Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightബജറ്റ് ഭൂരഹിതരെ...

ബജറ്റ് ഭൂരഹിതരെ രക്ഷിക്കില്ല

text_fields
bookmark_border
ബജറ്റ് ഭൂരഹിതരെ രക്ഷിക്കില്ല
cancel
camera_alt????????? ????????? ????? ???? ?????? ?????????????????.

കേരളത്തിലെ മൂന്നര ലക്ഷത്തോളം വരുന്ന ഭൂരഹിതരെ ഒട്ടും തൃപ്തിപ്പെടുത്തുന്നതല്ല തോമസ് ഐസക്കിന്‍െറ ബജറ്റിലൂടെ പുറത്തുവന്ന എല്‍.ഡി.എഫ് സമീപനം. ഭൂമിപ്രശ്നം കേവലം വീടുനിര്‍മിക്കാനുള്ള  ഭൂമി എന്ന നിലക്ക് ലളിതവത്കരിക്കാനുള്ള ശ്രമമാണ് ബജറ്റില്‍ നടന്നിരിക്കുന്നത്. കേരളത്തിലെ പൗരസമൂഹത്തിലെ വലിയൊരു വിഭാഗം അഭിമുഖീകരിക്കുന്ന അതിഗുരുതരമായ ഭൂമിരാഹിത്യം സംബന്ധിച്ച് ഭാവനാപൂര്‍ണമായ സമീപനം സൃഷ്ടിച്ചെടുക്കുന്നതില്‍ ബജറ്റ് പരാജയപ്പെട്ടതില്‍ അദ്ഭുതം തോന്നേണ്ട കാര്യമില്ല.  ‘ഭൂരഹിതര്‍’ എന്ന വിഭാഗത്തെ മറയ്ക്കുപിറകില്‍ നിര്‍ത്തുന്ന സമീപനമാണ് എല്‍.ഡി.എഫ് ഇത$പര്യന്തം തുടര്‍ന്നുവന്നത്. യാഥാര്‍ഥ്യബോധത്തോടെ ഈ ജനവിഭാഗത്തെ സംഘടിപ്പിക്കാനും അവരുടെ പ്രശ്നങ്ങളെ അനുഭാവപൂര്‍വം പരിഗണിക്കാനും  കാലങ്ങളായി ഇടതുപക്ഷം തയാറായിട്ടില്ല.

കേരളത്തിലെ ലക്ഷക്കണക്കിനു വരുന്ന ഭൂരഹിതര്‍ സാങ്കേതിക തൊഴില്‍ വൈദഗ്ധ്യം നേടിയവരല്ല. എന്നാല്‍, മണ്ണില്‍ പൊന്നു വിളയിക്കാന്‍ കഴിവുള്ള കര്‍ഷകരാണവരില്‍ ഭൂരിപക്ഷവും. പക്ഷേ, സ്വന്തമായി ഭൂമിയില്ലാത്ത സാഹചര്യത്തില്‍ പലപ്പോഴും നിസ്സംഗരും നിഷ്ക്രിയരുമായി മാറുന്ന ഈ വിഭാഗം പട്ടിണിയില്‍ കെട്ടിയിടപ്പെടുന്നു എന്നുമാത്രമല്ല, ലഹരിക്കടിമകളാവുകയും ചെയ്യുന്നു. അങ്ങനെ സംസ്ഥാനത്തിന്‍െറ സമ്പദ്ഘടനക്ക് വളക്കൂറാവേണ്ട ഈ തൊഴിലാളികള്‍ ഒരു സാമൂഹിക ദുരന്തമായി പരിണമിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പക്ഷേ, ഭൂരഹിതരെ വീടില്ലാത്തവരുടെ കണക്കില്‍പെടുത്തുന്ന തലതിരിഞ്ഞ സമീപനമാണ് ഇടതുപക്ഷം തുടരുന്നത്. ഭൂവിനിയോഗവുമായി ബന്ധപ്പെട്ട് ആവിഷ്കരിക്കപ്പെട്ടിട്ടുള്ള മുതലാളിത്ത കാഴ്ചപ്പാടുകള്‍ തന്നെയാണ് ഇടതുപക്ഷവും പങ്കുവെക്കുന്നതെന്നതാണ് ഈ വിഷയത്തിലുള്ള വിരോധാഭാസം.

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് ധനമന്ത്രിയായിരിക്കെ ഡോ. തോമസ് ഐസക് അവതരിപ്പിച്ച ഒരു ബജറ്റിലും ഭൂരഹിതര്‍ ഇടംപിടിച്ചിട്ടില്ളെന്നു മാത്രമല്ല, പട്ടികവര്‍ഗ വിഭാഗത്തിന്‍െറ ഭൂമിയില്ലായ്മ സൂചിപ്പിക്കുന്ന സന്ദര്‍ഭത്തില്‍പോലും ഭൂരഹിതര്‍ എന്ന സംജ്ഞ ഉപയോഗിക്കാതിരിക്കുന്നതിന് ആ ബജറ്റുകള്‍ ‘സൂക്ഷ്മത’ കാണിച്ചതായും കാണാം.  2011ലെ യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് കെ.എം. മാണി അവതരിപ്പിച്ച ബജറ്റിലാണ് ‘റവന്യൂ’ എന്ന തലക്കെട്ടില്‍ ‘ഭൂരഹിതര്‍ക്ക് മിച്ചഭൂമി പതിച്ചുനല്‍കി പട്ടയം നല്‍കുന്ന നടപടി ത്വരിതപ്പെടുത്തും’ എന്ന് ആദ്യമായി ബജറ്റില്‍ ഭൂരഹിതരുടെ കാര്യം പരാമര്‍ശിച്ചത്. അതിനുശേഷം 2012ലെ ബജറ്റില്‍ ‘ഭൂരഹിതരില്ലാത്ത കേരളം ’ പദ്ധതി പ്രഖ്യാപിച്ചു. ഈ പദ്ധതിയുടെ ആദ്യപടിയായി  ഭൂരഹിതരുടെ കണക്കെടുപ്പ് ഈ വര്‍ഷം മുതല്‍ നടത്തുമെന്നും കൂട്ടിച്ചേര്‍ത്തു. 2013ലെ ബജറ്റില്‍ 2015ല്‍ കേരളത്തെ ഭൂരഹിതരില്ലാത്ത സംസ്ഥാനമാക്കുമെന്നും ഈ പദ്ധതി നടപ്പാക്കാന്‍ മിച്ചഭൂമിയില്ലാത്ത ജില്ലകളില്‍ ഭൂമിവാങ്ങാന്‍ മൂന്നുകോടി വകയിരുത്തിയതായും പ്രഖ്യാപിച്ചു. 2014ലെ ബജറ്റില്‍ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിക്ക് 10 കോടി വകയിരുത്തി. 2015ലെ ബജറ്റില്‍  ഒരു ലക്ഷത്തിലധികം പേര്‍ക്ക് ഭൂമി നല്‍കിയതായും ഈ വര്‍ഷവും പദ്ധതി തുടരുമെന്നും വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍, പദ്ധതി പ്രായോഗികമായി നടപ്പാക്കുന്നതില്‍ യു.ഡി.എഫ് വിജയിച്ചിട്ടില്ളെന്നു മാത്രമല്ല, വിതരണം ചെയ്ത ഭൂമികളില്‍ ഭൂരിഭാഗവും കൃഷിക്കും പാര്‍പ്പിടത്തിനും അനുയോജ്യമല്ലാത്തതായിരുന്നു. പട്ടയം ലഭിച്ചവര്‍ക്കുതന്നെ എവിടെയാണ് ഭൂമി എന്നറിയാതെ നട്ടംതിരിയേണ്ട അവസ്ഥയും ഉണ്ടായി.

മുന്‍ ഇടതുസര്‍ക്കാര്‍ കാണിക്കാത്ത താല്‍പര്യം ഭൂരഹിതരുടെ കാര്യത്തില്‍ ഇപ്പോള്‍ പ്രകടിപ്പിച്ചതിന്‍െറ കാരണവും മറ്റൊന്നുമല്ല. നാലുവര്‍ഷമായി യു.ഡി.എഫ് തുടര്‍ന്ന ഭൂരഹിതരെ സംബന്ധിച്ച ബജറ്റ് പരാമര്‍ശങ്ങള്‍, ഭൂരഹിതരെ സംഘടിപ്പിച്ചുകൊണ്ട് കേരളത്തില്‍ രൂപപ്പെട്ടുവന്നിരിക്കുന്ന വിവിധ രാഷ്ട്രീയ സാമൂഹിക കൂട്ടായ്മകളുടെ സമരപോരാട്ടങ്ങള്‍ എന്നിവ ബജറ്റില്‍ ഭൂരഹിതരെ പരാമര്‍ശിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണുണ്ടായത് എന്നതാണ് വസ്തുത. പക്ഷേ, അപ്പോള്‍പോലും അന്യാധീനപ്പെട്ട ഭൂമി സര്‍ക്കാറില്‍ നിക്ഷിപ്മാക്കുന്നതിനോ, ഭൂരഹിതരെ കണ്ടത്തെി നീതിപൂര്‍വം വിതരണം ചെയ്യുന്നതിനോ എന്തെങ്കിലും പദ്ധതികള്‍ പ്രഖ്യാപിക്കുകയോ തുക നീക്കിവെക്കുകയോ ചെയ്തിട്ടില്ളെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. യഥാര്‍ഥത്തില്‍ കേരളത്തില്‍ ഭൂരഹിതരോ അവര്‍ക്കു ലഭ്യമാക്കാന്‍ ഭൂമിയോ ഇല്ളെന്നതാണ് ഇടതുസമീപനം. അതുകൊണ്ടുതന്നെ, ഭൂസമരങ്ങള്‍ക്ക് ഇനി പ്രസക്തിയില്ളെന്നും. വന്‍കിട കൈയേറ്റക്കാരെയും കുത്തക മുതലാളിമാരെയും പിണക്കാതിരിക്കുക എന്നതില്‍ കവിഞ്ഞ് ഈ നിലപാടിന് എന്തെങ്കിലും അടിസ്ഥാനമുണ്ടെന്ന് വിശ്വസിക്കുക വയ്യ.  കൈയേറ്റ ഭൂമികള്‍, പാട്ടവ്യവസ്ഥ ലംഘിച്ചതും ഭൂപരിഷ്കരണനിയമം ലംഘിച്ചതുമായ വന്‍കിടക്കാരുടെ ഭൂമികള്‍ എന്നിവ സംബന്ധിച്ച സാമൂഹികാവബോധം വളരെ ശക്തമായിട്ടുണ്ട് ഇക്കാലത്ത്. ഇത്തരം അവബോധങ്ങളാണ് ഭൂരഹിതരെ ഭൂസമര പോരാളികളാക്കി വളര്‍ത്തിയതെന്നത് കാണാതിരുന്നിട്ട് കാര്യമില്ല.

യു.ഡി.എഫ് സര്‍ക്കാര്‍ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി വിദേശകുത്തക കമ്പനികള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി സര്‍ക്കാറില്‍ നിക്ഷിപ്തമാക്കുന്നതിനുവേണ്ടി നിയോഗിച്ച രാജമാണിക്യം കമീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കൂടി കണക്കിലെടുക്കേണ്ടതുണ്ട്. സംസ്ഥാനത്ത് അഞ്ചു ലക്ഷം ഏക്കര്‍ ഭൂമി വിദേശകമ്പനികള്‍ അനധികൃതമായി കൈവശംവെക്കുന്നുവെന്നാണ് കമീഷന്‍ റിപ്പോര്‍ട്ടിലെ പ്രധാന വെളിപ്പെടുത്തല്‍. 38,171 ഏക്കര്‍ ഭൂമി കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലായി ഹാരിസണ്‍ മലയാളം അനധികൃതമായി കൈയേറിയതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.  പക്ഷേ, ഈ റിപ്പോര്‍ട്ട് മുഖവിലയ്ക്കെടുക്കാന്‍ ഇടതുസര്‍ക്കാര്‍ സന്നദ്ധമാവുന്നില്ളെന്നതാണ് പ്രശ്നം. കേരളത്തിലെ ഭൂരഹിതരുടെ പ്രശ്നം എളുപ്പത്തില്‍ പരിഹരിക്കാന്‍ ഈ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിച്ച് വിതരണം ചെയ്യുന്നതിലൂടെ സാധിക്കുമെന്ന സുപ്രധാന നിരീക്ഷണവും കമീഷന്‍ റിപ്പോര്‍ട്ടിലുണ്ട്. വന്‍കിടക്കാര്‍ ഈ അനധികൃത ഭൂമി വ്യാപകമായ രീതിയില്‍ വില്‍പന നടത്തുന്നുണ്ട്.

കോടിക്കണക്കിന് രൂപയുടെ ഈ ഇടപാടുകള്‍ക്കാവട്ടെ കൈമാറ്റത്തിന്‍െറ വ്യവസ്ഥകളോ രജിസ്ട്രേഷന്‍ നിയമങ്ങളോ കമ്പനികള്‍ പാലിക്കാറുമില്ല. അതു വഴി സര്‍ക്കാറിന് ലഭിക്കേണ്ട വരുമാനം നഷ്ടമാവുകയും ചെയ്യുന്നു. വിദേശകമ്പനികള്‍ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട് 1947, ഫോറിന്‍ എക്സ്ചേഞ്ച് റെഗുലേഷന്‍ ആക്ട് (ഫെറ) 1947 & 1973, ഇന്ത്യന്‍ കമ്പനീസ് ആക്ട് 1956, കേരള ലാന്‍ഡ് റിഫോംസ് ആക്ട് 1963 എന്നീ നിയമങ്ങള്‍ മറികടന്നാണ് സര്‍ക്കാര്‍ ഭൂമി കൈവശംവെച്ചിരിക്കുന്നതെന്ന് കമീഷന്‍ റിപ്പോര്‍ട്ട് പറയുന്നു. വന്‍കിട കൈയേറ്റക്കാര്‍ക്ക് കേരളത്തിന്‍െറ ഭൂമിയില്‍ പിടിമുറുക്കാനുള്ള പഴുതുകള്‍ മേല്‍നിയമങ്ങളില്‍ നിലനില്‍ക്കുന്നുണ്ടെന്ന് ചുരുക്കം. അതിനാല്‍, കഴിഞ്ഞകാലങ്ങളില്‍ ആവിഷ്കരിച്ച നിയമങ്ങള്‍ പുന$പരിശോധിച്ച്, അവയിലെ പഴുതുകള്‍ അടച്ച് കൈയേറ്റക്കാരില്‍നിന്ന് സര്‍ക്കാര്‍ ഭൂമി പിടിച്ചെടുക്കുന്നതിനും അവ ഭൂരഹിതന് വിതരണം ചെയ്യുന്നതിനും ഒരു പുതിയ നിയമം രൂപവത്കരിക്കേണ്ടതായിട്ടുണ്ട്. അതിന് ആവശ്യമായ നയവികാസം ഇടതുപക്ഷത്ത് സംഭവിക്കുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

 

Show Full Article
TAGS:kerala budget 
Next Story