Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅഭിമാനത്തിന്‍െറ...

അഭിമാനത്തിന്‍െറ ‘സെഞ്ച്വറി’ റോക്കറ്റ്

text_fields
bookmark_border
അഭിമാനത്തിന്‍െറ ‘സെഞ്ച്വറി’ റോക്കറ്റ്
cancel

അരനൂറ്റാണ്ടിലേക്ക് കടക്കുന്ന ഐ.എസ്.ആര്‍.ഒ, ബഹിരാകാശ ഗവേഷണരംഗത്ത് മറ്റൊരു കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ്. ചാന്ദ്രയാന്‍െറയും മംഗള്‍യാന്‍െറയും വിജയ വിക്ഷേപണത്തിനുശേഷം അതിപ്രധാനമായ മറ്റൊരു  ദൗത്യത്തിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സ്റ്റേഷന്‍ നാളെ സാക്ഷിയാകും. 104 കൃത്രിമോപഗ്രഹങ്ങള്‍ വഹിച്ച് പി.എസ്.എല്‍.വി സി-37 എന്ന റോക്കറ്റിന്‍െറ കുതിപ്പ് ലോകം ഏറെ ആകാംക്ഷയോടെയാകും ഉറ്റുനോക്കുക. ആ യാത്ര വിജയിച്ചാല്‍ ഈ മേഖലയിലെ വമ്പന്മാരായ അമേരിക്കയും റഷ്യയുമെല്ലാം നമ്മുടെ പിറകിലാകും. എന്നല്ല, സമീപഭാവിയില്‍ കൃത്രിമോപഗ്രഹ വിക്ഷേപണത്തിന്‍െറ ഹബ്ബായി ഇന്ത്യ മാറുകയും ചെയ്യും. 

പി.എസ്.എല്‍.വി സി-37 എന്ന റോക്കറ്റ് സൃഷ്ടിക്കാന്‍ പോകുന്ന റെക്കോഡുകള്‍ ഇതിനകം തന്നെ വാര്‍ത്തയായതാണ്. ഒരൊറ്റ വിക്ഷേപണത്തില്‍തന്നെ ഏറ്റവും കൂടുതല്‍ കൃത്രിമോപഗ്രഹങ്ങളെ ഭ്രമണപഥത്തിലത്തെിക്കാന്‍ കഴിയുക എന്നതു തന്നെയാണ് ഇതില്‍ ഏറ്റവും പ്രധാനം. കഴിഞ്ഞവര്‍ഷം ജലൈയില്‍ 20 കൃത്രിമോപഗ്രഹങ്ങള്‍ പി.എസ്.എല്‍.വിയുടെ തന്നെ മറ്റൊരു റോക്കറ്റ് ലക്ഷ്യസ്ഥാനത്തത്തെിച്ച് റിഹേഴ്സല്‍ നടത്തിയതാണ്. അതുകൊണ്ട് തന്നെ ഏറെ ആത്മവിശ്വാസത്തോടെ തന്നെയാണ് ഐ.എസ്.ആര്‍.ഒ ‘സെഞ്ച്വറി റോക്കറ്റിന്‍െറ’ വിക്ഷേപണത്തിന് ഒരുങ്ങുന്നത്. നിലവില്‍ റഷ്യയുടെ റെക്കോഡാണ് ഇന്ത്യ തകര്‍ക്കാന്‍ പോകുന്നത്. 2014ല്‍ റഷ്യ ഒരേസമയം 37 സാറ്റലൈറ്റുകളാണ് വിക്ഷേപിച്ചത്.അതിന് തൊട്ടുമുമ്പുള്ള വര്‍ഷം അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ 29 കൃത്രിമോപഗ്രഹങ്ങള്‍ ഒരേസമയം വിക്ഷേപിച്ചിരുന്നു.

ബഹിരാകാശ ഗവേഷണരംഗത്ത് വിവിധ രാജ്യങ്ങള്‍ തമ്മില്‍ അതിശക്തമായ മത്സരം നടക്കുന്ന കാലത്ത് ഈ റോക്കറ്റ് വിക്ഷേപണത്തിന് ഒട്ടേറെ മാനങ്ങളുണ്ട്. കൃത്രിമോപഗ്രഹ വിക്ഷേപണവും ബഹിരാകാശ യാത്രയുമെല്ലാം പതിന്മടങ്ങ് വര്‍ധിപ്പിക്കുമ്പോഴും അതിനുണ്ടാകുന്ന വലിയ സാമ്പത്തിക ചെലവിനെ എങ്ങനെ മറികടക്കാമെന്നത് അമേരിക്ക അടക്കമുള്ള രാജ്യങ്ങളെ കുഴക്കുന്ന പ്രശ്നമാണ്. സാമ്പത്തിക ബാധ്യത കുറക്കാന്‍ അമേരിക്ക പോലും ഇപ്പോള്‍ ‘വാടക’ കൃത്രിമോപഗ്രഹങ്ങളാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രക്കും മറ്റും ഉപയോഗിക്കുന്നത്.

പല രാജ്യങ്ങളെയും സംയുക്ത ബഹിരാകാശ ഗവേഷണ പദ്ധതികള്‍ക്ക് പ്രേരിപ്പിക്കുന്നതും ഈ സാമ്പത്തിക പ്രശ്നം തന്നെയാണ്. ഇവിടെയാണ് ‘സെഞ്ച്വറി റോക്കറ്റ്’ പ്രസക്തമാകുന്നത്.  ഇവിടെ 104 ഉപഗ്രഹങ്ങളില്‍  88ഉം അമേരിക്കയുടേതാണ്. യു.എ.ഇ, ഇസ്രായേല്‍, കസാഖ്സ്താന്‍, നെതര്‍ലന്‍ഡ്സ്, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളുടെ സാറ്റലൈറ്റുകളും ഇതിലുണ്ട്. കാര്‍ട്ടോസാറ്റ് 2 എന്ന റിമോട്ട് സെന്‍സിങ് സാറ്റലൈറ്റ് അടക്കം മൂന്നെണ്ണമാണ് ഇന്ത്യയുടേത്. വിക്ഷേപണത്തിന്‍െറ മൊത്തം ചെലവിന്‍െറ പകുതിയിലധികവും ഈ ആറ് രാജ്യങ്ങള്‍ വഹിക്കുമെന്നാണ് ഐ.എസ്.ആര്‍.ഒ പറയുന്നത്. ഇന്ത്യന്‍ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന് മാത്രമായി ഒരു റോക്കറ്റ് ചെലവാക്കുന്നതിനെക്കാള്‍ എത്രയോ ലാഭകരമാണ് ഈ കൂട്ടായ വിക്ഷേപണം. മുന്‍ വര്‍ഷങ്ങളില്‍ ഫ്രാന്‍സുമായി നടപ്പാക്കിയതുപോലെ ഒരു ബഹിരാകാശ ‘നയതന്ത്ര’വും ഇതിലൂടെ സാധ്യമാകുന്നുണ്ട്.

റോക്കറ്റ് സാങ്കേതികവിദ്യ രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടം കൂടിയാണ് ഈ വിക്ഷേപണത്തിലൂടെ പ്രദര്‍ശിപ്പിക്കപ്പെടുന്നത്. രാജ്യത്തിന്‍െറ പ്രഥമ കൃത്രിമോപഗ്രഹമായ ‘ആര്യഭട’ വിക്ഷേപണം (1975 എപ്രില്‍ 19) കോസ്മോസ് 3എം എന്ന റഷ്യന്‍ റോക്കറ്റ് ഉപയോഗിച്ചായിരുന്നു. അക്കാലത്ത് സ്വന്തമായി റോക്കറ്റ് വികസിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങള്‍ ഐ.എസ്.ആര്‍.ഒ സജീവമാക്കിയിരുന്നു. അങ്ങനെയാണ് എസ്.എല്‍.വി (സാറ്റലൈറ്റ് ലോഞ്ച് വെഹിക്ക്ള്‍) റോക്കറ്റ് ശ്രേണികള്‍ പിറവികൊള്ളുന്നത്. 1979 ആഗസ്റ്റ് 10നാണ് ആദ്യ എസ്.എല്‍.വി പരീക്ഷണം നടന്നത്.

35 കിലോഗ്രാം മാത്രം ഭാരമുള്ള രോഹിണി ഉപഗ്രഹത്തിന്‍െറ പേലോഡുമായുള്ള ആ കുതിപ്പ് പക്ഷേ പരാജയമായിരുന്നു. പിന്നെ ഒരു വര്‍ഷം കഴിഞ്ഞാണ് രോഹിണി ആര്‍.എസ് 1 എന്ന ഉപഗ്രഹത്തെ എസ്.എല്‍.വി വിജയകരമായി വിക്ഷേപിച്ചത്. രോഹിണി ഒരുവര്‍ഷം പ്രവര്‍ത്തിച്ചു. എസ്.എല്‍.വിക്കുശേഷം പിന്നെ എ.എസ്.എല്‍.വി (ഓഗ്മെന്‍റഡ് സാറ്റലൈറ്റ് വെഹിക്കള്‍) വന്നു. രോഹിണിയുടെ തന്നെ മറ്റൊരു ശ്രേണി ഉപഗ്രഹങ്ങളെയാണ് ഈ റോക്കറ്റുകള്‍ പ്രധാനമായും ഭ്രമണപഥത്തിലത്തെിക്കാന്‍ ശ്രമിച്ചത്. നാല് പരീക്ഷണങ്ങളില്‍ മൂന്നും പരാജയമായിരുന്നു.

ഇവിടെനിന്നാണ് റോക്കറ്റ് സാങ്കേതികത പി.എസ്.എല്‍.വിയിലേക്ക് (പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍) വഴിമാറുന്നത്. റിമോട്ട് സെന്‍സിങ് സാറ്റലൈറ്റുകളെ ഭ്രമണപഥത്തിലത്തെിക്കുകയെന്നതായിരുന്നു പി.എസ്.എല്‍.വിയുടെ ആദ്യ ദൗത്യം. 1993 സെപ്റ്റംബറില്‍ ഐ.ആര്‍.എസ് 1ഇ സാറ്റലൈറ്റിനെയും വഹിച്ചായിരുന്നു പി.എസ്.എല്‍.വിയുടെ ആദ്യ യാത്ര. അത് പരാജയപ്പെട്ടു. അതിനുശേഷം, 37 തവണ പി.എസ്.എല്‍.വി ശ്രീഹരിക്കോട്ടയില്‍നിന്ന് കുതിച്ചുയര്‍ന്നു. ഇതില്‍ 36ഉം വിജയം കണ്ടു. ഇതില്‍ ചാന്ദ്രയാന്‍, മംഗള്‍യാന്‍ തുടങ്ങിയ അഭിമാനദൗത്യങ്ങളുണ്ട്.

ഇന്ത്യയുടെ പ്രഥമ ബഹിരാകാശ ദൂരദര്‍ശിനിയായ അസ്ട്രോറ്റിനെ വിക്ഷേപിച്ചതും (2015) പി.എസ്.എല്‍.വിയായിരുന്നു. ഈ വിജയചരിത്രങ്ങളുടെ തുടര്‍ച്ചതന്നെയാകും പി.എസ്.എല്‍.വി സി-37ന്‍െറ കുതിപ്പിലൂടെയും ആവര്‍ത്തിക്കുകയെന്ന് നമുക്ക് പ്രത്യാശിക്കാം.

1950കളുടെ അവസാനത്തില്‍ സോവിയറ്റ് യൂനിയനും അമേരിക്കയും തമ്മില്‍ തുടങ്ങി മനുഷ്യന്‍െറ ചാന്ദ്രയാത്രയില്‍ വരെയത്തെിയ ‘ബഹിരാകാശ യുദ്ധം’ (സ്പേസ് റേസ്) ഇന്ന് പുതിയരീതിയല്‍ ആവര്‍ത്തിക്കുകയാണ്. അന്ന് രണ്ടു രാജ്യങ്ങള്‍ മാത്രമായിരുന്നു ഈ മത്സരത്തില്‍ ഭാഗഭാക്കായിരുന്നതെങ്കില്‍ ഇന്ന് മത്സരാര്‍ഥികളുടെ എണ്ണം കൂടിയിരിക്കുന്നു. മാത്രമല്ല, മത്സരത്തിന്‍െറ ഫോക്ക് പോയന്‍റായി ഏഷ്യ വന്‍കര മാറുകയും ചെയ്തിരിക്കുന്നു. സമീപകാലത്ത് ചൈന, ജപ്പാന്‍, ഇന്ത്യ എന്നീ രാജ്യങ്ങള്‍ ബഹിരാകാശ ഗവേഷണ രംഗത്ത് നടത്തിയ പ്രധാന പരീക്ഷണങ്ങളെയെല്ലാം ഈ മത്സരവുമായി ബന്ധപ്പെടുത്തി വേണം നിരീക്ഷിക്കാന്‍.

ചൊവ്വ യാത്ര നടത്തിയ ആദ്യ ഏഷ്യന്‍ രാജ്യമെന്ന ഖ്യാതി ഇന്ത്യ നേടിയപ്പോള്‍, അതിനെ ‘തോല്‍പിക്കാന്‍’ സ്വന്തമായി ബഹിരാകാശ നിലയം നിര്‍മിക്കാനുള്ള ഗവേഷണം കൂടുതല്‍ സജീവമാക്കുകയാണ് ചൈന ചെയ്തത്. ഈ പരീക്ഷണത്തില്‍ ചൈന വലിയ അളവില്‍  വിജയിച്ചിരിക്കുന്നു. ‘തിയാങ്ഗോഗ്’ ബഹിരാകാശ നിലയത്തിന്‍െറ പണി അതിവേഗം പുരോഗമിക്കുന്നുവെന്നാണ് പുതിയ വാര്‍ത്തകള്‍. ജപ്പാന്‍ റോബോട്ടുകളെ ചന്ദ്രനിലയച്ച് അവിടത്തെ മണ്ണും മറ്റ് റിഗോലിത്തുകളും ശേഖരിക്കാനുള്ള ഒരുക്കത്തിലാണ്. ഈ മത്സരത്തില്‍ ഇപ്പോള്‍ ചൊവ്വാ യാത്രയോടെ യു.എ.ഇയും കടന്നുവരുന്നു. ചുരുക്കത്തില്‍, ഏഷ്യന്‍ സ്പേസ് റേസില്‍ മറ്റൊരു ഇന്ത്യന്‍ പ്രകടനമാകും ഈ സെഞ്ച്വറി റോക്കറ്റിന്‍െറ വിക്ഷേപണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PSLVspace race
News Summary - pslv c-37
Next Story