Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകെ.പി. ശശി: സമരവും...

കെ.പി. ശശി: സമരവും ഓർമകളും

text_fields
bookmark_border
കെ.പി. ശശി: സമരവും ഓർമകളും
cancel
camera_alt

കെ.പി ശശി വരച്ച കോവിഡ് കാല കാർട്ടൂൺ

ജനകീയ സമരങ്ങളിലും പ്രതിരോധങ്ങളിലും ആണ്ടിറങ്ങി അവരിലൊരാളായി അലിഞ്ഞുചേർന്ന്, സമരത്തിന്റെയും ഡോക്യുമെന്ററിയുടെയും കാലിക പ്രസക്തി ലോകത്തെ ബോധ്യപ്പെടുത്തിയവരിൽ പ്രമുഖനായിരുന്നു കെ.പി. ശശി. ഇന്ത്യയിലെ യഥാർഥ സമാന്തര സിനിമ മേഖല കെ.പി. ശശിയെപ്പോലുള്ളവരിലൂടെയാണ് പ്രവർത്തനക്ഷമമായത്.

ജെ.എൻ.യുവിൽ പഠിക്കവേ കാർട്ടൂണിസ്റ്റായി സാമൂഹിക ഇടപെടൽ ആരംഭിച്ച ശശി, കുറച്ചുകാലം ബോംബെയിൽ കാർട്ടൂണിസ്റ്റായി ജോലി ചെയ്തു. അവിടെവെച്ച് ആനന്ദ് പട് വർധന്റെ ബോംബെ ഔവർ സിറ്റി, പ്രിസണേഴ്സ് ഓഫ് കോൺഷ്യൻസ് അടക്കമുള്ള സിനിമകൾ കണ്ടപ്പോഴാണ് ഡോക്യുമെന്ററിയുടെ പ്രാധാന്യവും പ്രസക്തിയും ബോധ്യമായത്.

സർക്കാറും മുതലാളിമാരും ഉണ്ടാക്കുന്ന പ്രചാരണ സിനിമകളെയായിരുന്നു അതുവരെയും ഡോക്യുമെന്ററികൾ എന്ന് വിളിച്ചിരുന്നത്. അതിലധികവും നുണകളോ അർധ സത്യങ്ങളോ കുത്തിനിറച്ചതായിരുന്നു.

അതിൽനിന്ന് മാറി, ജനങ്ങൾക്കിടയിൽ(വെള്ളത്തിൽ മീനെന്ന പോലെ) നിലയുറപ്പിച്ചും ചലിച്ചും അവരുടെ വേദനകൾ, പ്രതിസന്ധികൾ, ഉത്കണ്ഠകൾ, ജീവിതങ്ങളും ജീവിതരാഹിത്യങ്ങളും ആനന്ദ് പട് വർധനുപിന്നാലെ ​ശശി, രാകേശ് ശർമ, ഛലം ബെനുരാഗർ, സി. ശരത് ചന്ദ്രൻ, പി. ബാബുരാജ്, ആർ.പി. അമുദൻ, ആർ.വി. രമണി എന്നിവരെല്ലാം രേഖപ്പെടുത്തി. നുണകളിൽ നിന്ന് നിലപാടുകളിലേക്ക് നടത്തിയ രാഷ്ട്രീയ യാത്രകളായിരുന്നു അവരുടെ ഡോക്യുമെന്ററികൾ.

ഇന്ത്യയിലെ വിവിധങ്ങളായ സാമൂഹിക പ്രശ്നങ്ങൾ, സാമൂഹിക പ്രസ്ഥാനങ്ങൾ എന്നിവയുടെ ‘അറിയപ്പെടാത്ത’ ലോകങ്ങളിലേക്ക് ചുരുട്ടിപ്പിടിച്ച മുഷ്ടിയും മറുകൈയിൽ കാമറയുമായി ശശി കടന്നുചെന്നു. നർമദ സരോവറിൽ മുങ്ങാനിരുന്ന കുടിലുകളിലെ ദുരിതജീവിതങ്ങൾ, ഖനന മേഖലകളിലെ കാടുകളിൽ നിന്ന് കുടിയിറക്കപ്പെട്ടവർ എന്നിവരൊന്നും മുഖ്യധാര നഗരസ്ഥിത ജീവിതത്തിന്റെ കാഴ്ചഫ്രെയിമുകളിലേക്ക് പ്രവേശിച്ചിരുന്നില്ല.

ഇതെഴുതുമ്പോൾ ഓർമവരുന്നത് ഒരു സർക്കാർ കമ്മിറ്റി റിപ്പോർട്ടാണ്. അമ്പതുകളുടെ അവസാനം, പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവായിരുന്ന വിക്രം സാരാഭായിയോട് ഇന്ത്യയുടെ ടെലിവിഷൻ പോളിസി എന്തായിരിക്കണം എന്നതിനെ സംബന്ധിച്ച് പഠനോപദേശ റിപ്പോർട്ട് ആവശ്യപ്പെട്ടു.

ആ റിപ്പോർട്ടിലെ ഒരു സുപ്രധാന നിർദേശം, ഇന്ത്യയിലെ ടെലിവിഷൻ കാമറകൾ നഗരസ്ഥിതരായ ധനിക വരേണ്യ വർഗത്തിൽപെട്ട പ്രഫഷനലുകളുടെ കൈവശമല്ല ഏൽപിക്കേണ്ടത്. ഗ്രാമീണർ, ആദിവാസികൾ, ദലിതർ, സ്ത്രീകൾ, പാർശ്വവത്കൃതർ, ന്യൂനപക്ഷങ്ങൾ, തൊഴിലാളികൾ എന്നിവരായിരിക്കണം ടെലിവിഷൻ കാമറ കൈയിലെടുക്കേണ്ടത് എന്നായിരുന്നു.

എന്നാൽ, അതൊരിക്കലും സംഭവിച്ചില്ലെന്നത് യാഥാർഥ്യം. ആ കാമറ ഫാഷനബിൾ നഗരവാസികൾതന്നെ കൈയടക്കി. പി. സായിനാഥ് നിരീക്ഷിച്ചതുപോലെ, ലക്മെ ഫാഷൻ വീക്ക് കവർ ചെയ്യാൻ അറുന്നൂറാളും വരൾച്ചയെക്കുറിച്ചെഴുതാൻ അരയാളും എന്ന കണക്കാണ് ഇന്ത്യൻ മാധ്യമരംഗത്തുണ്ടായത്. അതുകൊണ്ട് കെ.പി. ശശിയെപ്പോലുള്ളവരുടെ പ്രയത്നങ്ങൾ ഏറെ ദുഷ്കരമായിരുന്നു.

വിഭവങ്ങളുടെ ദൗർലഭ്യം, ഉപകരണങ്ങളുടെ പരിമിതികൾ, പ്രദർശനാവസരങ്ങളുടെ കുറവ് എന്നിങ്ങനെ മടുപ്പിക്കുന്ന അനുഭവങ്ങളെ മുറിച്ചുകടന്നാണ് അവർ യാഥാർഥ്യവും മറു യാഥാർഥ്യവും നിരന്തരം തുറന്നുകാണിച്ചുകൊണ്ടിരുന്നത്. പ്രാഥമികമായി താനൊരു ആക്ടിവിസ്റ്റാണെന്നും അതിനുശേഷം അല്ലെങ്കിൽ അതിന്റെ ഭാഗമായി മാത്രമാണ് സിനിമ സംവിധായകൻ ആകുന്നതെന്നും കെ.പി. ശശി പറയാറുണ്ട്.

ബംഗളൂരുവിലായിരുന്നു സ്ഥിരതാമസമെങ്കിലും അക്ഷരാർഥത്തിൽ സമര-ഇന്ത്യയുടെ മർമകേന്ദ്രങ്ങളിലായിരുന്നു അയാൾ ജീവിച്ചിരുന്നത്. സ്ത്രീകള്‍ക്കെതിരായ സാമൂഹികവും വ്യക്തിപരവുമായ ആക്രമണങ്ങള്‍ തുറന്നുകാട്ടുന്ന ഇലയും മുള്ളും പൂര്‍ണാർഥത്തിലുള്ള ആദ്യത്തെ മലയാളം ഫെമിനിസ്റ്റ് സിനിമയാണ്.

ശശിയുടെ ഡോക്യുമെന്ററികളെല്ലാംതന്നെ പ്രതിരോധത്തിന്റെ സമരവീര്യം പ്രസരിപ്പിക്കുന്നവയാണ്. സയന്‍സ് ടു പീപ്ള്‍, വി ഹു മേക്ക് ഹിസ്റ്ററി, ലിവിങ് ഇന്‍ ഫിയര്‍, ഇന്‍ ദ നെയിം ഓഫ് മെഡിസിന്‍, എ കാമ്പയിന്‍ ബിഗിന്‍സ്, എ വാലി റെഫ്യൂസസ് ടു ഡൈ, ദ വിങ്സ് ഓഫ് കൊക്രെബെല്ലൂര്‍, വോയ്‌സസ് ഫ്രം ഡിസാസ്റ്റര്‍, ഡെവലപ്‌മെന്റ് അറ്റ് ഗണ്‍ പോയന്റ്, ദ സോഴ്‌സ് ഓഫ് ലൈഫ് ഫോര്‍ സെയില്‍, റീ ഡിഫൈനിങ് പീസ് - വിമൻ ലീഡ് ദ വേ, ദ ടൈം ആഫ്റ്റര്‍ സുനാമി, ഈഫ് ഇറ്റ് റെയിന്‍സ് എഗെയിന്‍, റെസിസ്റ്റിങ് കോസ്റ്റല്‍ ഇന്‍വേഷന്‍, വോയ്‌സസ് ഫ്രം ദ റുയിന്‍സ് എന്നിവയാണ് കെ.പി. ശശിയുടെ ഡോക്യുമെന്ററികള്‍.

കെ.പി. ശശിയുടെ ഫാബ്രിക്കേറ്റഡ് (കെട്ടിച്ചമച്ചത്) എന്ന ഡോക്യുമെന്ററി, അബ്ദുൽ നാസര്‍ മഅ്ദനിയുടെ നീണ്ടുപോയ വിചാരണത്തടവിനെക്കുറിച്ചാണ്. മൊണ്ടാഷ് മൂവി ക്ലബിന്റെ ആഭിമുഖ്യത്തില്‍ മഞ്ചേരി പഴയ ബസ് സ്റ്റാൻഡിനുള്ളി​ലെ തുറന്ന ചത്വരത്തില്‍ ആ ചിത്രം പ്രദര്‍ശിപ്പിച്ചത് മറക്കാനാവാത്ത ഓർമയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:strugglesMemoriesKP Sasi
News Summary - KP Sasi-Struggle and memories
Next Story