Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമോദി–ബിബി മധുവിധു...

മോദി–ബിബി മധുവിധു ആരുടെ ചെലവിൽ?

text_fields
bookmark_border
മോദി–ബിബി മധുവിധു ആരുടെ ചെലവിൽ?
cancel

ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഇന്ത്യയിൽ ചെലവഴിച്ച ആറുദിവസം ആർ.എസ്​.എസ്​ കേന്ദ്രങ്ങളിൽ പെരുന്നാളായിരുന്നു. മോദി–ബിബി മധുവിധു 70 വർഷം കാത്തിരുന്ന അനർഘ നിമിഷങ്ങളായി അവർ കൊണ്ടാടിയത് ഹിന്ദുത്വയുടെ പ്രത്യയശാസ്​ത്ര വിജയമായിട്ടായിരുന്നു. ആർ.എസ്​.എസ്​ മുൻ ദേശീയ വക്താവും നിലവിൽ ബി.ജെ.പി ജന. സെക്രട്ടറിമാരിൽ ഒരാളുമായ രാം മാധവ് ഇന്ത്യ–ഇസ്രായേൽ നയതന്ത്രബന്ധം പൂത്തുലയുന്നത് കണ്ട് ആഹ്ലാദം പങ്കിട്ടതിങ്ങനെ: ‘‘സ്വാഭാവിക സുഹൃത്തുക്കളാക്കുന്ന നിരവധി ഘടകങ്ങൾ ഇന്ത്യക്കും ഇസ്രായേലിനും പൊതുവായുണ്ട്. രണ്ടും ബ്രിട്ടീഷ് കോളനികളായിരുന്നു. ഇരുരാജ്യങ്ങൾക്കും സ്വാതന്ത്ര്യലബ്​ധിക്കുശേഷം ആഭ്യന്തരകലാപത്തിനു സമാനമായ അവസ്​ഥ നേരിടേണ്ടിവന്നു–ഇസ്രായേലിന്​ ഫലസ്​തീനുമായും ഇന്ത്യക്ക് പാകിസ്​താനുമായും. ജനാധിപത്യവിരുദ്ധമായ പരിസരത്ത് രണ്ടുരാജ്യങ്ങളും ജനാധിപത്യശക്തിയായി ഉയർന്നു. ഇരുരാജ്യങ്ങളും ഇസ്​ലാമിക ഭീകരവാദത്തി​​െൻറ നിരന്തര  ഇരകളാണുതാനും’’. 

ഇന്ത്യ–ഇസ്രായേലി ചങ്ങാത്തം രണ്ടു രാഷ്​ട്ര​​്ങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധത്തിനപ്പുറം  ആദർശപരമായ മാനങ്ങളുൾക്കൊള്ളുന്നതാണെന്ന്  വരുത്തിത്തീർക്കാനുള്ള ശ്രമത്തിനിടയിൽ ആർ.എസ്​.എസ്​ നേതാവ് ചരിത്രത്തെയും വസ്​തുതകളെയും എത്ര ഹീനമായാണ് വക്രീകരിക്കുന്നത്? എപ്പോഴാണ് ഇസ്രായേൽ ബ്രിട്ടീഷ് കോളനിയായത്? ബ്രിട്ടീഷ് കൊളോണിയലിസത്തി​​െൻറ ജാരസന്തതിയായാണ് സയണിസ്​റ്റ് രാഷ്​ട്രം എന്ന് ആർക്കാണറിഞ്ഞുകൂടാത്തത്? അതുകൊണ്ടല്ലേ ഗാന്ധിജിയും നെഹ്റുവുമടക്കമുള്ള ആദർശപ്രതിബദ്ധതയുള്ള നമ്മുടെ ദേശീയ നേതൃത്വം സയണിസ്​റ്റ് രാഷ്​ട്രത്തെ അംഗീകരിക്കാൻ തയാറാവാതിരുന്നത്. 1992വരെ ജൂതരാഷ്​ട്രവുമായി നയതന്ത്രബന്ധം ഉണ്ടാക്കാൻ കൂട്ടാക്കാതിരുന്ന ഇന്ത്യ സയണിസ്​റ്റ് അധിനിവേശത്തിനെതിരെ ഫലസ്​തീനികൾക്ക് ധാർമികവും രാഷ്​ട്രീയവുമായ പിന്തുണ വാരിക്കോരി നൽകി. എല്ലാതരം കൊളോണിയൽ അധിനിവേശങ്ങൾ​െക്ക്തിരെയും പോരാടാൻ അധിനിവിഷ്​ട ഭൂപ്രദേശത്തെ ജനങ്ങൾക്ക് പരമാധികാരമുണ്ടെന്ന 1960ലെ യു.എൻ പ്രമേയത്തിനു പിന്നിലെ ചാലകശക്തിയായി ഇന്ത്യ നിലകൊണ്ട ചരിത്രം മറക്കേണ്ടത് സയണിസ്​റ്റ് പാദസേവ നടത്താൻ രാംമാധവന്മാരുടെ ആവശ്യമാണ്. ഇന്ത്യയുടെയും ഫലസ്​തീ​​െൻറയും പതാകകൾ കൂട്ടിക്കെട്ടി ‘ഫലസ്​തീൻ ജനതയോട് ഐക്യദാർഢ്യം’ എന്ന അടിക്കുറിപ്പോടെയുള്ള പോസ്​റ്റൽ സ്​റ്റാമ്പ് നാം പുറത്തിറക്കിയത് സയണിസ്​റ്റ് രാജ്യത്തോടുള്ള അടങ്ങാത്ത രോഷം  പ്രകടിപ്പിക്കാനായിരുന്നു. ഐക്യരാഷ്​ട്രസഭയിൽ ഇസ്രായേലിന്​ അംഗത്വം നൽകരുതെന്ന് ഇന്ത്യ ശക്തമായി വാദിച്ചത് തത്ത്വാധിഷ്ഠിതമായ ഒരു നിലപാടുതറയിൽനിന്നുകൊണ്ടായിരുന്നു.

‘ഗ്ലോബൽസൗത്തി​​െൻറ’ വേറിട്ട ശബ്ദം അന്ന് ലോകം ശ്രവിച്ചത് നെഹ്റുവിലൂടെയാണ്.  ഫലസ്​തീൻ വിമോചന പ്രസ്​ഥാനത്തി​​െൻറ ഓഫിസ്​ ആദ്യമായി തുറന്ന മഹാനഗരങ്ങളിലൊന്ന് ഡൽഹിയാണ്. പി.എൽ.ഒ നേതാവ് യാസിർ അറഫാത്തി​​െൻറ കരങ്ങൾക്ക് ശക്തിപകരാൻ എന്നും മുൻപന്തിയിലുണ്ടായിരുന്നു ഗാന്ധിജിയുടെ നാട്. അങ്ങനെയാണ് അന്താരാഷ്​ട്രധാരണക്കുള്ള ഇന്ദിര ഗാന്ധി പുരസ്​കാരം നൽകി അറഫാത്തിനെ നാം ആദരിക്കുന്നത്. ത​​​െൻറ രണ്ടാം ഭവനമായാണ് അറഫാത്ത് ഇന്ത്യയെ കണ്ടിരുന്നത്. പക്ഷേ, തെൽഅവീവി​​െൻറ മുന്നിൽ 1992ൽ പി.വി. നരസിംഹറാവു  നയതന്ത്രകവാടങ്ങൾ മലർക്കെ തുറന്നുവെച്ചതോടെ, നല്ലൊരു ഭൂതകാലത്തെ മാത്രമല്ല, വർത്തമാനകാല ചിന്താഗതിയെപോലും ആ നടപടി പാപപങ്കിലമാക്കി. അതുകൊണ്ടല്ലേ, ബിന്യമിൻ നെതന്യാഹു മഹാത്മജിയുടെ പാദസ്​പർശമേറ്റ് പുളകിതമായ സബർമതിയിൽ കടന്ന്, ഒരു രാജ്യത്തി​​െൻറ ഭാഗധേയം നൂറ്റ ചർക്ക തിരിച്ച് ഒരു മഹത്തായ പൈതൃകത്തെ അപമാനിച്ചപ്പോൾപോലും ഒരൊറ്റ കോൺഗ്രസുകാര​​​െൻറയും നാവനങ്ങാതെ പോയത്! എത്ര ഗാലൻ ഗോമൂത്രം കൊണ്ട് കഴുകിയാലും സബർമതിയുടെ മണ്ണ് ശുദ്ധിയാക്കാനാവില്ലെന്ന് മോദിയോട് മുഖത്തുനോക്കി പറയാൻ ഗാന്ധിയൻ ഓർമകളെ ആദരിക്കുന്ന ഒരാൺകുട്ടിയും ആ പാർട്ടിയിൽ ഇല്ലാതെപോയി. 

കൊട്ടിഗ്​ഘോഷിച്ച ‘ആശയപ്പൊരുത്തം’
നെതന്യാഹുവി​​െൻറ ഇന്ത്യസന്ദർശനത്തെ പരാമർശിക്കുന്നിടത്ത് രാംമാധവിനെ പോലുള്ള സംഘ് ബുദ്ധിജീവികളും തീവ്രവലതു നിരീക്ഷകരും ചൂണ്ടിക്കാട്ടിയ ഒരു സംഗതി, ഇരു രാജ്യങ്ങൾക്കുമിടയിലെ പ്രത്യയശാസ്​ത്ര പൊരുത്തമാണ് ( "Ideological affinity’’). വ്യാജസിദ്ധാന്തമാണിത്. ജൂതജനവിഭാഗത്തിന് ഭൂതലത്തിലെവിടെയെങ്കിലും പരമാധികാരമുള്ള ഒരു രാജ്യം എന്ന സയണിസ്​റ്റ് സ്​ഥാപകൻ തിയോഡർ ഹെർസലി​​െൻറ സ്വപ്നപദ്ധതിയാണ് കൊളോണിയൽ ശക്തികൾ ബാൽഫർ പ്രഖ്യാപനത്തിലൂടെ നടപ്പാക്കിയതും  ഫലസ്​തീൻ മണ്ണിൽനിന്ന് തദ്ദേശീയരായ അറബ് ജനതയെ ആട്ടിയോടിച്ചതും.  ഓട്ടോമൻ സാമ്രാജ്യത്തി​​െൻറ അധീനതയിലുള്ള ഭൂപ്രദേശം സൈനിക കരുത്തുകൊണ്ട് പിടിച്ചെടുത്ത് ചരിത്രംകണ്ട ഏറ്റവും ക്രൂരമായ വംശവിച്ഛേദന പ്രക്രിയയിലൂടെ എവിടെന്നൊ​െക്കയോ ഒഴുകിയെത്തിയ യഹൂദസമൂഹത്തിന് മതത്തി​​െൻറ സങ്കുചിത ബോധത്തിൽ, വഞ്ചനയിലൂടെ നേടിയെടുത്ത ഇസ്രായേലിന് ഇന്ത്യയുമായി ഒരിക്കലും പ്രത്യയശാസ്​ത്ര ബന്ധുത്വം അവകാശപ്പെടാനാവില്ല. സയണിസ്​റ്റ് കാഴ്ചപ്പാടിൽ ഫലസ്​തീ​​െൻറ യഥാർഥ മക്കൾ രണ്ടാംകിട പൗരന്മാരാണ്. വാഗ്ദത്തഭൂമി എന്ന മിത്തിൽ കടിച്ചുതൂങ്ങി ചരിത്രത്തെയും മൂല്യവിചാരങ്ങളെയും കുഴിച്ചുമൂടിയ ഒരു രാജ്യവുമായി സാംസ്​കാരിക വൈവിധ്യങ്ങളെ ഉയർത്തിപ്പിടിക്കുകയും മാനവികതയെ ആദരിക്കുകയും ചെയ്യുന്ന ഇന്ത്യ പോലെരു രാജ്യത്തിന്​ എങ്ങനെ മാനസികൈക്യത്തിലെത്താനാവും? ഇവിടെയാണ് വർഗീയഫാഷിസത്തിൽ വിശ്വസിക്കുന്ന ഹിന്ദുത്വയും സങ്കുചിത ദേശീയതയുടെമേൽ പടുത്തുയർത്തിയ സയണിസവും തമ്മിൽ പരിണയത്തിലേർപ്പെടുന്നത്. ചേരേണ്ടത് തമ്മിൽ തന്നെയാണ് ചേർന്നിരിക്കുന്നത്. ഇരുരാജ്യങ്ങളും ഇസ്​ലാമിക ഭീകരവാദത്തി​​െൻറ നിരന്തര  ഇരകളാണെന്ന് സിദ്ധാന്തിച്ച് ആശയപ്പൊരുത്തത്തി​​െൻറ തുരുത്ത് പണിയാൻ ആർ.എസ്​.എസ്​ സൃഗാലബുദ്ധികൾ മെനക്കെടുന്നതിലെ ഭോഷത്തം എടുത്തുകാട്ടേണ്ടതുണ്ട്.

ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം പിറന്നമണ്ണിൽ പിടിച്ചുനിൽക്കാൻ അടിമുടി ആയുധവിഭൂഷിതരായ സയണിസ്​റ്റ് പടയോട് കവണക്കല്ലുകൊണ്ട് അടരാടുന്ന ഫലസ്​തീനികളാണ് ഇസ്​ലാമിക ഭീകരർ. രാഷ്​ട്രാന്തരീയ നിയമങ്ങൾ ഉല്ലംഘിച്ച് ഫലസ്​തീനികളുടെ മണ്ണും വിണ്ണും പിടിച്ചെടുക്കുന്ന കാപാലികതയെ വെറുക്കുന്ന ലോകത്തെ ഇവർ കാണുന്നില്ല. വെള്ളംചേർക്കാത്ത ഇസ്​ലാമികവിരോധമാണ് ഹിന്ദുത്വയെ സയണിസത്തോടും ലിക്കുഡ് എന്ന തീവ്രവലതുപക്ഷ പാർട്ടിയുടെ നേതാവ് ബിന്യമിൻ നെതന്യാഹുവിനോടും അടുപ്പിക്കുന്നത്. അതുകൊണ്ടാണ് ഡൽഹി സന്ദർശനത്തിനിടയിൽ റെയ്സിന ഡയലോഗ് കോൺഫറൻസിൽ ‘റാഡിക്കൽ ഇസ്​ലാമിനെ ‘കുറിച്ച് രോഷം കൊള്ളാൻ അദ്ദേഹത്തിന് ധൈര്യംവന്നത്. ഇന്ത്യയും ഇസ്രായേലും കൈകോർത്താൽ ഈ ‘വെല്ലുവിളിയെ’ നേരിടാം എന്ന് തട്ടിവിട്ടു എന്നുമാത്രമല്ല, ആയുധമുഷ്ക്കി​​െൻറ മഹത്ത്വത്തെ കുറിച്ചാണ് മോദിയെ സയണിസ്​റ്റ് നേതാവ് ഓർമപ്പെടുത്തിയത്. ‘ദുർബലർ അതിജീവിക്കില്ല. ശക്തർ അതിജീവിക്കും. കരുത്തരുമായാണ് നിങ്ങൾ സമാധാനത്തിലേർപ്പെടുന്നതും സഖ്യമുണ്ടാക്കുന്നതും. നിങ്ങൾ ഇസ്രായേലിൽ വിശ്വസിക്കുന്നതുപോലെ ഞങ്ങൾ ഇന്ത്യയിൽ വിശ്വസിക്കുന്നു. ദൈവം തമ്പുരാൻ ഇന്ത്യ–ഇസ്രായേലി സഖ്യത്തെ അനുഗ്രഹിക്കട്ടെ’. എന്തിന്​? ഫലസ്​തീനികളെ കൊന്നൊടുക്കാനും അന്താരാഷ്​ട്രനിയമങ്ങൾ കാറ്റിൽപറത്താനും  കൊടുംവഞ്ചനയിലൂടെ ലോകമൊട്ടുക്കും കാലുഷ്യം വിതക്കാനും അല്ലാതെ മറ്റെന്തിന്​? 

ഭീകരതയുടെ മറവിൽ വാഷിങ്ടൺ–തെൽഅവീവ് –ന്യൂഡൽഹി കൂട്ടുകെട്ട് എന്ന ‘ശത്രുനിഗ്രഹണ’ സ്വപ്നപദ്ധതികൾ ആസൂത്രണംചെയ്യുന്ന സയണിസ്​റ്റ്, ഹിന്ദുത്വ, ഇവാഞ്ചലിസ്​റ്റ് ‘മനീഷികൾ’ മനസ്സിലാക്കേണ്ട ഒരു അടിസ്​ഥാന വസ്​തുതയെ കുറിച്ച് ഇസ്രായേലിലെ പ്രമുഖ പത്രമായ ‘ഹാരറ്റ്​സ്​’ നൽകുന്ന ഒരു മുന്നറിയിപ്പുണ്ട്. വേൾഡ് ടെററിസം ഇൻഡെക്സിൽ ഇന്ത്യയുടെ സ്​ഥാനം വളരെ താഴെയാണ്. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ മുസ്​ലിംസമൂഹം അധിവസിക്കുന്ന ഈ നാട്ടിൽനിന്ന് ഇതുവരെ നൂറുപേർ ഐ.എസിൽ ചേർന്നതായി പറയാനാവില്ല. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീകരവാദം മാവോയിസ്​റ്റുകളിൽനിന്നും നക്സലൈറ്റുകളിൽനിന്നുമാണ്. മറിച്ചുള്ള എല്ലാ പ്രചാരണങ്ങളും മോദിസർക്കാർ ചുമതലയേൽപിച്ച മുറക്ക് രഹസ്യാന്വേഷണ ഏജൻസികൾ ചുട്ടെടുക്കുന്ന തിയറികളാണ്. ആർ.എസ്​.എസാണ് അതി​​െൻറ പ്രായോജകർ. ഇസ്രായേലുമായി റാവുസർക്കാർ  നയതന്ത്രബന്ധം സ്​ഥാപിച്ചതിൽപിന്നെ സയണിസ്​റ്റ് രഹസ്യാന്വേഷണ ഏജൻസി നമ്മുടെ രാജ്യത്തും സ്വൈരവിഹാരം നടത്തുന്നുണ്ട്. രാജ്യത്തെ ശിഥിലമാക്കാനും മതസമൂഹങ്ങൾ തമ്മിൽ അകൽച്ച സൃഷ്​ടിക്കാനും ഏതു കുത്സിത പദ്ധതികളും ആവിഷ്കരിച്ചുനടപ്പാക്കാൻ കെൽപുള്ള അങ്ങേയറ്റം അപകടകാരികളാണിവർ. ഇസ്രായേൽ ഇന്ത്യയിൽ കാണിക്കുന്ന താൽപര്യം ഹിന്ദുത്വവർഗീയത വളക്കൂറുള്ള മണ്ണാണെന്ന് മനസ്സിലാക്കിയാണ്. ഇസ്രായേലി​​െൻറ ആയുധം വിറ്റഴിക്കാനുള്ള നല്ല വിപണിയായാണ് ഇന്ത്യയെ നെതന്യാഹുവും കുട്ടരും കാണുന്നത്. 1997ൽ അന്നത്തെ ഇസ്രായേൽ പ്രസിഡൻറ് ഇസർ വീസ്​മാൻ ഇന്ത്യ വന്നു കണ്ടപ്പോൾ ഇന്നാടി​​െൻറ ഹൃദയധമനികളിലൂടെ ബഹുസ്വരതയുടെ രക്തചംക്രമണം നിലച്ചിരുന്നില്ല. 2003ൽ പ്രധാനമന്ത്രി ഏരിയൽ ഷാരോൺ ഇവിടെ എത്തിയപ്പോഴും അറച്ചറച്ചാണ് ബി.ജെ.പി മന്ത്രിമാർപോലും സയണിസ്​റ്റുകളെ ഹസ്​തദാനം ചെയ്തത്. 2015ൽ ഇന്ത്യൻ രാഷ്​ട്രപതി ആദ്യമായി ഇസ്രായേൽ സന്ദർശിച്ചപ്പോൾ രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ഉപരിതല സ്​പർശിയായ ആലിംഗനമായേ ലോകം കണ്ടിരുന്നുള്ളൂ.

എന്നാൽ, 2017ൽ നരേന്ദ്ര മോദി തെൽഅവീവിൽചെന്ന് സ്വർഗത്തിൽ നിശ്ചയിച്ച കല്യാണം പൂർത്തിയാക്കിയപ്പോഴാണ് നരകവാതിലുകൾ പലതും തുറന്നിടാൻ തുടങ്ങിയത്. ദ്വിരാഷ്​ട്ര ഫോർമുലതന്നെ ചവറ്റുകൊട്ടയിൽ തള്ളി, ജറൂസലം ബലമായി പിടിച്ചെടുത്ത് ഫലസ്​തീൻ രാഷ്​ട്രം എന്ന സ്വപ്നംതന്നെ കുഴിച്ചുമൂടിയ ഒരു നിർണായക സന്ധിയിൽ ഗാന്ധിജിയുടെ ഇന്ത്യയിലേക്ക് കടന്നുവരാൻ നെതന്യാഹുവിന്​ ധൈര്യമുണ്ടായത് അധികാരം ആർ.എസ്​.എസി​​െൻറ കരവലയത്തിലാണെന്നും നരേന്ദ്ര മോദിക്കും തനിക്കും ഇടയിലെ രസതന്ത്രം ഏതു മൂല്യങ്ങളെയും ബാഷ്പീകരിച്ചുകളയുന്നതാണെന്നും തിരിച്ചറിഞ്ഞാവണം. ഹിന്ദുത്വയെയും സയണിസത്തെയും കൂട്ടിയിണക്കാൻ കൈയിലുള്ള മുഴുവൻ ഗിമ്മിക്കുകളും ഇരുകൂട്ടരും പുറത്തെടുത്തപ്പോൾ ബേബി മോഷെ എന്ന 11കാരനെ ഒരു ചിഹ്നമായി കൊണ്ടുനടന്നത് രാഷ്​ട്രാന്തരീയ തലത്തിൽതന്നെ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തി. മുംബൈ ഭീകരാക്രമണത്തിനിടയിൽ മാതാപിതാക്കൾ നഷ്​ടപ്പെട്ട ഈ കുട്ടിയെ യാഥാസ്​ഥിതിക ചവാദ് വിഭാഗത്തി​​െൻറ ആസ്​ഥാനത്ത് കൊണ്ടുവന്ന്​ മാധ്യമങ്ങളുടെ മുന്നിൽ ഇരുനേതാക്കൾക്കൊപ്പം നിർത്തി പടങ്ങളെടുത്ത നടപടി വില കുറഞ്ഞ പ്രചാരണമായാണ് വിലയിരുത്തപ്പെട്ടത്.  

26/11 ​​​െൻറ ഓർമകളെ തിരിച്ചുകൊണ്ടുവന്ന്​ പൊതുശത്രുവിനെ അടയാളപ്പെടുത്തുമ്പോൾ, ഫലസ്​തീൻ അഭയാർഥി തമ്പുകളിലും ഇസ്രായേലി ജയിലുകളിലും ഇരുളുറഞ്ഞ ഭാവിക്കു മുന്നിൽ നരകജീവിതം നയിക്കുന്ന പതിനായിരക്കണക്കിന്​ ഫലസ്​തീൻ മോഷെമാരെ സൃഷ്​ടിച്ച സയണിസ്​റ്റ് ഭീകരതയെ ലോകം വിസ്​മരിച്ചോളും എന്നു കരുതുന്നത് ശുദ്ധമണ്ടത്തമാണെന്ന് ഹിന്ദുത്വ മനീഷികൾ മനസ്സിലാക്കിയാൽ അവർക്കു നല്ലത്.

Show Full Article
TAGS:India-Israel Relation Netanyahu article malayalam news 
News Summary - India - Israel Relation - Article
Next Story