ആഘോഷമാസം; ഉത്സവമേളം
text_fieldsഏഷ്യൻ ഗെയിംസ് ഉദ്ഘാടനച്ചടങ്ങിൽ മൂവർണക്കൊടിയേന്തിയ ഇന്ത്യൻസംഘം
ജോർജിയൻ കലണ്ടർ കൂടാതെ വിശേഷപ്പെട്ട കാര്യങ്ങൾക്കെല്ലാം ലൂണാർ കലണ്ടറാണ് ചൈനക്കാർക്ക് പഥ്യം. അതനുസരിച്ച് എല്ലാ വർഷവും എട്ടാം മാസത്തിലെ പതിനഞ്ചാമത്തെ നാൾ മധ്യ ശരത്കാല ഉത്സവം (Mid autumn festival) ആയി ആഘോഷിക്കാറുണ്ട്. ‘മൂൺ കേക്ക് ഫെസ്റ്റിവൽ’ എന്നും ഇത് അറിയപ്പെടുന്നു. നമ്മുടെ വിഷു പോലെ വിളവെടുപ്പിന്റെയും പുനഃസമാഗമത്തിന്റെയും ആഘോഷമാണിത്
കൊല്ലം 2010.
അത്തവണത്തെ ഏഷ്യൻ ഗെയിംസ് ചൈനയിൽ വെച്ചായിരുന്നു. അതും ഞങ്ങളുടെ സമീപനഗരമായ ഗ്വാങ്ചോയിൽ. ചൈനയുടെ ആദ്യത്തെ ആതിഥ്യമായിരുന്നില്ല അത്. 1990ലെ ഏഷ്യാഡ് നടന്നത് ബെയ്ജിങ്ങിലായിരുന്നല്ലോ.‘1951ൽ ഡൽഹിയിൽ തുടങ്ങിയ, നാലുവർഷത്തിലൊരിക്കൽ നടക്കുന്ന കായിക മാമാങ്കം’ എന്ന സ്കൂളിലെ ക്വിസ് മത്സരങ്ങളിൽ സദാ കേട്ടിരുന്ന ചോദ്യത്തിനുത്തരമായിരുന്ന ഏഷ്യൻ ഗെയിംസ് തൊട്ടരികിൽ എത്തുന്നുവെന്നറിഞ്ഞപ്പോൾ വലിയ ആഹ്ലാദമായി.
നേരിൽ കാണണമെന്ന് ഉറപ്പിച്ചു. ഗ്വോങ്ചോ മാത്രമല്ല ഞങ്ങളുടെ പട്ടണമായ ഫോഷാനും ഗെയിംസിനായി സജ്ജമായി. എങ്ങും ചമയങ്ങൾ. ചുവപ്പിൽ ഉടുത്തൊരുങ്ങി രാജ്യത്തിന്റെ മുക്കും മൂലയും.
ചരിത്രത്തിൽ ആദ്യമായി സ്റ്റേഡിയത്തിനു പുറത്ത് ഉദ്ഘാടനപരിപാടി നടന്നതായിരുന്നു അത്തവണത്തെ സവിശേഷത. അതും ഗ്വോങ്ചോയിലെ പേൾ നദിയിൽവെച്ച്. ചടങ്ങുകൾ തുടങ്ങുംമുമ്പേ 45 രാജ്യങ്ങളിൽനിന്നുള്ള കായികപ്രതിഭകൾ സ്വന്തം രാജ്യങ്ങളുടെ പതാകകളുമായെത്തി.
ഇന്ത്യൻ പതാകയേന്തിയത് ഗഗൻ നാരംഗ് ആയിരുന്നു. ഓരോ രാജ്യത്തിനുമായി നിറവെളിച്ചത്താൽ അലങ്കരിച്ച പ്രത്യേക ആഡംബര നൗക. അതത് രാജ്യങ്ങളുടെ കായികാഭ്യാസികളെ ജനങ്ങൾക്കു മുന്നിൽ പ്രദർശിപ്പിച്ചത് ഈ നൗകകളിലൂടെയാണ്.
മൂന്നു മണിക്കൂറുകൊണ്ട് ഏകദേശം ഒമ്പതര കിലോമീറ്റർ നീണ്ട ജലയാത്ര! ഇന്ത്യക്കാരെ വഹിച്ച നൗകയിൽ പലവർണ വിളക്കുകൾ തെളിഞ്ഞത് താജ്മഹലിന്റെ മാതൃകയിലായിരുന്നു എന്നത് വ്യക്തമായി ഓർക്കുന്നു. മുന്നിലൂടെ താജ്മഹൽ നൗക ഒഴുകിനീങ്ങുന്നതു കണ്ടപ്പോൾ അഭിമാനമോ അഹങ്കാരമോ ഒക്കെ തോന്നി.
ചായക്കൂട്ടുകളിൽ മുങ്ങിയെണീറ്റ ഗ്വോങ്ചോ നഗരത്തിന്റെ ആകാശക്കീറിന് വെടിക്കെട്ടുകളുടെ ബഹുവർണമായിരുന്നു. വിവിധ കലാരൂപങ്ങളുമായി ആറായിരം അഭ്യാസികൾ ചുവടുവെച്ചു. ഒച്ചപ്പാടുകളുടെ താളാത്മകതയിൽ ആവേശക്കൊടുമുടിയേറി ആൾക്കൂട്ടം. പേൾ നദിക്ക് ചുറ്റിലുമായി അന്നുണ്ടായ മുപ്പതിനായിരം കാണികളിൽ ഒരാളായല്ലോ എന്നോർക്കാൻ ഇപ്പോഴും ആവേശം.
മുഖ്യ നഗരം ഗ്വോങ്ചോ ആയിരുന്നെങ്കിലും ചിലയിനങ്ങൾ ഫോഷാനിലെ ലിങ്നാൻ മിങ്സു ജിംനേഷ്യത്തിലായിരുന്നു. ഒരു രാത്രി ബോക്സിങ് മത്സരം നടക്കുന്നുണ്ടെന്നറിഞ്ഞു. ഇന്ത്യയുടെ വിജേന്ദർ സിങ് പങ്കെടുക്കുന്നുണ്ടെന്ന വാർത്തകൂടി കേട്ടപ്പോൾ ഒന്നും നോക്കിയില്ല; നേരെ പുറപ്പെട്ടു. ബോക്സിങ് ആയതിനാലാവാം, വളരെ കുറച്ച് മാത്രം ചൈനക്കാരേയുള്ളൂ. റിപ്പോർട്ടിങ്ങിനെത്തിയ മാധ്യമപ്രവർത്തകരല്ലാതെ മറ്റു വിദേശികളാരുമില്ല.
ധാരാളം ഒഴിഞ്ഞ സീറ്റുകൾ. ഇന്ത്യൻ പതാകയുമായി ഒരിടത്ത് ഇരുന്നു. കളിയുടെ നിയമാവലികളൊന്നും അറിയില്ലെങ്കിലും ഒരു ഇന്ത്യക്കാരൻ രാജ്യത്തിനായി റിങ്ങിലിറങ്ങിയിരിക്കുന്നു എന്നതു മാത്രം മതിയായിരുന്നു ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കാൻ. മത്സരത്തിൽ വിജേന്ദർ വിജയിച്ചു; സ്വർണ മെഡൽ നേടി. ഇന്ത്യക്കാരിയെന്ന നിലയിൽ ഇത്രയേറെ അഭിമാനിച്ച മറ്റൊരു മുഹൂർത്തം ചൈനയിൽ പിന്നീട് ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാൽ, ഇല്ലെന്നുതന്നെ പറയാം.
വർഷം 13 കഴിഞ്ഞ്, പത്തൊമ്പതാമത് ഏഷ്യാഡ് വീണ്ടും കൊണ്ടാടുകയാണ് ചൈന. 2022ൽ നടത്താൻ കുറിച്ച തീയതി കോവിഡിന്റെ കെടുതിയാൽ ഒരു വർഷം നീട്ടേണ്ടിവന്നു. സെപ്റ്റംബർ 23, ശനിയാഴ്ച രാത്രിയിൽ ഗെയിംസ് കേമമായിത്തന്നെ തുടങ്ങി. 80,000 ഇരിപ്പിടങ്ങളുള്ള, ഹാങ്ചോയിലെ ഒളിമ്പിക് സ്പോർട്സ് സെന്റർ അഥവാ ബിഗ് ലോട്ടസ് സ്റ്റേഡിയത്തിലായിരുന്നു ഉദ്ഘാടനം.
ഏഷ്യയുടെ പല ഭാഗങ്ങളിൽനിന്നായി പന്ത്രണ്ടായിരത്തിലേറെ അത്ലറ്റുകളാണ് കിഴക്കൻ ചൈനയിലെ ഹാങ്ചോയിൽ ഒത്തുകൂടിയത്. ഉദ്ഘാടന ചടങ്ങിലുടനീളം, പുരാതനവും സമകാലികവുമായ ചൈനയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ പൂർണമായ സമന്വയമാണ് പ്രദർശിപ്പിക്കപ്പെട്ടത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും പരിസ്ഥിതി സൗഹാർദപരമായ സാങ്കേതികവിദ്യകളും ഉൾക്കൊള്ളിച്ച പ്രകടനങ്ങളും ധാരാളമുണ്ടായി.
നദിയിൽവെച്ച് 2010ൽ നടത്തിയ ഉദ്ഘാടന ചടങ്ങുപോലെ വ്യത്യസ്തതയുമായാണ് ഈ വട്ടവും ചൈന ഏഷ്യാഡിന് തിരികൊളുത്തിയത്. വെടിക്കെട്ടുകളില്ലാത്ത ഒരു ആരംഭം! ഏതു ചെറിയ ആഘോഷങ്ങൾക്കും വെടിക്കെട്ടുകളെ മുന്നിൽനിർത്തുന്ന ഒരു രാജ്യമാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തത് എന്നോർക്കണം.
എങ്കിലും ഒന്നിനും കുറവു വന്നില്ല. കരിമരുന്നുകളുടെ മണമില്ലാത്ത, ത്രീഡി ആനിമേഷന്റെയും ഫ്ലാഷ് ലൈറ്റുകളുടെയും സഹായത്താലുള്ള കൃത്രിമ വെടിക്കെട്ടുകളെയാണ് കണ്ണഞ്ചിപ്പിക്കുന്ന രീതിയിലേക്ക് ഉദ്ഘാടന വേളയെ മാറ്റാൻ ഉപയോഗിച്ചത്. പ്രകൃതിയെ അസ്വസ്ഥപ്പെടുത്തുന്ന ഒന്നും ചെയ്യാതിരിക്കുക എന്നതാണ് ഈ പുതിയ ആവിഷ്കാരത്തിനു പിറകിൽ.
കണക്കുകളനുസരിച്ച്, ലോകവ്യാപകമായുള്ള കാർബൺ ഡയോക്സൈഡിന്റെ 27 ശതമാനവും ചൈനയിൽനിന്നാണ് പുറംതള്ളപ്പെടുന്നത്. 2060 ആകുന്നതോടെ ആ പ്രസരണം വെറും പൂജ്യമാക്കാനുള്ള അധ്വാനം എന്നേ രാജ്യത്ത് ആരംഭിച്ചുകഴിഞ്ഞു. പച്ചപ്പുനിറഞ്ഞ പാർക്കുകളും തെരുവുകളും അതിന് ഉദാഹരണങ്ങളാണ്.
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐ.ഒ.എ) സംയുക്ത പതാകവാഹകരായി ചുമതലപ്പെടുത്തിയത് ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങിനെയും ബോക്സിങ്ങിൽ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവായ ലോവ്ലിന ബോർഗോഹെയ്നെയുമാണ്. 655 പേരടങ്ങുന്നതാണ് ഇന്ത്യൻ സംഘം.
മറ്റൊരു തരത്തിലും ഈ മാസം ചൈനക്ക് ഏറെ വിശേഷപ്പെട്ടതാണ്. ജോർജിയൻ കലണ്ടർ കൂടാതെ വിശേഷപ്പെട്ട കാര്യങ്ങൾക്കെല്ലാം ലൂണാർ കലണ്ടറാണ് ചൈനക്കാർക്ക് പഥ്യം. അതനുസരിച്ച് എല്ലാ വർഷവും എട്ടാം മാസത്തിലെ പതിനഞ്ചാമത്തെ നാൾ മധ്യ ശരത്കാല ഉത്സവം (Mid autumn festival) ആയി ആഘോഷിക്കാറുണ്ട്. ‘മൂൺ കേക്ക് ഫെസ്റ്റിവൽ’ എന്നും ഇത് അറിയപ്പെടുന്നു. നമ്മുടെ വിഷു പോലെ വിളവെടുപ്പിന്റെയും പുനഃസമാഗമത്തിന്റെയും ആഘോഷമാണിത്.
വിജയകരമായുള്ള വിളവെടുപ്പിനുശേഷം എല്ലാം ചന്ദ്രന് സമർപ്പിക്കണമെന്നതാണ് വിശ്വാസം. മൂൺ കേക്കുകളാണ് ഉത്സവത്തിന്റെ പ്രധാന ആകർഷണം. സാധാരണ കേക്കുമായി ഇതിന് ഒരു ബന്ധവുമില്ല. മൈദയുടെ കട്ടിയുള്ള ആവരണം കൊണ്ട് വട്ടത്തിലുണ്ടാക്കുന്നതാണ് ഇത്.
ഉള്ളിൽ ഉപ്പിട്ട് ഉണക്കിയ മുട്ടയുടെ മഞ്ഞക്കരു കാണാം. ആവിയിൽ വേവിച്ചോ വറുത്തെടുത്തോ ആണ് തയാറാക്കുന്നത്. ദീർഘായുസ്സിനെയും മൈത്രിയെയും സൂചിപ്പിക്കുന്ന ചില ചൈനീസ് വാക്കുകൾ കേക്കിനു മുകളിൽ കാണാം. ചന്ദ്രനെ നോക്കി, ഒരു ആചാരം പോലെ ഈ കേക്കുകൾ അവർ ഭക്ഷിക്കും.
തീർന്നില്ല, ഒക്ടോബർ ഒന്ന് ചൈനയുടെ ദേശീയദിനം കൂടിയാണ്. രാഷ്ട്രം പിറന്നിട്ട് 74 വർഷം. ശരത്കാലമേളയുടെ ഒരാഴ്ച ദൈർഘ്യമുള്ള ദേശീയ അവധിക്കിടയിൽ ഇതും ചൈനക്ക് ആഘോഷിക്കാനുള്ളതാണ്.
ഗ്രാമങ്ങളിലേക്കുള്ള വിരുന്നുപോക്കും ബന്ധുക്കളെ സന്ദർശിക്കലുമായി ഇനി ഒരാഴ്ച ചൈനക്കാർ തിരക്കിലാണ്. ഏതൊരു ആഘോഷത്തിലും കുടുംബത്തിലേക്ക്, അല്ലെങ്കിൽ ജനിച്ച നാട്ടിലേക്കുള്ള ഒരു മടങ്ങിപ്പോക്ക് മുഖ്യഭാഗമാണ്. അപ്പോഴും, ഗെയിംസിലുള്ള ആവേശം തെല്ലും അവർക്ക് നഷ്ടമാകുന്നില്ല.
ഇതുവരെയുള്ള കണക്കുകൾ പ്രകാരം മെഡലുകളുടെ എണ്ണത്തിൽ ബഹുദൂരം മുന്നിലാണ് രാജ്യം. എങ്കിലും ഒക്ടോബർ എട്ടിന്, മേള കൊടിയിറങ്ങുമ്പോൾ, 1982ൽ ഡൽഹിയിൽ നടന്ന ഒമ്പതാമത് എഡിഷൻ മുതൽ സ്വന്തമാക്കിവെച്ചിരിക്കുന്ന ഒന്നാംസ്ഥാനം ഇക്കുറി എത്ര സുവർണ മെഡലുകളുമായാണ് നിലനിർത്തുക എന്നറിയാനുള്ള ആകാംക്ഷ ജനം വിട്ടുകളയുന്നില്ല.