Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_right​ജവഹർലാൽ തിരിച്ചറിഞ്ഞ ...

​ജവഹർലാൽ തിരിച്ചറിഞ്ഞ അപകടങ്ങൾ

text_fields
bookmark_border
​ജവഹർലാൽ തിരിച്ചറിഞ്ഞ  അപകടങ്ങൾ
cancel
camera_alt

ജവഹർലാൽ നെഹ്റു

രാജ്യത്ത്​ ലഭ്യമായിരുന്ന ചികിത്സകൾ കൊണ്ടൊന്നും കമല നെഹ്​റുവി​ന്റെ ടി.ബി രോഗത്തിന്​ ശമനം ലഭിക്കാതെ വന്നതോടെ 1935ൽ അവരെ തുടർചികിത്സക്കായി യൂറോപ്പിലേക്ക്​ കൊണ്ടുപോകാൻ തീരുമാനിച്ചു. അക്കാലത്ത്​ ജയിലിലായിരുന്ന ജവഹർലാൽ നെഹ്​റുവിന്​ ഇതുപോലൊരു യാത്രക്കാവശ്യമായ ചെലവുകൾ കണ്ടെത്താനുള്ള സാമ്പത്തിക സ്രോതസ്സുകൾ പരിമിതമായിരുന്നു. മറ്റു പല കോൺഗ്രസ്​ നേതാക്കളെയും പതിവായി സഹായിച്ചിരുന്ന ബിർള കുടുംബം ഉദാരമായ സഹായവാഗ്​ദാനവുമായി മുന്നോട്ടുവന്നെങ്കിലും ജവഹർലാൽ അത്​ നിരസിച്ചു. ഏതെല്ലാമൊക്കെയോ വിധത്തിൽ സ്വന്തം നിലക്ക്​ തന്നെ പണം കണ്ടെത്തി കമലയെ വിദേശത്ത്​ ചികിത്സിച്ചു.

ഭാര്യയുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുന്നതിനായി ജവഹർ ലാലിനെ ജയിലിൽനിന്ന്​ വിട്ടയക്കണമെന്ന്​ രവീന്ദ്രനാഥ ടാഗോർ, സി.എഫ്​. ആൻഡ്രൂസ്​, തേജ്​ ബഹാദൂർ സപ്രു തുടങ്ങി ബ്രിട്ടീഷ് ലേബർ നേതാക്കളായ ക്ലമൻറ്​ ആറ്റ്​ലി, ജോർജ്​ ലാൻസ്​ബറി വരെ നിരവധി പ്രമുഖർ ആവശ്യപ്പെട്ടെങ്കിലും സർക്കാർ വഴങ്ങിയില്ല. മോചനത്തിനായി ഒരു അഭിഭാഷകൻ അലഹബാദ് ഹൈകോടതിയിൽ അപേക്ഷ നൽകിയപ്പോൾ തനിക്ക് പ്രത്യേക പരിഗണന നൽകുന്ന ദയാഹരജിയിൽ നിന്ന് സ്വയം വിട്ടുനിന്നു ജവഹർലാൽ. കമല മരണശയ്യയിലായപ്പോൾ, വിദേശത്ത്​ അവർക്കരികിലെത്താനായി അദ്ദേഹത്തി​ന്റെ ശിക്ഷ താൽക്കാലികമായി നിർത്തിവെച്ചു; പക്ഷേ ശിക്ഷ ഇല്ലാതാക്കിയില്ല.

സർക്കാറിൽ നിന്ന് പ്രത്യേക ഇളവുകളൊന്നും ആവശ്യപ്പെടാഞ്ഞത് ഒരു അഭിമാനപ്രശ്​നമായി കണ്ടുകൊണ്ടാണെന്ന്​ അദ്ദേഹത്തിന്റെ ജീവചരിത്രകാരൻ എസ്. ഗോപാൽ നിരീക്ഷിക്കുന്നു. താൻ എതിർക്കുന്ന ഒരു വ്യവസ്ഥയോട്​ കടപ്പാട് സൂക്ഷിക്കേണ്ടി വരുന്നതിനെയാണ്​ അഭിമാനപ്രശ്​നമെന്ന്​ വിലയിരുത്തിയത്​. മറ്റ് തടവുകാരിൽ നിന്ന് വ്യത്യസ്‌തമായ പരിഗണന ലഭിച്ചിരുന്നെങ്കിൽ അത്​ സംഭവിക്കുമായിരുന്നു.

മുസ്സോളിനി, മുൻജെ

ബിർളയുടെ വാഗ്​ദാനം നിരസിച്ചതിലും സമാനമായ ഒരു വിഷയം ഉൾപ്പെട്ടിട്ടുണ്ടാകണം. ജവഹർലാൽ അക്കാലത്ത് ഇടതുപക്ഷത്തിന്റെ മുൻനിര നേതാവായിരുന്നു; ബിർളമാർക്ക്​ ദേശീയവാദികളെന്ന യോഗ്യത ഉണ്ടായിരുന്നു എങ്കിൽപോലും അവരിൽനിന്ന് ഒരു വലിയ തുക സ്വീകരിക്കുകയെന്നത്, പ്രത്യയശാസ്ത്രപരമായി എതിർക്കുന്ന ഒരു സ്ഥാപനത്തോട്​ കടപ്പാട്​ സൂക്ഷിക്കേണ്ടി വരുന്നതിന്​ സമം തന്നെയായിരുന്നു.

ബിർളമാരുടെ വാഗ്​ദാനം സ്വീകരിക്കാതിരിക്കാനുള്ള ജവഹർലാലിന്റെ തീരുമാനത്തിന് പിറകിൽ അഭിമാനപ്രശ്​നത്തിനു​ പുറമെ മറ്റൊരു ഘടകവും ഉണ്ടായിരിക്കണം, താൽപര്യ വൈരുധ്യമാണത്​. അക്കാലത്ത് അദ്ദേഹം ഏതെങ്കിലുമൊരു ഔദ്യോഗിക സ്ഥാനവും വഹിച്ചിരുന്നില്ല, സമീപഭാവിയിൽ അതിന്​ സാധ്യതയുമില്ലായിരുന്നു. എങ്കിൽപോലും കൊളോണിയൽ വിരുദ്ധസമരത്തിന്റെ ഒരു പ്രമുഖ നേതാവ്​ (സന്യാസിയായ ഗാന്ധിയെ ഒഴിച്ചു നിർത്തിയാൽ) ഇന്ത്യൻ മുതലാളിത്ത വർഗത്തിലെ ഒരു പ്രമുഖനോട് വ്യക്തിപരമായി കടപ്പെടേണ്ടിവരുക എന്നതിൽ ഒരു താൽപര്യ വൈരുധ്യം അദ്ദേഹത്തിന്​ തോന്നിയിരിക്കണം.

ജവഹർലാൽ നെഹ്‌റുവി​നെ ഇപ്പോൾ ഇന്ത്യ ഭരിക്കുന്ന പാർട്ടി ഈയടുത്ത നാളുകളിലായി ഏറെ അവമതിക്കുന്നുണ്ട്​; എന്നാൽ അതേ പാർട്ടിയുടെ നേതാവ്​ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന്​ അദാനിമാരുടെ ഉടമസ്ഥതയിലുള്ള വിമാനത്തിൽ പറന്നെത്തുന്നതിലെ താൽപര്യ വൈരുധ്യത്തിൽ ഒരു കുഴപ്പവും കണ്ടില്ല​. ചുരുക്കത്തിൽ ജവഹർലാൽ പുലർത്തിയിരുന്ന ധാർമികത ഇപ്പോൾ നിലനിൽക്കുന്ന ധാർമികതയിൽനിന്ന്​, അല്ലെങ്കിൽ അതി​ന്റെ അഭാവത്തിൽ നിന്ന്​ തികച്ചും വിഭിന്നമായിരുന്നു.

ഒരു വ്യക്തിയുടെ ബൗദ്ധികനിലപാടും രാഷ്ട്രീയ തീരുമാനങ്ങളും ഒരു തൽപരകക്ഷിയോടുള്ള വ്യക്തിപരമായ കടപ്പാടിനാൽ കളങ്കമില്ലാത്തതാണെങ്കിൽ കൂടുതൽ വിശ്വസനീയമായി കണക്കാക്കപ്പെടുന്നു. അതിനാൽ, ബിർളയുടെ വാഗ്​ദാനം നിരസിക്കുക വഴി ജവഹർലാൽ ഒരു ധാർമിക നിലപാട് പ്രകടിപ്പിക്കുകയായിരുന്നു, അത് അന്നത്തെ സാഹചര്യത്തിൽ ശരിയായിരുന്നു; ഇക്കാര്യത്തിൽ, അക്കാലത്തെ തന്റെ പല കോൺഗ്രസ് സഹപ്രവർത്തകരെക്കാളും വളരെ മുന്നിലായിരുന്നു അദ്ദേഹം, സമകാലിക നേതാക്കളുടെ കാര്യം പറയേണ്ടതില്ലല്ലോ.

കമലയുടെ വിയോഗശേഷം ജവഹർലാൽ ഇന്ത്യയിലേക്ക്​ മടങ്ങിയ വിമാനത്തിന്​ റോമിൽ സ്​റ്റോപ്​ ഓവർ ഉണ്ടായിരുന്നു. ബ്രിട്ടീഷ്​ വിരുദ്ധ സ്വാതന്ത്ര്യപ്പോരാട്ടത്തി​ന്റെ നേതാക്കളിലൊരാളെ ഒപ്പം നിർത്തുന്നതിലെ പ്രചാരണ സാധ്യതകളെക്കുറിച്ച്​ നന്നായി അറിയാവുന്ന ബെനിറ്റോ മു​സ്സോളിനി ​ജവഹർലാലിനെ കൂട്ടിക്കൊണ്ടുവരാൻ പറഞ്ഞ്​ ആളെ അയച്ചു. ഒപ്പം നിന്ന്​ പടമെടുക്കാനായിരുന്നു അതെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. എന്നാൽ ഫാഷിസത്തി​ന്റെ സ്വഭാവത്തെക്കുറിച്ചും മു​സ്സോളിനിയെ താൻ ചെന്നു കണ്ടാൽ ഇറ്റാലിയൻ ഫാഷിസ്റ്റുകൾ അത്​ ഏതുവിധത്തിലെല്ലാം ഉപയോഗിക്കുമെന്നും കൃത്യമായി ബോധ്യമുണ്ടായിരുന്ന ജവഹർലാൽ വിസമ്മതിച്ചു. സമ്മതിച്ചില്ലെങ്കിൽ തന്റെ ജോലി നഷ്‌ടപ്പെ​ട്ടേക്കുമെന്ന് സഹതാപ കാർഡിറക്കിയ ദൂതനോട് അദ്ദേഹം തർക്കിച്ചുകൊണ്ടിരുന്നു; ജവഹർലാൽ വഴങ്ങാൻ കൂട്ടാക്കാതെ സ്വന്തം വഴിക്കു​ പോയി.

ഫാഷിസത്തെ മനസ്സിലാക്കുന്നതിലും വെറുക്കുന്നതിലും കൊളോണിയൽ വിരുദ്ധപോരാട്ടത്തിലെ മറ്റ് ഇന്ത്യൻ നേതാക്കളെക്കാൾ ഏറെ മുന്നിലാണെന്ന് ജവഹർലാൽ ഇവിടെയും തെളിയിച്ചു. ഹിന്ദുത്വ ക്യാമ്പ് ഫാഷിസത്തോട്​ പുലർത്തുന്ന അനുകമ്പയിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു അത്​. അവരുടെ ദൂതനായി ബി.എസ്. മുൻജെ മു​സ്സോളിനിയെ കാണാൻ പോയത് യഥാർഥത്തിൽ അയാളുടെ പ്രസ്ഥാനത്തെ നേരിൽകണ്ട്​ പഠിക്കാനാണ്​. മുസ്സോളിനിയുടെ പിൻമുറക്കാർ ഇറ്റലിയിലും ആർ.എസ്.എസ്-മുന്നണി സംഘടനയായ പാർട്ടി ഇവിടെയും അധികാരത്തിലിരിക്കുമ്പോൾ, ജനാധിപത്യത്തെ സ്നേഹിക്കുന്ന ഏവരും ഫാഷിസത്തെക്കുറിച്ചുള്ള ജവഹർലാലിന്റെ നിശിത ധാരണയെ അഭിനന്ദിക്കുക തന്നെ വേണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jawaharlal nehrufirst prime minister
News Summary - Accidents Recognized by Jawaharlal nehru
Next Story