Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightറഷ്യന്‍ താരോദയം,...

റഷ്യന്‍ താരോദയം, വീണ്ടും

text_fields
bookmark_border
റഷ്യന്‍ താരോദയം, വീണ്ടും
cancel

2017നെ സ്വാഗതംചെയ്ത് പ്രസിദ്ധീകരണത്തിന് നല്‍കിയ സന്ദേശത്തില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ പറഞ്ഞു: ‘‘കഴിഞ്ഞവര്‍ഷം നമ്മെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസകരമായിരുന്നു. എന്നാല്‍, നമ്മുടെ കഴിവുകളിലും ദേശത്തിലുമുള്ള വിശ്വാസം  ധാരാളം നേട്ടങ്ങള്‍ നമുക്ക് നേടിത്തന്ന വര്‍ഷംകൂടിയായിരുന്നു അത്. മഹത്ത്വമാര്‍ന്ന, സുന്ദരമായ ഈ നാടിന് ഇനിയും സമാധാനവും അഭിവൃദ്ധിയും കൈവരുമെന്ന് നമുക്ക് പ്രത്യാശിക്കുക!”
അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ റഷ്യന്‍ ഹാക്കര്‍മാര്‍ അവരുടെ സര്‍ക്കാറിന്‍െറ പിന്തുണയോടെ ശ്രമിച്ചെന്ന സി.ഐ.എയുടെ ആരോപണത്തെ തുടര്‍ന്ന് 35 റഷ്യന്‍ നയതന്ത്രജ്ഞരെ ഒബാമ ഭരണകൂടം പുറത്താക്കിയതിന്‍െറ പിറ്റേദിവസമായിരുന്നു പുടിന്‍െറ ഈ പ്രസ്താവന. പുറത്താക്കപ്പെട്ട നയതന്ത്രജ്ഞരും അവരുടെ കുടുംബാംഗങ്ങളും പുതുവര്‍ഷത്തലേന്ന് മോസ്കോയിലേക്ക് വിമാനംകയറിയ ഉടനെ, സ്വാഭാവികമായും ഒരു പ്രതിപ്രവര്‍ത്തനമെന്നോണം കുറച്ചെങ്കിലും അമേരിക്കന്‍ നയതന്ത്രജ്ഞരെയും അവരുടെ കുടുംബാംഗങ്ങളെയും റഷ്യയും പുറത്താക്കുമെന്ന് സകലരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, അതുണ്ടായില്ല. കാരണം വളരെ വ്യക്തം: ജനുവരി 20ന് ഡോണള്‍ഡ് ട്രംപിന്‍െറ അധികാരാരോഹണത്തോടെ ഈ വിഷയം കെട്ടടങ്ങുമെന്ന് പുടിന് ഉറപ്പുണ്ട്.

അതേ, ഇതാണ് പുതിയ അമേരിക്ക. ഒരുകാലത്ത് ലോകത്തുനടന്ന സകല ജനാധിപത്യ തെരഞ്ഞെടുപ്പുകളിലും (പ്രത്യേകിച്ച് തങ്ങളുടെ കോര്‍പറേറ്റ്, സൈനിക, രാഷ്ട്രീയ താല്‍പര്യങ്ങളുള്ളിടങ്ങളില്‍) രഹസ്യമായോ അത്ര രഹസ്യമല്ലാതെയോ ഇടപെട്ടുപോന്നിരുന്ന യാങ്കികള്‍ക്ക് കാലത്തിന്‍െറ വിചിത്രമായ കറക്കങ്ങള്‍ക്കിടയില്‍, തങ്ങള്‍ നയതന്ത്രപരമായും സൈനികമായും തോല്‍പിച്ചു തുന്നംപാടിച്ചുവിട്ട സോവിയറ്റ് യൂനിയന്‍െറ പുതിയ പതിപ്പില്‍നിന്ന് അതേ നാണയത്തില്‍ തിരിച്ചടി ലഭിച്ചിട്ടും ഒരു ചുക്കും ചെയ്യാനാകാതെ നോക്കുകുത്തിയായി നില്‍ക്കേണ്ടിവന്നിരിക്കുന്നു! സൂപ്പര്‍ പവറെന്ന പദവി വ്ളാദിമിര്‍ പുടിന്‍െറ റഷ്യ ഏറ്റെടുത്തിരിക്കുന്നു.

റഷ്യയുടെ ഈ പുതിയ താരോദയത്തിന്‍െറ സവിശേഷതകളെക്കുറിച്ച് വിവരിക്കുന്നതിന് മുമ്പ്, എന്തായിരുന്നു അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലെന്നത് ചെറുതായൊന്ന് പരാമര്‍ശിക്കേണ്ടതുണ്ട്. ഡെമോക്രാറ്റിക് നാഷനല്‍ കമ്മിറ്റിയുടെ കമ്പ്യൂട്ടര്‍ സിസ്റ്റത്തില്‍ റഷ്യന്‍ ഹാക്കര്‍മാര്‍ കയറിക്കൂടുകയും സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റനെതിരെജനാഭിപ്രായം സ്വരൂപിക്കുന്ന വിധത്തില്‍ പലരുടെയും ഇ-മെയിലുകള്‍ ചോര്‍ത്തി വിക്കിലീക്സ് വഴി പുറത്തുവിടുകയും ചെയ്തതാണ് സംഭവത്തിന്‍െറ ആകത്തുക  (ഈ ദൗത്യത്തിന് പ്രതിഫലമായി വിക്കിലീക്സിന് റഷ്യന്‍ സര്‍ക്കാറിന്‍െറ കീഴിലുള്ള പ്രചാരണ വിഭാഗത്തില്‍നിന്ന് സാമ്പത്തിക സഹായം ലഭിച്ചിരുന്നു).  പരസ്യസംവാദങ്ങളില്‍ ട്രംപിനെ മലര്‍ത്തിയടിച്ച് മിക്കവാറും എല്ലാ അഭിപ്രായ സര്‍വേകളിലും ഹിലരി മുന്നേറിക്കൊണ്ടിരിക്കെയാണ് ഈ സൈബര്‍ ആക്രമണം നടന്നത്. ഹിലരിയുടെ ഇലക്ഷന്‍ കാമ്പയിന്‍ ചെയര്‍മാന്‍ ജോണ്‍ പൊഡെസ്റ്റെയുടേതടക്കം പല വമ്പന്മാരുടെയും ഇ-മെയില്‍ അക്കൗണ്ടുകള്‍ ചോര്‍ത്തി നടത്തിയ അപ്രതീക്ഷിത ആക്രമണം അക്ഷരാര്‍ഥത്തില്‍ ഹിലരി ക്യാമ്പിനെ വിറകൊള്ളിച്ചിരുന്നു. കൂടാതെ, ഹിലരിക്കെതിരെ ധാരാളം കൃത്രിമവാര്‍ത്തകളും പടച്ചുവിടുന്നതില്‍ റഷ്യ മുഖ്യപങ്കുവഹിച്ചു.

ഇതോടൊപ്പം, ഹിലരി വിദേശകാര്യ സെക്രട്ടറിയായിരിക്കെ സുപ്രധാനമായ ഒൗദ്യോഗിക വിവരങ്ങള്‍ പങ്കുവെക്കുന്നതിന് സ്വകാര്യ സെര്‍വര്‍ ഉപയോഗിച്ചെന്ന വെളിപ്പെടുത്തലിലും തുടര്‍ന്ന് എഫ്.ബി.ഐ പ്രഖ്യാപിച്ച അന്വേഷണത്തിലുമൊക്കെ നിഗൂഢ റഷ്യന്‍ കരങ്ങളുണ്ടായിരുന്നെന്ന സംശയവും ഇപ്പോള്‍ വ്യാപകമാണ്. ഈ വിഷയത്തില്‍ സംശയാസ്പദമായ ഒന്നുമില്ളെന്ന് എഫ്.ബി.ഐ പിന്നീട് കണ്ടത്തെിയെങ്കിലും ഹിലരിയെ സംശയത്തിന്‍െറ മുള്‍മുനയില്‍ നിര്‍ത്തുന്നതിലും തെരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമായ മാറ്റം സൃഷ്ടിക്കുന്നതിലും ഈ പ്രചാരണവും സഹായിച്ചിരുന്നതായാണ് വാഷിങ്ടണ്‍ പോസ്റ്റും ന്യൂയോര്‍ക് ടൈംസും വിലയിരുത്തിയത്.

എന്തായാലും ട്രംപ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുകയെന്ന വളരെ കൃത്യമായ ലക്ഷ്യത്തോടെ ആസൂത്രിതമായി റഷ്യ ഇലക്ഷനില്‍ ഇടപെട്ടെന്നതും അത് വിജയം കണ്ടെന്നതും ഇപ്പോള്‍ അമേരിക്കന്‍ പൊതുസമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. പത്രമാധ്യമങ്ങള്‍ മുഴുക്കെ ഈ ‘റഷ്യന്‍ ആധിപത്യ’ത്തിന്‍െറ പ്രത്യാഘാതങ്ങളെക്കുറിച്ച് വാര്‍ത്തകളും എഡിറ്റോറിയലുകളും വന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ജൂലൈയില്‍ ഹിലരിയുടെ ഇ-മെയില്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ റഷ്യയോട് ആവശ്യപ്പെടുന്ന ട്രംപിന്‍െറ വിഡിയോ ഉയര്‍ത്തിക്കാണിച്ച് ഈ പ്രശ്നത്തില്‍ നീതിയുക്തമായ ഒരു സമീപനം അടുത്ത പ്രസിഡന്‍റില്‍നിന്ന് പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ളെന്ന് വാഷിങ്ടണ്‍ പോസ്റ്റിന്‍െറ എഡിറ്റോറിയല്‍ പറയുന്നു.

പഴയ ശീതയുദ്ധത്തിന്‍െറ അലയൊലികള്‍ ഇതില്‍ ദര്‍ശിക്കുന്നവരുണ്ട്  കൂട്ടത്തില്‍. പക്ഷേ, ശീതയുദ്ധ കാലഘട്ടത്തില്‍ അമേരിക്കന്‍ രാഷ്ട്രീയ നേതൃത്വം റിപ്പബ്ളിക്കന്‍- ഡെമോക്രാറ്റിക് വ്യത്യാസമന്യേ സോവിയറ്റ് യൂനിയന്‍െറ അധിനിവേശമോഹങ്ങളെ ചെറുക്കാന്‍ ഒറ്റക്കെട്ടായിനിന്നെങ്കില്‍ ഇന്ന് നിയുക്ത റിപ്പബ്ളിക്കന്‍ പ്രസിഡന്‍റ്, തന്‍െറ വിജയത്തില്‍ പങ്കുവഹിച്ച നവ റഷ്യന്‍ സ്വേച്ഛാധിപതി പുടിനെ പരസ്യമായി പ്രകീര്‍ത്തിക്കുന്ന തിരക്കിലാണ്.  അമേരിക്കന്‍ എക്സെപ്ഷനലിസത്തെ (മറ്റുള്ളവരില്‍നിന്ന് വ്യത്യാസപ്പെട്ടുനില്‍ക്കുന്ന അവസ്ഥ) വിമര്‍ശിച്ച് ന്യൂയോര്‍ക് ടൈംസിന്‍െറ എഡിറ്റോറിയല്‍ പേജില്‍ പുടിന്‍ എഴുതിയ ലേഖനത്തെ ട്രംപ് വിളിച്ചത് ‘മാസ്റ്റര്‍ പീസ്’ എന്നാണ്.  

വിദേശനയത്തിന്‍െറ കാര്യത്തിലും സ്വന്തം സൈനിക-സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന വിഷയത്തിലും അമേരിക്ക മുടന്തിനില്‍ക്കുന്ന സാഹചര്യമാണ് റഷ്യ സമര്‍ഥമായി ഉപയോഗപ്പെടുത്തുന്നതെന്നത് വ്യക്തം. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ മാത്രമല്ല, മറ്റുപല പാശ്ചാത്യ ജനാധിപത്യ പ്രക്രിയകളിലും റഷ്യന്‍ ഹാക്കര്‍മാര്‍ ഇതേ തന്ത്രം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇറ്റലിയിലെ ഭരണഘടന ഹിതപരിശോധനയില്‍ ഇവര്‍ സജീവമായിരുന്നു. ഇപ്പോള്‍ ജര്‍മനിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് കാമ്പയിന്‍ തടസ്സപ്പെടുത്താന്‍ ഇവര്‍ ശ്രമിക്കുന്നതായി ജര്‍മന്‍ ഇന്‍റലിജന്‍സ് വൃത്തങ്ങള്‍തന്നെ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നു.  കൂടാതെ, ഒരു ദശകമായി യൂറോപ്പില്‍ തീവ്ര വലതുപക്ഷ രാഷ്ട്രീയകക്ഷികളെ ശക്തിപ്പെടുത്തുന്നതിന് റഷ്യ കാര്യമായി ശ്രമിക്കുന്നു. ഫ്രാന്‍സില്‍, പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായ മരീന്‍ ലെ പെന്നിന് ഭീമമായ തുക കടം കൊടുത്ത് അവരുടെ കാമ്പയിന്‍ സജീവമായി നിലനിര്‍ത്തുന്നതിന് സഹായിക്കുന്നതും പുടിനാണ്.  മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ് കോനി ഊര്‍ജ മേഖലയില്‍ റഷ്യയുമായുണ്ടാക്കിയ  വിവിധ കരാറുകളില്‍നിന്ന് ധാരാളം ലാഭമുണ്ടാക്കിയതായും വാര്‍ത്തകളുണ്ട്. ഇതിനെക്കാള്‍ അപകടകരമായ കളി പുടിന്‍ കളിക്കുന്നത് യൂറോപ്യന്‍ യൂനിയനില്‍നിന്നും നാറ്റോയില്‍നിന്നുമൊക്കെതാന്താങ്ങളുടെ രാഷ്ട്രങ്ങള്‍ പുറത്തുവരണമെന്ന് വാദിക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് നല്‍കുന്ന പിന്തുണയിലൂടെയാണ്.

ഈ സംഭവവികാസങ്ങളില്‍നിന്ന് രണ്ടു കാര്യങ്ങളാണ് ആഗോള രാഷ്ടീയത്തിന്‍െറ ഗതി നിര്‍ണയിക്കുന്നതായി തെളിഞ്ഞുവരുന്നത്. ഒന്ന്, വളരെ ജനാധിപത്യപരമെന്ന് വിശേഷിപ്പിക്കപ്പെട്ടുപോന്ന അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പുപോലും മറ്റൊരു രാജ്യത്തിരുന്ന് തന്നിഷ്ടം കൈകടത്താവുന്ന ഒന്നാണെന്ന് വരുന്നത് കൊട്ടിഘോഷിക്കപ്പെടുന്ന അമേരിക്കന്‍ മൂല്യങ്ങള്‍ക്കേല്‍പിക്കുന്ന പരിക്ക് വലുതാണ്. അതിന്‍െറ വ്യാപ്തിയും പ്രത്യാഘാതങ്ങളും അമേരിക്കയുടെ നിലനില്‍പിനുതന്നെ ഭീഷണിയായി മാറുന്നുവെന്നത് നിസ്തര്‍ക്കമാണ്. രണ്ടാമതായി, ആഗോള രാഷ്ട്രീയ-സൈനിക ഭൂപടത്തില്‍ റഷ്യയുടെ ഈ താരോദയം സൃഷ്ടിക്കുന്നത് അപരിഹാര്യമായ പ്രത്യാഘാതങ്ങളാണ്. ഉദാഹരണമായി, സിറിയപോലെ  പശ്ചിമേഷ്യയെ സംബന്ധിച്ചിടത്തോളം അത്യധികം നയതന്ത്രപ്രധാനമായ ഒരു രാജ്യത്ത് ഒരു അന്താരാഷ്ട്ര നിയമവും മാനിക്കാതെ, മനുഷ്യാവകാശത്തിനോ നിരപരാധികളുടെ രോദനങ്ങള്‍ക്കോ തീരെ ചെവികൊടുക്കാതെ വ്യക്തമായ സൈനിക അധിനിവേശമാണിപ്പോള്‍ റഷ്യ നടത്തുന്നത്. പുടിനെ സംബന്ധിച്ചിടത്തോളം ഇതൊരു ടെസ്റ്റ്് ഡോസാണ്. അമേരിക്കയില്ലാത്ത, നാറ്റോയില്ലാത്ത, യൂറോപ്യന്‍ യൂനിയനോ ഏഷ്യനാഫ്രിക്കന്‍ എതിര്‍പ്പുകളോ ഇല്ലാത്ത പുതിയ ആഗോള ഭൂപടത്തിന്‍െറ നിര്‍മിതിയില്‍ താനെത്രമാത്രം വിജയിക്കാന്‍ പോകുന്നുവെന്നതിന്‍െറ ലിറ്റ്മസ് ടെസ്റ്റ് ‘പുടിനിസം’ (Putinism) എന്ന തന്‍െറ പുസ്തകത്തില്‍ റഷ്യന്‍ ചരിത്രകാരനായ വാള്‍ട്ടര്‍ ലാക്വറര്‍ പറഞ്ഞതുപോലെ, ‘റഷ്യന്‍ ദേശീയതയുടെ ഈ നവസൂര്യോദയത്തില്‍ തെളിഞ്ഞുകാണുന്നത് പാശ്ചാത്യന്‍ ലിബറല്‍ ജനാധിപത്യത്തിന്‍െറ നാശത്തില്‍നിന്ന് ലോകത്തെ രക്ഷിച്ചെടുക്കാനുള്ള’ പുടിന്‍െറ വ്യഗ്രതയായിരിക്കാം.

Show Full Article
TAGS:russia us Donald Trump valdimir putin 
News Summary - russia us relationship
Next Story