Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസിംഹം ഇപ്പോഴും...

സിംഹം ഇപ്പോഴും ഉറങ്ങുകയാണ്

text_fields
bookmark_border
സിംഹം ഇപ്പോഴും ഉറങ്ങുകയാണ്
cancel
camera_alt

അബ്ദുറഹ്മാൻ ബാഫഖി തങ്ങളും സി.എച്ച്. മുഹമ്മദ് കോയയും

സി.എച്ച്. മുഹമ്മദ് കോയയുടെ പ്രസിദ്ധമായ ഒരു പ്രസംഗമുണ്ട്. കേരള നിയമസഭയിലേക്ക് ആദ്യത്തെ തെരഞ്ഞെടുപ്പു നടക്കുമ്പോൾ പ്രസംഗിച്ചത്. സി.എച്ചിന്റെ ശൈലിയിൽ പറഞ്ഞാൽ അതൊരു മറുവെടിയായിരുന്നു. കോൺഗ്രസിന്റെ പരമോന്നത നേതാവായ ജവഹർലാൽ നെഹ്റുവിന്റെ വെടിക്ക് തിരിച്ച് കൊടുത്ത മറുപടി.

1957ലെ തെരഞ്ഞെടുപ്പിൽ മലബാറിൽ ത്രികോണ മത്സരമാണ്. ലീഗ്-പി.എസ്.പി സഖ്യം ഒരു കോണിൽ. കോൺഗ്രസ് മറ്റൊരു കോണിൽ. കമ്യൂണിസ്റ്റ് പാർട്ടി ഇനിയൊരു കോണ്. കോഴിക്കോട്ട് പ്രചാരണത്തിന് വന്നപ്പോഴായിരുന്നു നെഹ്റുവിന്‍റെ വെടി-‘‘മുസ്‍ലിം ലീഗ് ചത്ത കുതിരയാണ്; ചത്ത കുതിരയുടെ പുറത്തുകയറിയാണ് സോഷ്യലിസ്റ്റ് നേതാക്കൾ പടവെട്ടുന്നത്’’ എന്ന് നെഹ്റു പരിഹസിച്ചു.

സത്യത്തിൽ നെഹ്റുവിന്റെ ശകാരത്തിന് വഴിയൊരുക്കിയത് സി.എച്ച് തന്നെയാണ്. സി.എച്ച് ചന്ദ്രികയിൽ എഴുതിയ ഒരു മുഖപ്രസംഗം. സി.എച്ച് അത് വിശദീകരിക്കുന്നുണ്ട്.​ ‘പ്രിയപ്പെട്ട പണ്ഡിറ്റ്ജി, അങ്ങേക്ക് സ്വാഗതം’ എന്ന ശീർഷകത്തിൽ, പിന്നീട് സ്വയംകൃതാനർഥമായിത്തീർന്ന, ഒരു പ്രശംസപത്രം പോലുള്ള മുഖപ്രസംഗം ഞാൻ അന്നു ചന്ദ്രികയിലെഴുതി. നെഹ്റുവിനെ മാലയിട്ടു സ്വീകരിക്കാൻ ബാഫഖി തങ്ങൾ അനുമതി വാങ്ങിയിരുന്നു. എന്നാൽ, അതു റദ്ദാക്കാൻ ചില അൽപന്മാർ അനൽപമായ ശ്രമം നടത്തി.

നെഹ്റു ഈ സങ്കുചിതത്വത്തിന് കീഴടങ്ങിയില്ല. അരിശം തീരാത്ത ഒരു നേതാവ്, നെഹ്റുവിനെ സ്വാഗതം ചെയ്തുകൊണ്ട് ഞാനെഴുതിയ മുഖപ്രസംഗത്തിൽനിന്ന് ഒന്നുരണ്ടു വരികൾ അടർത്തിയെടുത്ത് ആ ശുദ്ധമനസ്കന്റെ തലച്ചോറിൽ പ്രതിഷ്ഠിച്ചു. ശരീഅത്ത് നിയമ ഭേദഗതി, ഉർദു മുതലായ കാര്യങ്ങളിൽ ന്യൂനപക്ഷ വികാരങ്ങൾ മാനിക്കാൻ ആ വലിയ മനുഷ്യനുള്ള കഴിവുകേടുകൾ പ്രശംസകൾക്കിടയിൽ ഞാൻ എടുത്തുപറഞ്ഞിരുന്നു.

തങ്ങളുടെ മാലക്ക് കഴുത്തുകുനിച്ചുകൊടുത്ത ശേഷം നെഹ്റു പ്രസംഗവേദിയിൽ ചാടിക്കയറി. ലീഗിനെതിരെ വാഗ്​ധോരണി ശക്തിയായി പ്രവഹിച്ചുകൊണ്ടിരിക്കുമ്പോൾ സ്വതേ ചുവന്ന ആ മുഖം ഉറുമാമ്പഴംപോലെ തുടുത്തു. നെഹ്റു ആകെ ക്ഷുഭിതനായി. അന്നാണദ്ദേഹം ലീഗിനെ ചത്തകുതിര എന്നു വിളിച്ചത്. ദിവസങ്ങൾക്കുശേഷം പൊന്നാനി സമ്മേളനത്തിൽ ഞാനതിനു മറുപടി പറഞ്ഞു-‘‘ലീഗ് ചത്ത കുതിരയല്ല, ഉറങ്ങിക്കിടക്കുന്ന സിംഹമാണ്’’.

1967ൽ ചന്ദ്രിക പ്രസിദ്ധീകരിച്ച റിപ്പബ്ലിക്​ദിന പതിപ്പിലാണ് സി.എച്ച് ഈ വിശദീകരണം എഴുതിയത്. താൻ പറഞ്ഞതായിരുന്നു ശരി എന്ന് സി.എച്ച് ഈ ലേഖനത്തിൽ സമർഥിക്കുന്നുണ്ട്. സി.എച്ചിന്റെ ആ മറുവെടി ലീഗ്​ പൊതുയോഗങ്ങളിൽ ഇന്നും മുഴങ്ങാറുണ്ട്. പുതിയ തലമുറ അത് പഠിച്ചാണ് പ്രസംഗിക്കാനിറങ്ങുന്നത്. അവരത് ആവർത്തിച്ച് ഉദ്ധരിച്ചുകൊണ്ടേയിരിക്കുന്നു. പക്ഷേ, പുതിയൊരു വെടിയൊച്ച ആ വേദികളിൽനിന്ന് അടുത്തൊന്നും മുഴങ്ങിക്കേട്ടിട്ടില്ല. മുഴക്കാൻ സി.എച്ചിന് ഒരു പിൻഗാമി ആ പാർട്ടിയിൽ ഉയർന്നുവന്നിട്ടില്ല.

ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗ് 75ാമത് ജന്മദിനം ആഘോഷിക്കുമ്പോൾ ഈ ദുഃഖസത്യം ഓർക്കേണ്ടതാണ്. ആ പാർട്ടിയുടെ സജീവ ചരിത്രം 1983 സെപ്റ്റംബർ 28ന് കണ്ണടച്ചതാണ്. അന്നാണ് ഹൈദരാബാദിൽവെച്ച് സി.എച്ച്. മുഹമ്മദ് കോയ അന്തരിച്ചത്. മുസ്‍ലിം ലീഗ് പിന്നെ ഉണർന്നിട്ടില്ല. ആ സിംഹം ഇപ്പോഴും ഉറങ്ങുകയാണ്.

തോറ്റവരും ജയിച്ചവരും

ചരിത്രം പറയുമ്പോൾ താഴ്‌വേര് മുതൽ പറയണമല്ലോ. ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗിന്റെ രൂപവത്കരണ പ്രഖ്യാപനം 1948 മാർച്ച് 10നാണ് ഉണ്ടായത്, മദിരാശിയിൽ. പക്ഷേ, അതിനുള്ള തീരുമാനമുണ്ടാകുന്നത് 1947 ഡിസംബർ 15ന് കറാച്ചിയിലാണ്. അന്നു മുഹമ്മദലി ജിന്നയുടെ അധ്യക്ഷതയിൽ ചേർന്ന സർവേന്ത്യ മുസ്‍ലിം ലീഗിന്റെ അവസാന കൗൺസിൽ യോഗം ‘സർവേന്ത്യ മുസ്‍ലിം ലീഗിലെ ഇന്ത്യൻ യൂനിയനിൽപെട്ട മെംബർമാർ ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗ് കൗൺസിലും പാകിസ്താനിലെ മെംബർമാർ പാകിസ്താൻ മുസ്‍ലിം ലീഗ് കൗൺസിലും നിലവിൽവന്നതായി ഗണിക്കേണ്ടതാണ്’ എന്ന് ഒരു പ്രമേയത്തിലൂടെ തീർച്ചപ്പെടുത്തി.

ജവഹർലാൽ നെഹ്റുവും മുഹമ്മദലി ജിന്നയും. 1946ൽ സിംലയിൽ ​വെച്ച് കുൽവന്ത് റോയ് പകർത്തിയത് - Aditya Arya Archives

പാക്​ മുസ്‍ലിം ലീഗ്​ കൺവീനറായി ലിയാഖത്ത് അലിഖാനെയും ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗ്​ കൺവീനറായി മുഹമ്മദ് ഇസ്മാഈൽ സാഹിബിനെയും നിശ്ചയിച്ചു. ആ നിശ്ചയപ്രകാരമായിരുന്നു മദിരാശി പ്രഖ്യാപനം.ലീഗ്​ ചരിത്രത്തിൽ നേതാക്കൾ രണ്ടു തരമുണ്ടായിരുന്നു-പരാജയപ്പെട്ടവരും വിജയിച്ചവരും. മുഹമ്മദലി ജിന്ന, ലിയാഖത്ത് അലിഖാൻ, മഹ്​മൂദാബാദിലെ രാജ എന്നറിയപ്പെട്ട അമീർ അഹ്​മദ് ഖാൻ, ചൗധരി ഖാലിഖുസ്സമാൻ, യോഗേന്ദ്ര മണ്ഡൽ, അബ്​ദുസ്സത്താർ സേട്ട്​ തുടങ്ങിയവരാണ് തോറ്റ നേതാക്കൾ. കളിച്ചുപരിചയമില്ലാത്ത ഗ്രൗണ്ടിൽ പരിശീലനം പോലുമില്ലാതെ കലാശക്കളിക്ക് ഇറങ്ങേണ്ടിവന്ന ദൗർഭാഗ്യവാന്മാർ.

സത്താർ സേട്ട്​ മലബാറിൽനിന്ന് കുടിയേറിയതായിരുന്നു. മുഹമ്മദലി ജിന്ന ബോംബെയിൽനിന്ന്, മഹ്​മൂദാബാദ് രാജയും ലിയാഖത്ത് അലി ഖാനും ചൗധരി ഖാലിഖുസ്സമാനും യു.പിയിൽനിന്ന്. യോഗേന്ദ്ര മണ്ഡൽ കിഴക്കൻ ബംഗാളിൽനിന്ന്. അവിഭക്ത ഇന്ത്യയെന്ന കളിക്കളത്തിൽ പ്രധാന എതിരാളിയായ കോൺഗ്രസിനെ നേരിട്ടപ്പോൾ ഇക്കണ്ട സ്ഥലങ്ങളിലെല്ലാം ലീഗിന് തരക്കേടില്ലാത്ത ഗ്രൗണ്ട് സപ്പോർട്ടുണ്ടായിരുന്നു. ലീഗ് നേതാക്കളുടെ ആഹ്വാനത്തിന് ഉടൻ പ്രതികരണവുമുണ്ടായിരുന്നു.

എന്നാൽ, ഫൈനലിൽ ഗ്രൗണ്ട് മാറി. വിഭജനം മുസ്​ലിം ലീഗിനെ ഇന്ത്യ മഹാരാജ്യത്തിന്റെ ഒരരികിലേക്ക് തള്ളിമാറ്റി. സിന്ധും പഞ്ചാബും വടക്കുപടിഞ്ഞാറൻ അതിർത്തി സംസ്ഥാനവും കിഴക്കൻ ബംഗാളും ചേർന്നതാണല്ലോ 1947 ആഗസ്റ്റ് 14ന് നിലവിൽവന്ന പാകിസ്താൻ. തലസ്ഥാനം കറാച്ചി. മുസ്‍ലിം ലീഗിന്റെ ഒന്നാംനിര നേതാക്കളൊക്കെ അവിടെ എത്തിപ്പെട്ടവരാണ്. ആ മണ്ണിൽ അവർ മുഹാജിറുകൾ, അഥവാ അഭയാർഥികളാണ്.

മുസ്‍ലിം ഭൂരിപക്ഷ സംസ്ഥാനങ്ങളായ സിന്ധിലും പഞ്ചാബിലുമെല്ലാം മുസ്‍ലിം ലീഗിനെ വെല്ലാൻ കെൽപുള്ള രാഷ്ട്രീയ പാർട്ടികൾ നേരത്തേയുണ്ടായിരുന്നു. അതിനൊക്കെ തദ്ദേശീയരായ നേതാക്കളും. നാട്ടുരാജാക്കന്മാരോ ഭൂപ്രഭുക്കന്മാരോ ആയിരുന്ന അവർക്കൊക്കെ അവരുടെ താൽപര്യങ്ങളുമുണ്ടാവുമല്ലോ. ബംഗാളിൽ ഫസലുൽ ഹഖിന്റെ കർഷക പ്രജ പാർട്ടി, പഞ്ചാബിൽ സർ സിക്കന്തർ ഹയാത് ഖാന്റെ യൂനിയനിസ്റ്റ് പാർട്ടി, സിന്ധിൽ സർ മുഹമ്മദ് സഅദുല്ലയുടെ സിന്ധ് യുനൈറ്റഡ് പാർട്ടി.

വടക്കുപടിഞ്ഞാറൻ അതിർത്തി സംസ്ഥാനത്താണെങ്കിൽ ഖാൻ അബ്ദുൽ ഗഫാർ ഖാ​ന്റെ പാർട്ടിക്കാണ് മുൻതൂക്കം. അവർക്കൊക്കെയും അവരവരുടെ രാഷ്ട്രീയ സംവിധാനങ്ങളും. സ്വന്തം മണ്ണിൽ പുതിയ രാജ്യമുണ്ടായത് എല്ലാവരെയും സന്തോഷിപ്പിച്ചിരിക്കാം. എന്നാൽ, ആ രാജ്യം ഭരിക്കാൻ പുതിയ നേതാക്കൾ എത്തിയത് അത്ര സന്തോഷമല്ല ഉണ്ടാക്കിയത്.

യോഗേന്ദ്ര മണ്ഡൽ, അബ്​ദുസ്സത്താർ സേട്ട്​

ഇന്ത്യൻ ഭാഗത്തുനിന്ന് പുതിയ രാജ്യത്ത് എത്തിപ്പെട്ട നേതാക്കളുടെയെല്ലാം പിൽക്കാല പ്രതികരണങ്ങൾ അവരുടെ അസന്തുഷ്ടി പ്രകടമാക്കിയിട്ടുണ്ട്. മുഹമ്മദലി ജിന്ന, ‘ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധം’ എന്നുപോലും പാകിസ്താനുവേണ്ടി വാദിച്ചതിനെപ്പറ്റി പറഞ്ഞതായി ചരിത്രകാരന്മാർ പറയുന്നുണ്ട്.

ആദ്യത്തെ പ്രധാനമന്ത്രിയായ ലിയാഖത്ത് അലിഖാൻ ആ സ്ഥാനത്തിരിക്കെ വെടിയേറ്റുമരിച്ചു, 1951ൽ റാവൽപിണ്ടിയിൽവെച്ച്. ആദ്യ മന്ത്രിസഭയിൽ നിയമം-നീതിന്യായം വകുപ്പുകളുടെ മന്ത്രിയായിരുന്ന യോഗേന്ദ്ര മണ്ഡൽ സാഹചര്യങ്ങൾ സഹിക്കാനാകാതെ ഇന്ത്യയിൽ തിരിച്ചെത്തി രാഷ്ട്രീയ അയിത്തം അനുഭവിച്ച് മരിച്ചു. മഹ്​മൂദാബാദ് രാജാവ് പാകിസ്താനിൽ നിൽക്കാതെ, എന്നാൽ ഇന്ത്യയിലേക്ക് മടങ്ങാതെ, ഇറാഖിലെയും ഇറാനിലെയും ശിയ പുണ്യാളന്മാരുടെ മഖ്ബറകൾതോറും അലഞ്ഞു. ഒടുവിൽ ഇറാനിൽ മണ്ണടിഞ്ഞു. മലയാളിയായ സത്താർ സേട്ടുവും ഖേദിച്ചിരുന്നു. മടങ്ങിയില്ല എന്നുമാത്രം.

ഇവരെപ്പോലെ ഭാഗ്യംകെട്ടവരായിരുന്നില്ല ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗ് ഉണ്ടാക്കാൻ തീരുമാനിച്ച് കറാച്ചിയിൽനിന്ന് മടങ്ങിയവർ. മുഹമ്മദ് ഇസ്മാഈൽ സാഹിബും സീതി സാഹിബും. കളിച്ചു പരിചയമുള്ള കളത്തിലാണ് അവർ പുതിയ കുപ്പായമിട്ടിറങ്ങിയത്. ഇസ്മാഈൽ സാഹിബിന്റെ തട്ടകം മദിരാശിയാണ്. കെ.എം. സീതി സാഹിബ് മലബാറിലും. രണ്ടാളും ഒരേ സംസ്ഥാനത്ത്. പരിചയമുള്ള ഗ്രൗണ്ടും ഗാലറിയും.

(നാളെ: മുന്നിൽ പോയവരും പിന്നാലെ വന്നവരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jawaharlal NehruCh Muhammad Koya
News Summary - The lion is still sleeping
Next Story