Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഭീതി വേണ്ട,...

ഭീതി വേണ്ട, നട്ടെല്ലിന്റെ വളവ് ശരിയാക്കാം

text_fields
bookmark_border
spinal curvature
cancel

ചില രോഗാവസ്​ഥകൾ നമ്മെ പലപ്പോഴും സമൂഹത്തിന്റെ പുറമ്പോക്കിലേക്ക് തള്ളിവിടാറുണ്ട്​, എന്നാൽ, ചികിത്സാരംഗത്തെ ആധുനിക സാങ്കേതിക പുരോഗതികൾ വ്യാപകമായതോടെ സ്​കോളിയോസിസ്​ രോഗം ബാധിച്ചവരിൽ ഏറിയ പങ്കിനും സ്വാഭാവികവും സാധാരണവുമായ ജീവിതത്തിനുള്ള വഴിതുറക്കപ്പെട്ടിട്ടുണ്ട്​.

നട്ടെല്ലിന്റെ അസാധാരണമായ വക്രത, അതായത് നട്ടെല്ല് ഇടതുവശത്തേക്കോ വലതുവശത്തേക്കോ വളയുന്നത് അസ്വാസ്​ഥ്യത്തിനും വേദനക്കും ചലനശേഷി കുറയുന്നതിനും ഇടയാക്കുന്നതാണ് സ്​കോളിയോസിസ്​.

ആഗോള ജനസംഖ്യയുടെ 2-4 ശതമാനം പേർ അനുഭവിക്കുന്ന ഈ രോഗാവസ്​ഥ ഇന്ത്യയിൽ 20 ലക്ഷത്തിലധികം ആളുകൾക്ക്​ ഉണ്ടെന്നാണ്​ കണക്ക്​. ഏതു പ്രായക്കാർക്കും വരാവുന്ന ഈ രോഗം കൂടുതലും കണ്ടുവരുന്നത് കുട്ടികളിലും കൗമാരക്കാരിലുമാണ്.

നട്ടെല്ലിന്റെ വളവ് ജീവിതം മുഴുവൻ വളച്ചുകളയുന്ന സാഹചര്യത്തിന് മെഡിക്കൽ രംഗത്ത് ഉത്തരമുണ്ടെങ്കിലും അത്തരം ചികിത്സകൾ സാധാരണക്കാരിലേക്ക് എത്തിക്കുകയെന്ന ദൗത്യം ഇനിയും ബാക്കിയാണ്. രോഗത്തെയും ചികിത്സയെയും സംബന്ധിച്ച്​ സമൂഹത്തിൽ അവബോധം വളർത്തുന്നതിനായി ജൂണിലെ അവസാന ശനിയാഴ്ച ലോകമെങ്ങും സ്​കോളിയോസിസ്​ ദിനമായി ആചരിക്കുന്നു.

രോഗത്തിന്റെ പ്രകൃതം, കാരണങ്ങൾ

സ്​കോളിയോസിസ്​ വിവിധ രൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്നു, ഇഡിയോപാത്തിക് സ്​കോളിയോസിസ്​ ഏറ്റവും സാധാരണമാണ്, ഏകദേശം 80 കേസുകൾ ഈ ഗണത്തിൽപെടും. കൃത്യമായ കാരണം അജ്ഞാതമായി തുടരുകയാണെങ്കിലും, ജനിതക ഘടകങ്ങൾ, പ്രായപൂർത്തിയാകുമ്പോഴുള്ള ഹോർമോൺ അസന്തുലിതാവസ്​ഥ അല്ലെങ്കിൽ ജനനസമയത്ത് ഉണ്ടാകുന്ന ഘടനാപരമായ അസാധാരണതകൾ എന്നിവ സ്​കോളിയോസിസിനെ സ്വാധീനിക്കും.

ഈ അവസ്​ഥ പ്രാഥമികമായി കുട്ടികളെയും കൗമാരക്കാരെയുമാണ് ബാധിക്കുന്നത്. രോഗം മൂർച്ഛിക്കുന്നത് തടയാൻ നേരത്തേ രോഗം കണ്ടെത്തുന്നത് നിർണായകമാണ്.

നിവർന്നുനിൽക്കാൻ കഴിയാതെ വരുക, പുറംവേദന, നട്ടെല്ലിന്റെ താഴ്ഭാഗത്തെ വേദനയും അതിന്റെ ഭാഗമായി കാലിൽ തരിപ്പും വേദനയും അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങൾ അസുഖം ഗുരുതരമായി മാറിയതിന്റെ ലക്ഷണങ്ങളാണ്. കൂടുതൽ ഗുരുതരമാകുമ്പോൾ മലമൂത്ര വിസർജനംപോലും തകരാറിലാകാനും സാധ്യതയുണ്ട്.

രോഗലക്ഷണങ്ങളും രോഗനിർണയവും

അസമമായ തോളുകൾ, അസമമായ അരക്കെട്ട്, ചരിഞ്ഞ ഇടുപ്പ്, ചുമലിന്റെ ഒരു വശത്തെ തോൾപലകകൾ ഉയർന്നിരിക്കുക, ഇരു ഭാഗത്തെയും വാരിയെല്ലുകൾ തമ്മിൽ ഉയരവ്യത്യാസം, ഒരു വശത്തേക്ക് ശരീരം മുഴുവനായും വളയുക തുടങ്ങിയവയെല്ലാം സ്​കോളിയോസിസിന്റെ ലക്ഷണങ്ങളാകാം. പരിചരണം നൽകുന്നവരും രക്ഷിതാക്കളും അധ്യാപകരും ഈ ലക്ഷണങ്ങളിൽ ശ്രദ്ധാലുക്കളാകണം.

ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും ശ്രദ്ധയിൽപെട്ടാൽ, ഉടൻതന്നെ ഡോക്ടറെ സമീപിക്കണം. ശാരീരിക പരിശോധനകൾ, എക്സ്റേകൾ, ഇടക്കിടെ എം.ആർ.ഐ സ്​കാനുകൾ എന്നിവയുൾപ്പെടെയുള്ള സമഗ്ര പരിശോധന കൃത്യമായ രോഗനിർണയത്തിനും ഉചിതമായ ചികിത്സ ആസൂത്രണം ചെയ്യാനും സഹായകമാകും.

ചികിത്സാ സാധ്യതകൾ

ആദ്യ ഘട്ടത്തിൽതന്നെ കണ്ടെത്തിയാൽ ചികിത്സകളിലൂടെ പൂർണമായും നിയന്ത്രിക്കാവുന്ന രോഗമാണിത്. വക്രതയുടെ തീവ്രത, രോഗിയുടെ പ്രായം, മൊത്തത്തിലുള്ള ആരോഗ്യം എന്നിവ ഉൾപ്പെടെ നിരവധി ഘടകങ്ങൾ ചികിത്സയെ സ്വാധീനിക്കുന്നു. വളവ് മിതമായ രീതിയിലാണെങ്കിൽ പ്രായപൂർത്തിയാകുന്നതുവരെ നിരീക്ഷണം വേണ്ടിവരും. എന്നാൽ, വളവ് അധികമായ രോഗികളിൽ വക്രത കൂടാതിരിക്കാൻ ബ്രേസിങ് ആവശ്യമായി വരും.

ഗുരുതര കേസുകളിൽ, വക്രത 40-50 ഡിഗ്രിയിൽ കൂടുതലാണെങ്കിൽ, നട്ടെല്ലിന്റെ വൈകല്യം ശരിയാക്കാനും കൂടുതൽ സങ്കീർണതകൾ തടയാനും ശസ്​ത്രക്രിയ ആവശ്യമായി വന്നേക്കാം. സ്​പൈനൽ ഫ്യൂഷൻ ഈ രംഗത്തെ അത്യാധുനിക ചികിത്സകളിലൊന്നാണ്.

സ്​കോളിയോസിസ്​ ഉള്ള രോഗികൾക്ക് കൂടുതൽ വ്യക്തിപരവും സൗകര്യപ്രദവുമായ ചികിത്സാസാധ്യത വാഗ്ദാനംചെയ്യുന്ന 3ഡി പ്രിന്റ് ബ്രേസുകൾ സംബന്ധിച്ച് സമീപകാല പഠനങ്ങൾ നല്ല ഫലങ്ങളാണ് കാണിക്കുന്നത്.

ചെറിയ മുറിവുകൾ മാത്രമുണ്ടാക്കിയുള്ള മിനിമലി ഇൻവേസീവ് ശസ്​ത്രക്രിയാ രീതികൾ പ്രചാരത്തിൽ വന്നതോടെ ചികിത്സാരംഗത്ത് വലിയ മാറ്റംതന്നെ സംഭവിച്ചിട്ടുണ്ട്. ശസ്​ത്രക്രിയാ അപകടങ്ങളും പാടുകളും സുഖംപ്രാപിക്കാനുള്ള സമയവുമെല്ലാം കുറക്കാനായി എന്നത്​ മിനിമലി ഇൻവേസീവ് സർജറിയുടെ നേട്ടങ്ങളാണ്.

പ്രത്യേകമായ വ്യായാമങ്ങൾ, ഫിസിക്കൽ തെറപ്പി, കൈറോപ്രാക്ടിക് കെയർ എന്നിവയുൾപ്പെടെയുള്ള കോംപ്ലിമെന്ററി നോൺ-സർജിക്കൽ ചികിത്സകൾ തുടങ്ങിയ പരമ്പരാഗത സമീപനങ്ങളും വേദന കുറക്കാനും വഴക്കം മെച്ചപ്പെടുത്താനും സഹായിച്ചേക്കും.

ബോധവത്കരണത്തിന്റെ പ്രാധാന്യം

സ്​കോളിയോസിസ്​ ഒരു വ്യക്തിയുടെ വൈകാരിക ക്ഷേമത്തിലും ആത്മാഭിമാനത്തിലും കാര്യമായ സ്വാധീനം ചെലുത്തുമെന്നത് ശ്രദ്ധിക്കേണ്ടതാണ്. അതിനാൽ, സമഗ്രമായ ഒരു ചികിത്സാ സമീപനത്തിന്റെ ഭാഗമായി മാനസിക പിന്തുണയും കൗൺസലിങ്ങും പരിഗണിക്കണം.

സ്​കോളിയോസിസ്​ ബാധിച്ച വ്യക്തികൾക്കും കുടുംബങ്ങൾക്കും വിദ്യാഭ്യാസം, വിഭവങ്ങൾ, സമൂഹബോധം എന്നിവ നൽകുന്നതിൽ ബോധവത്കരണ കാമ്പയിനുകളും സപ്പോർട്ട് ഗ്രൂപ്പുകളും നിർണായക പങ്ക് വഹിക്കുന്നു. സ്​കോളിയോസിസ്​ നേരത്തേ കണ്ടെത്തുന്നതും ചികിത്സിക്കുന്നതും ശാരീരിക അസ്വസ്​ഥതകൾ ലഘൂകരിക്കുക മാത്രമല്ല, സജീവവും സംതൃപ്തവുമായ ജീവിതം നയിക്കാൻ വ്യക്തികളെ പ്രാപ്തരാക്കുകയും ചെയ്യുന്നു.

സർക്കാർതലത്തിൽ സ്​കോളിയോസിസ്​ സംബന്ധമായ ഗവേഷണത്തിൽ കാര്യമായ നിക്ഷേപങ്ങൾ നടത്തുകയും അവബോധം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ, രോഗനിർണയ സാങ്കേതികവിദ്യകൾ മെച്ചപ്പെടുത്താനും ചികിത്സാ സമീപനങ്ങൾ പരിഷ്കരിക്കാനും സാധിക്കും. സ്​കോളിയോസിസ്​ ബാധിച്ച വ്യക്തികൾക്ക് പരിമിതികളില്ലാതെ വളരാനും ജീവിക്കാനും കഴിയുന്ന സാഹചര്യം സൃഷ്​ടിക്കുന്നതിൽ മുഴുലോകത്തിനും പങ്കുവഹിക്കാനുണ്ട്​.

(കോഴിക്കോട്​ മേയ്ത്ര ഹോസ്​പിറ്റലിലെ സീനിയർ കൺസൽട്ടൻറും സെന്റർ ഫോർ ബോൺ, ജോയന്റ് ആൻഡ് സ്​പൈൻ ഹെഡ് ഓഫ് ദ ഡിപ്പാർട്മെന്റുമാണ്​ ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treatmentspinal curvaturespine
News Summary - No Fear-the curvature of the spine can be corrected
Next Story