മുത്തലാഖും മതഭൂരിപക്ഷവാദത്തി​െൻറ ഇന്ത്യാ ചരിത്രവും

arrest

ലോക്​സഭയിലെ കേവല ഭൂരിപക്ഷത്തിനും താഴെ (245/272) വോട്ട്​ നേടി മുത്തലാഖ്​ ബിൽ‍ പാസാക്കിയ ബി.ജെ.പിയുടെ നടപടി ഒരിക്കൽകൂടി ആ ബില്ലി​​െൻറ തികച്ചും ന്യൂനപക്ഷവിരുദ്ധമായ ഉള്ളടക്കത്തിനുമപ്പുറം ഇന്ത്യന്‍ ജനാധിപത്യ സംവിധാനം എങ്ങനെ ഭൂരിപക്ഷ മതവാദത്തി​​​െൻറ ഉപകരണമായി മാറുന്നു എന്നതിനുകൂടിയുള്ള ഉദാഹരണവും ആയിരിക്കുകയാണ്. ഇന്ത്യന്‍ പ്രധാനമന്ത്രിതന്നെ ത​​​െൻറ വൈവാഹികബന്ധത്തിൽ‍ പൗരന്‍ പാലിക്കേണ്ട സിവിൽ‍ മര്യാദകള്‍ പാലിക്കുന്നില്ല എന്നത് പൊതുമണ്ഡലത്തിൽ‍ ബ്രഹ്മചര്യമൊക്കെയായി ഉദാത്തവത്​കരിക്കുന്ന രാജ്യത്താണ് ഏകീകൃത സിവിൽ കോഡിനും മറ്റും  വേണ്ടി വാദിക്കുന്നവർക്കുപോലും യോജിക്കാന്‍ കഴിയാത്ത തരത്തിൽ‍ മുസ്​ലിംപുരുഷനെ ഏകപക്ഷീയമായി ഭരണകൂടപീഡനത്തിന്​ ഇരയാക്കാന്‍ കഴിയുന്ന നിയമങ്ങള്‍ മതപരിഷ്കരണം എന്ന വ്യാജേന നിർമിക്കപ്പെടുന്നത് എന്നത് കൂടുതൽ‍ ആഴത്തിൽ‍ ചിന്തിക്കേണ്ട വിഷയം തന്നെയാണ്.

ഭൂരിപക്ഷ മതാധികാരം എന്നുള്ളത് സങ്കീർണമായ ഒരു അധീശവ്യവഹാരമാണ്. അതി​​​െൻറ ചരിത്രം എന്നു തുടങ്ങി, എവിടെ എത്തിനിൽക്കുന്നു, ഏതു ദിശയിലേക്കാണ് അത് സഞ്ചരിക്കുന്നത് എന്നതിനെക്കുറിച്ച് ഒരു സൂക്ഷ്മപരിശോധനക്ക് ഈ മുത്തലാഖ്​ നിയമം സാഹചര്യം സൃഷ്​ടിച്ചിരിക്കുന്നു.1857ലെ ബ്രിട്ടീഷ് വിരുദ്ധ കലാപം പരാജയപ്പെട്ടതിനുശേഷം ഇന്ത്യയിൽ‍ ഒരു അധിനിവേശവിരുദ്ധ സമരരൂപമുണ്ടാവുക എന്നു പറയുന്നത് അസാധ്യമാണെന്ന വിശ്വാസത്തിലേക്ക് ഫ്യൂഡൽ‍ നേതൃത്വങ്ങള്‍ എത്തിച്ചേർന്നിരുന്നു. ബ്രിട്ടീഷ് വിരുദ്ധ കലാപത്തിൽ‍ മുസ്‌ലിം രാജാക്കന്മാരും ഹിന്ദു രാജാക്കന്മാരുമെല്ലാം പങ്കെടുത്തിരുന്നെങ്കിൽ‍പോലും ആത്യന്തികമായി തങ്ങളുടെ മാത്രം പരാജയം എന്ന രീതിയിലാണ് ഹിന്ദു പുനരുത്ഥാനവാദികള്‍ സ്വന്തം രാഷ്​ട്രീയം രൂപപ്പെടുത്തുന്നത്.

അതിന് തൊട്ടുമുമ്പ് തുടങ്ങിയിരുന്ന ബ്രഹ്മസമാജവും ആര്യസമാജവുമെല്ലാം തികച്ചും വ്യത്യസ്തമായ രാഷ്​ട്രീയരൂപങ്ങള്‍ കൈക്കൊണ്ട് കൂടുതൽ‍ ശക്തിയോടെ അവയുടെ ആശയാടിത്തറ വിപുലമാക്കാനും ശക്തിപ്പെടുത്താനും ശ്രമിച്ചുതുടങ്ങിയ കാലഘട്ടമായിരുന്നു അത്. ആ കാലഘട്ടത്തിൽ‍ ഇന്ത്യയിലെമ്പാടുംതന്നെ ഹൈന്ദവ പുനരുത്ഥാനത്തി​​​െൻറ ശബ്​ദങ്ങള്‍ ഉയരാന്‍ തുടങ്ങി. പക്ഷേ, അതിന് ഇന്ത്യന്‍ ജനതയെ മുഴുവന്‍ ഒന്നിപ്പിക്കുക എന്ന ലക്ഷ്യമല്ല; മറിച്ച് ആ ഘട്ടം മുതൽ‍ ഹിന്ദു വിഭാഗങ്ങള്‍ ഒറ്റയായി, മറ്റു വിഭാഗങ്ങളെ അകറ്റിനിർത്തിക്കൊണ്ട് ഒരു ഹിന്ദുസ്വത്വ നിർമാണത്തി​​​െൻറ ഘട്ടത്തിലേക്ക് പ്രവേശിക്കണമെന്ന ധാരണയോടുകൂടി സംഘടിപ്പിക്കപ്പെട്ടതായിരുന്നു ഈ പുതിയ ഹൈന്ദവ വ്യവഹാരങ്ങള്‍. ആര്യസമാജവും ബ്രഹ്മസമാജവുമെല്ലാം വളരെ ശക്തിയായി അതിനുവേണ്ടി ശ്രമിക്കുകയാണ്. വേദങ്ങളെയാണ്, ഇതിഹാസങ്ങളെയല്ല അവർ‍ സ്വീകരിച്ചത്.

വേദങ്ങളിലേക്ക് തിരിച്ചുപോകാനാണ് അവർ‍ ആവശ്യപ്പെട്ടത്. വേദങ്ങളിലേക്ക് തിരിച്ചുപോവുക, അതുവഴി മുമ്പുണ്ടായിരുന്നത് എന്ന്​ അവർ‍ സങ്കൽപി‍ക്കുന്ന ഒരു ആദിമഹിന്ദുമതം പുനരുദ്ധരിക്കലായിരുന്നു അതി​​​െൻറ സന്ദേശം. അതിനകം രൂപപ്പെട്ടുകഴിഞ്ഞിരുന്ന ബ്രിട്ടീഷ് ഇന്ത്യ എന്ന രാഷ്​ട്രീയ-ഭൂമിശാസ്ത്ര വസ്തുതയെ തങ്ങളുടെ ഭാവനാഭാരതമായി സങ്കൽപിക്കുകയാണവർ‍ ചെയ്തത്. അതിന് മുമ്പുണ്ടായിരുന്ന ഒരു ഭാരതം ബ്രിട്ടീഷ് ഇന്ത്യയുടേതായ രാഷ്​ട്രീയ സങ്കൽപത്തിലേക്ക് പകർത്തിവെച്ചുകൊണ്ട്, ഇതുരണ്ടും ഒന്നാണെന്ന് സങ്കൽപി‍ച്ചുകൊണ്ട് ആ ഇന്ത്യയുടെ വളരെ പുരാതനമായ വേദിക് പാരമ്പര്യങ്ങള്‍ വീണ്ടെടുക്കുകയും, അങ്ങനെ വീണ്ടെടുക്കുന്നതിലൂടെ മാത്രമേ, ഇന്ത്യക്ക് ഭാവിയുള്ളൂ എന്നു സ്ഥാപിക്കുകയും ചെയ്യുന്ന ഒരു വ്യവഹാരമാണ് ഹിന്ദു പുനരുത്ഥാന ശക്തികള്‍ വികസിപ്പിക്കാന്‍ ശ്രമിച്ചത്.

ഈ ധാരയിലേക്ക് ആളുകളെ ആകർഷിപ്പിക്കാനാണ് ആര്യസമാജവും ബ്രഹ്മസമാജവും മറ്റു ഹൈന്ദവ സംഘടനകളും പല രീതിയിലും രൂപങ്ങളിലും അക്കാലത്ത് ശ്രമിച്ചത്. എന്നാൽ‍, ഈ പ്രസ്ഥാനത്തിനേറ്റ ഏറ്റവും വലിയ തിരിച്ചടി എന്നു പറയുന്നത് 1888ൽ‍ ഇന്ത്യന്‍ നാഷനൽ‍ കോൺഗ്രസ് രൂപവത്​കൃതമായതാണ്. അതുവരെ ഇന്ത്യയിലെ നേരിട്ടോ അല്ലാതെയോ ഉള്ള അധീശവിരുദ്ധമായ ശബ്​ദങ്ങളെയെല്ലാം ഹിന്ദു പുനരുത്ഥാനത്തി​​​െൻറ കുടക്കീഴിൽ‍ മാത്രം നിർത്താന്‍ ശ്രമിച്ചുപോന്ന ഹൈന്ദവ സംഘടനകൾക്ക്​  ഇന്ത്യന്‍ നാഷനൽ‍ കോൺഗ്രസി​​​െൻറ വരവോടുകൂടി 1857നും 1888നും ഇടക്ക് ഇന്ത്യന്‍ സമ്പദ്​വ്യവസ്ഥയിൽ‍ സംഭവിച്ച അടിസ്ഥാനപരമായ ചില മാറ്റങ്ങളുടെ ഫലമായി ഉയർന്നുവന്ന പുതിയ ബൂർഷ്വാവർഗത്തെ തങ്ങളുടെ കൂടെ നിർത്താന്‍ സാധിക്കുന്നില്ല എന്നൊരവസ്ഥ ഉണ്ടാവുകയാണ് ചെയ്യുന്നത്. ഹൈന്ദവ പുനരുത്ഥാന ധാരയുടെ അതിതീവ്രവമായ ശാക്തീകരണശ്രമങ്ങളെ തടഞ്ഞുകൊണ്ട് ഒരു പുതിയ രാഷ്​ട്രീയധാരയായി ഈ ബൂർഷ്വാസിയുടെ പ്രസ്ഥാനം മുന്നോട്ടുവരുകയാണ്. സങ്കീർണമായ സംഘർഷമാണ് ഇതുണ്ടാക്കിയത്.

ന്യൂനപക്ഷങ്ങൾക്കടക്കം കടന്നുവരാവുന്ന ഒന്നാണ് ഇന്ത്യന്‍ നാഷനൽ‍ കോൺഗ്രസി​​​െൻറ പ്ലാറ്റ്‌ഫോം എന്നത് ഹൈന്ദവ പുനരുത്ഥാന സംഘടനകൾക്ക്​  തിരിച്ചടിയായിരുന്നു. അതിനാൽ‍തന്നെ 19ാം നൂറ്റാണ്ടി​​​െൻറ അവസാന ദശകം മുതൽ‍ ഹൈന്ദവ സംഘടനകളെ പിന്തള്ളി ബ്രിട്ടീഷ് വിരുദ്ധ വ്യവഹാരത്തി​​​െൻറ ഏറ്റവും ശക്തവും തീക്ഷ്​ണവുമായ ഇടം കോൺഗ്രസായി മാറുകയാണുണ്ടായത്. ഇത് ഹിന്ദു ഭൂരിപക്ഷ മതാധികാരശക്തിയുടെ ആദ്യത്തെ ചരിത്രപ്രധാനമായ മുന്നേറ്റത്തെ തടഞ്ഞ ഒരു സംഭവമായിരുന്നു. എന്നാൽ‍, ഇതവരെ പൂർണമായി ഇല്ലാതാക്കിയില്ല. 

പിന്നീട് അത്തരത്തിൽ‍ അവക്ക് മുന്നോട്ടു പോകാന്‍ കഴിയാതിരിക്കുകയും മുഖ്യധാരാ രാഷ്​ട്രീയത്തിൽ‍ അവ മറയുകയും ചെയ്തു. ആ ധാരകള്‍ പിന്നീട് ശക്തമാകുന്നത് 1920കളിലാണ്. കോൺഗ്രസും ഖിലാഫത്ത് പ്രസ്ഥാനവുമായുണ്ടായ ഐക്യം അവരെ വീണ്ടും ഹിന്ദു പുനരുത്ഥാനവാദത്തി​​​െൻറ പ്രത്യയശാസ്ത്രത്തെ മുന്നോട്ടു കൊണ്ടുവരാന്‍ പ്രേരിപ്പിച്ചു. അങ്ങനെയാണ് 1920കളിൽ‍ ആർ‍.എസ്.എസ് ഉണ്ടാവുന്നത്. അതുപോലുള്ള ചെറിയ ചെറിയ ഹൈന്ദവ സംഘടനകള്‍ വേറെയും ഇന്ത്യയുടെ പല ഭാഗങ്ങളിലും പൊട്ടിമുളച്ചു. അവക്കിടയിൽ‍ ഒരു ഏകീകൃത രൂപം വരുന്നത് പിന്നീടാണ്.

1920കളിൽ‍ ഇവ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും അപ്പോഴേക്കും ഇന്ത്യയിലെ രാഷ്​ട്രീയ ഭൂപടം ആകെ മാറിയിരുന്നു. കോൺഗ്രസ് തികച്ചും ഒരു സാമ്രാജ്യത്വവിരുദ്ധ സംഘടനയായി മാറുന്നതി​​​െൻറ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയിരുന്നു. ഗാന്ധിജിയുടെ നേതൃത്വത്തിൽ‍ നടന്ന സമരങ്ങള്‍ അത്തരത്തിലുള്ള ഒരു സമരസംഘടനയായി കോൺഗ്രസിനെ കാണാന്‍ ബ്രിട്ടീഷ് സർക്കാറിനെതന്നെ പ്രേരിപ്പിച്ചു. നിരന്തരമായ സമരങ്ങള്‍ ഏറ്റവും ശക്തമായ കൊളോണിയൽ‍വിരുദ്ധ സമരരംഗമാക്കി ഇന്ത്യയെ മാറ്റി.

ഈയൊരു സന്ദർഭത്തിലാണ് ഇതിന് കൂടുതൽ‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി കൂടുതൽ‍ ന്യൂനപക്ഷവിരുദ്ധമായ വ്യവഹാരത്തിലേക്ക് ഭൂരിപക്ഷ മതാധികാരശക്തികള്‍ നീങ്ങുന്നത്. മുപ്പതുകളായപ്പോഴേക്കും ഇന്ത്യന്‍ രാഷ്​ട്രീയത്തെതന്നെ അത് സങ്കീർണമാക്കി. കോൺഗ്രസിനുള്ളിൽ‍ നുഴഞ്ഞുകയറിയും കോൺഗ്രസിന് പുറത്തും അതി​​​െൻറ നിലപാടുകളെ സ്വാധീനിക്കാന്‍ ശ്രമിച്ചുകൊണ്ടും ഭൂരിപക്ഷ മതാധികാരത്തി​​​െൻറ ശക്തികള്‍ പ്രവർത്തിച്ചിരുന്നു. അതിന് മുമ്പുതന്നെ ബ്രിട്ടീഷുകാരും കൊളോണിയൽ‍ വിരുദ്ധ സമരത്തി​​​െൻറ മുന്നിലുള്ള കോൺഗ്രസ് പ്രസ്ഥാനത്തി​​​െൻറയും ഇടയിൽ‍ ഹൈന്ദവ രാഷ്​ട്രവാദത്തി​​​െൻറ ശക്തമായ ഒരു മുദ്രാവാക്യവുമായി ഭൂരിപക്ഷ മതാധികാരത്തി​​​െൻറ ശക്തികള്‍ നുഴഞ്ഞുകയറുന്നുണ്ട്.

അവരുടെ ശബ്​ദം കേൾപ്പിക്കാന്‍ അവർക്ക്  സാധിക്കുന്നുണ്ട്. പതുങ്ങിക്കിടക്കുകയും അവസരം വരുമ്പോള്‍ ജനാധിപത്യസംവിധാനങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യുക എന്ന തന്ത്രമാണ് പിന്നീടങ്ങോട്ട് എല്ലാ കാലത്തും ഹിന്ദുത്വശക്തികള്‍ സ്വീകരിച്ചിട്ടുള്ള അടവുനയം.

19ാം നൂറ്റാണ്ടിൽ‍ പിറന്നുവീണ് ഇന്ത്യയിൽ‍ പല ഘട്ടങ്ങളിലായി ശക്തിപ്രാപിച്ച ഹിന്ദുത്വവാദം ഇന്ന് ലിബറൽ‍ ജനാധിപത്യത്തെ ഉള്ളിൽ‍നിന്ന് വെല്ലുവിളിക്കുന്ന രാഷ്​ട്രീയശക്തിയായി മാറിയിരിക്കുന്നു എന്നതാണ് നാം അഭിമുഖീകരിക്കുന്ന അടിസ്ഥാന രാഷ്​ട്രീയ പ്രശ്നം. മുത്തലാഖ്​ നിയമം ഇത്രയും നിസ്സാരമായി ഡ്രാക്കോണിയന്‍ വ്യവസ്ഥകളോടെ നടപ്പാക്കാം എന്ന അവരുടെ മോഹത്തിനു പിന്നിൽ‍ ഈ മതഭൂരിപക്ഷ അധീശത്വം ഇവിടെ അരക്കിട്ടുറപ്പിക്കാന്‍ കഴിയും എന്ന ആത്മവിശ്വാസമാണ്.

അതുകൊണ്ടുകൂടിയാണ് ഇതിനെ ചെറുത്തുതോൽപിക്കുക എന്നത് ഓരോ ജനാധിപത്യവിശ്വാസിയുടെയും കടമയാവുന്നത്. ലോക്​സഭയിൽ‍ കോൺഗ്രസും ഇടതുപക്ഷവും അടക്കം ഏതാണ്ട് എല്ലാ പ്രതിപക്ഷ പാർട്ടികളും ഇക്കാര്യത്തിൽ‍ ഒരുമിച്ചുനിൽക്കുന്നു എന്നത് അതുകൊണ്ടുതന്നെ ഇന്ത്യന്‍ രാഷ്​ട്രീയത്തിന് വളരെ ആശാവഹമായ ഒരു നിലപാടാകുന്നു. 

Loading...
COMMENTS