Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightബി.എഡ് കോഴ്‌സ്...

ബി.എഡ് കോഴ്‌സ് പുനഃക്രമീകരണവും സാധ്യതകളും

text_fields
bookmark_border
Bed course
cancel

പരമ്പരാഗതമായ ബിരുദ ബിരുദാനന്തര പാഠ്യപദ്ധതിക്കു പകരം തൊഴിലധിഷ്ഠിത കോഴ്‌സുകൾക്ക് കൂടുതൽ പ്രാമുഖ്യം നൽകുന്ന രീതിയിൽ പരിവർത്തനത്തിന് ഒരുങ്ങുകയാണ് ഉന്നത വിദ്യാഭ്യാസ മേഖല ആഗോള വിജ്ഞാന- തൊഴിൽ രംഗത്ത് നമ്മുടെ വിദ്യാർഥികളും ഉദ്യോഗാർഥികളും പ്രഫഷനലുകളും പിന്തള്ളപ്പെടുന്നതിന്റെ മുഖ്യ കാരണങ്ങളിലൊന്ന് മാറുന്ന കാലത്തിന് അനുസൃതമായി വിദ്യാഭ്യാസ രീതിയിൽ വരുത്താത്ത മാറ്റങ്ങളായിരുന്നു. ഏറെ വർഷങ്ങൾക്കു മുമ്പുതന്നെ വരുത്തേണ്ടിയിരുന്ന മാറ്റങ്ങളെക്കുറിച്ച് ഏറെ വൈകിയാണെങ്കിലും ചിന്തിക്കുന്നത് നല്ലകാര്യം തന്നെ. ദേശീയ വിദ്യാഭ്യാസ നയം 2020 അനുശാസിക്കുന്നത് അനുസരിച്ച് പരോക്ഷമാണെങ്കിലും മെഡിക്കൽ-എൻജിനീയറിങ് വിദ്യാഭ്യാസ മാതൃകയിൽ അധ്യാപക പരിശീലന കോഴ്‌സുകൾ പുനഃ ക്രമീകരിക്കാൻ തയാറെടുക്കുകയാണ് ദേശീയ അധ്യാപക വിദ്യാഭ്യാസ കൗൺസിൽ (എൻ.സി.ടി.ഇ). ബി.എഡിനു പകരം ബി.എ ബി.എഡ്, അല്ലെങ്കിൽ ബി.എസ് സി ബി.എഡ് എന്നിങ്ങനെയായിരിക്കും പുതിയ ക്രമീകരണം.

എം.ബി.ബി.എസ്, ബി.ടെക് പ്രവേശനത്തിന് അതതു വിഷയങ്ങളിൽ സെക്കൻഡറി യോഗ്യത മതി. എന്നാൽ, അധ്യാപക ജോലിയിൽ താൽപര്യമുള്ളവർ ആർട്സ്, സയൻസ് അല്ലെങ്കിൽ കോമേഴ്സ് വിഷയങ്ങളിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയ ശേഷമാണ് ബി.എഡിന് പ്രവേശനം നേടുന്നത്. അഥവാ സ്‌കൂൾപഠനം കഴിഞ്ഞ് പിന്നെയും മൂന്നു മുതൽ അഞ്ചോ അതിലധികമോ വർഷം കഴിഞ്ഞ ശേഷം. നഴ്‌സറി, എലിമെന്ററി അധ്യാപകർ മാത്രമാണ് ഇതിനൊരു അപവാദം. വൈകിയുള്ള പരിശീലനവും കാലദൈർഘ്യവും കുറഞ്ഞ വേതനവും ഉദ്യോഗാർഥികൾക്കിടയിൽ അധ്യാപകരംഗത്തോടുള്ള താൽപര്യം കുറയാൻ കാരണമാവുന്നു. സോഷ്യൽ വർക്ക് (എം.എസ്.ഡബ്ല്യൂ), മാനേജ്മെൻറ് (ബി.ബി.എ), നിയമം (എൽഎൽ.ബി) എന്നീ കോഴ്‌സുകളിൽ അഡ്മിഷൻ നേടുന്നവർക്കും കാലതാമസം വിനയാകുന്നു. പരിശീലനം നേരത്തേയാക്കുന്നതിലൂടെ അധ്യാപകരുടെ കുറവുമൂലമുണ്ടാകുന്ന പ്രയാസം ദൂരീകരിക്കാൻ സാധിക്കും. അധ്യാപകരുടെയും വിദ്യാർഥികളുടെയും നിലവാരം ഉയർത്താനും സഹായകമാകും.

ഘടനാപരമായ മാറ്റങ്ങൾ പ്രാഥമിക ഘട്ടത്തിൽ പല വെല്ലുവിളികളും സൃഷ്ടിച്ചേക്കാം. ഉദാഹരണമായി ബി.എഡ് പോലുള്ള പ്രഫഷനൽ കോഴ്‌സുകൾ മാത്രമുള്ള കോളജുകളും പരമ്പരാഗത കോഴ്‌സുകൾ മാത്രമുള്ള കോളജുകളും പ്രതിസന്ധി നേരിട്ടേക്കാം. പ്രഫഷനൽ കോളജുകൾ അധ്യാപകരുടെ അപര്യാപ്തതമൂലവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കാരണവും കഷ്ടപ്പെടും. ആർട്സ് ആൻഡ് സയൻസ് കോളജുകൾ അഡ്മിഷൻ പൂർത്തീകരിക്കാൻ തന്നെ പാടുപെടും. എന്നാൽ, സർവകലാശാലകളും ഓട്ടോണമസ് കോളജുകളും ഈ പ്രതിസന്ധിയെ പെട്ടെന്നു തന്നെ തരണം ചെയ്തേക്കും. കുറഞ്ഞ ശമ്പളം വാങ്ങി ഒരു തൊഴിൽ പരിരക്ഷയും ഇല്ലാതെ സ്വാശ്രയ മേഖലയിൽ ജോലിചെയ്യുന്ന അധ്യാപക-അനധ്യാപക വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ഈ പ്രതിസന്ധി ആശങ്കജനകമാണ്. ഇതിനെ തരണംചെയ്യാൻ ഈ മേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ കൂട്ടായ്മകൾ വഴി തേടേണ്ടിയിരിക്കുന്നു. പരമ്പരാഗത കോഴ്‌സുകൾ കൈകാര്യം ചെയ്യുന്ന അധ്യാപകരെ പ്രഫഷനൽ കോളജുകളിലും തിരിച്ചും സേവനമനുഷ്ഠിക്കാൻ സുതാര്യമായി സൗകര്യമൊരുക്കണം.

അധ്യാപക പരിശീലനത്തിന് സംയോജിത പദ്ധതി (ഇന്റഗ്രേറ്റഡ് കോഴ്സ്) എന്നത് പ്രഫഷനൽ കോഴ്‌സുകൾക്ക് സമീപഭാവിയിൽ ഏകീകൃത സ്വഭാവം വരുമെന്നതിന്റെ സൂചകമാണ്. പ്രധാന സർവകലാശാലകളും എൻ.സി.ഇ.ആർ.ടിയുടെ പ്രാദേശിക കേന്ദ്രങ്ങളും പുതുരീതി പരീക്ഷിച്ചുകഴിഞ്ഞു. അടുത്ത വർഷങ്ങളിൽ മുഴുവൻ അധ്യാപക പരിശീലന വിദ്യാലയങ്ങളും ഈ മാതൃക പിന്തുടരേണ്ടിവരുമെന്നതാണ് ഈ മേഖലയിലെ ഉന്നത കേന്ദ്രങ്ങൾ നൽകുന്ന സൂചന. ഈ വിഷയത്തിൽ വേണ്ട മാർഗനിർദേശങ്ങൾ എൻ.സി.ടി.ഇ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ, 2023-24 അധ്യയന വർഷത്തേക്കുള്ള ചതുർവർഷ ഇന്റഗ്രേറ്റഡ് ബി.എഡ് കോഴ്‌സുകൾക്കുള്ള വിജ്ഞാപനവും പുറപ്പെടുവിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാർ തലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മേയ് 31ന് മുന്നോടിയായി അപേക്ഷകൾ സമർപ്പിക്കാൻ സർക്കുലർ ആവശ്യപ്പെടുന്നു.

പരമ്പരാഗത കോഴ്‌സുകളെ തൊഴിൽ പരിശീലന കോഴ്‌സുകളുമായി സംയോജിപ്പിക്കുന്നത് എന്തുകൊണ്ടും സ്വാഗതാർഹമാണ്. പ്രഫഷനൽ കോഴ്‌സുകൾക്ക് സമാനസ്വഭാവവും ദൈർഘ്യവും ഉണ്ടാകുന്നത് തൊഴിൽ രംഗത്തെ വിവേചനവും അസമത്വവും കുറക്കാൻ സഹായകമാകും. മാത്രമല്ല, സ്‌കൂൾ വിദ്യാഭ്യാസം കഴിയുന്നതോടെ തൊഴിൽ തിരഞ്ഞെടുപ്പിന് ഇത് അവസരമൊരുക്കും. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മക്ക് പരിഹാരമാകും. ചെറുപ്രായത്തിൽതന്നെ തൊഴിൽ യോഗ്യതയും മികച്ച പരിശീലനവും നേടി യുവജനങ്ങൾ ജോലിയിൽ പ്രവേശിക്കുന്നത് അതത് തൊഴിൽ മേഖലയിലെ ഗുണനിലവാര പ്രശ്നത്തിനും പരിഹാരമൊരുക്കും.

മറ്റു പ്രഫഷനൽ കോഴ്‌സുകളെ അപേക്ഷിച്ച് അധ്യാപന പരിശീലന മേഖല സാർവത്രികമാണ്. ഇതിന്റെ പരിണിതഫലമെന്നോണം സ്വാശ്രയ സ്ഥാപനങ്ങളിൽ പലതും വേണ്ടത്ര ഭൗതിക സൗകര്യങ്ങൾ ഒരുക്കാതെയും യോഗ്യരായ അധ്യാപകരെ നിയമിക്കാതെയും വിദ്യാർഥികളെ ലഭിക്കാതെ വരുന്ന ഘട്ടത്തിൽ നിയമവിരുദ്ധമായ വാഗ്ദാനങ്ങൾ നൽകിയുമാണ് പ്രവർത്തിക്കുന്നത്. അറ്റൻഡൻസ് ഇളവ് നൽകുക, പ്രാക്ടിക്കൽ വർക്കുകൾ കർശനമാക്കാതിരിക്കുക, ഇന്റേൺഷിപ് വേണ്ട രൂപത്തിൽ നടത്താതിരിക്കുക തുടങ്ങിയ പ്രവണത പലയിടങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും നടന്നുവരുന്നു.

ഈ പ്രവണതക്ക് ശാശ്വത പരിഹാരം ഉണ്ടാകണമെങ്കിൽ അധ്യാപക-അനധ്യാപക ജീവനക്കാർ കാലങ്ങളായി ഉന്നയിക്കുന്ന ശമ്പള വർധന, തൊഴിൽ സ്ഥിരത തുടങ്ങിയ ആവശ്യങ്ങൾക്ക് പരിഹാരമുണ്ടാകണം. യു.ജി.സി നിർദേശിക്കുന്ന വേതന മാനദണ്ഡങ്ങൾ എല്ലാ കലാലയങ്ങളിലും ഉറപ്പുവരുത്തണം. സേവന കാലാവധിയുടെ അനിശ്ചിതത്വം പലപ്പോഴും തൊഴിൽ അസ്ഥിരതക്ക് കാരണമാകുന്നു. ചെലവ് ചുരുക്കലിന്റെ ഭാഗമായി ഹ്രസ്വകാല കരാറുകളും ഗെസ്റ്റ് ലെക്ചറർ, വിസിറ്റിങ് ഫാക്കൽറ്റി സംവിധാനങ്ങളുമാണ് കേന്ദ്ര സർവകലാശാലകൾ ഉൾപ്പെടെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശ്രയിക്കുന്നത്. ഇത്തരം സേവനങ്ങൾ പലയിടങ്ങളിലും തൊഴിൽ പരിചയമായി പരിഗണിക്കുന്നില്ല എന്നത് തുടക്കക്കാരെ ആശങ്കയിലാക്കുന്നു.

അധ്യാപക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മറ്റൊരു വിഷയം ഉന്നത വിദ്യാഭ്യാസ മേഖലയിലെ അധ്യാപകർക്ക് സർവിസിന് മുന്നോടിയായി തൊഴിൽ പരിശീലന കോഴ്‌സുകൾ ലഭ്യമല്ല എന്നതാണ്. ബി.എഡ് അവർക്കുകൂടി നിർബന്ധമാക്കുകയോ അല്ലെങ്കിൽ ഉന്നത വിദ്യാഭ്യാസ മേഖലയിലെ അധ്യാപകർക്കായി പരിശീലന കോഴ്സ് ആവിഷ്കരിക്കുകയോ ചെയ്യുന്നതിനെക്കുറിച്ചും ആലോചനകൾ ഉണ്ടായേക്കുമെന്ന് കരുതാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:B.Ed Course
News Summary - B.Ed Course Restructuring and Possibilities
Next Story