വരുന്നില്ല. അഞ്ച്, ഏക സിവില്‍കോഡിനുള്ള ആവശ്യം ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. ആറ്, ഏക സിവില്‍കോഡ് നിര്‍ദേശിക്കുന്ന ഭരണഘടനയുടെ 44ാം ഖണ്ഡിക മതപ്രചാരണ സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന 25ാം ഖണ്ഡികക്ക് വിരുദ്ധമാണ്. ഏഴ്, ഭരണഘടനയില്‍ വേറെയും മാര്‍ഗനിര്‍ദേശകങ്ങള്‍ ഉണ്ടായിരിക്കെ, ഇക്കാര്യത്തില്‍ മാത്രം എന്തിത്ര ധിറുതി?
എന്‍െറ അഭിപ്രായത്തില്‍ ഗുഹ ഒന്നു വിട്ടുപോയി. പരിഷ്കരണത്തെ ലിബറലുകള്‍ എതിര്‍ക്കാന്‍ കാരണമുണ്ട്. സ്ത്രീയോ പുരുഷനോ ആകട്ടെ, രണ്ടാമതൊരു ഭാര്യയോ ഭര്‍ത്താവോ ആയി വരാനുള്ള സ്വാതന്ത്ര്യം ഇത് ഇല്ലാതാക്കും. 90 ശതമാനം സ്ത്രീകളും ബഹുഭാര്യത്വത്തെ എതിര്‍ക്കുന്നു എന്നതു ശരി. അവരൊക്കെ ഏകപത്നീ/ഭര്‍തൃവ്രതക്കാരുമായി ദാമ്പത്യം നയിക്കുന്നവരാണ്. എന്നാല്‍, ബഹുഭാര്യത്വത്തിനു കീഴില്‍ കഴിയുന്ന രണ്ടാമത്തെയോ മൂന്നാമത്തെയോ ഭാര്യയോടു ചോദിച്ചു നോക്കൂ.
ബഹുഭാര്യത്വം വഷളന്‍ പരിപാടിയാണെന്ന് ഗുഹ പറയുന്നു, അതുടന്‍ അവസാനിപ്പിക്കണമെന്നും. തുടര്‍ച്ചയായ ഗവണ്‍മെന്‍റുകളും ഇന്ത്യന്‍ നിയമവുമൊക്കെ ഇതുപോലെയാണ് സ്വവര്‍ഗരതിയെയും കാണുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ ലിബറലുകള്‍ വ്യക്തിസ്വാതന്ത്ര്യത്തിന്‍െറ ഭാഗത്താണല്ളോ നില്‍ക്കുക.
ഞാന്‍ ഊഹിക്കുന്നതിതാണ്. ഈ വിഷയത്തില്‍ സാഹചര്യവും സന്ദര്‍ഭവുമൊക്കെ ആകെ മാറിയിരിക്കുന്നു. മുത്തലാഖും ബഹുഭാര്യത്വവും ഹിന്ദുത്വര്‍ കര്‍ക്കശമായി നേരിടാന്‍ പോകുന്ന അടുത്ത പ്രശ്നങ്ങളാണ്. ഇതുവരെ അവരെടുത്തിട്ട വിഷയങ്ങളിലെല്ലാം സംഭവിച്ചതുപോലെ കാര്യങ്ങള്‍ കുഴപ്പത്തിലേക്കാണ് നീങ്ങുന്നത്.
(ഗ്രന്ഥകാരനും കോളമിസ്റ്റുമായ ലേഖകന്‍ ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ ഇന്ത്യയുടെ എക്സിക്യൂട്ടിവ് ഡയറക്ടറുമാണ്) കടപ്പാട്: ഏഷ്യന്‍ ഏജ്