ഇടുക്കി മരടിൻെറ വഴിയിൽ 

idukki

15 സ​െൻറിൽ കൂടുതൽ വിസ്തീർണമുള്ള പട്ടയഭൂമിയിൽ ചട്ടം ലംഘിച്ച് വാണിജ്യനിർമാണ പ്രവർത്തനം നടത്തിയാൽ വസ്തുവി​െൻറ പട്ടയം റദ്ദാക്കി വസ്തു കണ്ടുകെട്ടി സർക്കാറിലേക്ക് മുതൽക്കൂട്ടുന്ന ആഗസ്​റ്റ്​ 22ലെ സർക്കാർ ഉത്തരവ് (റവന്യൂ വകുപ്പ്​ 269/2019ാം നമ്പർ ഉത്തരവ്) ഇടുക്കിജില്ലയിലെ ഭൂവിഷയങ്ങൾ സങ്കീർണമാക്കും. സർക്കാർ ഭൂമി പതിവ് പട്ടയം നൽകുന്നത് മുഖ്യമായും 1964 ലെ ഭൂമി പതിവ്ചട്ടങ്ങൾ പ്രകാരവും  1977 ജനുവരി ഒന്നിനു മുമ്പുള്ള വനഭൂമിയുടെ കൈവശക്കാർക്ക് പട്ടയം നൽകുന്നത് 1993 ലെ പ്രത്യേക ഭൂമി പതിവ് ചട്ടങ്ങൾ പ്രകാരവുമാണ്. 1960 ലെ കേരള ഭൂമി പതിവ് നിയമം പ്രാബല്യത്തിൽ വരുന്നതിനു മുമ്പ് തിരു-കൊച്ചി മേഖലയിൽ 1950 ലെ തിരു-കൊച്ചി സർക്കാർ ഭൂമി പതിവ് നിയമപ്രകാരവും മലബാർ മേഖലയിൽ 1895ലെ സർക്കാർ ഗ്രാൻറ്​സ്​ ആക്ട് പ്രകാരവുമാണ് ഭൂമിക്ക് പട്ടയം നൽകി വന്നിരുന്നത്. രാജഭരണകാലത്ത് പതിച്ചു നൽകിയ വസ്തുക്കൾ കൈമാറി അനുഭവിച്ചു വരുന്നവരും എല്ലാ ജില്ലകളിലുമുണ്ട്. 

വ്യവസായ ആവശ്യത്തിനും റബർ, കാപ്പി, തേയില കൃഷികൾക്കും ഇതര ആവശ്യങ്ങൾക്കുമായി സർക്കാർ ഭൂമി പതിച്ചു നൽകുന്നതിന് വെവ്വേറെ ചട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. വ്യത്യസ്​ത വ്യവസ്ഥകളോടെയാണ് ഓരോ ആവശ്യത്തിനും സർക്കാർ ഭൂമി പതിച്ചുനൽകുന്നത്. 1964ലെ ഭൂമി പതിവ് ചട്ടങ്ങളിലെ നാലാം ചട്ട പ്രകാരം പട്ടയവസ്തുവിൽ കൃഷി ചെയ്യുന്നതിനും വീടുവെക്കുന്നതിനും മാത്രമേ അനുവാദമുള്ളൂ. 1993 ലെ പ്രത്യേക ഭൂമിപതിവ് ചട്ടങ്ങളിലെ മൂന്നാം ചട്ട പ്രകാരം പട്ടയ വസ്തുവിൽ കൃഷി ചെയ്യുന്നതിനും വീടുവെക്കുന്നതിനും പുറമേ, കടമുറി നിർമിക്കുന്നതിനും അനുവാദമുണ്ട്. എന്നാൽ അടിസ്ഥാന സൗകര്യ വികസനത്തിനാവശ്യമായ നിർമിതികളും വാണിജ്യ നിർമാണ പ്രവർത്തനങ്ങളും 1964 ലെയും 1993ലെയും പ്രത്യേക ഭൂമിപതിവ് ചട്ടങ്ങൾ പ്രകാരം പട്ടയം നൽകിയ വസ്തുക്കളിൽ അനുവദനീയമല്ല.

കേരളത്തിലെ 14 ജില്ലകളിലും സർക്കാർ റവന്യൂ തരിശ് ഭൂമിക്ക് 1964 ലെ ചട്ടപ്രകാരം പട്ടയം നൽകി. 1977 ജനുവരി ഒന്നിനു മുമ്പുള്ള വനഭൂമിയിലെ കൈവശക്കാർക്ക് 1993ലെ ചട്ടപ്രകാരം ആലപ്പുഴ ജില്ല ഒഴികെ മറ്റ് 13 ജില്ലകളിലും പട്ടയം നൽകിയിട്ടുണ്ട്. എന്നാൽ, 1964 ലെയും 1993ലെയും ചട്ടങ്ങൾ പ്രകാരം പട്ടയം നൽകിയ വസ്തുക്കളിൽ ബഹുഭൂരിപക്ഷവും ഇടുക്കി ജില്ലയിലാണ്. കേരളത്തിലെ 14 ജില്ലകളിലും പട്ടയം നൽകിയ വസ്തുക്കളിൽ അടിസ്ഥാന സൗകര്യ വികസനത്തിനാവശ്യമായ നിർമിതികളും വാണിജ്യ നിർമാണ പ്രവൃത്തികളും നടന്നിട്ടുണ്ട്. അപ്രകാരമുള്ള നിർമാണ പ്രവർത്തനങ്ങളിൽ മഹാഭൂരിപക്ഷവും നടന്നത് വിവിധ സർക്കാർ ഏജൻസികളുടെ അറിവോടെയും അനുവാദത്തോടെയുമാണ്. അതൊന്നും നിയമവിരുദ്ധമാണെന്നോ പട്ടയങ്ങളിലെ ചട്ട ലംഘനമാണെന്ന്​ സർക്കാർ കണക്കാക്കിയിട്ടുമില്ല. എല്ലാ ചട്ടലംഘനങ്ങളും നിയമാനുസൃതം എന്നനിലയിൽ നടന്നുകൊണ്ടേയിരിക്കുന്നു. എന്നാൽ, ഇടുക്കി ജില്ലയിൽ നടന്നിട്ടുള്ള ചട്ടലംഘനങ്ങൾ മാത്രം നിയമവിരുദ്ധമാണ് എന്നനിലയിലാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇടുക്കി ജില്ലക്കാരെ മാത്രം നിയമലംഘകരും ചട്ടലംഘകരുമായി കണക്കാക്കുന്ന വിവാദ സർക്കാർ ഉത്തരവ് ജില്ലക്കാർക്ക്​ കരിനിയമംതന്നെയാണ്.

1964 ലെ ഭൂമി പതിവ് ചട്ടങ്ങൾ പ്രകാരം പട്ടയം നൽകിയ 15 സ​െൻറിൽ കൂടുതൽ വിസ്തീർണമുള്ള എല്ലാ പട്ടയ ഭൂമികളിലെയും നിർമാണപ്രവർത്തനങ്ങൾ മുഴുവൻ അനധികൃതമാക്കുന്നതാണ് സർക്കാർ ഉത്തരവ്. 15 സ​െൻറിൽ താഴെയുള്ള പട്ടയഭൂമിയിൽ ഉപജീവനത്തിനു വേണ്ടി മാത്രം ഉപയോഗിക്കുന്ന 1500 ചതുരശ്ര അടിക്കു താഴെ വിസ്തൃതിയുള്ള നിർമാണങ്ങൾ ക്രമവത്കരിച്ച് നൽകുന്നതിനും 1500 ചതുരശ്ര അടിയിലേറെ വിസ്തൃതിയുള്ളതും വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നതുമായ നിർമിതികൾ പട്ടയ ഉടമസ്​ഥ​​െൻറ ഏക ജീവനോപധിയാണെന്ന് തെളിയിക്കുന്ന പക്ഷം അപ്രകാരമുള്ള നിർമിതികളിൽ നീതിയുക്തമായ തീരുമാനമെടുക്കാൻ ജില്ല കലക്ടർ സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ വ്യവസ്ഥയ​ുണ്ട്. അനന്തമായ അഴിമതിക്ക് വഴി ​വെക്കുന്നതാണ് പ്രസ്തുത വ്യവസ്ഥകൾ. 1964 ലെ ചട്ടപ്രകാരം ഒരു വ്യക്തിക്ക് പരമാവധി നാല്​ ഏക്കർ കരഭൂമിക്ക് വരെ നിയമാനുസൃതം പട്ടയം നൽകാം. 15 സ​െൻറിൽ കൂടുതൽ വിസ്തീർണമുള്ള പട്ടയ ഭൂമിയിൽ ചട്ടം ലംഘിച്ച് വാണിജ്യ നിർമാണ പ്രവർത്തനങ്ങൾ നടത്തിയാൽ വസ്തുവി​െൻറ പട്ടയം റദ്ദാക്കി വസ്തു സർക്കാറിലേക്ക് മുതൽക്കൂട്ടുമെന്നും അതു പാട്ടത്തിന് നൽകുമെന്നുമാണ് വ്യവസ്ഥ. ഇടുക്കിജില്ലയിലെ പട്ടയ ഉടമകളിൽ  ഭൂരിപക്ഷവും പട്ടയ വസ്തുക്കൾ ഈടു​െവച്ച് വിവിധ ബാങ്കുകളിൽനിന്നു വായ്​പകൾ എടുത്തിട്ടുണ്ട്. ഈട് വസ്തുക്കളുടെ പട്ടയം റദ്ദാക്കി ഈടുവസ്തുക്കൾ സർക്കാറിലേക്ക് മുതൽക്കൂട്ടിയാൽ ബാങ്കുകൾക്ക് ഈടു വസ്തുവിൽ സ്ഥാപിച്ച് വായ്പ തിരിച്ചു പിടിക്കാനാവാതെ വരും. അത് ബാങ്കുകൾ പാപ്പരാകുന്ന ഗുരുതര സ്ഥിതി വിശേഷത്തിന് വഴിയൊരുക്കും.

ഇടുക്കി ജില്ലയിലെ പട്ടയ വസ്തുക്കളിൽ നിർമിച്ച റോഡുകൾ, ആശുപത്രികൾ, കോളജുകൾ, സ്കൂളുകൾ, സിനിമശാലകൾ, ഫാക്ടറികൾ എന്നിവയടക്കം ഇതിനകം നടത്തിയ മഹാഭൂരിപക്ഷം നിർമാണ പ്രവർത്തനങ്ങളും അനധികൃത പട്ടികയിൽ വരും. സർക്കാർ ഭൂമി കൈയേറി നടത്തിയ നിർമാണപ്രവർത്തനങ്ങൾ ഏറ്റെടുത്ത് സർക്കാറിൽ നിക്ഷിപ്തമാക്കി പൊതു ആവശ്യങ്ങൾക്ക് ഉപയോഗിക്കുമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. സ്വന്തമായി ഒരു തുണ്ടു ഭൂമി പോലുമില്ലാത്ത ചെറുകിട ​ൈകയേറ്റക്കാരേയും വഴിയാധാരമാക്കുന്ന സർക്കാർ ഉത്തരവ് മനുഷ്യത്വരഹിതമാണ്. ചട്ടം ലംഘിച്ച് നടത്തിയ നിർമിതികൾ പൊളിച്ചു മാറ്റാൻ കോടതികൾ ഉത്തരവിട്ടാൽ ഇടുക്കി ജില്ലയിലെ പൊതുവഴികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും ദേവാലയങ്ങളും ഉൾപ്പെടെ നിർമിതികൾ പോലും പൊളിച്ചു മാറ്റേണ്ടതായി വരും. ഇടുക്കി ജില്ല ശവപ്പറമ്പിന് സമാനമാകും.

പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കാത്ത തരത്തിൽ എല്ലാത്തരം പട്ടയ വസ്തുക്കളിലും അടിസ്ഥാന സൗകര്യവികസനത്തിനാവശ്യമായ നിർമിതികളും വാണിജ്യ നിർമാണ പ്രവൃത്തികളും അനുവദിച്ച് ഭൂമി പതിവ് ചട്ടങ്ങൾ മുൻകാല പ്രാബല്യത്തോടെ ഭേദഗതി ചെയ്യുക മാത്രമാണ് ഏക പോംവഴി.  നിലവി​െല നിർമാണ പ്രവർത്തനങ്ങൾ ക്രമവത്​കരിക്കുന്നതിന് ആവശ്യമായ നിയമ നിർമാണങ്ങൾ നടത്തുകയും വേണം. മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള സുപ്രീംകോടതി വിധി പട്ടയ വ്യവസ്ഥകൾ ലംഘിച്ച് നടത്തിയ എല്ലാ നിർമാണ പ്രവൃത്തികൾക്കും ബാധകമാകും. മരടിലെ ഫ്ലാറ്റുകൾ സ്ഥിതിചെയ്യുന്ന സ്ഥലം നിർമാണ നിരോധനമേഖലയിൽനിന്ന് ഒഴിവാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന കാര്യമോ ഫ്ലാറ്റുകൾ പൊളിക്കുന്ന സ്ഥലത്ത് അതിലും വലുത്​ ഭാവിയിൽ ഉയരും എന്ന കാര്യമോ ഒന്നും സുപ്രീംകോടതി പരിഗണിച്ചില്ല എന്നത്​ സംസ്ഥാന സർക്കാർ കണ്ടില്ലെന്നു നടിക്കരുത്​. അത് ഇടുക്കി ജില്ലയെ കൊലക്കു കൊടുക്കുന്നതിന് സമാനമാണ്. അതേ, ഇടുക്കി മരടിൻെറ വഴിയിലാണ്.

(ലേഖകൻ മുൻ ഇടുക്കി ജില്ല ഗവ. പ്ലീഡറും പബ്ലിക്​ പ്രോസിക്യൂട്ടറുമാണ്)

Loading...
COMMENTS