Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസ്വര്‍ഗത്തിലെ...

സ്വര്‍ഗത്തിലെ കട്ടുറുമ്പുകള്‍

text_fields
bookmark_border
സ്വര്‍ഗത്തിലെ കട്ടുറുമ്പുകള്‍
cancel

മാധ്യമപ്രവര്‍ത്തനത്തില്‍ ആരുടെയും ഇടപെടല്‍ പാടില്ളെന്ന് നിര്‍ബന്ധമുള്ളവരെ നിരായുധരാക്കുന്ന ഇടപാടുകളാണ് മാധ്യമരംഗത്തുനിന്ന് കേള്‍ക്കുന്നത്. പൊതുതാല്‍പര്യം മുന്‍നിര്‍ത്തി ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കേണ്ട മാധ്യമങ്ങള്‍ അധമവും അസ്വീകാര്യവും അപകടകരവുമായ നിലപാടുകള്‍ സ്വീകരിക്കുന്നു. സംസാരസ്വാതന്ത്ര്യവും ആശയപ്രകാശന സ്വാതന്ത്ര്യവും അലംഘനീയമായ മൗലികാവകാശമായി പ്രഖ്യാപിക്കുന്ന ഭരണഘടന പൊതുസമാധാനത്തിന്‍െറയും സഭ്യതയുടെയും സാന്മാര്‍ഗികതയുടെയും പേരില്‍ ആ സ്വാതന്ത്ര്യത്തിനുമേല്‍ ന്യായമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഭരണകൂടത്തെ അനുവദിക്കുന്നു. ഉത്തരവാദിത്തത്തോടെയുള്ള ആത്മനിയന്ത്രണം മാത്രമാണ് ഭരണകൂടത്തിന്‍െറ നിയന്ത്രണങ്ങളെ തടുക്കുന്നതിനുള്ള മാര്‍ഗം. മാധ്യമങ്ങള്‍ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗുണവും ഇതുതന്നെ.

മാധ്യമങ്ങളില്‍ ആരോപിക്കപ്പെടുന്ന ദോഷങ്ങള്‍ക്ക് കാരണമായി പലതും പറയാനുണ്ട്. കടുത്തമത്സരത്തിന്‍െറ അന്തരീക്ഷത്തില്‍ അതിജീവനത്തിനുവേണ്ടിയുള്ള ബദ്ധപ്പാട് സ്വാഭാവികമാണ്. ധര്‍മവും നൈതികതയും വിസ്മരിക്കപ്പെടുന്ന സാഹചര്യത്തെ കാരണങ്ങള്‍ കണ്ടത്തെി ന്യായീകരിക്കാനാവില്ല. മൂലധനത്തിന്‍െറ സമ്മര്‍ദങ്ങളില്‍നിന്നും ഭരണകൂടത്തിന്‍െറ ഇടപെടലുകളില്‍നിന്നും വിമുക്തമായി സ്വതന്ത്രലോകത്തിന് തുറന്നുകിട്ടിയ നവലോകമാണ് സാമൂഹികമാധ്യമങ്ങള്‍. പാരമ്പര്യമാധ്യമങ്ങളില്‍ ഉത്തരവാദിത്തരാഹിത്യം ആരോപിച്ചവര്‍ സാമൂഹികമാധ്യമങ്ങളില്‍ നിരുത്തരവാദപരമായി വിഹരിക്കുന്ന കാഴ്ചയാണ് കാണുന്നത്. അശിക്ഷിതമായ ആള്‍ക്കൂട്ടത്തില്‍നിന്ന് സുചിന്തിതവും യുക്തിസഹവുമായ പ്രതികരണങ്ങള്‍ പ്രതീക്ഷിക്കരുത്.

മുസഫര്‍നഗറിലെ വര്‍ഗീയലഹളയെക്കുറിച്ചുള്ള ജസ്റ്റിസ് വിഷ്ണുസഹായി കമീഷന്‍െറ റിപ്പോര്‍ട്ട് യു.പി നിയമസഭയില്‍ സമര്‍പ്പിക്കപ്പെട്ടു. 2013ലെ ലഹളയില്‍ 62 പേര്‍ കൊല്ലപ്പെട്ടു. അരലക്ഷത്തിലേറെപ്പേര്‍ക്ക് ജീവനുംകൊണ്ട് പലായനം ചെയ്യേണ്ടി വന്നു. എല്ലാറ്റിന്‍െറയും തുടക്കം ഒരു വീഡിയോ ക്ളിപ്പില്‍നിന്നായിരുന്നു. താലിബാന്‍െറ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്താന്‍-പാകിസ്താന്‍ അതിര്‍ത്തിയില്‍ രണ്ടു പേരുടെ കഴുത്തുവെട്ടുന്ന വിഡിയോ ദൃശ്യമായിരുന്നു അത്. യു.പിയിലെ കവാലില്‍ രണ്ടു ഹിന്ദുയുവാക്കളെ കൊല്ലുന്നതിന്‍െറ ദൃശ്യമായി ബി.ജെ.പി എം.എല്‍.എ സംഗീത് സോം ആ വിഡിയോ പ്രചരിപ്പിച്ചു. അപരിഹാര്യമായ നഷ്ടങ്ങള്‍ക്ക് കാരണമായ വര്‍ഗീയസംഘര്‍ഷത്തിനും സംഘട്ടനത്തിനും ഇത് കാരണമായി.

ഇന്‍റര്‍നെറ്റുമായി ബന്ധപ്പെട്ട മാധ്യമസംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിന് ഉദാഹരണങ്ങള്‍ നിരവധി കാണിക്കാനാകും. ജെ.എന്‍.യു കാമ്പസിലെ വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ആരോപിക്കുന്നതിന് ടൈംസ് നൗ ഉള്‍പ്പെടെയുള്ള ചാനലുകള്‍ പ്രദര്‍ശിപ്പിച്ച വിഡിയോ കൃത്രിമമായി നിര്‍മിക്കപ്പെട്ടതാണെന്ന് തെളിഞ്ഞു. കെടുതികള്‍ തുടരുമ്പോഴും അര്‍ണബ് ഗോസ്വാമി ആക്രമണോത്സുകനായി തെറ്റായ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നു. സ്വന്തം കണ്ണുകളെപ്പോലും വിശ്വസിക്കാന്‍ കഴിയാത്ത കാലത്ത് കാമറക്കണ്ണുകളെ ഒട്ടും വിശ്വസിക്കാനാവില്ല. വലിയ തോതില്‍ ആക്രമണങ്ങള്‍ക്ക് കാരണമാകുന്ന വികൃതിയും വൈകൃതവുമാണ് നവമാധ്യമങ്ങളില്‍ കാണുന്നത്. അനായാസം അണക്കാന്‍ കഴിയാത്ത തീ പടര്‍ത്താന്‍ പര്യാപ്തമായ പൊരികളാണ് നവമാധ്യമങ്ങളില്‍നിന്ന് അനുസ്യൂതം ഉതിരുന്നത്. അറബ് വസന്തത്തിന്‍െറ പേരില്‍ നവമാധ്യമങ്ങളെ പ്രകീര്‍ത്തിക്കുന്നവര്‍ അയല്‍പക്കത്തെ കരിയിലകള്‍ കത്തുന്നത് കാണുന്നില്ല.

ആവിഷ്കാരസ്വാതന്ത്ര്യത്തിന്‍െറ പേരില്‍ ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്തരുത്. പ്രാഥമികമായ ഈ മാധ്യമതത്ത്വം മതവികാരങ്ങളെ മാത്രം ബാധിക്കുന്നതല്ല. മതത്തെ സംബന്ധിച്ചാകുമ്പോള്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമുണ്ട്. പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ നിര്‍ബന്ധമായും പാലിക്കേണ്ടതായ ചില നിബന്ധനകളുണ്ട്. അതിന്‍െറ തെറ്റും ശരിയും പരിശോധിക്കാതെ അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ഇന്ത്യയുടെ ഭൂപടത്തില്‍ കശ്മീര്‍ യഥായോഗ്യം ഉള്‍പ്പെടുത്തുന്നില്ളെങ്കില്‍ രാജ്യദ്രോഹമാണ്. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉള്ളവരുണ്ടാകാം. പക്ഷേ, ഇന്ത്യയുടെ അഖണ്ഡതയെ ചോദ്യംചെയ്യുകയും ദേശീയപതാകയെയോ ദേശീയഗാനത്തെയോ അവഹേളിക്കുകയും ചെയ്യുന്നതിന് ആര്‍ക്കും അവകാശമില്ല. പ്രസാധകര്‍ ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.

ന്യായമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി മാധ്യമപ്രവര്‍ത്തനം നടത്തേണ്ടത് എങ്ങനെയെന്ന കാര്യത്തില്‍ സാമാന്യമായ ധാരണ എല്ലാവര്‍ക്കുമുണ്ട്. പക്ഷേ, എവിടെയുമെന്നപോലെ മാധ്യമരംഗത്തും ധിക്കാരികളുണ്ട്. എല്ലാ ധിക്കാരവും ശരിയായ ധിക്കാരമല്ല. അതിനെതിരെ ശരിയായ രൂപത്തിലല്ലാതെ പ്രതികരണമുണ്ടാകുന്നു. ഡെന്‍മാര്‍ക്കിലെയും പാരിസിലെയും കാര്‍ട്ടൂണിസ്റ്റുകള്‍ ആ പാഠം പഠിച്ചവരാണ്. മതനിന്ദയും മാതൃനിന്ദയും പാടില്ളെന്ന് കാര്‍ട്ടൂണിസ്റ്റുകള്‍ക്കെതിരെയുണ്ടായ ആക്രമണത്തെ പരോക്ഷമായി ന്യായീകരിക്കുന്ന രീതിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രതികരിച്ചു. ആരും പ്രകോപിതരാകരുത് എന്നു പറയാനെളുപ്പമാണ്. ഇല്ലാത്തകാരണങ്ങള്‍ കണ്ടത്തെി പ്രകോപിതരാകുകയെന്നതാണ് മനുഷ്യന്‍െറ സഹജമായ സ്വഭാവം. പ്രകോപനത്തിന് കാരണമാകുന്ന കാര്യങ്ങള്‍ ഒഴിവാക്കുന്നതാണ് ഭംഗി.

സ്വകാര്യതയുടെ സുരക്ഷിതത്വത്തില്‍ ഒളിഞ്ഞിരുന്ന് ഇന്‍റര്‍നെറ്റില്‍ അനാവശ്യങ്ങള്‍ കാണിക്കുന്നവരുണ്ട്. അനാശാസ്യമായ വൈകൃതങ്ങളില്‍ അഭിരമിക്കുന്നവരാണ് അവര്‍. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പിലെ 66എ സുപ്രീംകോടതി റദ്ദാക്കിയത് ഇന്‍ഫര്‍മേഷന്‍ സൂപ്പര്‍ ഹൈവേയിലെ പൊലീസ് പട്രോളിങ് പരിമിതപ്പെടുത്തുന്നതിനുവേണ്ടിയാണ്. നിയമവിധേയമായ സഞ്ചാരത്തിനുള്ള തടസ്സങ്ങള്‍ നീക്കുമ്പോള്‍ നിരത്തുകള്‍ അഴിഞ്ഞാട്ടക്കാരെക്കൊണ്ട് നിറയുന്നു. അവര്‍ രക്ഷപ്പെട്ടേക്കാം; പക്ഷേ, അവര്‍ സൃഷ്ടിക്കുന്ന ആപത്ത് വളരെ വലുതാണ്. സുശിക്ഷിതമായി പ്രവര്‍ത്തിക്കുന്ന പാരമ്പര്യ മാധ്യമങ്ങള്‍പോലും നവമാധ്യമങ്ങളുടെ വലയില്‍ കുടുങ്ങുന്നു. മുസഫര്‍നഗറിലും ഡല്‍ഹിയിലും അതാണ് കണ്ടത്.

ഫേസ്ബുക്കില്‍ കണ്ടത് പകര്‍ത്തിയ‘മാതൃഭൂമി’ അബദ്ധത്തിലായി. മുസ്ലിം സമുദായനേതാക്കന്മാരുടെ സമയോചിതമായ ഇടപെടല്‍ അനാവശ്യമായ സംഭവങ്ങള്‍ ഒഴിവാക്കി. മാപ്പ് എത്ര ഉറക്കെ പറഞ്ഞിട്ടും പ്രതിഷേധം അവസാനിക്കുന്നില്ല. വാര്‍ത്തയിലെ വാസ്തവം ശരിയായ പരിശോധനയിലാണ് കണ്ടെത്തേണ്ടത്.  ഫേസ്ബുക്കിലെ കുറിപ്പുകള്‍ തീര്‍ത്തും വ്യക്തിപരമായ പ്രസ്താവനകള്‍ മാത്രമാണ്. അവയില്‍ സത്യവും വാസ്തവവും ഉണ്ടാകണമെന്നില്ല. അത് വീണ്ടുവിചാരമില്ലാതെ ‘മാതൃഭൂമി’ പകര്‍ത്തേണ്ടിയിരുന്നില്ല. എഴുതിയവന്‍ രക്ഷപ്പെട്ടാലും പകര്‍ത്തിയവന്‍ രക്ഷപ്പെടാത്ത അവസ്ഥയായി. ടോയ്ലറ്റ് ഗ്രാഫിറ്റിയാണ് ഫേസ്ബുക്കിലെ കുറിപ്പുകള്‍. ഇലക്ട്രോണിക് കുളിക്കടവില്‍ കേള്‍ക്കുന്നതെല്ലാം മാന്യമായ സദസ്സില്‍ വിവരിക്കരുത്. നവമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവര്‍ അവിടെ നടക്കുന്ന അഴിഞ്ഞാട്ടങ്ങള്‍ കാണാതെ പോകുന്നു. ഇന്‍റര്‍നെറ്റ് ഉപകാരപ്രദമായ സൃഷ്ടിയാണ്. ഉപസൃഷ്ടികള്‍ പലതും അപകടകാരികളാണ്. വിലക്കപ്പെട്ടത് ചെയ്ത് സ്വാതന്ത്ര്യത്തിന്‍െറ പറുദീസയില്‍നിന്ന് ബഹിഷ്കൃതരാകാനാണ് മനുഷ്യരുടെ വിധി.

സത്യം ജനങ്ങളെ അറിയിക്കുകയെന്നതാണ് മാധ്യമങ്ങളുടെ ചുമതല. എല്ലാ സത്യവും ജനങ്ങളെ അറിയിക്കണമെന്നില്ല. സത്യം വാര്‍ത്തയാകുന്നത് പൊതുതാല്‍പര്യത്തിന്‍െറ അടിസ്ഥാനത്തിലാണ്. കേള്‍ക്കരുതാത്തത് കേള്‍ക്കുന്നതിനുള്ള പൊതുജനത്തിന്‍െറ താല്‍പര്യമല്ല പൊതുതാല്‍പര്യം. പൊതുനന്മയാണ് പൊതുതാല്‍പര്യം. എന്നാല്‍, പ്രചാരത്തില്‍ മുന്നേറുന്നതിനുള്ള വ്യഗ്രതയില്‍ പൊതുതാല്‍പര്യം തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു. പത്രത്തിന്‍െറ യഥാര്‍ഥശക്തി എന്തില്‍ അധിഷ്ഠിതമായിരിക്കുന്നു എന്ന പരമമായ സത്യം വിസ്മരിക്കപ്പെടുന്നു. ജസ്റ്റിസ് കെമാല്‍ പാഷയുടെ പ്രസംഗം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ തെറ്റില്ല. നിയമം വ്യാഖ്യാനിക്കുന്ന ജഡ്ജി പരസ്യമായി പ്രകടിപ്പിക്കുന്ന നിലപാടുകള്‍ സമൂഹം അറിയണം. അതിന്‍െറ അടിസ്ഥാനത്തില്‍ ഉത്തരവാദിത്തമില്ലാത്ത അജ്ഞാതര്‍ മറഞ്ഞിരുന്ന് പിറുപിറുത്തത് മാതൃഭൂമി ഏറ്റുപിടിച്ചത് ശരിയായില്ല. കാരണം അത് വാര്‍ത്തയല്ല. മാതൃഭൂമിയുടെ പൈതൃകത്തെയും ഉദ്ദേശ്യശുദ്ധിയെയും വിമര്‍ശകര്‍ ചോദ്യം ചെയ്തു. സ്വതന്ത്രമായ ആശയസംവാദമെന്നത് ഇത്തരം വാക്കും മറുവാക്കുമല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:press field
Next Story