Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപിണറായി വിജയന് ആ...

പിണറായി വിജയന് ആ മുഖ്യമന്ത്രിയെ വീണ്ടെടുക്കാനായെങ്കിൽ

text_fields
bookmark_border
പിണറായി വിജയന് ആ മുഖ്യമന്ത്രിയെ വീണ്ടെടുക്കാനായെങ്കിൽ
cancel

ദ ടെലഗ്രാഫ് എഡിറ്റർ ആർ. രാജഗോപാൽ എഴുതുന്നു


എഴുതരുതെന്ന് എന്റെ ഉൾപ്രേരണ പറഞ്ഞിട്ടും ഞാനീ കുറിപ്പുമായി മുന്നോട്ടു പോകുന്നത് ഏതെങ്കിലും വ്യക്തികളിലോ അവരുടെ അഭിപ്രായങ്ങളിലോ മാറ്റമുണ്ടാക്കാമെന്ന് കരുതിയല്ല, മറിച്ച് ഞാനും എന്റെ സഹപ്രവർത്തകരും 2014 മുതൽ ചെയ്യാൻ ശ്രമിക്കുന്ന പ്രവൃത്തിയോടുള്ള നീതീകരണമായാണ്.കൊൽക്കത്തയിൽനിന്ന് പുറത്തിറങ്ങുന്ന ഒരു പത്രത്തിൽ പ്രവർത്തിക്കുകയാണ് ഞങ്ങൾ. രാജ്യത്തെ ഇംഗ്ലീഷ് ഭാഷയുടെ പരിമിതികളാൽ ഇടുങ്ങിയതും ഇന്ത്യൻ ഭാഷാപത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വലിപ്പം കുറഞ്ഞതുമാണ് ഞങ്ങളുടെ പത്രം. എന്നിട്ടും നരേന്ദ്ര മോദി സർക്കാറിന്റെ വിനാശ നയങ്ങൾക്കും ഇരട്ടത്താപ്പിനുമെതിരെ ഉച്ചത്തിൽ ശബ്ദമുയർത്തുന്ന കാവലാളുകളാവാൻ ഞങ്ങൾ ശ്രമിക്കുന്നു.

ഇക്കഴിഞ്ഞ എട്ടുവർഷങ്ങൾ ഒട്ടും തന്നെ എളുപ്പമായിരുന്നില്ല. അസാധാരണമായ എന്തെങ്കിലും സംഭവങ്ങൾ എനിക്ക് നേരിടേണ്ടിവന്നിട്ടില്ല. ഉമർ ഖാലിദിനെയും മുഹമ്മദ് സുബൈറിനെയും പോലുള്ള മിടുക്കരായ ഇന്ത്യൻ യുവജനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന പീഡനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ എന്റെ സഹപ്രവർത്തകർ കടന്നുപോയ വിഷമങ്ങളൊന്നും ഒന്നുമല്ല. ഞങ്ങൾ അത്തരം ഹിംസകൾക്ക് ഇരയാക്കപ്പെട്ടു എന്ന് അവകാശപ്പെടുന്നത് ആ ചെറുപ്പക്കാരോട് കാണിക്കുന്ന അനീതിയായിപ്പോകുമെന്നതിനാലാണ് ഞാനിത് എടുത്തു പറയുന്നത്.

വ്യക്തിഗതമായ ഒരു കാര്യം മാത്രം പറഞ്ഞുകൊണ്ട് ഞാൻ ഉന്നയിക്കാനുദ്ദേശിച്ച വിഷയത്തിലേക്ക് കടക്കാം. ഇക്കഴിഞ്ഞ വർഷങ്ങളിൽ ഞങ്ങളെടുക്കുന്ന ജോലികളെല്ലാം നിഷ്ഫലമാണെന്ന തോന്നലും ദോഷചിന്തയും എന്നെ മൂടിക്കളയുമെന്ന തോന്നൽ വരുമ്പോൾ കേരളത്തിൽനിന്നാണ് ഞാൻ ശക്തിയും ആശ്വാസവും കണ്ടെത്തിയിരുന്നത്. കഴിഞ്ഞ വർഷം പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും ചേർന്ന് നടത്തിയ തുല്യതയില്ലാത്ത പ്രചാരണങ്ങളെയെല്ലാം അതിജയിച്ച് മമത ബാനർജി ബംഗാളിൽ തന്റെ പാർട്ടിയെ ഉജ്ജ്വല വിജയത്തിലേക്ക് നയിച്ചപ്പോഴും കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലിയായിരുന്നു എനിക്ക് ഏറെ അഭിമാനം.

എന്നെ പ്രചോദിപ്പിക്കുന്ന ഊർജ ഉറവിടങ്ങളിൽ ഡോ. സുനിൽ പി. ഇളയിടത്തിന്റെ പ്രഭാഷണങ്ങളും ഉൾപ്പെടുന്നു. ജോലിസമയത്തിന്റെ പ്രത്യേകത കാരണം അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ വളരെ വൈകിയാണ് ഞാൻ യൂട്യൂബിൽ കാണുന്നത്. ആധുനിക നവോത്ഥാന പ്രസ്ഥാനത്തെപ്പറ്റി ഡോ. ഇളയിടം ഒരു വർഷം മുൻപ് നടത്തിയ ഒരു പ്രഭാഷണത്തിന്റെ ഭാഗം കഴിഞ്ഞ ദിവസം കേട്ടു. നമ്മൾ മതത്തെ ആചാരങ്ങളുടെ ഒരു സഞ്ചയമായാണോ അതോ മൂല്യങ്ങളുടെ ഓർമപ്പെടുത്തലായാണോ കാണേണ്ടത് എന്നദ്ദേഹം ചോദിക്കുന്നുണ്ട്.

പിണറായി വിജയനെ ക്രൈസിസ് മാനേജറായി വിശേഷിപ്പിച്ച് ടെലഗ്രാഫ് പ്രസിദ്ധീകരിച്ച തലക്കെട്ട്

സഖാവ് പി. കൃഷ്ണപിള്ള ഗുരുവായൂർ സത്യഗ്രഹത്തിൽ പങ്കെടുത്ത് മർദനമേറ്റ സംഭവവും അദ്ദേഹം പ്രഭാഷണത്തിൽ വിവരിക്കുന്നു - ഗുരുവായൂർ ക്ഷേത്രത്തിൽ കയറി മണി മുഴക്കിയ അദ്ദേഹത്തെ സാമൂതിരിയുടെ നായർ ഗുണ്ടകൾ മർദിച്ചു. ഇതിനോട് കൃഷ്ണപിള്ള പ്രതികരിച്ചത് ''ഉശിരുള്ള നായര് മണിയടിക്കും ഇലനക്കി നായര് തലക്കടിക്കും'' എന്നായിരുന്നു. കൃഷ്ണപിള്ളയുടെ ശക്തമായ സരസ പ്രയോഗത്തെക്കുറിച്ച് കേട്ട് സദസ്സ് ഒന്നാകെ ചിരിക്കവെ 'ആ മർദനങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല'യെന്ന് ഇളയിടം ഓർമപ്പെടുത്തുന്നു.

ഞാനും എന്നോടുതന്നെ ചോദിച്ചു: ആചാരങ്ങൾ സംരക്ഷിക്കാനായുള്ള മർദനങ്ങൾ ഇപ്പോഴും കേരളത്തിൽ നിർദയം തുടരുകയല്ലേ?എന്റെ ഇടതുപക്ഷ സുഹൃത്തുക്കൾക്ക് നടുക്കവും രോഷവും തോന്നിയേക്കാം, പക്ഷേ ഇളയിടം അതു പറയുന്നത് കേട്ടുകൊണ്ടിരിക്കെ എന്റെ മനസ്സിൽ വന്ന രണ്ടു മുഖങ്ങൾ ഫർസീൻ മജീദ്, നവീൻ കുമാർ എന്നീ ചെറുപ്പക്കാരുടേതായിരുന്നു -കഴിഞ്ഞ മാസം 13ന് മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ച വിമാനത്തിൽ കയറിനിന്ന് പ്രതിഷേധം പ്രതിഷേധം എന്ന് മുദ്രാവാക്യം മുഴക്കിയ യൂത്ത് കോൺഗ്രസ് നേതാക്കളാണവർ.

കോടതിയിൽ നിൽക്കുന്ന ഒരു കേസിന്റെ വിശദാംശങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല. പക്ഷേ, ആ യുവാക്കൾക്കെതിരെ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്ന കുറ്റം ചുമത്തിയത് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാതെ ആചാരാനുഷ്ഠാനങ്ങൾ നടപ്പാക്കാനുള്ള സംഘടിത മതത്തിന്റെ ശ്രമത്തിന് സമാനമാണെന്ന് പറയാതിരിക്കാനാവില്ല - ഒരു വർഷം മുമ്പ് ഡോ. ഇളയിടം ഓർമിപ്പിച്ച അതേ സാമൂഹിക വിപത്ത്.

സാമൂതിരിയുടെ ഗുണ്ടകൾ കൃഷ്ണപിള്ളക്ക് മേൽ മർദനങ്ങൾ ചൊരിഞ്ഞതുപോലെ മുഖ്യമന്ത്രിയുടെ വിശ്വസ്ത സഹായി അദ്ദേഹത്തിന്റെ കരുത്തും കോപവുമെല്ലാം പ്രയോഗിക്കുകയും ചെയ്തു.എന്നെ സംബന്ധിച്ചിടത്തോളം മുകളിൽ പറഞ്ഞ ആ രണ്ട് ചെറുപ്പക്കാർ ഡൽഹിയിലെ ഭരണകൂടത്തിന്റെ ഗുണ്ടകളാൽ മർദിക്കപ്പെട്ട അനേകരെപ്പോലെ തന്നെയാണ്. പ്രതിഷേധമുയർത്തിയതിന്റെ പേരിൽ രാജ്യത്തെ കാമ്പസുകളിൽ നമ്മുടെ യുവത നേരിടേണ്ടി വന്ന ക്രൂരമർദനങ്ങൾ എല്ലാവരുമോർക്കുന്നുണ്ടാവുമെന്നെനിക്ക് ഉറപ്പുണ്ട്.

ഐതിഹാസികമായ കർഷക മുന്നേറ്റത്തിന് മുമ്പ് ആ ചെറുപ്പക്കാർ മാത്രമായിരുന്നു നമ്മുടെ ജനപഥത്തിൽനിന്ന് പ്രതിഷേധിക്കാൻ ധൈര്യപ്പെട്ട ഒരേ ഒരു സമൂഹം; മോദിത്വ വ്യവസ്ഥ എഴുന്നെള്ളിക്കുന്ന കെട്ടുകഥകളപ്പാടെ തൊണ്ടതൊടാതെ വിഴുങ്ങി ആത്മവഞ്ചന നടത്തുന്നവർക്ക് നടുവിൽ സ്വന്തം ശരീരവും ഭാവിയും അപകടപ്പെടുത്തിക്കൊണ്ട് പ്രതിഷേധിക്കാനിറങ്ങിയ അവർ നമ്മുടെ മക്കളാണ്.

ഫർസീനും നവീനുമെതിരെ ചുമത്തിയിരിക്കുന്ന കുറ്റാരോപണങ്ങളോട് പൊരുത്തപ്പെടാനാവാതെ (ഇത് ഒരു പക്ഷേ മോദിക്കെതിരെ പ്രതിഷേധിക്കുന്ന എന്റെ മകൾക്കെതിരെയുമാവാം) സി.പി.എം അനുഭാവിയായ ഒരു സുഹൃത്തുമായി ഞാൻ ബന്ധപ്പെട്ടു.അദ്ദേഹത്തിന്റെ പ്രതികരണം ആചാരങ്ങളെയും സംഘടിത മതങ്ങളെയും കുറിച്ച് ഡോ. ഇളയിടം പറഞ്ഞ വാക്കുകൾ വീണ്ടുമെന്റെ ഓർമയിൽ തെളിഞ്ഞു.

സുനിൽ മാഷ് സദയം ക്ഷമിക്കുക; തന്റെ വാക്കുകൾ ഇവ്വിധത്തിൽ സന്ദർഭത്തിൽനിന്ന് മാറ്റി ഉദാഹരിക്കപ്പെടുമെന്ന് അദ്ദേഹം ഒരിക്കലും നിനച്ചിട്ടുണ്ടാവില്ല. വാട്സ്ആപ്പിലൂടെ സംസാരിച്ച എന്റെ കമ്യൂണിസ്റ്റ് സുഹൃത്ത് ആ ചെറുപ്പക്കാർക്കെതിരെ ചുമത്തിയിരിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും എയർക്രാഫ്റ്റ് നിയമത്തിലെയും വകുപ്പുകൾ എണ്ണിപ്പറഞ്ഞത് മതയാഥാസ്ഥിതികർ തങ്ങളുടെ ഗ്രന്ഥങ്ങളിൽനിന്ന് അധ്യായവും വാക്യവും എടുത്തുദ്ധരിച്ച് ആചാരാനുഷ്ഠാനങ്ങളെ സാധൂകരിക്കുന്ന അതേ ശാഠ്യബുദ്ധിയോടെയും ആവേശത്തോടെയുമായിരുന്നു. ഒടുക്കം പറഞ്ഞു- ''അവന്മാരുടെ കാര്യം പോക്കാണ്''.

മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും മഹത്തായ ജനാധിപത്യത്തിൽ അന്തർലീനമായ പ്രതിഷേധിക്കാനുള്ള അവകാശം സംരക്ഷിക്കാനും മുഖ്യമന്ത്രി വിജയൻ മുന്നിട്ടിറങ്ങിയിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചിരുന്നു- പക്ഷേ പിന്നെ ഞാൻ കേട്ടത് കറുത്ത വസ്ത്രങ്ങൾക്കും മാസ്കുകൾക്ക് പോലും മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളിൽ വിലക്കേർപ്പെടുത്തപ്പെട്ടു എന്ന വർത്തമാനമാണ്.

കൊൽക്കത്തയിൽ ഇരുന്നുകൊണ്ട് അതിന്റെ നിജഃസ്ഥിതി ഉറപ്പാക്കാൻ എനിക്ക് വഴിയില്ല; പക്ഷേ, പ്രധാനമന്ത്രി മോദിയുടെ സംരക്ഷകരും ഒഴിവാക്കിക്കാൻ തിടുക്കം കാണിക്കുന്ന നിറമാണ് കറുപ്പ്. ഈ വർഷം മാർച്ച് ആറിന് പുണെയിൽ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിനെത്തിയവരോട് ധരിച്ചിരിക്കുന്ന മാസ്കും സോക്സുമെല്ലാം കറുത്ത നിറത്തിലുള്ളവയാണെങ്കിൽ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

അതിദുഃഖത്തോടെ ഞാൻ ആലോചിച്ചു- 2018ൽ ഒരു മാതൃകാ ഭരണനേതൃത്വമായി ഞാൻ കണ്ടിരുന്ന മുഖ്യമന്ത്രിക്കിത് എന്തു സംഭവിച്ചു എന്ന് ഞാൻ ആശ്ചര്യപ്പെട്ടു. കേരളം പ്രളയക്കെടുതിയിലായ 2018 ആഗസ്റ്റ് 23ന് ഞാൻ ജോലിചെയ്യുന്ന പത്രം ഒന്നാം പേജിൽ തലക്കെട്ട് നൽകിയത്

"CM, the Crisis Manager" എന്നായിരുന്നു. മുഖ്യമന്ത്രി എന്നതിന്റെ ചുരുക്കപ്പേരായി എഴുതുന്ന സി.എം എന്ന രണ്ടക്ഷരം ക്രൈസിസ് മാനേജ്മെന്റിന്റെകൂടി പര്യായമായി മാറിയ ദിനങ്ങളായിരുന്നു അവ. വൈകുന്നേരങ്ങളിൽ അദ്ദേഹം നടത്തിയ വാർത്തസമ്മേളനങ്ങൾ ഉറപ്പിന്റെയും ഉണർവിന്റെയും പ്രതീകങ്ങളായി, പലപ്പോഴും അദ്ദേഹം പഴിക്കപ്പെട്ടിരുന്ന ഉഗ്രശാസനാ സ്വരം പകരം വെക്കാനില്ലാത്ത സ്വത്തായി മാറി. വീശിയടിച്ച കാറ്റിലും നിറഞ്ഞു കവിഞ്ഞ വെള്ളത്തിലും ഇളകാതെ, ഉലയാതെ കേരളത്തെ കോട്ടപോലെ നിലനിർത്താൻ ആത്മവിശ്വാസം പകർന്ന രക്ഷാകവചമായി മാറി.

കേരളത്തിന് പുറത്ത് കേരള മുഖ്യമന്ത്രിയുടെ പ്രതിച്ഛായക്ക് മാറ്റം വരുത്തിയ തലക്കെട്ട് എന്ന മട്ടിൽ എന്റെ ചില സുഹൃത്തുക്കൾ ഇപ്പോഴും അതേക്കുറിച്ച് തമാശ പറയാറുണ്ട്. ആയിരക്കണക്കിന് മൈലുകൾ അകലെനിന്ന് പ്രസിദ്ധീകരിക്കുന്ന എന്റെ പത്രത്തെക്കുറിച്ച് ഇപ്പോഴും കേരളത്തിൽ എത്രപേർ കേട്ടിട്ടുണ്ട് എന്നെനിക്കറിഞ്ഞു കൂടാ. (2019ൽ മുഖ്യമന്ത്രിയാൽ ആദരിക്കപ്പെട്ട മാധ്യമ പ്രവർത്തകരുടെ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു. ഫലകം വാങ്ങുവാനായി വേദിയിൽ നിന്ന ഏതാനും നിമിഷങ്ങളിൽ എന്നെക്കുറിച്ചോ, നടേ പറഞ്ഞ തലക്കെട്ടിനെക്കുറിച്ചോ കേട്ടിട്ടുണ്ടെന്ന രീതിയിൽ എന്തെങ്കിലും സൂചന മുഖ്യമന്ത്രിയിൽനിന്നുണ്ടായില്ല, ഉന്നതമായ ഒരു പൊതുപദവി കൈയാളുന്ന ഒരാൾ പുലർത്തേണ്ട തികച്ചും കൃത്യമായ രീതിയാണത്).

രണ്ടു മാസം മുൻപ് കേരളത്തിൽവെച്ച് കോളജ് സഹപാഠികളിലൊരാൾ എറണാകുളത്തെ തന്റെ അയൽവാസിയോട് തമാശ രൂപേണെ എന്നെ പരിചയപ്പെടുത്തി: പിണറായിയെ വീണ്ടും എങ്ങനെ അധികാരത്തിലെത്തിക്കാമെന്ന് സി.പി.എമ്മിനെ മനസ്സിലാക്കാൻ അനുവദിച്ചതിന് ഇയാളെയാണ് കുറ്റം പറയേണ്ടതെന്ന്. പ്രളയവേളയിലും കോവിഡ് കാലത്തും പ്രശ്നങ്ങൾക്ക് മികച്ച രീതിയിൽ പരിഹാരം കണ്ടെത്താൻ ശ്രമിച്ച മുഖ്യമന്ത്രിയെ മികച്ച ഒരു ക്രൈസിസ് മാനേജർ എന്ന രീതിയിൽ ഉയർത്തിക്കാട്ടി പാർട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടു എന്നാണ് അദ്ദേഹം പറഞ്ഞുവന്നത്.

അത് തികഞ്ഞ അതിശയോക്തിയാണ്. ജനങ്ങൾക്കിടയിൽ ആഴത്തിൽ വേരുള്ള, ജനങ്ങൾ എങ്ങനെ ചിന്തിക്കുന്നുവെന്ന് മനസ്സിലാക്കാൻ മികച്ച സംവിധാനങ്ങളുള്ള സി.പി.എം പോലൊരു ഒരു പാർട്ടിക്ക് തങ്ങളുടെ മുഖ്യമന്ത്രിയുടെ ശക്തിയെക്കുറിച്ച് മനസ്സിലാക്കിയത് ഒരു പത്രത്തലക്കെട്ടിലൂടെയാണ് എന്ന് പറയുന്നതുതന്നെ അബദ്ധമാണ്.

ആ തലക്കെട്ട് കേരളത്തിലും കുറെയേറെപ്പേർ ശ്രദ്ധിച്ചിരുന്നു എന്നത് സത്യം തന്നെയാണ്. പല സുഹൃത്തുക്കളും അവരുടെ സുഹൃത്തുക്കൾക്കിടയിൽ 'ദേ ഇദ്ദേഹത്തിന്റെ പത്രത്തിലാണ് അന്ന് ആ സി.എം തലക്കെട്ട് വന്നത് എന്ന് എന്നെ പരിചയപ്പെടുത്തുമ്പോൾ നല്ല സന്തോഷവും തോന്നിയിട്ടുണ്ട്. അത്തരമൊരാളെ മുഖ്യമന്ത്രിയായി ഒരു തവണയല്ല, രണ്ടു തവണ തെരഞ്ഞെടുത്ത സംസ്ഥാനത്താണ് എന്റെ നാട് എന്നോർത്ത് ഒട്ടുവളരെ അഭിമാനവും അനുഭവപ്പെട്ടിട്ടുണ്ട്.

ഈയിടെ നിയമസഭയിൽ സംസാരിക്കവെ അദ്ദേഹം ഒരു വാർത്ത ചാനലിനെതിരെ പേരെടുത്ത് ആരോപണം ഉന്നയിക്കുന്നത് കേട്ട് ഞാൻ ഞെട്ടിപ്പോയി. പിറ്റേ ദിവസം എം.എം. മണി എന്ന മുതിർന്ന എം.എൽ.എ കെ.കെ. രമ എം.എൽ.എയെക്കുറിച്ച് സഭയിൽ പ്രസംഗിക്കുന്നത് കേട്ടപ്പോൾ ആ നടുക്കം ഒരു മരവിപ്പായി മാറി. എം.എം മണിക്ക് ഒരു തനത് വാമൊഴി വഴക്കമുണ്ടാവാം, അത് ആധികാരികമായും മിനുസപ്പെടുത്താത്ത വർത്തമാനമായും ചിലർക്ക് തോന്നുന്നുമുണ്ടാവാം. എന്നാൽ, എത്രമാത്രം അധഃപതിക്കാനാവും എന്നതിന്റെ സൂചനയായിരുന്നു ആ വാക്കുകൾ.

മണിയെപ്പോലെ ചിരപരിചിതനായ ഒരു നേതാവിന് ഞാൻ പറഞ്ഞു മനസ്സിലാക്കേണ്ട കാര്യമല്ല ഇതൊന്നും. അതിനെല്ലാമുപരിയായി രമ തന്റെ മാന്യമായ പ്രതികരണവുമായി സഭയിൽ മറ്റാരേക്കാളും ഔന്നത്യം പുലർത്തുകയും ചെയ്തു. എന്നാൽ, മണി നടത്തിയതു പോലുള്ള അഭിപ്രായപ്രകടനം മോശമായിപ്പോയി എന്ന് പറയാൻ മുഖ്യമന്ത്രി മുന്നോട്ടുവരുമെന്ന് ഞാൻ പ്രതീക്ഷിച്ചു, ഒരു പക്ഷേ, ഈ കുറിപ്പ് അച്ചടിച്ചു വരുമ്പോഴേക്കും അദ്ദേഹം അത് ചെയ്തേക്കോം.


എന്നാൽ, ആട്ടിയോടിക്കപ്പെടുന്ന ഒരു നാൾ വന്നാൽ പോകാൻ മറ്റൊരിടവുമില്ലാത്ത എന്നെപ്പോലുള്ളവരെ സംരക്ഷിക്കാൻ എന്റെ കേരളമുണ്ട് എന്ന വിശ്വാസം വെച്ചുപുലർത്തിയിരുന്ന എന്നെപ്പോലുള്ളവർക്ക് അദ്ദേഹം വൈകിക്കുന്ന ഓരോ നിമിഷവും കനത്ത പ്രഹരങ്ങളായാണ് അനുഭവപ്പെടുന്നത്. കേരളത്തിലെ സംഭവവികാസങ്ങളുടെ പേരിൽ ഞാൻ ഹതാശനാവുന്നത് കണ്ട് എന്റെ സുഹൃത്തുക്കളിൽ പലരും പറയുന്നത് അത് മനസ്സിൽനിന്ന് കളഞ്ഞ് സ്വന്തം കാര്യങ്ങൾമാത്രം ചിന്തിക്കാനാണ്, വിശിഷ്യാ പൗരസമൂഹത്തിലെ ഭൂരിഭാഗം ആളുകൾക്കും കേരളത്തിൽ നടക്കുന്ന കാര്യങ്ങൾ തെറ്റാണെന്ന് തോന്നാത്ത സാഹചര്യത്തിൽ. നിശ്ശബ്ദമായ പൗരസമൂഹത്തോട് ഞാൻ കലഹിക്കുന്നില്ല. ഏതു വിഷയത്തിൽ പ്രതികരിക്കണം എങ്ങനെ പ്രതികരിക്കണം എന്നതെല്ലാം ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനങ്ങളാണ്. കവികളും എഴുത്തുകാരും സൂര്യന് കീഴിലെ സകലകാര്യങ്ങളിലും ഇടപെട്ടേ തീരൂ എന്ന് പ്രതീക്ഷിക്കുന്നതിലും അർഥമില്ല.

എന്നാൽ, എന്റെ ചില സുഹൃത്തുക്കൾ മുന്നോട്ടുവെക്കുന്ന വാദഗതിയിൽ കഴമ്പുണ്ടെന്ന് എനിക്ക് തോന്നാറുണ്ട്: പുരോഗമന ശക്തികളെ ദുർബലപ്പെടുത്തുകവഴി നാമറിയാതെ ബി.ജെ.പിക്ക് ശക്തി നൽകിയേക്കാവുന്ന ഒരു കാര്യവും ചെയ്തു കൂടാ എന്നത്. അത് ശരി തന്നെ. പക്ഷേ, ബി.ജെ.പി അതിന്റെ ഏറ്റവും അശക്തമായ രൂപത്തിൽ നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. മുഖ്യമന്ത്രി പിണറായി വിജയനാവട്ടെ അധികാരത്തിന്റെ പാരമ്യത്തിലും. ഇപ്പോൾ ഞാനിതേക്കുറിച്ച് സംസാരിച്ചില്ലെങ്കിൽ നരേന്ദ്ര മോദി സർക്കാറിന്റെ ദുഷ്ചെയ്തികൾക്കെതിരെ പ്രതികരിക്കാൻ എനിക്ക് എന്താണ് അവകാശം?

കുറിപ്പ് അവസാനിപ്പിക്കും മുമ്പ് ഡോ. ഇളയിടത്തിന്റെ ശക്തവും ഹൃദയസ്പർശിയുമായ ഒരു പ്രഭാഷണ ശകലം കൂടി സന്ദർഭത്തിൽനിന്ന് അടർത്തി ഉദ്ധരിക്കാം. അരുവിപ്പുറത്ത് ശ്രീനാരായണ ഗുരുദേവൻ വിതുമ്പിയതെന്തിനെന്ന് വിശദീകരിക്കവെ അദ്ദേഹം ബർട്രൻറ് റസലിനെ ഉദ്ധരിക്കുന്നുണ്ട് ''ആരാണീ മഹത്വത്തിൽ എത്തിയ മനുഷ്യൻ? അത് പാണ്ഡിത്യം ഒന്നുമല്ല.

റസൽ പറഞ്ഞത് മനുഷ്യവംശത്തിന്റെ ദുരിതങ്ങളെച്ചൊല്ലി അസഹ്യമായ വേദന അനുഭവിക്കുന്നവർ ആരാണോ, അവർക്കാണ് മഹത്വം എന്നായിരുന്നു'' -കണ്ണുനീർ എന്നത് മുഖ്യമന്ത്രി പിണറായി വിജയനുമായി ചേർത്ത് നാം പറയുന്ന വാക്കല്ല. പക്ഷേ, പ്രളയകാല വാർത്തസമ്മേളനങ്ങളെ മുഖ്യമന്ത്രി സംബോധന ചെയ്യുമ്പോഴും പിന്നീട് കോവിഡ് മഹാമാരിക്കാലത്ത് സംസ്ഥാനത്തെ നയിക്കുമ്പോഴും കരുതലുള്ള ഒരു ഹൃദയത്തിന്റെ സാന്നിധ്യം അനുഭവവേദ്യമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ആ മുഖ്യമന്ത്രിയെ വീണ്ടെടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു; ആ വീണ്ടെടുപ്പ് റസൽ പറഞ്ഞ മഹത്വം അദ്ദേഹത്തിന് ഉറപ്പാക്കുമെന്നും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi Vijayan
News Summary - If Pinarayi Vijayan can get that Chief Minister back
Next Story