അലുമിനിയം പേട്ടൽ എന്ന് കെ. മുരളീധരൻ അരിശംമൂത്ത് വിളിച്ചതു കേട്ട് ആളു പുല്ലാണെന്ന് ധരിച്ചവർക്ക് തെറ്റി. കേരളത്തിലെ പാർട്ടിക്കകത്തെ പ്രശ്നങ്ങളിൽ കേന്ദ്രനിരീക്ഷകൻ സ്വീകരിച്ച സമീപനങ്ങളിൽ തട്ടി തെൻറ ആഗ്രഹങ്ങൾ പേട്ടലിൽ തട്ടിയുടഞ്ഞപ്പോഴുള്ള മുരളിയുടെ പിറുപിറുപ്പായിരുന്നു അത്. വർഷങ്ങൾക്കിപ്പുറം ആഗസ്റ്റ് എട്ടിലെ ‘പാതിരാ കൊലപാതക’ത്തിനുശേഷം ആ ഉരുക്കുബലത്തിൽ സാക്ഷാൽ അമിത് ഷായും നരേന്ദ്ര മോദിയും അതിലപ്പുറം മുറുമുറുത്തിരിക്കണം. അത്രമേൽ ഇരുവരും നോമ്പുനോറ്റ് പണിയെടുത്തതാണ് തങ്ങളുടെ ജാനീ ദുശ്മൻ (ആജന്മശത്രു) ആയ അഹ്മദ് ഭായിയെ കെട്ടുകെട്ടിക്കാൻ. എന്നാൽ, ദക്ഷിണ ഗുജറാത്തിലെ സഹകരണ പ്രസ്ഥാനത്തിെൻറ അമരക്കാരനായി വട്ടിപ്പലിശക്കാരുടെയും േബ്ലഡുകാരുടെയും ചൂഷണത്തിനെതിരെ പടനയിച്ച മുഹമ്മദ് ഇസ്ഹാഖ്ജിയുടെ മകെൻറ പാരമ്പര്യസിദ്ധിക്കു മുന്നിൽ അമിത് ഷായുടെ അമിട്ട് ചീറ്റിപ്പോയി. അഹ്മദ് പേട്ടൽ രാജ്യസഭയിലേക്ക് അഞ്ചാം ജയത്തിെൻറ അമിട്ട് പൊട്ടിച്ചപ്പോൾ ആദ്യ അങ്കം ജയിച്ചിട്ടും അമിത് ഷാക്ക് ആധി ബാക്കി.
ഒരു രാജ്യസഭ സീറ്റിലെ ജയപരാജയം ഇത്രമേൽ ബി.ജെ.പി നേതൃത്വത്തെ വെകിളിപിടിപ്പിച്ചതെന്താവാം? ഗുജറാത്തിൽ ഭറൂച്ച് ജില്ല, അംഗലേശ്വർ അംശം പിറാമൺ ദേശക്കാരനെ പീറരാഷ്ട്രീയക്കാരനായി തള്ളിക്കളയാനാവില്ലെന്നു മാത്രമല്ല, രാഷ്ട്രീയത്തിൽ ആരെയും പിണമാക്കാൻ പോന്നവനാണെന്നാണ് ബി.ജെ.പിക്കാരുടെ പരദൂഷണം. ഒളിക്കൊലയാളിയെന്നാണ് സംഘി ചാവേർ മാധ്യമങ്ങൾ പേട്ടലിനു നൽകിയ ഇരട്ടപ്പേര്. അമിത് ഷാ ഗുജറാത്തിലെ ആഭ്യന്തരമന്ത്രിയായിരിക്കെ നാലുമാസത്തിേലറെ സൊഹ്റാബുദ്ദീൻ ശൈഖ് കൊലയുടെ പേരിൽ ജയിലിലടക്കപ്പെട്ടത്, വൻസാരയുടെ നേതൃത്വത്തിലുള്ള സ്റ്റേറ്റ് ഇൻറലിജൻസ് ടീം എട്ടു കൊല്ലം അഴിക്കുള്ളിലായത്, മുഖ്യമന്ത്രിയായിരിക്കെ, ഗുജറാത്ത് വംശഹത്യയുടെ പേരിൽ നരേന്ദ്ര മോദി 13 മണിക്കൂറിലേറെ അന്വേഷണസംഘത്തിെൻറ ഇരുത്തിപ്പൊരിക്കലിനു വിധേയമായത്, അമിത് ഷായെ ഏറെക്കാലം ഗുജറാത്തിനു പുറത്തു നിർത്തിയത്... എല്ലാം ഇൗയൊരുത്തൻ കാരണമാണെന്നാണ് സംഘി പ്രചാരണം.
മോദിക്കും ബി.ജെ.പിക്കും കുഴലൂത്ത് നടത്താത്ത, അഥവാ ഗവൺമെൻറിെൻറയും പ്രധാനമന്ത്രി മുതൽ പേരുടെയും അന്തക്കേടുകളെയൊക്കെ അനാവരണംചെയ്യുന്ന ബദൽ മാധ്യമങ്ങളുടെയും മാധ്യമക്കാരുടെയുമൊക്കെ പിറകെ ടിയാനാണത്രെ. അമിത് ഷാക്ക് അരിശംമൂക്കാൻ ഇതിൽ കൂടുതൽ എന്തിന്! അതുകൊണ്ടാണ് തങ്ങളുടെ സ്വന്തം ഗുജറാത്തിൽനിന്നൊരുത്തനെ, അതും ഒരു മുസ്ലിമിനെ, ഒരിക്കലും പാർലമെൻറിൽ പച്ചതൊടീക്കില്ലെന്ന് ആണയിട്ട് അരയും തലയും മുറുക്കിയത്. എങ്കിൽപിന്നെ ഒരു കൈ നോക്കിയിട്ടു കാര്യം എന്ന് അഹ്മദ് ഭായിയും. അങ്ങെന വോട്ടുബാങ്കിനെ മൊത്തമായി കർണാടകയിലേക്കു നാടുനീക്കി പാർട്ടിക്കാരെൻറ റിസോർട്ടിൽ പള്ളിയുറക്കത്തിനു വിട്ടു. തെരഞ്ഞെടുപ്പിന് അവരെ തിരിച്ചെത്തിക്കുേമ്പാൾ എല്ലാം ഉറപ്പിച്ചിരുന്നെങ്കിലും പേട്ടൽ ഉറച്ച് ഇരുന്നില്ല. ജെ.ഡി.യു എം.എൽ.എ താൻ േകാൺഗ്രസിെൻറ കൂടെയാണെന്ന് ആവർത്തിച്ചുരുവിട്ടേപ്പാൾ അഹ്മദ് പേട്ടലിലെ കൗശലക്കാരനുണർന്നു. ക്രോസ്വോട്ടിനു സാധ്യത മണത്ത അദ്ദേഹം അതിലൊരു നറുക്കിനായി പിന്നെ നോട്ടം. താൻ ഒന്നു തരപ്പെടുത്തിയപ്പോൾ അമിത് ഷാ പിടിച്ചത് രണ്ട്. എന്നാൽ, ആർത്തി മൂത്ത എം.എൽ.എമാർ ബാലറ്റ് പേപ്പർ പരസ്യപ്പെടുത്തിയതോടെ അതു രണ്ടും പാഴായി. പേട്ടൽ വിജയിയായി.
തൊട്ടതിലൊക്കെ ജയം നേടിയാണ് രാഷ്ട്രീയത്തുടക്കം. 27ാം വയസ്സിൽ പിറാമണിൽനിന്ന് പഞ്ചായത്തിലേക്ക് കാലെടുത്തുവെച്ചതാണ്, 1976ൽ. തൊട്ടടുത്ത വർഷം സഞ്ജയ് ഗാന്ധി ടിക്കറ്റ് കൊടുത്തത് ലോക്സഭയിലേക്ക്. അടിയന്തരാവസ്ഥക്ക് ഇന്ദിരയെ ഇന്ത്യ ശിക്ഷിച്ചപ്പോൾ ജയിച്ചുകയറിയ 153 കോൺഗ്രസ് എം.പിമാരിൽ പേട്ടലുമുണ്ടായിരുന്നു. അതോടൊപ്പം സ്റ്റേറ്റ് യൂത്ത് കോൺഗ്രസ് പ്രസിഡൻറ് പദവും. അടുത്ത തവണയും ഭറൂച്ചിൽനിന്നുതന്നെ ജയിച്ചു. ഒപ്പം പാർട്ടിയുടെ കേന്ദ്രതല നിയമനം എ.െഎ.സി.സി ജോ. സെക്രട്ടറിയായി. 1984ൽ ഭറൂച്ച് ഒരു ലക്ഷം വോട്ടിെൻറ ഭൂരിപക്ഷത്തിനു ജയിപ്പിച്ചു. അതോടെ രാജീവ് ഗാന്ധിയുടെ സെക്രട്ടറിപദവും കൂടെ. പ്രധാനമന്ത്രിയുടെ ഒാഫിസിലെ കാര്യസ്ഥനായി അന്നു കയറിയതാണ്. പിന്നെ സോണിയ പാർട്ടി അധ്യക്ഷയാകുേമ്പാൾ അവരുടെ വലംകൈയായി മാറിക്കഴിഞ്ഞു. വർഗീയധ്രുവീകരണം ശക്തമായ ഗുജറാത്തിൽ പിന്നീട് ജയിക്കാനാവാതെ വന്നപ്പോഴും പാർട്ടിക്ക് അദ്ദേഹത്തെ കൈവിടാനാകുമായിരുന്നില്ല. അതിനാണ് കോൺഗ്രസ് രാജ്യസഭയിലേക്കുള്ള വഴിതുറന്നത്. വഴിവെട്ടിയാൽ പിന്നെ അതു പിടിക്കേണ്ടതെങ്ങനെയെന്നറിയാം എന്നതുതന്നെ ഇൗ വിധേയെൻറ വിജയരഹസ്യം.
സാക്ഷാൽ നരേന്ദ്ര മോദി തനിക്കാക്കി വെടക്കാക്കാൻ ഒരിക്കൽ ശ്രമം നടത്തിയതാണ്. 2014ലെ പൊതുതെരഞ്ഞെടുപ്പിനിടെ മാധ്യമങ്ങൾക്കു നൽകിയ അഭിമുഖങ്ങളിലൊന്നിൽ അഹ്മദ് പേട്ടൽ തന്നെ പുന്നാരക്കൂട്ടാണെന്നും എത്രയോ ഒന്നിച്ചുണ്ട താൻ പേരുപോലും കൂട്ടാതെ ഭാവുഭായ് എന്നേ അദ്ദേഹത്തെ വിളിക്കാറുള്ളൂ എന്നൊക്കെ പറഞ്ഞു. മോദിയുടെ കിന്നാരം പാർട്ടിയിൽ തീർത്ത പാരകൾ ചില്ലറയല്ല. സംശയത്തിെൻറ വാൾ വീശിയവരിൽ രാഹുൽ ഗാന്ധി പോലുമുണ്ടായിരുന്നു എന്നാണ് സംസാരം. ഭർത്താവിെൻറ വിശ്വസ്ത ലഫ്റ്റനൻറിനെ സോണിയ കൈവിടാതിരുന്നതുകൊണ്ട് രക്ഷപ്പെട്ടു. ഇപ്പോൾ മാറ്റേറിയ ജയത്തോടെ, തോൽപിക്കാൻ ബി.ജെ.പി നടത്തിയ കരുനീക്കങ്ങൾ പുറത്തായതോടെ സ്വന്തക്കാരെയും മാറ്റിപ്പറയിക്കാനായി എന്നൊരു സന്തോഷവുമുണ്ട്.
മുഹമ്മദ് ഇസ്ഹാഖ്ജിയുടെയും ഹവ്വാബെൻ മുഹമ്മദ് ഭായിയുടെയും മൂന്നാമത്തെ മകൻ ഭറൂച്ചിലെ ജയേന്ദ്രപുരി കോളജിൽനിന്നു ബിരുദത്തോടൊപ്പം ക്രിക്കറ്റിൽ കളിമിടുക്കും നേടിയാണ് പുറത്തുവന്നത്. പിതാവിെൻറ കോഒാപറേറ്റിവ് സൊസൈറ്റിയെ സഹായിച്ചും െഡയറി കൊണ്ടുനടത്തിയുമാണ് സംഘാടനപാടവം നേടിയത്. മ്യാന്മറിൽ കുടിയേറിയ ഗുജറാത്തി കുടുംബാംഗമായ മേമൂനയാണ് ഭാര്യ. നേതാജി സുഭാഷ് ചന്ദ്രബോസിെൻറ പ്രവർത്തനങ്ങളിൽ സജീവസഹകാരികളായിരുന്നു ഭാര്യവീട്ടുകാർ. രാഷ്ട്രീയം തൊട്ടുനോക്കാത്ത ഫൈസലാണ് മകൻ. ഒരു മകളുമുണ്ട്.