Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസമഗ്രമായ സാംസ്കാരികനയം...

സമഗ്രമായ സാംസ്കാരികനയം രൂപവത്കരിക്കണം

text_fields
bookmark_border
സമഗ്രമായ സാംസ്കാരികനയം രൂപവത്കരിക്കണം
cancel

പുതിയ സര്‍ക്കാറില്‍നിന്ന് കേരളം എന്തു കാത്തിരിക്കുന്നു, ജനക്ഷേമഭരണം വാഗ്ദാനം ചെയ്യുന്ന ഇടതു സര്‍ക്കാറിന് മുന്നിലുള്ള അടിയന്തര ബാധ്യതകളെന്തൊക്കെ? വിവിധ മേഖലകളിലെ വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ ‘മാധ്യമം’ സമര്‍പ്പിക്കുന്നു. സാംസ്കാരിക മേഖലയില്‍ നടപ്പാക്കേണ്ട നവീകരണ നിര്‍ദേശങ്ങളുമായി ചലച്ചിത്ര സംവിധായകനും ‘ഫെഫ്ക’ നയരൂപവത്കരണസമിതി ചെയര്‍മാനുമായ ബി. ഉണ്ണികൃഷ്ണന്‍ ...


സംസ്കാരത്തെയും ചരിത്രത്തെയും വായിച്ചെടുക്കലും അത്തരം ആഖ്യാനങ്ങള്‍ നിര്‍മിക്കലും രാഷ്ട്രീയ പ്രവര്‍ത്തനമാണ്. വ്യവസ്ഥാപിതമായ വ്യവഹാരങ്ങളിലൂടെയും സര്‍വകലാശാലകള്‍, ഗ്രന്ഥശാലകള്‍, അക്കാദമികള്‍ മുതലായ സ്ഥാപനങ്ങളിലൂടെയും സംസ്കാരത്തെയും ചരിത്രത്തെയും തങ്ങളുടെ അധീശത്വത്തില്‍ കൊണ്ടുവരാന്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രം ശ്രമിക്കുന്നുവെന്നത് ഒരു വസ്തുതയാണ്; അത് സമൂഹത്തിന് അങ്ങേയറ്റം അപകടകരമായ സന്ദേശം നല്‍കുന്നതുമാണ്. സംസ്കാരത്തെ മതവുമായി സമീകരിക്കുന്നതാണ് ഏറ്റവും അപകടം. അതുപോലത്തെന്നെയാണ് ചരിത്രത്തെ മിത്തോളജിയുമായി സമപ്പെടുത്തുന്നതും. ഈ രണ്ടു രീതിശാസ്ത്രങ്ങളും നടപ്പാക്കുന്നതില്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് അത്യുത്സാഹമുണ്ട്. ഈ സന്ദര്‍ഭത്തില്‍ ചരിത്രത്തെയും സംസ്കാരത്തെയും അതിന്‍െറ ഭൗതികതയില്‍ പ്രതിഷ്ഠിക്കുന്ന, സമഗ്രമായൊരു സാംസ്കാരികനയം രൂപവത്കരിച്ച് നടപ്പാക്കേണ്ട ബാധ്യത ഇടതു സര്‍ക്കാറിനുണ്ട്. അത് കാലഘട്ടത്തിന്‍െറ അനിവാര്യതയാണ്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി, ഒരു സാംസ്കാരിക വിപ്ളവം തുടങ്ങിവെക്കാന്‍ ഇടതുപക്ഷ സര്‍ക്കാറിനു കഴിയണം.

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് കണക്കുകള്‍ സൂചിപ്പിക്കുന്നത് ഹിന്ദുത്വശക്തികളുടെ വോട്ട് ഓഹരി ഗണ്യമായി വര്‍ധിച്ചുവെന്നതാണ്. അവരുടെ അടിത്തറ ഗണ്യമായ തോതില്‍ ബലപ്പെട്ടു. കേരളത്തെ കേരളമായി നിര്‍വചിക്കുന്ന നവോത്ഥാന പുരോഗമന മൂല്യങ്ങളുടെ നിലനില്‍പ്പിനും തുടര്‍ച്ചക്കും ഹിന്ദുത്വശക്തികളുടെ വളര്‍ച്ച വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഇത് തിരിച്ചറിഞ്ഞ്  സമഗ്രമായ സാംസ്കാരിക പ്രതിരോധം തീര്‍ക്കാനുള്ള ചരിത്രപരമായ ഉത്തരവാദിത്തമാണ് ഇടതു സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടത്. സാംസ്കാരികനയം എന്നത് ഏതെങ്കിലുമൊരു സര്‍ക്കാര്‍വകുപ്പ് ഒറ്റക്ക് ഏറ്റെടുത്ത് ചെയ്യേണ്ട തരത്തില്‍ ലളിതമായതല്ല. സാംസ്കാരിക പ്രവര്‍ത്തകര്‍, അക്കാദമിക വിദഗ്ധര്‍, കലാസാഹിത്യകാരന്മാര്‍, ചരിത്രകാരന്മാര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, സാമ്പത്തികവിദഗ്ധര്‍, പരിസ്ഥിതിപ്രവര്‍ത്തകര്‍, സാമൂഹികക്ഷേമ വിദഗ്ധര്‍, മതപഠിതാക്കള്‍, ദലിത്-ആദിവാസി പ്രവര്‍ത്തകര്‍, വനിതകള്‍, ഭിന്നശേഷി-ഭിന്നലിംഗക്കാരുടെ പ്രതിനിധികള്‍, പാര്‍ശ്വവത്കരിക്കപ്പെട്ട മറ്റു ജനവിഭാഗങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി രൂപവത്കരിക്കുന്ന തികച്ചും ബഹുസ്വരവും ജനകീയവുമായ ഒരു സമിതിക്ക് ഇത്തരത്തിലുള്ള കരടിന്‍െറ നിര്‍വഹണം ഫലപ്രദമായി കൈകാര്യംചെയ്യാന്‍ കഴിയും. സാമ്പ്രദായിക അര്‍ഥത്തില്‍ മതനിരപേക്ഷവും പുരോഗമനാത്മകവും മാത്രമായാല്‍ പോരാ, മറിച്ച് ബഹുസ്വരവും നമ്മുടെ സാമൂഹികജീവിതത്തെ കരുപ്പിടിപ്പിക്കുന്ന വൈവിധ്യങ്ങളോട് സൂക്ഷ്മമായി സംവദിക്കുന്ന ഒന്നുമാകണം നമ്മുടെ സാംസ്കാരികനയം.

അക്കാദമികളെ പൊളിച്ചെഴുതണം

ഇത്തരത്തിലുള്ള നയം സര്‍ക്കാര്‍ സ്ഥാപനങ്ങളായ അക്കാദമികളുടെ-ലളിതകല, സാഹിത്യ, സംഗീത, നാടക, ചലച്ചിത്ര അക്കാദമികള്‍ തുടങ്ങിയവ ഭരണഘടനയെയും പ്രവര്‍ത്തനങ്ങളെയും പാടെ പൊളിച്ചെഴുതേണ്ടതുണ്ട്. ഒരു ‘ഇടപെടല്‍ ശേഷി’യുമി ല്ലാതെ കാലാകാലങ്ങളായി ഒരേകാര്യം  മാത്രം ചെയ്ത് യാന്ത്രികമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനങ്ങള്‍ക്ക് പുതുജീവന്‍ നല്‍കി, വര്‍ത്തമാനകാല സാംസ്കാരിക ജീവിതത്തിലേക്ക് ഫലപ്രദമായി ഇടപെടുന്ന ഏജന്‍സികളായി പരിവര്‍ത്തിപ്പിക്കപ്പെടേണ്ടതുണ്ട്. ഈ അക്കാദമികളൊക്കെ ഫലപ്രദവും നിര്‍മാണാത്മകവുമായി പ്രവര്‍ത്തിക്കുന്ന ഗവേഷണകേന്ദ്രങ്ങളായിത്തീരണം. കേരളത്തിന്‍െറ സ്വന്തം ചലച്ചിത്രോത്സവത്തിന് ഓരോവര്‍ഷവും ബജറ്റ് വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണെന്ന് ഈ സന്ദര്‍ഭത്തില്‍ പരാമര്‍ശിക്കേണ്ടതുണ്ട്. തലസ്ഥാനത്ത് ഫെസ്റ്റിവെല്‍ കോംപ്ളക്സിന്‍െറ നിര്‍മാണമെന്ന ഒറ്റക്കാര്യമാണ് ഇടതുപക്ഷമുന്നണി പ്രകടനപത്രികയില്‍ ചലച്ചിത്രമേഖലയെ അഭിസംബോധനചെയ്ത് പറയുന്നത്. ചലച്ചിത്രമേഖലയില്‍ കൈക്കൊള്ളേണ്ട സത്വര നടപടികളുടെ രൂപരേഖ ഇരു മുന്നണികള്‍ക്കും ചലച്ചിത്രപ്രവര്‍ത്തകര്‍ നല്‍കിയിട്ടുണ്ടെങ്കിലും ആ നിര്‍ദേശങ്ങളൊക്കെ പ്രകടനപത്രികകളില്‍ അവഗണിക്കപ്പെട്ടൂവെന്നത് സാംസ്കാരിക മേഖലക്ക് പൊതുപരിഗണനകളില്‍  ഇടം ലഭിക്കുന്നില്ല എന്നതിന്‍െറ തെളിവാണ്. സത്വരശ്രദ്ധ പതിപ്പിക്കേണ്ട മറ്റൊന്നാണ് പാര്‍ശ്വവത്കരിക്കപ്പെട്ട കലകളുടെ വീണ്ടെടുപ്പ്. വിഭിന്ന കലാരൂപങ്ങളോട് ഏറ്റക്കുറച്ചിലുകള്‍ കലര്‍ന്ന സമീപനം എന്നത് ഒരു സര്‍ക്കാറിനും ഭൂഷണമല്ല. ചലച്ചിത്രോത്സവത്തിന് ലഭിക്കുന്ന പ്രാധാന്യവും പരിഗണനയും എന്തുകൊണ്ട് അന്താരാഷ്ട്ര നാടകോത്സവത്തിന് ലഭിക്കുന്നില്ല എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്.

സാംസ്കാരികമായ പുനരെഴുത്തുകളുടെ പശ്ചാത്തലത്തില്‍ സ്കൂളുകളുടെയും കോളജുകളുടെയും സര്‍വകലാശാലകളുടെയും പാഠ്യപദ്ധതികളെ പുനര്‍നിര്‍ണയിക്കണം. കോളജുകളിലും സര്‍വകലാശാലകളിലും മാനവികവിഷയങ്ങള്‍ ഇന്ന് നേരിടുന്ന വന്‍ പ്രതിസന്ധിക്ക് പരിഹാരമുണ്ടായേ തീരൂ. ബുദ്ധിയുള്ള കുട്ടികളാരും തെരഞ്ഞെടുക്കാത്ത, ഒരു ജോലിസാധ്യതയുമില്ലാത്ത, മറ്റൊന്നും ചെയ്യാന്‍ നിവൃത്തിയില്ലാത്തവര്‍ക്കുള്ള ആശ്രയ കേന്ദ്രമാണ് ഹ്യുമാനിറ്റീസ് എന്ന ധാരണ ഭൂരിപക്ഷം വരുന്ന വിദ്യാര്‍ഥികളുടെ പൊതുബോധത്തില്‍ പ്രബലമായിട്ടുണ്ട്. മൂന്നുവര്‍ഷങ്ങള്‍ക്കുമുമ്പ് കേരളത്തില്‍വന്ന, ചിന്തക ഗായത്രി സ്പിവക്  നടത്തിയ പ്രഭാഷണത്തില്‍ പറഞ്ഞത് ഹ്യുമാനിറ്റീസിന്‍െറ മരണത്തെക്കുറിച്ചാണ്. അറിവിന്‍െറ ഈ മേഖലയുടെ മരണം മാനവികതയുടെതന്നെ മരണമാണ്. ഈ മേഖലയുടെ വീണ്ടെടുപ്പ് പുതിയ സാംസ്കാരിക നയത്തിന്‍െറ മുന്നിലുള്ള അനിവാര്യമായ പരിഗണനയില്‍ ഒന്നാകണം. ഹ്യുമാനിറ്റീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് വിദ്യാഭ്യാസവകുപ്പിന്‍െറ ഇടപെടലുകള്‍ നിര്‍ണായകമാണ്.

ഓരോ വിദ്യാലയത്തിലും സജീവമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരികവേദി എന്നത് സാംസ്കാരികനയത്തിന്‍െറയും വിദ്യാഭ്യാസനയത്തിന്‍െറയും ഭാഗമാകേണ്ടതാണ്. നമ്മുടെ ഗ്രന്ഥശാലകളുടെ പ്രവര്‍ത്തനങ്ങളും നവീകരിക്കപ്പെടേണ്ടിയിരിക്കുന്നു. അച്ചടി സാങ്കേതികവിദ്യയുടെയും പുസ്തകങ്ങളുടെയും മരണത്തെക്കുറിച്ചാണ് ഇപ്പോള്‍ എവിടെയും ചര്‍ച്ചചെയ്യുന്നത്. വായന എന്നത് ഡിജിറ്റല്‍ വായനയായും പുസ്തകമെന്നത് ഇ-റീഡറായും പരിവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. സാങ്കേതികവിദ്യയുടെ ഈ സ്ഫോടനാത്മകമായ മാറ്റത്തെ അപ്പാടെ പ്രതിരോധിക്കുകയെന്നത് കാല്‍പനിക മൗഢ്യമാണ്. നിശ്ചയമായും പുസ്തകങ്ങളുടെയും സാമ്പ്രദായിക വായനയുടെയും വീണ്ടെടുപ്പ് ഗ്രന്ഥശാലകളുടെ ഏറ്റവും പ്രധാനപ്പെട്ട പ്രവര്‍ത്തനമാണ്.അതോടൊപ്പം വിവരസാങ്കേതിക രംഗത്തു വരുന്ന വിപ്ളവങ്ങള്‍ ഉള്‍ക്കൊണ്ട് ഓരോ ഗ്രന്ഥശാലയും സൈബര്‍ സമൂഹമായിക്കൂടി മാറ്റപ്പെടണം. ഗ്രന്ഥശാലയിലെ അംഗങ്ങള്‍ക്ക് ഒരേസമയം വായനശാലയിലും ആ വായനശാലയുടെ സൈബര്‍ സമൂഹത്തിലും ഇരട്ട അംഗത്വം ഉറപ്പാക്കണം. അതുവഴി അംഗങ്ങള്‍ക്കിടയിലെ സംവാദതലം വികസിപ്പിക്കാന്‍ സാധിക്കണം. അഴിമതിക്കും വര്‍ഗീയതക്കുമെതിരെയാണ് കേരളജനത ജനവിധി രേഖപ്പെടുത്തിയത്. അതിന്‍െറ രാഷ്ട്രീയനൈതിക മാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന നടപടികളാണ് ഇടതുപക്ഷ സര്‍ക്കാറില്‍നിന്ന് പ്രതീക്ഷിക്കുന്നത്. പുതിയ സാംസ്കാരികനയത്തിന്‍െറ രൂപവത്കരണം അതിന് തുടക്കമാവട്ടെ.  

തയാറാക്കിയത്: സക്കീര്‍ ഹുസൈന്‍

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new kerala govt
Next Story