Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightന്യൂനപക്ഷ സ്കോളർഷിപ്...

ന്യൂനപക്ഷ സ്കോളർഷിപ് നിഷേധിച്ചത് അനീതി

text_fields
bookmark_border
scholarship
cancel

ന്യൂനപക്ഷ വിഭാഗങ്ങളിലെ സ്​കൂൾ വിദ്യാർഥികൾക്ക് ലഭിച്ചിരുന്ന സ്കോളർഷിപ് ഒരു മുന്നറിയിപ്പും കൂടാതെയാണ്​ കേന്ദ്ര സർക്കാർ നിർത്തലാക്കിയത്. പത്രമാധ്യമങ്ങൾ മുഖേനയുള്ള വിജ്​ഞാപനം കണ്ട്​ ലക്ഷക്കണക്കിന്​ വിദ്യാർഥികൾ അപേക്ഷ സമർപ്പിച്ചിരുന്നു.

അപേക്ഷകളിൽ സ്കൂൾതല വെരിഫിക്കേഷനും കഴിഞ്ഞ ശേഷമാണ്​ തിരസ്കരിച്ചുവെന്നറിയിച്ച്​ ഓരോരുത്തർക്കും വ്യക്തിപരമായ എസ്​.എം.എസ്​ അയച്ചത്​. ഇത്​ തികച്ചും തെറ്റായ നടപടിയാണ്​. വിദ്യാഭ്യാസ അവകാശ നിയമം (RTE) നിലവിലുണ്ട്​ എന്നതാണ്​ സ്​കോളർഷിപ്​ നിഷേധത്തിന്​ കാരണമായി പറഞ്ഞത്​.

എന്നാൽ, കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ വിജ്ഞാപനം കത്ത് നമ്പർ SS -15/4/2021 -SCOLARSHIP - MoMA 20/7/2022 പ്രകാരം ആഗസ്റ്റ് 12ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ സർക്കുലറിൽ, ഒന്നുമുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം എന്നാണ്​ അറിയിച്ചിരുന്നത്​. ഈ വിജ്ഞാപനം ഇറങ്ങിയശേഷം നടപ്പാക്കപ്പെട്ടതല്ലല്ലോ വിദ്യാഭ്യാസ സംരക്ഷണ നിയമം.

പല രക്ഷിതാക്കളും ഒരുദിവസത്തെ പണി ഉപേക്ഷിച്ചാണ്​ അക്ഷയ കേ​ന്ദ്രങ്ങളിൽ ചെന്ന്​ അപേക്ഷ നൽകിയത്​. വി​ല്ലേജ് ഓഫിസിൽനിന്ന്​ വരുമാന സർട്ടിഫിക്കറ്റ്​ സംഘടിപ്പിക്കാനും മറ്റുമുള്ള പ്രയത്നങ്ങൾ വേറെ. ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾ അപേക്ഷിക്കേണ്ടതില്ലെന്ന് അറിയിക്കാതിരുന്നതിനാൽ ഇത്രയധികം പേർ ബുദ്ധിമു​ട്ടേണ്ടിവന്നു​.

സ്കൂൾതല വെരിഫിക്കേഷനുമുമ്പ് ഇതുസംബന്ധിച്ച്​ ഒരു പത്രവാർത്തപോലും ഉണ്ടായില്ല. ഇൻസ്റ്റിറ്റ്യൂട്ട്-ജില്ല-സംസ്ഥാനതല നോഡൽ ഓഫിസർമാർക്ക് ഒമ്പത്,10 ക്ലാസുകളിലെ അപേക്ഷകൾ മാത്രം വെരിഫൈ ചെയ്താൽ മതിയെന്ന അറിയിപ്പ് കൊടുക്കുക മാത്രമാണ് ഉണ്ടായത്.

സ്കൂൾതല വെരിഫിക്കേഷൻ നടത്തിയ ശേഷമാണ് നോഡൽ ഓഫിസർമാർക്ക് അധികാരികളുടെ ഈ അറിയിപ്പുപോലും ലഭിച്ചത്. അതിന് തെളിവാണ്, വെരിഫിക്കേഷൻ പൂർത്തീകരിച്ചുവെന്ന മെസേജ് ഓരോരുത്തർക്കും ലഭിച്ചത്. നവംബർ 29ന്, ദ ഹിന്ദു പത്രത്തിൽ (ബംഗളൂരു എഡിഷൻ) മാത്രമാണ് ഇതുസംബന്ധിച്ച് ഒരു വാർത്ത വന്നത്.

വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സൗജന്യ വിദ്യാഭ്യാസത്തിന്​​ വ്യവസ്​ഥയുണ്ടെങ്കിലും എയ്ഡഡ് സ്കൂളുകളിൽ പഠനച്ചെലവ്​ ഏറെയുണ്ട്​. ഈ സ്കോളർഷിപ് ലഭിച്ചിരുന്നവരിൽ ചെറിയ ഒരുഭാഗം മാത്രമാണ് സർക്കാർ സ്കൂളുകളിൽ സൗജന്യമായി പഠിക്കുന്നത്.

മഹാഭൂരിപക്ഷവും പഠിക്കുന്ന എയ്ഡഡ് സ്കൂളുകളിൽ നേരിട്ട് പ്രതിമാസ ഫീസ് വാങ്ങുന്നില്ലെങ്കിലും അതിനു തുല്യമായ പഠനചെലവുകളുണ്ട്. അവിടെ ദിവസക്രമത്തിൽ രണ്ടും മൂന്നും തരം യൂനിഫോമുകൾ നിർബന്ധമാക്കപ്പെട്ടതായി കാണാം. യൂനിഫോം ആനുകൂല്യം വെറും 400 രൂപ മാത്രമാണ്. തയ്യൽ കൂലിക്കുപോലും അത് തികയില്ല.

അങ്ങനെയിരിക്കെ, ഒന്നിലധികം യൂനിഫോമുകളും ഒപ്പം കളർ ഗ്രൂപ് അനുസരിച്ചുള്ള ഹൗസ്​ ഡ്രസ്സുകളും നിർബന്ധമാക്കുന്നതുമൂലം രക്ഷിതാക്കൾക്ക് വളരെയധികം സാമ്പത്തിക ഭാരമുണ്ട്. പാഠ്യപദ്ധതിയിൽപെടുന്നതും പെടാത്തതുമായ പുസ്തകങ്ങൾ മൂലവും അധികച്ചെലവ് വരുന്നുണ്ട്.

ഈ അധ്യയനവർഷം പല എയ്ഡഡ് സ്കൂളുകളിലും സൗജന്യ ടെക്സ്റ്റുകൾക്കുപുറമെ ഓരോ വിദ്യാർഥിക്കും 1000 രൂപക്കു മുകളിലുള്ള ടെക്സ്റ്റുകൾ വിറ്റു. സ്വകാര്യ ഏജൻസികളുടെ ആ പുസ്തകങ്ങൾ, നോട്ട്ബുക്കുകൾ, ബാഗ്, കുട എന്നിവക്കുതന്നെ 3,500 മുതൽ 5,000 വരെ ചെലവുവരും. കൂടാതെ, ബസ് ഫീസും പി.ടി.എ ഫണ്ടും വെൽഫെയർ ഫണ്ടും ചേർന്നാൽ ശരാശരി 4,000വും കൂട്ടിയാൽ 9,000വും വേണ്ടിവരുന്നു.

കോവിഡ് കാലത്ത് എന്നതുപോലെ ഇപ്പോഴും ക്ലാസ് വാട്സ്ആപ് ഗ്രൂപ്പിൽ അടിക്കടി നോട്ടുകൾ ഇടുന്നതിനാൽ, ഒരു കുട്ടിക്ക് മാത്രമായി ഒരു ഫോൺ വേണ്ടിവരുന്നു. അതിനായി 10,000വും ചേർത്താൽ 18,000 മുതൽ 20,000വരെയും തുക ഉയരും. ഇതിനും പുറമെ പ്രത്യേക നിറങ്ങളിലുള്ള യൂനിഫോം ചെരിപ്പുകളുടെ ചെലവ്.

ഷൂ ഉൾപ്പെടെ രണ്ടു ജോടി ചെരിപ്പുകൾക്ക് 1,000വും ചെലവുവരും. തുണി വിലയും തയ്യൽക്കൂലിയും അടക്കം ശരാശരി 1,300 വെച്ച് (കളർ ഹൗസ് ഗ്രൂപ് ഡ്രസ് അടക്കം) മൂന്നുതരം യൂനിഫോമിന്റെ 4000 രൂപ കൂടിയാകുമ്പോൾ 24,000 മുതൽ 26,000വരെ ഒരു കുട്ടിക്ക് മാത്രമായി മുടക്കേണ്ടിവരുന്നു.

ഒരു വീട്ടിൽ മൂന്നുകുട്ടികൾ ഉണ്ടെങ്കിൽ, മുക്കാൽ ലക്ഷം രൂപയോളം, ‘സൗജന്യവും നിർബന്ധിതവുമായ പഠന’ത്തിന് എയ്ഡഡ് സ്കൂളുകളിൽ ജൂൺ മാസത്തിൽ മാത്രം വേണ്ടിവരുന്ന വിധം രക്ഷിതാക്കൾക്ക് പണച്ചെലവുള്ളപ്പോൾ, സൗജന്യ വിദ്യാഭ്യാസം സർക്കാർ രേഖയിലുണ്ട് എന്നതിന്റെ പേരിൽ സ്കോളർഷിപ് നിഷേധിച്ചത് കടുത്ത അനീതിയാണ്.

എയ്ഡഡ് സ്കൂളിൽ കുട്ടിയെ വിടുന്നതിനുള്ള ഇത്തരം ചെലവുകളുടെ ബില്ലിന് (ആശ്രയ/ബി.പി.എൽ) കുടുംബത്തിലെ കുട്ടികൾക്കുപോലും റീ ഇമ്പേഴ്സ്മെന്റ് നൽകാൻ തയാറാകാത്ത ഒരു സർക്കാറിന്, ഇത്രമാത്രം ചെലവേറിയ ‘സൗജന്യ വിദ്യാഭ്യാസ’ത്തിന് നിർബന്ധിക്കാൻ അവകാശമോ അധികാരമോ ഉണ്ടോ എന്നകാര്യം പരിശോധിക്കേണ്ടതുമുണ്ട്.

സംസ്ഥാനത്ത് 12,73,014 വിദ്യാർഥികൾ ഈ വർഷം ഗവൺമെന്റ് സ്കൂളിൽ പഠിക്കുമ്പോൾ, എയ്ഡഡ് സ്കൂളുകളിൽ 22,26,349 പേർ പഠിക്കുന്നുണ്ട്. സാമ്പത്തിക ഭാരമുള്ള എയ്ഡഡ് സ്കൂളുകൾ ഒഴിവാക്കി, സൗജന്യ പഠനത്തിന് ഗവൺമെന്റ് സ്കൂളുകളിലേക്ക് കുട്ടികളെ മാറ്റാമെന്ന് വിചാരിച്ചാൽപോലും, ഈ 22 ലക്ഷത്തിലേറെ പേരെ ഉൾക്കൊള്ളാൻ സംസ്ഥാനത്ത് ഗവൺമെന്റ് സ്കൂളുകൾ ഉണ്ടോ?

എയ്ഡഡ് സ്കൂളുകളുടെ എണ്ണത്തിന്റെ പകുതിയോളം മാത്രമേ ഗവ. സ്കൂളുകൾ ഉള്ളൂ. അതിനാൽ, ചെലവേറിയ ഈ ‘സൗജന്യ’ വിദ്യാഭ്യാസത്തിന് സകലരും നിർബന്ധിക്കപ്പെടുന്നു എന്ന യാഥാർഥ്യം കാണാതെ, RTE ആക്ടിന്റെ പേരുപറഞ്ഞ് ആനുകൂല്യം നിഷേധിച്ചത് കടുത്ത അനീതിയാണ്.സ്കൂൾ പി.ടി.എകൾ സംഘടിച്ച് ഇതിനെതിരെ പൊതുതാൽപര്യ ഹരജി ഫയൽ ചെയ്യാൻ ഹൈകോടതിയെ സമീപിക്കേണ്ടതുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:minoritystudentsscholarship
News Summary - Denial of minority scholarship is not fair
Next Story