Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പേരിനൊരു അറസ്റ്റ്; പിന്നെ ജാമ്യവും
cancel
Homechevron_rightOpinionchevron_rightArticleschevron_rightപേരിനൊരു അറസ്റ്റ്;...

പേരിനൊരു അറസ്റ്റ്; പിന്നെ ജാമ്യവും

text_fields
bookmark_border

തലസ്ഥാനത്ത് അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ പൂഞ്ഞാർ മുൻ എം.എൽ.എ പി.സി. ജോർജ് നടത്തിയ വിദ്വേഷപ്രസംഗം രാജ്യത്ത് അടുത്തകാലത്ത് നടന്ന മറ്റു പല വിദ്വേഷപ്രസംഗങ്ങളെയും കടത്തിവെട്ടുന്നത്ര വിഷലിപ്തമായിരുന്നു. വിവിധ മതവിഭാഗങ്ങൾ സൗഹൃദത്തോടും ഐക്യത്തോടും ജീവിക്കുന്ന കേരളത്തിൽ ഇതുപോലൊരു വിദ്വേഷപ്രസംഗം നടത്തിയ ജോർജിനെതിരെ ചുമത്തിയത് ഇന്ത്യൻ പീനൽ കോഡിലെ 153 എ (വിവിധ വിഭാഗങ്ങൾക്കിടയിൽ വിദ്വേഷവും ശത്രുതയും ഉണ്ടാക്കുന്ന പ്രവൃത്തി ചെയ്യുക) 295 എ (മതപരമായ വിശ്വാസത്തെ അപമാനിക്കും വിധം പ്രവർത്തിക്കുക) എന്നീ ജാമ്യമില്ല വകുപ്പകളാണ്. ഈ വകുപ്പനുസരിച്ച് അറസ്റ്റ് ചെയ്യപ്പെടുന്ന പ്രതിക്ക് ജാമ്യം അവകാശമല്ല; കോടതിയുടെ വിവേചനമാണ്.

പബ്ലിക് േപ്രാസിക്യൂട്ടറുടെ വാദം കേട്ടശേഷം മാത്രമാണ് പ്രതിക്ക് ജാമ്യമനുവദിക്കാൻ പറ്റുമോ ഇല്ലേ എന്ന് കോടതി തീർപ്പ് കൽപിക്കുക.ഈ കേസിൽ വിചിത്രമെന്നു പറയട്ടെ, ജാമ്യമനുവദിക്കുന്നത് സംബന്ധിച്ച് പൊലീസിെന്‍റ വാദം പറയാൻ പബ്ലിക് േപ്രാസിക്യൂട്ടർ മജിസ്േട്രറ്റു മുമ്പാകെ ഹാജരായില്ല. പ്രതിയെ കോടതിയിൽ ഹാജരാക്കിയ പൊലീസും ജാമ്യം സംബന്ധിച്ച് മൗനമവലംബിച്ചത് അനായാസം ജാമ്യം ലഭിക്കാൻ കാരണമായി. പബ്ലിക് േപ്രാസിക്യൂട്ടറുടെ അസാന്നിധ്യത്തിൽ ജോർജിന് ജാമ്യമനുവദിക്കരുതെന്ന് ജാമ്യ നോട്ടീസ് കൈപ്പറ്റിയ പൊലീസ് കോടതി മുമ്പാകെ പറഞ്ഞിരുന്നെങ്കിൽ കോടതി ഒരിക്കലും ജാമ്യമനുവദിക്കുകയില്ലെന്നുറപ്പാണ്. പക്ഷേ, അതുണ്ടായില്ല.

പ്രതി കുറ്റം ആവർത്തിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് എന്നീ ഉപാധികൾ ജാമ്യമനുവദിക്കുന്നതിനായി കോടതി പറഞ്ഞിരുന്നുവെന്ന് ജോർജ് തന്നെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പക്ഷേ, ജാമ്യത്തിലിറങ്ങി മിനിറ്റുകൾക്കകം തന്നെ കോടതി കൽപിച്ച ജാമ്യ വ്യവസ്ഥകൾക്ക് വിരുദ്ധമായി ത‍െൻറ പ്രസംഗത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് പരസ്യ പ്രഖ്യാപനം നടത്താനും പ്രതി ധൈര്യം കാട്ടിയത് നമ്മുടെ പൊലീസ് അറിയാതെപോയത് അല്ലെങ്കിൽ കേൾക്കാതെപോയത് തികച്ചും വിചിത്രമാണ്. ജാമ്യവ്യവസ്ഥ ലംഘിച്ചാൽ ജാമ്യം റദ്ദാക്കാൻ പൊലീസിന് കോടതിയെ സമീപിക്കാം. നടൻ ദിലീപിെന്‍റ ജാമ്യം റദ്ദാക്കാൻ ഹരജി നൽകിയത് അപ്രകാരമാണ്. പ്രതിക്ക് ജാമ്യം എളുപ്പമാക്കാൻ സാധിക്കുമാറ് ത‍െൻറ ഔദ്യോഗിക ഉത്തരവാദിത്തത്തിൽനിന്നു വിട്ടുനിന്ന പബ്ലിക് േപ്രാസിക്യൂട്ടർക്കെതിരെയും നടപടിയുണ്ടായില്ല.

മജിസ്േട്രറ്റി‍െൻറ വീട്ടിൽ പ്രതിയെ ഹാജരാക്കുമ്പോൾ ഹാജരാവേണ്ടതില്ലെന്ന് പബ്ലിക് േപ്രാസിക്യൂട്ടർ പറഞ്ഞതായാണ് മാധ്യമ വാർത്ത. ഭരണഘടന 22(2) അനുച്ഛേദമനുസരിച്ച് പ്രതിയെ അറസ്റ്റ് ചെയ്താൽ യാത്രാസമയം കഴിച്ച് 24 മണിക്കൂറിനുള്ളിൽ മജിസ്േട്രറ്റിെന്‍റ മുമ്പാകെ ഹാജരാക്കണമെന്നാണ് നിയമം. ആ സമയം പൂർത്തിയാക്കും മുമ്പ് പ്രതിയെ അറസ്റ്റ് ചെയ്താൽ തുറന്ന കോടതി ഹാളിലും മജിസ്േട്രറ്റിെന്‍റ ചേംബറിലും മാത്രമേ ഹാജരാക്കാവൂ എന്ന് ഒരു നിയമത്തിലും വ്യവസ്ഥയില്ല. ജാമ്യം തീർപ്പ് കൽപിക്കുന്നത് എവിടെയായാലും അവിടെ മജിസ്േട്രറ്റിെന്‍റ മുമ്പാകെ ഹാജരായി പൊലീസിെന്‍റ വാദം പറയാൻ സർക്കാർ ശമ്പളം പറ്റുന്ന പബ്ലിക് േപ്രാസിക്യൂട്ടർ ബാധ്യസ്ഥനാണ്. ജോർജിന്‍റെ കേസിൽ പബ്ലിക് േപ്രാസിക്യൂട്ടർ വിട്ടുനിന്നതിൽ സർക്കാറിന് വിശദീകരണമോ പരാതിയോ ഇല്ല.

അതുകൊണ്ടുതന്നെ പബ്ലിക് േപ്രാസിക്യൂട്ടർ ഔദ്യോഗിക ഡ്യൂട്ടി നിർവഹിക്കുന്നതിൽ വീഴ്ചവരുത്തിയെന്ന് സർക്കാറിന് അഭിപ്രായമില്ല. ഇതിൽനിന്ന് ഒരു കാര്യം വ്യക്തം. പബ്ലിക് േപ്രാസിക്യൂട്ടർ വിട്ടുനിന്നത് സർക്കാർ അറിവോടെയാണ്. അല്ലെങ്കിൽ സുപ്രധാനമായ ഒരു കേസിൽ ഹാജരാവാതെ തെൻറ കൃത്യനിർവഹണത്തിൽ ഗുരുതരമായ കൃത്യവിലോപം കാട്ടിയ േപ്രാസിക്യൂട്ടറുടെ കസേര പണ്ടേ തെറിച്ചേനെ. പക്ഷേ, അതുണ്ടായില്ല. ത‍െൻറ ഔദ്യോഗിക ജീവിതാനുഭവങ്ങൾ വിവരിച്ചു പുസ്തകമെഴുതിയ അന്നത്തെ വിജിലൻസ് ഡയറക്ടറുടെ കസേര തെറിപ്പിച്ച് അച്ചടക്കം നടപ്പിലാക്കിയ മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരം 12ാം മജിസ്േട്രറ്റ് കോടതിയിലെ പബ്ലിക് േപ്രാസിക്യൂട്ടറെ അച്ചടക്കം പഠിപ്പിക്കുവാൻ അറിയാഞ്ഞിട്ടല്ലെന്ന് വ്യക്തം.

മഹത്തരമായ അറസ്റ്റ്

ജോർജിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് പൂഞ്ഞാറിലെ വീട്ടിൽനിന്നു പുലർച്ചെ അഞ്ചു മണിയോടെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്തേക്ക് പൊലീസ് പാർട്ടി യാത്ര തിരിച്ചിരുന്നത്. അറസ്റ്റുചെയ്യുന്നതോടുകൂടി അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തി എത്ര വലിയവനായാലും പ്രതിയായി മാറി. പൊലീസ് വാഹനത്തിലാണ് സാധാരണ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കാറ്. അടുത്തകാലത്ത് മഹാരാഷ്ട്ര മന്ത്രി നവാബ് മാലികിനെ അറസ്റ്റ് ചെയ്തപ്പോഴും, ഡൽഹി മന്ത്രി സത്യേന്ദ്ര ജയിനെ അറസ്റ്റ് ചെയ്തപ്പോഴും സ്വന്തം വാഹനത്തിൽ സഞ്ചരിക്കാൻ അധികൃതർ അനുവദിച്ചിരുന്നില്ല.

കാരണം, അറസ്റ്റ് ചെയ്യുന്നത് പ്രതിയെയാണ്; അയാൾ വഹിക്കുന്ന പദവിയെയല്ല. ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന എൻ.ടി. രാമറാവുവിെന്‍റ മന്ത്രിസഭ പിരിച്ചുവിട്ട് ദിവസങ്ങൾക്കു ശേഷം രാമറാവുവിനെ അറസ്റ്റ് ചെയ്തപ്പോഴും സ്വന്തം വാഹനത്തിൽ സഞ്ചരിക്കാൻ അനുവദിക്കാതെ പൊലീസ് വാനിൽ കയറ്റിയാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നത്. എന്തിനധികം, ഇന്ദിരഗാന്ധിയെ അന്നത്തെ ജനത സർക്കാർ അടിയന്തരാവസ്ഥ കഴിഞ്ഞ് മുമ്പ് പാർലമെന്‍റിൽ നൽകിയ മറുപടി തെറ്റാണെന്ന് ആരോപിച്ച് പ്രിവിലേജ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ജയിലിലടച്ചപ്പോഴും സ്വന്തം വാഹനമുപയോഗിക്കാൻ അനുവദിച്ചിട്ടില്ല. ഇന്ദിര ഗാന്ധിയെ അറസ്റ്റ് ചെയ്തത് ക്രിമിനൽ കേസ് സംബന്ധിച്ചല്ലായിരുന്നു.

കേരളീയ സമൂഹത്തിൽ വർഗീയ വിഷം വിതക്കാൻ ഹേതുവാകുന്ന വിദ്വേഷപ്രസംഗം നടത്തിയ പ്രതി ജോർജിനെ സ്വന്തം വാഹനത്തിൽ വി.ഐ.പി പരിഗണന കൊടുത്ത് പൊലീസ് അകമ്പടിയോടെ തിരുവനന്തപുരത്ത് കൊണ്ടുവന്ന് കോടതിയിൽ ഹാജരാക്കി അനായാസം ജാമ്യം ലഭിക്കാൻ അവസരം സൃഷ്ടിച്ച പൊലീസ് നടപടി മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ സ്നേഹോപഹാരമാണെന്നു വേണം കരുതാൻ. ജാമ്യത്തിലിറങ്ങിയ ജോർജ് ത‍െൻറ വിദ്വേഷ പ്രസംഗത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് പ്രഖ്യാപിക്കാനും മടിച്ചില്ല. കേസിലെ പ്രതിയുടെ ഭാവത്തിലല്ല, നിയമവാഴ്ചയെ വെല്ലുവിളിച്ച ധിക്കാരിയുടെ സ്വരത്തിലാണ് ജാമ്യം ലഭിച്ച ശേഷവും മാധ്യമങ്ങളോട് വാചാലനായത്.

മറ്റേതെങ്കിലും ഒരു പ്രതി സമാനമായ കുറ്റം ചുമത്തി അറസ്റ്റ് ചെയ്താൽ സ്വന്തം ആഡംബര കാറിലേ കയറൂ എന്ന് ശാഠ്യം പിടിച്ചാൽ ഏതെങ്കിലും പൊലീസ് വഴങ്ങുമെന്നു കരുതാനാവില്ല. അപ്രകാരം വഴങ്ങി ആഡംബര കാറിൽ പ്രതിയെ കയറ്റിയാൽ പൊലീസ് പ്രതിയുടെ ദാസ്യരെന്ന് ആരെങ്കിലും ആരോപിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ല. 25 വർഷം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ലാത്ത ഇ.പി. ജയരാജൻ വധ ഗൂഢാലോചന കേസിൽ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനെ പാതിരാവിൽ കണ്ണൂരിലെ വീട്ടിൽനിന്നു അറസ്റ്റ് ചെയ്ത് രണ്ടാഴ്ചയോളം തിരുവനന്തപുരത്ത് ജയിലിലടച്ച വസ്തുത ആരും ഇനിയും മറന്നിട്ടില്ല.

എന്തുകൊണ്ട് ജാമ്യമനുവദിക്കാൻ പാടില്ല?

ജോർജി‍െൻറ പ്രസംഗത്തിലെ ഏറ്റവും അപകടകരമായ ഭാഗം റസ്റ്റാറന്‍റുകളിൽ നിന്നു വന്ധീകരണ മരുന്നു ചേർക്കുന്നുവെന്നതാണ്. രാജ്യത്ത് ഇന്നുവരെ കേട്ടു കേൾവിയില്ലാത്ത അപകടകരമായൊരു വിഷയമാണത്. നേരിട്ടറിവുള്ള ഒരു വിവരമായാണ് പ്രസ്തുത പരാമർശം അദ്ദേഹം സമ്മേളനത്തിൽ അവതരിപ്പിച്ചത്. എങ്കിൽ ആരാണ് അപ്രകാരം ഒരു റസ്റ്റാറന്‍റ് നടത്തുന്നതെന്ന വിവരം പൊലീസിൽ അറിയിക്കാൻ ക്രിമിനൽ നടപടി സംഹിത 39ാം വകുപ്പനുസരിച്ച് നേരിട്ടറിവുള്ള ജോർജ് ബാധ്യസ്ഥനാണ്.

അപ്രകാരമുള്ള അതിഗുരുതരമായ വിവരം പൊലീസിലറിയിക്കാതെ മറച്ചുവെച്ച നടപടി ഏഴു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന ഇന്ത്യൻ പീനൽ കോഡ് 118ാം വകുപ്പനുസരിച്ചുള്ള കുറ്റമാണ്. പൊലീസ് ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതല്ലേ? ആയതിന് ജോർജിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യേണ്ടത് ആവശ്യമാണ്. കേസന്വേഷണത്തിെന്‍റ പരമ പ്രധാനമായ ഈ വിഷയങ്ങൾ അന്വേഷിച്ച് കണ്ടെത്തേണ്ടത് രാജ്യസുരക്ഷയും മതേതരത്വവും രാജ്യത്ത് കാത്തുസംരക്ഷിക്കാൻ ബാധ്യസ്ഥരായ സർക്കാറിെന്‍റ ചുമതലയാണ്. പക്ഷേ, പിണറായി സർക്കാറിെന്‍റ പൊലീസ് സത്യസന്ധമായി കേസന്വേഷണം നടത്താൻ തയാറല്ല. അതുകൊണ്ടാണല്ലോ ജോർജിന് അനായാസം ജാമ്യം ലഭിച്ചതും ജാമ്യം ലഭിച്ചയുടൻ പൊലീസിനെയും നിയമവ്യവസ്ഥയേയും വെല്ലുവിളിച്ച് മാധ്യമങ്ങളോട് സംസാരിക്കാൻ അദ്ദേഹത്തിന് ധൈര്യം ലഭിച്ചതും. അറസ്റ്റിനുവേണ്ടി ഒരു അറസ്റ്റും അനായാസം ജാമ്യവുമൊരുക്കി സർക്കാറിെന്‍റ ഇംഗിതം സാധ്യമാക്കിക്കൊടുത്ത പൊലീസ് മാപ്പർഹിക്കാത്ത കുറ്റമാണ് ചെയ്തത്.

(കേരള മുൻ ഡയറക്ടർ ജനറൽ ഓഫ് േപ്രാസിക്യൂഷൻ ആണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pc georgehate speech
News Summary - Arrest And bail OF PC george in hate speech case
Next Story