Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഉന്മൂലന സിദ്ധാന്തവും...

ഉന്മൂലന സിദ്ധാന്തവും ഭീകരപ്രവര്‍ത്തനം തന്നെ

text_fields
bookmark_border
ഉന്മൂലന സിദ്ധാന്തവും ഭീകരപ്രവര്‍ത്തനം തന്നെ
cancel

സര്‍ജിക്കല്‍ അറ്റാക്കിന്‍െറ ആരവമൊഴിഞ്ഞുവരുന്നതേയുള്ളൂ. രാഷ്ട്രീയത്തിന്‍െറ പേരില്‍ ആളുകളെ അറുകൊല ചെയ്യുന്നത് ഭീകരതതന്നെയാണെന്ന് സര്‍ജിക്കല്‍ ഓപറേഷന്‍െറ വിഷയത്തില്‍ പോസ്റ്റ് ഇട്ടത് മാഞ്ഞുപോകുന്നതിനുമുമ്പ് എന്‍െറ സ്വന്തം ജില്ലയായ കണ്ണൂരില്‍ രാഷ്ട്രീയ ഭീകരതയുടെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ടത് രണ്ടു പേര്‍ക്കാണ്. അനാഥമാക്കപ്പെട്ടത് രണ്ടു കുടുംബങ്ങളും. ഇതിലേറെ എത്രയോ കുടുംബങ്ങള്‍ ഭീതിയുടെ നിഴലില്‍ കഴിയുകയാണ്. നാളെകളില്‍ പകരത്തിനു പകരം ഏതു വീടും ആക്രമിക്കപ്പെടാം. ആരും വിധവകളാകാം. ഏതൊരച്ഛനും അമ്മക്കും സ്വന്തം മകനെ നഷ്ടപ്പെടാം. ഒരു വശത്ത് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തതിന്‍െറ പേരില്‍ പ്രവര്‍ത്തകര്‍ രാഷ്ട്രീയ ഭീകരതയുടെ ഇരകളായി കൈയും കാലും ശിരസ്സുമറ്റ രക്തസാക്ഷികളായി തീരുമ്പോള്‍ മറുവശത്ത് അധികാരത്തിന്‍െറ സ്വാധീനത്തില്‍ എല്ലാ സ്ഥാനമാനങ്ങളും മൂത്ത നേതാക്കന്മാരുടെ ബന്ധുക്കള്‍ക്ക് വീതംവെക്കുന്നു.

രക്തസാക്ഷി കുടുംബസഹായ ഫണ്ട്, വര്‍ഷംതോറുമുള്ള ദിനാചരണം, കൂടിപ്പോയാല്‍ ലെവികൊടുക്കാന്‍ ബാധ്യതയുള്ള സഹകരണ  സ്ഥാപനത്തിലൊന്നില്‍ ആശ്രിതര്‍ക്ക് ജോലി, കഴിഞ്ഞു അണികളോടുള്ള കടപ്പാട്! നടന്‍ ശ്രീനിവാസന്‍ പറഞ്ഞതുപോലെ ഒരു തലമൂത്ത നേതാവിന്‍െറ കുടുംബത്തിലും വിധവകളില്ല, മക്കള്‍ അനാഥരാകുന്നില്ല, അമ്മക്ക് മകനെ നഷ്ടപ്പെടുന്നില്ല. എല്ലാം നഷ്ടപ്പെടുന്നത് എപ്പോഴും സാധാരണ പ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമാണ്.
പുല്ലു വെട്ടുമ്പോള്‍, മൈതാനത്ത് കുട്ടികള്‍ കളിക്കുമ്പോള്‍, ഓട വൃത്തിയാക്കുമ്പോള്‍ ഒക്കെ ബോംബ് പൊട്ടുന്നു. ഒന്നുമറിയാത്ത എത്രയോ പേര്‍ അംഗവിഹീനരായി തീരുന്നു. ജീവിതത്തിലേക്കു പിച്ചവെച്ച് തുടങ്ങുംമുമ്പേ ബോംബ് പൊട്ടി അഞ്ചാം വയസ്സില്‍ വലതുകാല്‍ നഷ്ടപ്പെട്ട അസ്ന എന്ന പെണ്‍കുട്ടിയെ നമുക്കൊരിക്കലും മറക്കാന്‍ കഴിയില്ല. ആഗോള ടൂറിസം ചരിത്രത്തില്‍ ഇടംപിടിക്കേണ്ട തറികളുടെയും തിറകളുടെയും നാടായ കണ്ണൂരില്‍  ഈ സംഭവം അരങ്ങേറിയത് ലോക ടൂറിസം ദിനമായ സെപ്റ്റംബര്‍ 27ന് ആണെന്നത് ചരിത്രം.

2000ത്തിലായിരുന്നു ഈ സംഭവം നടന്നത്. ഉന്മൂലന സിദ്ധാന്തംകൊണ്ട് ആത്യന്തികമായി ഒരു രാഷ്ട്രീയ പ്രസ്ഥാനവും വളര്‍ന്നതും നിലനിന്നതുമായി ചരിത്രം രേഖപ്പെടുത്തിയിട്ടില്ല. സ്റ്റാലിന്‍െറ റഷ്യയും ഹിറ്റ്ലറുടെ ജര്‍മനിയും അങ്ങനെ എത്രയോ ഉദാഹരണങ്ങള്‍. എന്തിന്, ഉന്മൂലന സിദ്ധാന്തം നടപ്പാക്കുന്ന പാര്‍ട്ടിഗ്രാമങ്ങളില്‍നിന്നുതന്നെയാണ് രാജ്യത്തിനും ലോകത്തിനും ഭീഷണിയായ ആഗോള ഭീകരവാദത്തിലേക്ക് ആളുകള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നത്. അതുപോലെ അതേ ഗ്രാമങ്ങളില്‍നിന്നുതന്നെയാണ് വര്‍ഗീയ ഫാഷിസ്റ്റുകള്‍ വളര്‍ന്നുകൊണ്ടേയിരിക്കുന്നത്. ആഗോള ഭീകരതയും അതിര്‍ത്തി കടന്നുള്ള  ഭീകരതയും അമര്‍ച്ചചെയ്യാന്‍ സര്‍ജിക്കല്‍ ഓപറേഷന്‍പോലുള്ള മറുമരുന്നുകളുണ്ട്.

എന്നാല്‍, രാഷ്ട്രീയ ഭീകരതയെ എങ്ങനെയാണ് നാം പിഴുതെറിയുക? രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി അണികളെക്കൊണ്ട് വാളെടുപ്പിക്കുന്നതും പരസ്പരം പോര്‍വിളിപ്പിക്കുന്നതും എല്ലാം, ചില രാഷ്ട്രീയ വിഷയങ്ങളില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ഗൂഢതന്ത്രമാണെന്നും യഥാര്‍ഥ രാഷ്ട്രീയ പ്രവര്‍ത്തനം ഗാന്ധിജിയുടെ അഹിംസയില്‍ അധിഷ്ഠിതവും ജനാധിപത്യം എന്നത് നെഹ്റുവിന്‍െറ സഹിഷ്ണുതയോടെയുള്ള പൊതുപ്രവര്‍ത്തനവുമാണെന്ന് അണികള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.

Show Full Article
TAGS:kannur crime 
News Summary - kannur crime, bjp, cpm,
Next Story