Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ദേശീയ വിദ്യാഭ്യാസ നയത്തിൻെറ സാംസ്കാരിക പരിസരം
cancel
Homechevron_rightOpinionchevron_rightArticleschevron_rightദേശീയ വിദ്യാഭ്യാസ...

ദേശീയ വിദ്യാഭ്യാസ നയത്തിൻെറ സാംസ്കാരിക പരിസരം

text_fields
bookmark_border

രാജ്യത്തി​ൻെറ ഭാവി നിർണയിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന പ്രമാണങ്ങളാണ് നയ രേഖകൾ. മറ്റ് മേഖലകളിലെ വികസനത്തേയും സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളേയും സ്വാധീനിക്കാൻ വിദ്യാഭ്യസ നയത്തിന് കഴിയും. അതിനാൽ മറ്റ് നയ രേഖകളേക്കാൾ പ്രാധാന്യവും ഇതിന് കൈവരുന്നു. അതിനാൽ പാർലമെൻറിലും പുറത്തും കാര്യക്ഷമമായി ചർച്ച ചെയ്ത് ജാനാധിപത്യ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് തീരുമാനിക്കേണ്ട വിഷയമാണിത്. കാരണം, ഇന്ത്യയുടെ വിധി നിർണ്ണയിക്കപ്പടുന്നത് അതിൻെറ ക്ലാസ് മുറികളിലാണ്. വിദ്യാഭ്യാസ രംഗത്തുണ്ടാകുന്ന പാളിച്ചകൾ തിരുത്താൻ പ്രയാസമേറിയതും തലമുറകളെ ഇരുട്ടിലേക്ക് നയിക്കുന്നതുമാണ്.


ഈ യാഥാർഥ്യങ്ങൾ ഉൾക്കൊണ്ടാകണം ദേശീയ വിദ്യാഭ്യാസ നയം- 2020നെ വിലയിരുത്തേണ്ടത്. ദൗർഭാഗ്യകരമെന്ന് പറയട്ടെ, രാജ്യത്തിൻെറ ഭാവിയെ മുൻനിർത്തി സത്യസന്ധമായ വിശകലനങ്ങളും വിമർശനങ്ങളും പങ്ക് വെക്കുന്നതിന് പകരം വർഗീയ, രാഷ്ടീയ, വാണിജ്യ താൽപര്യങ്ങളുടെ പുറത്താണ് പലതും നടന്നു കൊണ്ടിരിക്കുന്നത്. ഒരു ഭാഗത്ത് അന്ധമായ പുകഴ്ത്തലും മറുഭാഗത്ത് യുക്തി രഹിതമായ എതിർപ്പുമാണ് ഉയരുന്നത്. സുതാര്യമായ അക്കാദമിക താൽപര്യം മുൻനിർത്തി നയത്തിൻെറ സാംസ്കാരിക പരിസരത്തിന് ഊന്നൽ നൽകി ചിലത് സൂചിപ്പിക്കുകയാണിവിടെ.

പോളിസിപ്പെരുമയുടെ യാഥാർഥ്യം

രാജ്യത്തിൻെറ മുന്നോട്ടുള്ള ഗമനത്തിൽ ഊർജ്വസ്വലമായ ചുവടുകൾ വെക്കാൻ സഹായകരമാകുന്ന നല്ല വാചകങ്ങൾ ഈ നയരേഖയിലുണ്ടെന്നത് സത്യമാണ്. പ്രാപ്യമായത്, നീതിയുക്തമായത്, ഗുണമേന്മയുള്ളത്, താങ്ങാനാകുന്നത്, ഉത്തരവാദിത്തമുള്ളത് തുടങ്ങിയ അടിസ്ഥാന സ്തംഭങ്ങളാൽ തയാറാക്കപ്പെട്ടതാണ് ഈ നയം. പ്രീ സ്കൂൾ തലം മുതൽ സെക്കൻഡറി തലം വരെ സാർവത്രിക പ്രവേശനം ഉറപ്പാക്കുമെന്ന് നയം പറയുന്നു. രണ്ട് കോടി സ്കൂൾ കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ട് വരുമെന്നതാണ് മറ്റൊരു ആകർഷണം. ഉന്നത വിദ്യാഭ്യാസ രംഗത്ത് മൊത്തം എൻറോൾമെൻറ് അനുപാതം (ജി.ഇ.ആർ )50 ശതമാനം ആക്കുമെന്നത് ആർക്കും സന്തോഷം നൽകുന്നതാണ്. ഇങ്ങനെ ഗുണകരമായ പല നിർദ്ദേശങ്ങളുമുണ്ട്.

എന്നാൽ, ഇത്തരം ആശയങ്ങളെ വിപ്ലവകരമായ നിർദ്ദേശങ്ങളായി ചില യൂറ്റ്യൂബർമാരും രാഷ്ട്രീയക്കാരും വാഴ്ത്തുന്നു. സ്വാതന്ത്ര്യാനന്തരമുണ്ടായ വിവിധ പോളിസികൾ, കമ്മീഷൻ റിപ്പേർട്ടുകൾ, കരിക്കുലം ഫ്രെയിംവർക്കുകൾ തുടങ്ങിയയെക്കുറിച്ചുള്ള അജ്ഞതയും ഒരു പോളിസിയെ എങ്ങനെ വിലയിരുത്തണം എന്നതിലെ വ്യക്തതക്കുറവും പക്ഷപാതിത്വവും കൊണ്ടാണ് ഇത്തരം അപക്വമായ നിരീക്ഷണങ്ങൾ സംഭവിക്കുന്നത്. യഥാർഥത്തിൽ ഇതിലെ പല നിർദ്ദേശങ്ങളും മുൻ നയരേഖകളിലെ ആവർത്തനങ്ങളാണ്. ത്രിഭാഷ നയം, സ്കൂൾ കോംപ്ലക്സുകൾ, തൊഴിൽ വിദ്യാഭ്യാസം, ദേശീയ ടെസ്റ്റിംഗ് ഏജൻസി എന്നിവ ഏതാനും ഉദാഹരണങ്ങളാണ്. 1966ലെ കോത്താരി കമ്മീഷൻ, 1968, 1986 വർഷങ്ങളിലെ ദേശീയ വിദ്യാഭ്യാസ നയം, 1992ലെ പ്രോഗ്രാം ഓഫ് ആക്ഷൻ, 1993ലെ യശ്പാൽ കമ്മിറ്റി റിപ്പോർട്ട്, 2005 ലെ സാം പിത്രോഡയുടെ ദേശീയ നോളജ് കമ്മിഷൻ റിപ്പേർട്ട് തുടങ്ങിയവയിൽ പല ഭാഗത്ത് വന്ന കാര്യങ്ങൾ പുതുമ തോന്നിക്കും വിധം വളരെ മനോഹരമായി അവതരിപ്പിക്കുന്നതിൽ ഈ നയം വിജയിച്ചിട്ടുണ്ട്. ഇതാണ് ദേശീയ പ്രാദേശിക ന്യൂസ് ചാനൽ ചർച്ചകളിൽ ചില വാക്താക്കൾ വിപ്ലവകരമായ പുതിയ ആശയങ്ങളായി അവതരിപ്പിക്കുന്നത്.

പാരമ്പര്യവും ആധുനികതയും

രാജ്യത്തിൻെറ ദേശീയ നയം രൂപപ്പെടുത്തുന്നതിൽ പുരാതന പാരമ്പര്യ മൂല്യങ്ങളാണോ ആധുനിക കാഴ്ചപ്പാടുകളാണോ പരിഗണിക്കേണ്ടത് എന്ന ചോദ്യമുയർത്തുന്നുണ്ട് ഈ നയരേഖ. രണ്ടിനും അതി​േൻറതായ ഗുണ ദോഷങ്ങളുണ്ട്. പൗരാണിക ആശയങ്ങൾ അസ്വീകാര്യമാണെന്ന് പറയാൻ കഴിയില്ല.


ഇന്ത്യയെപ്പോലെ സാമൂഹികവും സാംസ്കാരികവുമായ വൈവിധങ്ങൾ നിലനിൽക്കുന്ന ഒരു രാജ്യത്തിൻെറ പാരമ്പര്യം ഏകശിലാ രൂപത്തിലല്ല. പാരമ്പര്യത്തിൽ അധിഷ്ഠിതമായ ഫ്യൂഡലിസ്റ്റ് സമൂഹ ഘടന ഇന്ത്യയിൽ പലയിടങ്ങളിലും ഇപ്പോഴും നിലവിലുണ്ട്. ആധുനിക ജനാധിപത്യ സോഷ്യലിസ്റ്റ് മതേതര സമൂഹത്തിലേക്ക് വരണമെങ്കിൽ ഈ സമൂഹത്തിൽ മൗലികമായ പരിവർത്തനം ഉണ്ടാകേണ്ടതുണ്ട്. വിദ്യാഭ്യാസത്തിൻെറ ലക്ഷ്യത്തിലും ഉളളടക്കത്തിലും ശിക്ഷണ രീതിയിലും അതിനായുള്ള മാറ്റം ആവശ്യമാണ്. ഈ മാറ്റം സാമൂഹികവും സാമ്പത്തികവും സാംസ്ക്കാരികവുമായ പരിവർത്തനത്തിൻെറ മുന്നോടിയായി തീരും.

വിദ്യാഭ്യാസം പരിവർത്തനത്തിൻെറ സുശക്തമായ ഉപകരണമാണ്. സുതാര്യമായ ഈ കാഴ്ച്ചപ്പാടിലാണ് 1966ലെ കോത്താരി കമ്മീഷനും മറ്റ് പല നയങ്ങളും വിദ്യാഭ്യാസത്തെ രൂപകല്പന ചെയ്തത്. പക്ഷേ ഒരു കാലുകൊണ്ട് ഭൂതകാലത്തിലേക്കും മറ്റേ കാലുകൊണ്ട് ഭാവിയിലേക്കും സഞ്ചരിക്കുന്നതാണ് 2020ലെ നയരേഖ. ഗണിതം, തത്വശാസ്ത്രം, കല, ന്യായം, വ്യാകരണം, നിയമം, കവിത, നാടകം, ജ്യോതിശാസ്ത്രം, രസതന്ത്രം, ധാതുവിജ്ഞാനീയം, സസ്യശാസ്ത്രം, ജന്തുശാസ്ത്രം, പരിസ്ഥിതിശാസ്ത്രം, പരിസര സംരക്ഷണം, വൈദ്യം, വാസ്തുവിദ്യ, ജലസംരക്ഷണം, കൃഷി, സംഗീതം, നൃത്തം, യോഗ, മന:ശാസ്ത്രം, രാഷ്ട്രതന്ത്രം, നാടോടി സാഹിത്യം, വിദ്യാഭ്യാസം എന്നീ വിഷയങ്ങളിൽ ഉൾപ്പടെ നിരവധി വിഷയങ്ങളിൽ ഇന്ത്യൻ സാഹിത്യത്തിലും പാരമ്പര്യത്തിലും ഗണ്യമായ വിജ്ഞാനം സംഭരിക്കപ്പെട്ടിട്ടുണ്ടെന്ന ധാരണയാണ് ഈ രേഖയുടെ ആശയാടിത്തറ. പക്ഷേ, ഈ വിജ്ഞാനങ്ങൾ ആധുനിക കാലത്ത് എത്രത്തോളം പ്രസക്തമാണ് എന്നതിന് നയരേഖയിൽ കൃത്യമായ മറുപടിയില്ല.

ഇന്ത്യയുടെ പുരാതന പാരമ്പര്യത്തിൽ നിന്ന് ഊർജ്ജം കണ്ടെത്തുന്നത് അസന്തുലിതമായ സാമൂഹിക ഘടന പുന:സൃഷ്ടിക്കപ്പെടാൻ ഇടയാക്കും. ഇന്ത്യയുടെ പൗരാണിക കാലം എല്ലാവർക്കും ശുഭകരമായിരുന്ന ഒന്നല്ലല്ലോ. ഭൂതകാലം ഓർക്കാനിഷ്ടപ്പെടാത്ത ഒട്ടേറെ ജന സമൂഹങ്ങൾ വസിക്കുന്ന രാജ്യമാണ് നമ്മുടെ ഇന്ത്യ. അതിനാലാകണം ആധുനിക രീതിയിലുള്ള ജ്ഞാന വ്യവസ്ഥയിലൂടെ മാത്രമേ അധ:സ്ഥിത പിന്നാക്ക ജനവിഭാഗങ്ങളുടെ പുരോഗതി സാധ്യമാകൂ എന്ന് അംബേദ്കർ വിശ്വസിച്ചത്.

ഇരുണ്ട പാരമ്പര്യത്തിലേക്കുള്ള തിരിച്ച് പോക്ക് അടിസ്ഥാന ജനവിഭാഗങ്ങൾക്ക് നിരാശാ ബോധമാണ് സമ്മാനിക്കുക. ഈ കാഴ്ചപ്പാടിൽ വേണം സംസ്കൃത പ്രീണനത്തെ കാണേണ്ടത്. സംസ്കൃതം വേദഭാഷയാണ് എന്നതല്ല പ്രശ്നം. സംസ്കൃതത്തെ കേവലം ഒരു ഭാഷയായിട്ടല്ല പോളിസി മുന്നോട്ട് വെക്കുന്നത്. മറിച്ച് ഒരു ജ്ഞാന വ്യവസ്ഥിതിയായിട്ടാണ്. ഈ ജ്ഞാന വ്യവസ്ഥിതി ഹിന്ദു സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങളെ ജ്ഞാനപ്പുരകളുടെ പടിക്ക് പുറത്താക്കിയത് ചരിത്രമാണ്. സ്‌കൂളിൽ എല്ലാ തലത്തിലും സംസ്‌കൃതം പഠിക്കാനായി അവസരം ഉണ്ടാകുമെന്നും കുട്ടികൾ പഠിക്കേണ്ട മൂന്നു ഭാഷകളിൽ ഒന്നായി സംസ്‌കൃതം എടുക്കാമെന്നും പോളിസി പറയുന്നു. പ്രത്യക്ഷത്തിൽ നിർബന്ധമില്ല എന്നും വ്യക്തമാക്കുന്നു. എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംസ്‌കൃത വിഭാഗം ഉണ്ടാകും. സംസ്കൃത സർവകലാശാലകളെ മറ്റുള്ള വിഷയങ്ങൾ കൂടി പഠിപ്പിക്കുന്ന മൾട്ടി ഡിസ്‌സിപ്ലിനറി സ്ഥാപനങ്ങൾ ആക്കും. ഇത്തരത്തിൽ പുരാതന ഭാഷയായ സംസ്കൃതത്തെ പുനർജ്ജീവിപ്പിക്കാൻ ചെലവഴിക്കുന്ന പണവും മനുഷ്യ വിഭവ ശേഷി വിനിയോഗവും ഇന്ത്യയെ പിന്നോട്ട് നയിക്കില്ലേ?



ജീവിത വ്യവഹാരങ്ങളിൽ ഇടപൊടാതിരുന്ന ഹീബ്രു ഭാഷയെ ഇസ്രായേൽ പുനർജീവിപ്പിച്ച് ജീവിത ഭാഷയാക്കിയിട്ടുണ്ടെന്നത് ആധുനിക ചരിത്രമാണ്. പക്ഷേ, ജൂത ജനത പോലെ ഒരൊറ്റ ജനതയല്ല നാം ഇന്ത്യക്കാർ. ഇസ്രായേലിലെ ആകെ ജനങ്ങളുടെ 160 ഇരട്ടിയിലധികം പേരുള്ള വൈവിധ്യങ്ങളുടെ കലവറയാണ് ഇന്ത്യ. ഒരു രാജ്യം ഒരൊറ്റ ജനത എന്നൊക്കെ പറയുന്നത് കേവലം മുദ്രാവാക്യമാണ്. സ്വന്തം ജാതിക്ക് പുറത്തു നിന്ന് വിവാഹം ചെയ്തതിന് ദുരഭിമാനക്കെല 2020ലെ കോവിഡ് കാലത്തും നടന്ന രാജ്യമാണിത്. സംസ്കൃതത്തിന് പ്രതാപമുള്ള ഒരു കാലം ഉണ്ടായിരുന്നു എന്നത് സത്യമായിരിക്കാം. അക്കാലത്ത് സമൂഹത്തിലെ താഴ്ന്ന ജാതിയിൽപ്പെട്ടവർക്ക് സംസ്കൃതം കേൾക്കാൻ പോലുമുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ലല്ലോ. ആ കടം വീട്ടുകയാണോ ഇപ്പോൾ?

പക്ഷേ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഇത് വിപരീത ഫലമാകും ഉണ്ടാക്കുക. ദരിദ്രരും താഴ്ന്ന സാമൂഹിക സാഹചര്യങ്ങളിൽ നിന്നും വരുന്നവർ ആധുനിക കാലത്ത് അപ്രസക്തമായ ഭാഷകൾ പഠിക്കുകയും ഉയർന്ന സാമൂഹിക മൂലധനമുള്ള വിദ്യാർഥികൾ സ്വകാര്യമായി ആധുനിക ലോക ഭാഷകൾ പഠിക്കുന്ന സാഹചര്യം രൂപപ്പെടും. ഫ്രഞ്ച് തത്വചിന്തകനായ പിയറി ബോർദ്യോ (Pierre Bourdieu) നിരീക്ഷിക്കുന്നത് പോലെ വിദ്യാഭ്യാസം സാമൂഹിക അസമത്വം പുനർ സൃഷ്ടിക്കുന്ന പ്രക്രിയ തുടരും.

പ്രാചീനകാല ഇന്ത്യയിൽ ശാസ്ത്ര, ഗണിത മേഖലകളിൽ നല്ല പാണ്ഡിത്യമുള്ള ആര്യഭടൻ, വരാഹമിഹിരൻ, ബ്രഹ്മഗുപ്തൻ, ഭാസ്ക്കരാചാര്യൻ, പരമേശ്വരൻ, മാധവൻ, ചരകൻ, ശുശ്രുതൻ, നാഗാർജുനൻ തുടങ്ങിയവരെ ലോകത്തിന് ഇന്ത്യ സംഭാവന ചെയ്തിട്ടുണ്ട്. എന്നാൽ പതിനാറാം നൂറ്റാണ്ടിനു ശേഷം ആ തലത്തിലുള്ള വിജ്ഞാനാന്വേഷങ്ങൾ അന്യം നിന്നുപോയി. പൗരാണിക ശാസ്ത്രസംഭാവനകളിൽ അഭിമാനം കൊള്ളുകയും അതിനെ ചരിത്രമായി നോക്കിക്കാണുകയും ചെയ്യേണ്ടതിനു പകരം 'ന്റുപ്പാപ്പക്കൊരാനണ്ടാർന്ന് ' എന്ന മിഥ്യാബോധം പുലർത്തുകയും കെട്ടുകഥകളെ ശാസ്ത്ര വസ്തുതകളായി വിലയിരുത്തുകയും ചെയ്യുന്നത് പാഴ് വേലയാകും.

കരിക്കുലം, എക്സ്ട്രാ കരിക്കുലം, കോ കരിക്കുലം എന്നിവക്കിടയിലുള്ള വിഭജനം എടുത്തു കളയാൻ പോളിസി പറയുന്നു. ഒറ്റ നോട്ടത്തിൽ നല്ല തീരുമാനം. പക്ഷേ ഗണിതം, ശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഭാഷാ പഠനം എന്നീ കോർ വിഷയങ്ങൾക്കൊപ്പം ജ്യോതിഷം, വാസ്തു തുടങ്ങിയ വിഷയങ്ങളെയും പഠനത്തിൻെറ മുഖ്യധാരയിലെത്തിക്കാൻ ഇതിലൂടെ കഴിയും. ഇത്തരം വിഷയങ്ങൾ വ്യാപകമാക്കുന്നത് രാജ്യ വികസനത്തിലേക്കല്ല, അന്തവിശ്വാസവും അശാസ്ത്രീയ കാഴ്ചപ്പാടുകളും ശക്തി പ്രാപിക്കുന്നതിലായിരിക്കും എത്തുക.

നൈപുണി സംസ്കാരം

വിദ്യാഭ്യാസത്തിൻെറ തൊഴിൽപരമായ ലക്ഷ്യം പോളിസി നോക്കിക്കാണുന്നു. മൾട്ടി ഡിസിപ്ലിനറി വിദ്യാഭ്യാസത്തെക്കുറിച്ച് നയം വല്ലാതെ വാചാലമാകുന്നത് അതിനാലാണ്. അതിലൂടെ ഉരുത്തിരിയുന്ന തൊഴിൽ മാർക്കറ്റിലെ ഓരോരുത്തരും വിവിധ ശേഷികൾ കരഗതമാക്കിയിട്ടുണ്ടാകുമെന്ന് സിദ്ധാന്തിക്കപ്പെട്ടിരിക്കുന്നു. അവർ ഒരു ജോലിക്കായല്ല, രണ്ടാമത്തെയും മൂന്നാമത്തെയും ജോലിക്കായി കൂടി പരിശീലിക്കപ്പെടുന്നു. ഭാവിയിലുണ്ടാകുന്ന പല ജോലികൾക്കായി പരിശീലിപ്പിക്കപ്പെടുന്നു. തൊഴിലില്ലായ്മ ഭീകര യാഥാർഥ്യമായി മാറുമ്പോൾ ഭരണാധികാരികൾക്ക് കരാർ തൊഴിലാളികളെ സൃഷ്ടിച്ചിറക്കുന്ന ഈ രീതി ആശ്വാസം പകരും. നാലാം വ്യവസായിക വിപ്ലവ കാലഘട്ടത്തിലെ തൊഴിൽ പ്രശ്നത്തിന് പരിഹാരമാകാൻ ഇത് ശ്രമിക്കുന്നു. പക്ഷേ പ്രായോഗിക തലത്തിൽ എത്ര വിജയകരമാകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

അതേസമയം, ബൂർഷാ മുതലാളിത്ത സംസ്കൃതിയുടെ കടന്നുകയറ്റമായി ഇതിനെ ചിത്രീകരിച്ച് കുറ്റപ്പെടുത്തുന്നത് ഭൂഷണമല്ല. കാരണം ലോകത്തെ ഏതാണ്ടെല്ലാ രാജ്യങ്ങളുടെയും പോളിസികളിൽ നിയോ ലിബറൽ സ്വാധീനം പ്രകടമാമാണ്. ഒരു രാജ്യത്തിന് മാത്രം ഒഴിഞ്ഞ് മാറാൻ കഴിയാത്ത ഒരു യാഥാർഥ്യമാണ് ആഗോളവത്കരണം.

അതിൽ നിന്ന് മാറി ഒരു തനത് 'ഇന്ത്യൻനെസ്സ്' സൃഷ്ടിക്കണമെന്നത് കേൾക്കാൻ ചന്തമുള്ള നല്ല കാര്യമാണ്. മാറി നിൽക്കാതെ സക്രിയമായി ഇടപെടലാണ് കരണീയം. സ്വകാര്യവൽക്കരണത്തെ നിരുപാധികം എതിർക്കുന്നത് പോസ്റ്റ്മോർഡേൺ ​ഉ​ട്ടോപ്യൻ ആശയമാണ്.

അതിനാൽ, വിദേശ സർവകലാശാല സ്വകാര്യവൽക്കരണം തുടങ്ങിയവയിൽ മോഡറേറ്റ് സമീപനമാണ് രാജ്യത്തിന് നല്ലത്. പക്ഷേ, ഈ സമീപനം പ്രായോഗികമായി നടപ്പാക്കേണ്ട രീതിശാസ്ത്രം എങ്ങനെ വികസിപ്പിക്കും എന്നത് പോളിസി വാക്താക്കൾക്കും പ്രയോക്താക്കൾക്കും മുന്നിലെ വെല്ലുവിളിയാണ്.

ബഹുസ്വരതയുടെ ഇടം

നാതാത്വത്തിൽ ഏകത്വമെന്ന ഇന്ത്യയുടെ തനത് നയം പോളിസി പ്രാധ്യാന്യ പൂർവം മുന്നോട്ട് വെക്കുന്നില്ല. ഒഴുക്കൻ മട്ടിൽ പറയുന്നുണ്ടാകാം. പോളിസി ലക്ഷ്യംവെക്കും പോലെ ഇന്ത്യ ഒരു ആഗോള സാമ്പത്തിക അധികാര ശക്തിയാകണമെങ്കിൽ നാനാത്വത്തിൽ ഏകത്വമെന്ന മുദ്രാവാക്യം മുഴുവൻ ഇന്ത്യക്കാരുടേയും ജീവിത വീക്ഷണവുമായി മാറണം. അതിന് അനുയോജ്യമായ സ്കീമുകളാണ് രൂപപ്പെടുത്തേണ്ടത്. ഇത്തരം ചിന്ത രൂപപ്പെടുത്തുന്ന സവിശേഷമായ സഹിഷ്ണുതയുടെ പെഡഗോജി സ്കൂൾ, കോളേജ് തലങ്ങളിൽ രൂപപ്പെടുത്തേണ്ടത് അനിവാര്യമാണ്.

അതേസമയം, രാഷ്ടീയ പ്രാധാന്യമുള്ള ഏക ഭാരതം എന്ന സങ്കുചിത കാഴ്ചപ്പാട് പോളിസിയിൽ നന്നായി പ്രതിഫലിച്ച് കാണുന്നു. ഒരു രാജ്യം ഒരു നികുതി, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് തുടങ്ങിയ രാഷട്രീയ മുദ്രാവാക്യങ്ങൾ രസകരമായിത്തോന്നുമെങ്കിലും എല്ലായിടത്തേക്കും അത് വ്യാപിപ്പിക്കുന്നത് അസന്തുലിതാവസ്ഥയാണ് സൃഷ്ടിക്കുക. പ്രത്യേകിച്ചും ഇന്ത്യൻ വിദ്യാഭ്യാസ രംഗത്ത്. സാംസ്കാരിക വൈവിധ്യമുള്ള സമൂഹങ്ങളുടെ ആഘോഷമാണ് ഇന്ത്യൻ ക്ലാസ് മുറികൾ. ഓരോ സമൂഹവും വ്യത്യസ്തങ്ങളായ സാംസ്‌കാരിക ധാരകളെ ഉള്‍ക്കൊള്ളുന്നുണ്ട്. ഈ സാംസ്‌കാരിക ധാരകളെ കോര്‍ത്തിണക്കുകയും അതേസമയം തന്നെ പ്രബലമായ സാംസ്‌കാരിക മൂലധനം ഇല്ലാത്ത വിഭാഗങ്ങളെ അവരവരുടെ സാംസ്‌കാരിക സ്വത്വ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് തന്നെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും ചെയ്യുക എന്നുള്ളതാണ് ബഹുസ്വര സമൂഹത്തിൽ കരണീയമായിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സാംസ്‌കാരികമായി പ്രതികരണാത്മകമായിട്ടുള്ള ബോധനരീതികള്‍ (Culturally Responsive Pedagogy) ഉണ്ടാവണമെന്ന് ആധുനിക വിദ്യാഭ്യാസ ചിന്തകർ സിദ്ധാന്തിക്കുന്നത്. സാംസ്‌കാരിക വൈജാത്യങ്ങളെ ഒരു ഭാരമായും അതേസമയം ഒരു മൂല്യവും വിഭവവുമായി കണക്കാക്കാവുന്നതാണ്. ഇന്ത്യൻ ക്ലാസ് റൂമുകളിൽ ഇതിന് സവിശേഷ പ്രാധാന്യമുണ്ടെന്ന് രാംകാന്ത് അഗ്നിഹോത്രി (Ramkanth Agnihotri)യെപ്പോലുള്ളവർ നടത്തിയ പഠനം വിരൽ ചൂണ്ടുന്നു. ഈ വൈവിധ്യം അവഗണിക്കുന്ന സമീപനമാണ് നയം പ്രായോഗികമായി ചെയ്യുന്നത്. ഏകാത്മകമായ സാംസ്കാരിക ദേശീയത ക്ലാസ് റൂമിലേക്ക് നുഴഞ്ഞ് കയറുമ്പോൾ അരിക് വൽക്കരിപ്പെട്ട വിഭാഗങ്ങൾളുടെ സ്വപ്നങ്ങളിൽ കരിനിഴൽ വീഴുന്നു.


സാമൂഹികം, മതപരം, ജാതീയം, സാമ്പത്തികം എന്നിങ്ങനെ നിരവധി ഘടകങ്ങളാല്‍ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തുന്ന വിദ്യാർഥികളുടെ സാംസ്‌കാരിക പശ്ചാത്തലങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇതിനെല്ലാം മുകളിലായി ഭരണകൂടത്തിന് താൽപര്യമുള്ള ഒന്നിനെ പൊതു സംസ്‌കാരവും ദേശീയ സംസ്കാരവുമായി സൃഷ്ടിച്ചെടുക്കുന്നത് അന്യവൽക്കരണം ത്വരിതപ്പെടുത്താനേ ഉപകരിക്കൂ.

മനോഹരമായ വാചകങ്ങളിലൂടെ പുരോഗമന, ബഹുസ്വര, ജാനാധിപത്യ ആശയങ്ങളുടെ സാക്ഷാൽക്കാരമാണ് ഈ പോളിസിയുടെ ലക്ഷ്യമെന്ന് തോന്നിപ്പിക്കാൻ ഇതിന് കഴിയുന്നുണ്ട്. അതേസമയം, ഭരണകൂട താൽപര്യത്തിനനുസരിച്ച് പ്രയോഗവൽക്കരണം നടത്താൻ വേണ്ട സാംസ്കാരിക ധാരയെ ബോധപൂർവ്വം സന്നിവേഷിപ്പിക്കപ്പെട്ടതായും സൂക്ഷ്മ നിരീക്ഷണത്തിൽ കാണാം. ഇത്തരം സൂക്ഷമ നിരീക്ഷണങ്ങൾക്ക് മുതിരാതെ സമകാലിക ഇന്ത്യൻ വിദ്യാഭ്യാസ രംഗം നേരിടുന്ന എല്ലാ പ്രതിസന്ധികൾക്കുമുള്ള ഒറ്റമൂലിയാണ് ഈ പോളിസി എന്ന് വിചാരിക്കുകയും അങ്ങനെ പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഒറ്റവാക്കിൽ പറഞ്ഞാൽ ധിഷണാന്ധതയാണ്. പോളിസിയിലെ നല്ല വശങ്ങൾ ആശയ ഭിന്നതകൾ മാറ്റിവെച്ച് ഉൾക്കൊള്ളാനും രാജ്യദോഷപരമായതിനെ തുറന്ന് കാണിക്കാനും അക്കാദമിക സമൂഹം ജാഗ്രതയോടെ മുന്നോട്ട് വരണം. അതാവും ഭാവി തലമുറയോട് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ നീതി.

(കാസർക്കോട് കേന്ദ്ര സർവകലാശാലയിൽ വിദ്യാഭ്യാസ വിഭാഗത്തിലെ ഗവേഷക വിദ്യാർഥിയാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationnational education policy
Next Story