Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഊര്‍ജിതന്‍

ഊര്‍ജിതന്‍

text_fields
bookmark_border
ഊര്‍ജിതന്‍
cancel

എന്തു കാര്യവും ഊര്‍ജിതമായി ചെയ്യുന്നത് ഊര്‍ജസ്വലരുടെ ലക്ഷണമാണ്. പല ഊര്‍ജസ്വലരും എട്ടാംമാസത്തില്‍ പെറ്റവരെപ്പോലെ തിടുക്കം കൂട്ടുന്നതും കാണാം. എന്തിനും ഏതിനും തിടുക്കം. കള്ളപ്പണക്കാരെയും കള്ളനോട്ടിനെയും തുരത്താന്‍ ഊര്‍ജിതമായ ഒരു നീക്കം നടത്തിയതാണ് മോദി. ആ സുന്ദരസുരഭില കാലത്ത് റിസര്‍വ് ബാങ്കിന്‍െറ ഗവര്‍ണറായിരിക്കാന്‍ യോഗം കിട്ടിയത് ഊര്‍ജിത് പട്ടേലിന്. നോട്ടിനു വേണ്ടി നാടു മുഴുവന്‍ നെട്ടോട്ടമോടുമ്പോള്‍ ആര്‍.ബി.ഐ ഗവര്‍ണറായിരിക്കുക എന്നത് സങ്കടമുണ്ടാക്കുന്ന കാര്യമാണ്. നാടിന്‍െറ മുഴുവന്‍ പഴി കേള്‍ക്കണം. പാവപ്പെട്ടവരുടെ ഊര്‍ജം മുഴുവന്‍ പോയിക്കിട്ടി എന്നതാണ് പരിഷ്കാരംകൊണ്ടുണ്ടായ നേട്ടം. സ്വന്തം കറന്‍സിക്ക് മൂല്യമില്ല എന്ന് പ്രഖ്യാപിച്ച ജനാധിപത്യ രാഷ്ട്രത്തിന്‍െറ നിര്‍ണായക സന്ദര്‍ഭത്തില്‍ ഈ മുള്‍ക്കസേരയിലിരുന്ന ആളായി ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തില്‍ ഊര്‍ജിത് പട്ടേലിന്‍െറ പേരു കുറിക്കപ്പെടും.

റിസര്‍വ് ബാങ്കിന്‍െറ 24ാം ഗവര്‍ണറാണ്. ആത്മാഭിമാനം പണയപ്പെടുത്തി ഒരു രണ്ടാമൂഴം വേണ്ടെന്നു പറഞ്ഞ് പടിയിറങ്ങിയതാണ് മുന്‍ഗാമി രഘുറാം രാജന്‍. രാജന്‍ ബുദ്ധിപരമായ സ്വാതന്ത്ര്യത്തില്‍ വിശ്വസിച്ചിരുന്ന ആളായിരുന്നു. എന്തും വെട്ടിത്തുറന്നു പറയും. മോദി സര്‍ക്കാര്‍ വന്നതിനുശേഷം സമ്പദ്വ്യവസ്ഥ അതിവേഗം വളരുകയാണ് എന്ന പ്രചാരണത്തിന് ഓശാന പാടാന്‍ പോയില്ല എന്നു മാത്രമല്ല, അന്ധന്മാരുടെ ലോകത്തെ ഒറ്റക്കണ്ണന്‍ രാജാവാണ് ഇന്ത്യന്‍ സമ്പദ്​വ്യവസ്ഥ എന്ന് തുറന്നടിക്കുകയും ചെയ്തുകളഞ്ഞു. പലിശനിരക്ക് കുറക്കാന്‍ വിസമ്മതിച്ചു. നാണയപ്പെരുപ്പം നിയന്ത്രണാധീനമായി എന്നുറപ്പായാലേ പലിശനിരക്ക് കുറക്കുകയുള്ളൂ എന്നു പറഞ്ഞു. പറഞ്ഞപോലെ പലിശനിരക്ക് കുറച്ചിരുന്നെങ്കില്‍ സാമ്പത്തിക ദുരന്തംതന്നെ സംഭവിച്ചേനെ. പാവങ്ങള്‍ക്കായി ജന്‍ധന്‍ യോജന പദ്ധതി പ്രകാരം അതിവേഗം ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാനുള്ള നീക്കത്തിനെതിരെ മുന്നറിയിപ്പുകൊടുത്തു.

അക്കൗണ്ടുകളുടെ ഇരട്ടിപ്പുണ്ടായാലും അവ ഉപയോഗിക്കപ്പെടാതെ കിടന്നാലും പദ്ധതി പാഴാവുമെന്ന് പറഞ്ഞു. രാജാവിന് വേണ്ടിയല്ല, പ്രജകള്‍ക്കുവേണ്ടിയാണ് രാജന്‍ സംസാരിച്ചത്. പിന്‍ഗാമി അങ്ങനെയല്ല. ഊര്‍ജിതനായി എന്തും ചെയ്തുകളയുന്ന പ്രജാപതിക്ക് ഒപ്പം നില്‍ക്കും. പ്രജകളുടെ കാര്യം ഓര്‍ക്കില്ല. നോട്ടുകള്‍ അസാധുവാക്കിയത് ധീരമായ നടപടിയാണ് എന്നാണ് പട്ടേല്‍ പറഞ്ഞത്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അതിനാണ് അസാധുവാക്കുന്നത്. അഞ്ഞൂറും ആയിരവും ഭീകരര്‍ ഉപയോഗിക്കും. പക്ഷേ, രണ്ടായിരം ഉപയോഗിക്കില്ല എന്നു പറയുന്നതിന്‍െറ സാമ്പത്തികശാസ്ത്രം സാധാരണക്കാര്‍ക്കു പിടികിട്ടുന്നില്ല. അവരാരും ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ പഠിച്ചവരല്ലല്ളോ. എന്തു ചെയ്യാം?

1963 ഒക്ടോബര്‍ 28ന് കെനിയയില്‍ ജനനം. അമേരിക്കയിലും ബ്രിട്ടനിലും പഠനം. പിന്നീടാണ് ഇന്ത്യയില്‍ വരുന്നത്. ഇന്ത്യയില്‍ നിയമിക്കപ്പെട്ടപ്പോള്‍ മാത്രമാണ് ഹിന്ദി പഠിച്ചത്. ഇന്ത്യന്‍ പാസ്പോര്‍ട്ടിന് അപേക്ഷിച്ചത് 2013ല്‍. സാമ്പത്തികശാസ്ത്രം നന്നായി അറിയാം. അത് അറിഞ്ഞതുകൊണ്ടുമാത്രം ദരിദ്രജനകോടികള്‍ വസിക്കുന്ന ഒരു നാടിന്‍െറ പ്രശ്നങ്ങള്‍ അറിയണമെന്നില്ല എന്ന കാര്യം വേറെ. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍നിന്ന് ബിരുദം. 1986ല്‍ ഓക്സ്ഫഡ് യൂനിവേഴ്സിറ്റിയില്‍നിന്ന് എം.ഫില്‍. 1990ല്‍ യേല്‍ യൂനിവേഴ്സിറ്റിയില്‍നിന്ന് ഡോക്ടറേറ്റ്. ഇന്ത്യയില്‍ പഠിച്ചില്ളെങ്കിലും ഗവേഷണങ്ങളുടെ ദൃഷ്ടികേന്ദ്രം ഇന്ത്യതന്നെയായിരുന്നു.

പഠനം കഴിഞ്ഞ് നേരെ പോയി ചേര്‍ന്നത് അന്താരാഷ്ട്ര നാണയനിധിയില്‍. അതിന്‍െറ ഇന്ത്യ, അമേരിക്ക, ബഹാമാസ്, മ്യാന്മര്‍ കേന്ദ്രങ്ങളില്‍ ജോലിചെയ്തു. 1996ല്‍ ഡെപ്യൂട്ടേഷനില്‍ റിസര്‍വ് ബാങ്കിലത്തെി. ഉപദേശിയുടെ പണിയായിരുന്നു അവിടെ. കടവിപണി, ബാങ്കിങ് മേഖലയിലെ പരിഷ്കാരങ്ങള്‍, പെന്‍ഷന്‍ഫണ്ട് പരിഷ്കാരങ്ങള്‍ എന്നീ വിഷയങ്ങളില്‍ ആവോളം ഉപദേശങ്ങള്‍ നല്‍കിയ രണ്ടു വര്‍ഷങ്ങള്‍. 1998 മുതല്‍ 2001 വരെ കേന്ദ്ര ധനകാര്യവകുപ്പിലെ കണ്‍സല്‍ട്ടന്‍റ് ആയിരുന്നു.

റിസര്‍വ് ബാങ്ക് ഗവര്‍ണറാവാന്‍ യോഗ്യതയില്ലാത്ത ഒരാളാണെന്ന് ആരും പറയില്ല. അനുഭവപരിചയം ആവോളമുണ്ട്. സാമ്പത്തികം, ഊര്‍ജം, അടിസ്ഥാനസൗകര്യം എന്നീ മേഖലകളില്‍ 17 കൊല്ലമാണ് പ്രവര്‍ത്തിച്ചത്. ഊര്‍ജം, അടിസ്ഥാനസൗകര്യം എന്നീ കാര്യങ്ങളില്‍ ബോസ്റ്റണ്‍ കണ്‍സല്‍ട്ടിങ് ഗ്രൂപ്പിനെ കുറെക്കാലം ഉപദേശിച്ചിട്ടുണ്ട്. 1997 മുതല്‍ 2006 വരെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍െറ ബിസിനസ് ഡെവലപ്മെന്‍റ് വിഭാഗം പ്രസിഡന്‍റായിരുന്നു. റിലയന്‍സിന്‍െറ ബിസിനസ് വികസിപ്പിച്ചുകൊണ്ടിരുന്ന ഒരാള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായിരിക്കാന്‍ സര്‍വഥാ യോഗ്യനാണ് എന്ന് കേന്ദ്രസര്‍ക്കാറിന് തോന്നിയതില്‍ കുറ്റം പറയാനില്ല. നാട്ടില്‍ ആ വഴിക്കാണിപ്പോള്‍ കാര്യങ്ങളുടെ പോക്ക്. 2000 മുതല്‍ 2004 വരെ പ്രത്യക്ഷ നികുതി ദൗത്യസേന, പ്രധാനമന്ത്രിയുടെ അടിസ്ഥാന സൗകര്യ ദൗത്യസേന എന്നീ കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ സമിതികളിലും പ്രവര്‍ത്തിച്ചു.

ഊര്‍ജിത് പട്ടേല്‍ ഫാന്‍സ് അസോസിയേഷനില്‍ കുറെ പേരുണ്ട്. നരസിംഹ റാവു, മന്‍മോഹന്‍ സിങ്, ചിദംബരം, നരേന്ദ്ര മോദി, അരുണ്‍ ജെയ്റ്റ്ലി എന്നിവരാണ് അവര്‍. 2013ല്‍ റിസര്‍വ് ബാങ്കിന്‍െറ ഡെപ്യൂട്ടി ഗവര്‍ണറായി ചുമതലയേല്‍ക്കാനുള്ള ശിപാര്‍ശക്കത്ത് എഴുതിയത് ഡോ. മന്‍മോഹന്‍ സിങ്. രാജ്യത്തിനു വേണ്ടപ്പെട്ടവന്‍ എന്നാണ് സിങ് വിശേഷിപ്പിച്ചത്. 2009ല്‍ രണ്ടാം യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നൂറുദിന കര്‍മപദ്ധതി പ്രഖ്യാപിച്ചിരുന്നു. അത് മാധ്യമങ്ങള്‍ക്ക് ചൂടുള്ള വിഷയമായി. അന്ന് മാധ്യമപ്രവര്‍ത്തകന്‍െറ റോളും അണിഞ്ഞു. ഹിന്ദി വാര്‍ത്താ ചാനലുകളില്‍ യു.പി.എയുടെ ആദ്യ നൂറുദിനങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന ഉഗ്രന്‍ കമന്‍േററ്ററായിരുന്നു പട്ടേല്‍. മുന്‍പരിചയമില്ലാതിരുന്നിട്ടും ആ റോള്‍ ഭംഗിയാക്കി. ഡെപ്യൂട്ടി ആയിരിക്കുന്ന കാലത്ത് രഘുറാം രാജന്‍െറ വലംകൈയായിരുന്നു. കേന്ദ്രബാങ്കിന്‍െറ നാണയനയ രൂപവത്കരണത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവന്ന സമിതിയുടെ അധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

വേരുകള്‍ അങ്ങ് ഗുജറാത്തില്‍. മുത്തച്ഛന്‍ മധ്യഗുജറാത്തില്‍നിന്ന് ബ്രിട്ടീഷ് ഭരണകാലത്ത് കെനിയയിലേക്കു കുടിയേറിയതാണ്. പിതാവ് ജനിച്ചത് കെനിയയില്‍. നയ്റോബിയില്‍ സ്പെയര്‍ പാര്‍ട്സ് ബിസിനസുകാരനായിരുന്നു. മരിച്ചിട്ട് കുറച്ചു വര്‍ഷങ്ങളായി. മാതാവ് പട്ടേലിനൊപ്പം മുംബൈയില്‍ താമസം. അമ്മയോടൊപ്പം നില്‍ക്കാനാണ് ഷാങ്ഹായിയിലെ ബ്രിക്സ് ബാങ്കിന്‍െറ തലപ്പത്തിരിക്കാനുള്ള ക്ഷണം നിരസിച്ചത്. നോട്ടിന്‍െറ കൂമ്പാരം കാണുന്ന പണിയാണ് ചെയ്യുന്നതെങ്കിലും ജീവിതത്തില്‍ വലിയ ആര്‍ഭാടങ്ങളില്ല. മുംബൈയിലെ വസതി തീരെ ചെറുതാണ്. വായനയും സഞ്ചാരവും പ്രിയം. ആള് നല്ല ജോളിയാണെന്ന് അടുത്ത സുഹൃത്തുക്കള്‍ പറയും.

വയസ്സിപ്പോള്‍ 53. സാമ്പത്തികശാസ്ത്രത്തില്‍ മുഴുകിയിരുന്നതുകൊണ്ട് കല്യാണം കഴിക്കാന്‍ മറന്നുപോയി. ഒരു സഹോദരനും സഹോദരിയും ഉണ്ട്. സഹോദരി അമേരിക്കയിലെ ന്യൂജഴ്സിയില്‍.

Show Full Article
TAGS:madhyamam editorial 
News Summary - madhyamam editorial
Next Story