Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമുജാഹിദ് ഐക്യത്തിന്‍െറ...

മുജാഹിദ് ഐക്യത്തിന്‍െറ ചരിത്രദൗത്യങ്ങള്‍

text_fields
bookmark_border
മുജാഹിദ് ഐക്യത്തിന്‍െറ ചരിത്രദൗത്യങ്ങള്‍
cancel

ചില ചരിത്രപരമായ അടയാളപ്പെടുത്തലുകള്‍ അവശേഷിപ്പിച്ച് കേരളത്തിലെ മത, സാമൂഹിക പരിഷ്കരണ പ്രസ്ഥാനമായ മുജാഹിദ് പ്രസ്ഥാനത്തിന്‍െറ രണ്ടുവിഭാഗങ്ങള്‍ തമ്മില്‍ യോജിക്കുകയാണ്. സമൂഹത്തിലെ നാനാതുറകളില്‍നിന്നും ഐക്യത്തെ അഭിനന്ദിച്ച് സന്ദേശങ്ങള്‍ പ്രവഹിക്കുന്നു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടത്തെ വിയോജിപ്പുകള്‍ക്കും എതിര്‍പ്പുകള്‍ക്കുംശേഷം മുജാഹിദ് പ്രസ്ഥാനം ഐക്യപ്പെടുമ്പോള്‍, അത് ഒരിക്കല്‍ നിര്‍വഹിച്ചിരുന്ന ചരിത്രപരമായ ദൗത്യങ്ങളെക്കുറിച്ചും സാമൂഹികമായ മുന്നേറ്റങ്ങളെക്കുറിച്ചും ബോധമുള്ളവര്‍ക്ക് ആ യോജിപ്പിനെയും ഐക്യത്തെയും അംഗീകരിക്കാതിരിക്കാനാകില്ല.

ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതില്‍ വലിയ സംഭാവനകളര്‍പ്പിച്ച ഒരു മുന്നേറ്റമാണ് ഇസ്ലാഹി പ്രസ്ഥാനം അഥവാ മുജാഹിദ് പ്രസ്ഥാനമെന്നറിയപ്പെട്ട മതകീയധാര. മതത്തെ ചുരുക്കിക്കെട്ടിക്കൊണ്ടിരുന്ന ഒരു ഇരുണ്ടകാലത്ത്, മതത്തിന്‍െറ അന്ത$സത്തകളെയും അത് നിര്‍വഹിക്കേണ്ട സാമൂഹിക ബാധ്യതകളേയും കുറിച്ച് ഉച്ചത്തില്‍ ഘോഷിക്കുകയും ഇസ്ലാമിന്‍െറ കാലിക സാധ്യതകളെ അന്വേഷിക്കുകയും ചെയ്ത പാരമ്പര്യത്തിന്‍െറ തികവാണ് മുക്കാല്‍ നൂറ്റാണ്ടിനുശേഷവും മുജാഹിദ് പ്രസ്ഥാനത്തെ പ്രസക്തമാക്കുന്നത്. ഒരു കാലഘട്ടത്തിന്‍െറ സാമൂഹിക വളര്‍ച്ചയെ സ്വന്തത്തോട് ചേര്‍ത്ത് ബന്ധിപ്പിച്ച ഒരു പ്രസ്ഥാനമാണത്.

കടുത്ത ഭിന്നതകളുടെ, അതിന്‍െറ കാരണങ്ങളും നിലപാടുകളും എന്തുതന്നെയായിരുന്നാലും, പതിനാല് വര്‍ഷങ്ങള്‍ക്കൊടുവില്‍ ഒരു ശുദ്ധീകരണ പ്രക്രിയക്കുശേഷം അത് നിര്‍വഹിച്ച ദൗത്യങ്ങളുടെ കണ്ണികള്‍ക്ക് വലിയ പ്രതീക്ഷകള്‍ നല്‍കി ഐക്യത്തിന്‍െറ പാതയില്‍ ശാക്തീകരിക്കപ്പെടുമ്പോള്‍ കേരളീയ പൊതുസമൂഹം ഇസ്ലാഹി പ്രസ്ഥാനത്തില്‍ വലിയ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുന്നു.

പിളര്‍പ്പാനന്തര ഇസ്ലാഹി സംഘടനകളെ നിഷ്പക്ഷമായി നിരീക്ഷിച്ചവര്‍ പൊതുവില്‍ പങ്കുവെച്ച ചില വിമര്‍ശനങ്ങളെ പ്രത്യുല്‍പാദനപരമായി സ്വീകരിച്ച് ഒരു വിലയിരുത്തലിന് ഇസ്ലാഹി സംഘടനകളുടെ നേതാക്കള്‍ക്ക് സാധിച്ചിട്ടുണ്ടെന്നതിന് അടിവരയിടുന്നതായിരുന്നു മുജാഹിദ് ഐക്യം  യാഥാര്‍ഥ്യമാക്കിയ ഘടനാപരമായ നിര്‍മിതി. പതിനാല് വര്‍ഷങ്ങളുടെ അകല്‍ച്ചയെ പ്രത്യുല്‍പന്നമതിത്വത്തോടെ പരിഹരിക്കാന്‍ നേതൃത്വത്തിന് സാധിച്ചു. സ്വയം സാധ്യമാക്കിയ ഈ ഐക്യം തന്നെയാണ് പ്രസ്ഥാനത്തിന്‍െറ താഴത്തേട്ടുവരെയുള്ള പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസവും യാഥാര്‍ഥ്യബോധവും പകര്‍ന്നുകൊടുത്തത്. 

ചരിത്രത്തില്‍ എക്കാലത്തും ശോഭിക്കുന്ന ഒരു ഐക്യമായി ഇസ്ലാഹി ഐക്യത്തിന് മാറാന്‍ കഴിയേണ്ടതുണ്ട്. പിളര്‍പ്പിന്‍െറയും ശൈഥില്യങ്ങളുടെയും എല്ലാ തിക്തതകളേയും പോരായ്മകളെയും പുതിയ കുതിപ്പുകള്‍കൊണ്ട് കീഴടക്കാന്‍ ഐക്യപ്പെട്ട മുജാഹിദ് പ്രസ്ഥാനത്തിന് സാധിക്കണം. അതിന്‍െറ പൂര്‍വകാല ചരിത്രത്തെയും പാരമ്പര്യത്തേയും നിശ്ശബ്ദമായി നിരാകരിക്കുന്ന, ആശയരൂപം പ്രാപിച്ച ഒരു ജഡത്വത്തെ കുതറിത്തെറിപ്പിച്ചാണ് മുജാഹിദുകള്‍ ഐക്യപ്പെടുന്നത്. മുജാഹിദ് പ്രസ്ഥാനത്തെ കേരളീയ പൊതുസമൂഹത്തില്‍ പ്രസക്തമാക്കി നിര്‍ത്തുന്നതിനെ തടഞ്ഞുനിര്‍ത്തിയ ആ നിശ്ചലാവസ്ഥയുടെ പുതിയ പതിപ്പുകള്‍ ആവര്‍ത്തിക്കപ്പെട്ടുകൂടാ. ആഅഭിശപ്തമായ ജഡത്വത്തിന്‍െറ മാറാലകള്‍ ആശയങ്ങളായോ നിലപാടുകളായോ ഒട്ടും അവശേഷിക്കുന്നില്ളെന്ന് ഉറപ്പുവരുത്താന്‍ പുതിയ സന്ദര്‍ഭത്തില്‍ ഓരോ മുജാഹിദ് പ്രവര്‍ത്തകനും കഴിയേണ്ടതുണ്ട്.

പതിനാല് വര്‍ഷങ്ങള്‍ ഒരു ചെറിയ കാലയളവല്ല. കേരളീയ സാമൂഹിക മണ്ഡലത്തില്‍ അതിഗൗരവമായ മാറ്റങ്ങള്‍ക്കു സാക്ഷ്യംവഹിച്ചിട്ടുള്ള ഒരു കാലഘട്ടമാണത്. അവിഭക്ത മുജാഹിദ് പ്രസ്ഥാനം അതിന്‍െറ പ്രവര്‍ത്തനം അവസാനിപ്പിച്ചിടത്തുനിന്ന് അതിവിദൂരമായ ഒരു ദിശയില്‍ പുതിയ സാമൂഹിക സാഹചര്യങ്ങള്‍ എത്തിനില്‍ക്കുന്നുണ്ട്. പഴയ സാഹചര്യങ്ങള്‍ക്കനുസൃതമായി രൂപപ്പെടുത്തിയെടുത്ത അന്നത്തെ സാമൂഹിക നിലപാടുകള്‍ ഐക്യപ്പെട്ട മുജാഹിദ് പ്രസ്ഥാനത്തിന് കരണീയമാകണമെന്നില്ല. നിലപാടുകളെ മാത്രം വിശുദ്ധമായിക്കാണാതെ പുതിയ സന്ദര്‍ഭങ്ങള്‍ക്കിണങ്ങുന്ന പുതിയ നിലപാടുകളും നീക്കങ്ങളുമാണ് ഇന്ന് പ്രസ്ഥാനത്തിനാവശ്യം.

പതിനാല് വര്‍ഷത്തിന്‍െറ വഴിദൂരം ഓടിയത്തൊന്‍ പുതിയ കാലത്തിന്‍െറ സാധ്യതകളും സങ്കേതങ്ങളും പ്രസ്ഥാനത്തിന് പ്രാപ്യമായേ മതിയാകൂ. അപരിചിതത്വങ്ങളുടെ പേരില്‍ നെറ്റിചുളിക്കാതെ പുതിയ ചിന്തകളെയും നിലപാടുകളേയും സ്വാഗതംചെയ്യാനും പ്രസ്ഥാനം തയാറാകണം. ചിന്താപരമായ ഒൗന്നത്യത്തിന്‍െറ പേരിലാണ് ഇസ്ലാഹി പ്രസ്ഥാനത്തിന്‍െറ പ്രസക്തി അടയാളപ്പെടുത്തപ്പെട്ടിരുന്നത്. ദീര്‍ഘമായ ഓട്ടത്തിനിടയില്‍ സ്വയം ഇടുങ്ങിപ്പോകുന്ന വഴികളെക്കുറിച്ചും താഴേക്ക് പിടിച്ചുവലിക്കുന്ന ചുഴികളെക്കുറിച്ചുമുള്ള പുതിയ ബോധ്യങ്ങള്‍ പ്രസ്ഥാനത്തിന് പുതിയ ഉള്‍ക്കാഴ്ചയും കരുത്തും നല്‍കുമെന്ന് പ്രത്യാശിക്കാം. പുതിയ കാലത്തെ വായിച്ചെടുക്കാന്‍ പ്രാപ്തിയുള്ള പണ്ഡിതരെയും നേതാക്കളേയും കാലം കാത്തിരിക്കുന്നു. ആ വിടവുകള്‍ പരിഹരിക്കാന്‍ കൂടി ഇസ്ലാഹി പ്രസ്ഥാനത്തിന് സാധിക്കുമെന്ന് ആശിക്കാം.

പഴയ മൂശയില്‍ പുതിയ പാത്രങ്ങള്‍ പിറവിയെടുക്കില്ല. പാത്രങ്ങളെക്കാള്‍ അതിനെ വാര്‍ത്തെടുക്കുന്ന മൂശകളെയാണ് രൂപവത്കരിക്കേണ്ടത്. വായനയെയും ചിന്തയേയും നിരന്തരമായി പ്രോത്സാഹിപ്പിച്ചിരുന്ന ഇസ്ലാഹി ധാരക്ക് പരിക്കേറ്റത് എവിടെവെച്ചായിരുന്നെന്ന ഒരു ആത്മവിശകലനത്തിന് നേതാക്കള്‍ തയാറായിരിക്കുന്നുവെന്നാണ് അവരുടെ പ്രതികരണങ്ങള്‍ വെളിപ്പെടുത്തുന്നത്. ആ ബോധ്യങ്ങളും അന്വേഷണങ്ങളും താഴത്തേട്ടിലും സംഭവിക്കുമ്പോള്‍ അതിന്‍െറ പൂര്‍വകാല ഗരിമയെ വര്‍ധിത വീര്യത്തോടെ തിരികെപ്പിടിക്കാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല.

പുതിയ വായനകളെയും ചിന്തകളെയും പ്രോത്സാഹിപ്പിച്ചിട്ടുള്ള ജനിതക ഘടനയാണ് ഇസ്ലാഹി പ്രസ്ഥാനത്തിന്‍േറത്. മതത്തിന്‍െറ ആന്തരിക മൂല്യങ്ങളെ അന്വേഷിക്കാന്‍ ഇവ അനിവാര്യമാണ്. ഇവയോട് മുഖം തിരിക്കല്‍ മതത്തെ വീണ്ടും ഉള്ളിലേക്ക് ചുരുക്കിക്കെട്ടല്‍ തന്നെയാണ്. ഈ ചുരുക്കിക്കെട്ടലുകള്‍ക്ക് നേരെയാണ് ഇസ്ലാഹി പ്രസ്ഥാനം പോരാടിയത് എന്നത് എപ്പോഴും ഉണര്‍ന്നിരിക്കേണ്ട ഒരു ചരിത്ര ബോധമാകണം. കേവലമായ സംഘടന ബോധത്തിനും ഒരുപാട് വെളിയില്‍ നില്‍ക്കുന്ന ഒരു പരിവൃത്തമാണ് പ്രസ്ഥാനമെന്ന സങ്കല്‍പം. ഇസ്ലാഹി പ്രസ്ഥാനത്തെ എന്നും നിലനിര്‍ത്തിയിരുന്നത് ഈ ആന്തരിക പരിവൃത്തമാണ്.

കാലികമായി രൂപപ്പെടുന്ന സംഘടനാബോധങ്ങള്‍ പ്രസ്ഥാനം എന്ന കാഴ്ചപ്പാടിനെ ഉലക്കുന്നതാകരുത്. ആ പ്രസ്ഥാനിക കരുത്തിനെ ഉള്ളില്‍നിന്ന് ശക്തിപ്പെടുത്തുന്ന നിലയിലേക്ക് സംഘടനാബോധങ്ങള്‍ പാകപ്പെടുകതന്നെ വേണം. പ്രഭാഷണങ്ങള്‍ക്ക് അമിത പ്രാധാന്യം കൈവരുന്നതും വ്യത്യസ്ത വായനകളെ അപരവത്കരിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നതും വൈജ്ഞാനിക വളര്‍ച്ചക്ക് തടയിടുന്ന സംഗതികളാണ്. വായനകള്‍ ആശയങ്ങളുടെ വികസനത്തിലേക്ക് വാതില്‍ തുറക്കുമ്പോള്‍ പ്രഭാഷണങ്ങള്‍ പുതിയ വായനകളുടെ വാതിലുകള്‍ കൊട്ടിയടക്കുന്ന കാഴ്ചകള്‍ക്കാണ് നാം സാക്ഷികളാകുന്നത്. ഒരാശയത്തിന്‍െറ ഏതെങ്കിലും ചില ഭാഗങ്ങളില്‍ മാത്രം ഭ്രമണം ചെയ്യുന്നവരല്ല ഇസ്ലാഹി പ്രവര്‍ത്തകര്‍.

അത്തരം ഭ്രമണ പഥങ്ങളില്‍നിന്ന് മോചിതരാകാനുള്ള ഗതികോര്‍ജം അന്വേഷിക്കേണ്ടവരാണവര്‍.  ആശയങ്ങളും നിലപാടുകളും ശക്തമായി ഉള്ളില്‍ നിലനില്‍ക്കുമ്പോഴും ഭിന്ന വീക്ഷണങ്ങളോടും രീതിശാസ്ത്രങ്ങളോടും പുലര്‍ത്തുന്ന സഹിഷ്ണുത ഇസ്ലാഹി പ്രസ്ഥാനത്തിന്‍െറ ഐക്യബോധത്തെ അടയാളപ്പെടുത്തുന്ന അതിന്‍െറ പൂര്‍വകാല പാരമ്പര്യത്തിന്‍െറ തുടര്‍ച്ചയായി നിലനില്‍ക്കേണ്ടതുണ്ട്.

മതനവീകരണം എന്ന് വക്കം മൗലവി എഴുതിയപ്പോള്‍ നേരിട്ട അതേ വിക്ഷുബ്ധാവസ്ഥ ഇന്നും കേരളീയ മതരംഗത്ത് നിലനില്‍ക്കുന്നുവെന്ന് ആ പദവും അത് സൃഷ്ടിക്കുന്ന പ്രതികരണങ്ങളും ബോധ്യമാക്കിത്തരുന്നുണ്ട്. മതത്തെ അത് നിശ്ചലമായിപ്പോകുന്ന സന്ദര്‍ഭങ്ങളില്‍ നിന്ന് ചലനാത്മകതയിലേക്ക് കൂട്ടിക്കൊണ്ട് വരലാണ് മതനവീകരണം എന്ന പദം ലക്ഷ്യമാക്കുന്നത്. മതത്തിന്‍െറ ആശയ സ്രോതസ്സുകളില്‍നിന്ന് കൊണ്ടുള്ള പുനര്‍വായനകള്‍ അനിവാര്യമാകുന്ന സന്ദര്‍ഭങ്ങള്‍, പുതിയകാലത്തിന്‍െറ വ്യവഹാരങ്ങള്‍ നമുക്ക് മുന്നില്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ആ ജീവിതവ്യവഹാരങ്ങളുടെ സങ്കീര്‍ണതകളില്‍നിന്ന് ഇസ്ലാഹി പ്രസ്ഥാനത്തിന് ഒരു ഒളിച്ചോട്ടം സാധ്യമല്ല.

ഇതര ഇസ്ലാമിക സംഘടനകളോടും പ്രസ്ഥാനങ്ങളോടും ഇസ്ലാഹി പ്രസ്ഥാനത്തിനുണ്ടായിരുന്ന സഹിഷ്ണുതയും സഹകരണവും ചരിത്രത്തിന്‍െറ ഏടുകളില്‍ മാത്രം വിശ്രമിക്കേണ്ടതല്ല. വര്‍ത്തമാന കാലത്തെ പുതിയ സാധ്യതകളായി അത് പുനര്‍ജനിക്കുമ്പോള്‍ കേരളീയ മതരംഗത്തെ നേതൃസ്ഥാനം തീര്‍ച്ചയായും ഇസ്ലാഹി പ്രസ്ഥാനത്തിന് വീണ്ടും ആര്‍ജിച്ചെടുക്കാന്‍ സാധിക്കും. അക്ഷര വായനകള്‍ പുനര്‍ജനിക്കാതിരിക്കാന്‍ സാമൂഹിക ബോധത്തിന്‍െറയും സഹിഷ്ണുതയുടെയും സഹകരണത്തിന്‍െറയും വാതിലുകള്‍ തുറന്നിടാം.

ഉള്ളിലെ അപരവത്കരണത്തിന്‍െറ അധ്യായങ്ങള്‍ അവസാനിച്ചുവെന്ന ശുഭപ്രതീക്ഷയും പുലര്‍ത്താം. സംഘടനാ അതിര്‍ത്തികളില്‍ പാലിക്കുന്ന ജാഗ്രതകള്‍പോലെ അതിന്‍െറ അകക്കാമ്പിലും നിത്യവസന്തം വിരിഞ്ഞുകൊണ്ടിരിക്കാന്‍ ജാഗ്രത പാലിക്കാം. വര്‍ത്തമാനകാലത്തെ ഇസ്ലാമിന്‍െറ പ്രതിനിധാനമാണ് ഇസ്ലാഹി പ്രസ്ഥാനത്തിന്‍െറ അസ്തിത്വം. ആ അസ്തിത്വത്തെ അതിന്‍െറ എല്ലാ അര്‍ഥങ്ങളോടെയും ഉള്‍ക്കൊള്ളുന്നതാകട്ടെ പുതിയ ഐക്യബോധം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mujahid
News Summary - historical duties of mujahid unity
Next Story